വേദപുസ്തകത്തേക്കാൾ അധികം ദൈവത്തെ അറിയാൻ വേണ്ടി അന്വേഷിക്കുക – WFTW 5 നവംബർ 2023

സാക് പുന്നൻ

ദൈവത്തെ അറിയുന്നതിനേക്കാൾ വളരെ എളുപ്പമാണ് വേദപുസ്തകത്തെ അറിയുന്നത് – കാരണം ബൈബിൾ (വേദപുസ്തകം) അറിയുന്നതിന് നിങ്ങൾ ഒരു വില കൊടുക്കേണ്ടതില്ല. നിങ്ങൾ ചെയ്യേണ്ട ഒരേയൊരു കാര്യം പഠിക്കുക എന്നതാണ്.

നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ അസാന്മാർഗിയും ചിന്താ ജീവിതത്തിൽ അശുദ്ധിയുള്ളവനുമായിരിക്കെ തന്നെ അപ്പോഴും ബൈബിൾ വളരെ നന്നായി അറിയുന്നവനായിരിക്കാൻ കഴിയും. ഒരേസമയം തന്നെ നന്നായി അറിയപ്പെടുന്ന ഒരു പ്രാസംഗികനായിരിക്കാനും അപ്പോഴും ഒരു വലിയ പണ സ്നേഹി ആയിരിക്കാനും നിങ്ങൾക്കു കഴിയും. എന്നാൽ ദൈവത്തെ അറിയുന്നവനും അതേ സമയം തന്നെ നിങ്ങളുടെ ജീവിതത്തിൽ ദുർമാർഗിയും ആയിരിക്കാൻ കഴിയുകയില്ല. ദൈവത്തെ അറിഞ്ഞിട്ട് ഒരു പണ സ്നേഹി ആയിരിക്കാൻ നിങ്ങൾക്കു കഴിയുകയില്ല. അത് അസാധ്യമാണ്. അതുകൊണ്ടാണ് മിക്ക പ്രാസംഗികരും ദൈവത്തെ അറിയുന്നതിനേക്കാൾ അധികം എളുപ്പമുള്ള ബൈബിൾ അറിയുന്ന മാർഗം തിരഞ്ഞെടുക്കുന്നത്.

സഹോദരന്മാരെ, നിങ്ങളോട് ഒന്നു ചോദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു: കേവലം ബൈബിൾ അറിയുന്നതുകൊണ്ടു മാത്രം നിങ്ങൾ സന്തുഷ്ടരാണോ അതോ കർത്താവിനെ അറിയുന്നതിന് തീവ്രമായ ഒരു വിശപ്പ് നിങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടോ? ഫിലിപ്യ.3:8-10 വരെയുള്ള വാക്യങ്ങളിൽ അപ്പൊസ്തലനായ പൗലൊസ് പറഞ്ഞത് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ വാഞ്ഛ കർത്താവിനെ കൂടുതൽ നന്നായി അറിയുന്നതിന് ആണ് എന്നാണ്. കർത്താവിനെ അറിയുന്നതിനോടു താരതമ്യം ചെയ്യുമ്പോൾ മറ്റുള്ളതെല്ലാം ചവറ് എന്ന് അദ്ദേഹം കണക്കാക്കി എന്നാണ്. വിലമതിക്കാനാവാത്ത ഈ മുത്തിനുവേണ്ടി പൗലൊസ് തന്റെ മറ്റെല്ലാ മുത്തുകളും ഉപേക്ഷിച്ചു. പൗലൊസിന്റെ ശുശ്രൂഷയുടെ രഹസ്യം കണ്ടെത്താൻ കഴിയുന്നത്, താൻ ഗമാലിയേലിൻ്റെ വേദപഠനശാലയിൽ ബൈബിൾ പഠിച്ചു കൊണ്ട് ചെലവാക്കിയ വർഷങ്ങളിലല്ല, എന്നാൽ താൻ വ്യക്തിപരമായി കർത്താവിനെ അറിഞ്ഞ ആ പരിജ്ഞാനത്തിലാണ്.

“വ്യക്തിപരമായി ദൈവത്തെയും യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ” (യോഹ. 17:3).

ഒരുപക്ഷേ നിത്യമായി സ്വർഗ്ഗത്തിൽ ജീവിക്കുന്നതാണ് നിത്യജീവൻ എന്നു നാം നിർവചിച്ചിട്ടുണ്ടായിരിക്കാം. എന്നാൽ യേശു അതിനെ നിർവചിച്ചിരിക്കുന്നത് അങ്ങനെയല്ല. നിത്യജീവൻ എന്നത് സ്വർഗ്ഗത്തിലേക്കു പോകുന്നതോ നരകത്തിൽ നിന്ന് രക്ഷപ്പെടുന്നതോ അല്ല. അതിന് കർത്താവിനെ അറിയുന്നതുമായാണ് കാര്യമുള്ളത്. വ്യക്തിപരമായി കർത്താവിനെ ഗാഢമായി അറിയുക എന്നത് എൻ്റെ ജീവിതത്തിൻ്റെ ആവേശവും എൻ്റെ ഹൃദയത്തിൻ്റെ ഭാരവുമാണ്. ഞാൻ ദൈവത്തെ അറിയുന്നതിലൂടെ മാത്രമേ എന്റെ ശുശ്രൂഷയ്ക്ക് ദൈവികാധികാരം ഉണ്ടായിരിക്കുകയുള്ളൂ എന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ ഞങ്ങളുടെ എല്ലാ സഭകളിലും, ആളുകളെ ദൈവത്തെ തന്നെ അറിയുന്നതിലേക്കു നയിക്കുവാൻ ഞാൻ ശ്രമിക്കുന്നു.

ചരിത്രത്തിൽ മുമ്പ് എക്കാലവും ഉണ്ടായിരുന്നതിനേക്കാൾ അധികം വേദപുസ്തക പരിജ്ഞാനം ഇന്നുണ്ട്. പെന്തക്കോസ്തിനു ശേഷം ഏതാണ്ട് 1500 വർഷങ്ങളോളം, പ്രിൻ്റു ചെയ്ത വേദപുസ്തകങ്ങൾ ഒരിടത്തും ലഭ്യമായിരുന്നില്ല. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലാണ്, വേദപുസ്തകങ്ങൾ ഇത്ര സ്വതന്ത്രമായി ലഭ്യമായിരിക്കുന്നത്. ഇന്നു നമുക്ക് വളരെയധികം ഭാഷാന്തരങ്ങളും ശബ്ദ സൂചികകളും പഠന സഹായികളും ഉണ്ട്.

എന്നാൽ ഈ വർദ്ധിതമായ ബൈബിൾ പരിജ്ഞാനം കൂടുതൽ വിശുദ്ധരായ ക്രിസ്ത്യാനികളെ ഉണ്ടാക്കി എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടോ? ഇല്ല. വേദപുസ്തക പരിജ്ഞാനത്തിന് വിശുദ്ധി ഉണ്ടാക്കാൻ കഴിയുമായിരുന്നെങ്കിൽ, ഇന്നു ജീവിക്കുന്നവർ ചരിത്രത്തിലെ ഏറ്റവും ദൈവഭക്തിയുള്ളവരായി നമുക്കുണ്ടാകുമായിരുന്നു. എന്നാൽ നമുക്കില്ല. വേദപുസ്തക പരിജ്ഞാനത്തിന് വിശുദ്ധി ഉണ്ടാക്കാൻ കഴിയുമായിരുന്നെങ്കിൽ സാത്താൻ തന്നെ വിശുദ്ധനായേനെ- കാരണം അവനറിയാവുന്നതുപോലെ വേറെ ആർക്കും ബൈബിൾ അറിയില്ല.

ആയിരക്കണക്കിനു വിദ്യാർഥികളെ വേദപുസ്തകം പഠിപ്പിക്കുന്ന അനേകം സെമിനാരികൾ നമുക്കുണ്ട്. എന്നാൽ ഇന്ന് ഏറ്റവും ദൈവഭക്തരായവരെ ആ സെമിനാരികളിലാണോ കാണപ്പെടുന്നത്? അല്ല. ഇന്നത്തെ അനേകം സെമിനാരി ബിരുദധാരികളും വിജാതീയരെക്കാൾ മോശമാണ്.

ചില വർഷങ്ങൾക്കു മുമ്പ്, ഇന്ത്യയിലെ ഉന്നതമായ സുവിശേഷ സെമിനാരികളിൽ ഒന്നിൽ നിന്നുള്ള, ബിരുദ ക്ലാസ്സിൽ ഒന്നാമനായിരുന്ന ഒരു ബിരുദധാരിയെ ഞാൻ കണ്ടുമുട്ടി. അയാൾ പറഞ്ഞത്, ആ സെമിനാരിയിൽ പഠിച്ച മൂന്നു വർഷങ്ങൾക്കുശേഷം, അവൻ്റെ ആത്മീയ അവസ്ഥ താൻ അവിടെ ആദ്യം ചേർന്നതിനേക്കാൾ വഷളായി എന്നാണ്. അപ്പോൾ ആ സെമിനാരി അവനെ എന്താണ് പഠിപ്പിച്ചത്? ബൈബിളിനെ കുറിച്ചും ക്രിസ്ത്യാനിത്വത്തെ കുറിച്ചും ചില വസ്തുതകൾ അത് അവനെ പഠിപ്പിച്ചു. അത്തരമൊരു സെമിനാരിയിൽ നിന്ന്, സാത്താനു തന്നെയും ക്ലാസിൽ ഒന്നാമനായി വരാൻ കഴിയുമായിരുന്നു.

കോപം, കയ്പ്, ദുർമോഹ ചിന്തകൾ, പണസ്നേഹം ഇവയെ ജയിക്കാൻ അവന് കഴിഞ്ഞില്ലെങ്കിൽ, വ്യാഖ്യാനശാസ്ത്രവും, ഉന്നതരായ വിമർശകർ പറയുന്നതിനെക്കുറിച്ചും, ഗ്രീക്ക് പദങ്ങളുടെ മൂല അർത്ഥങ്ങളും ഒക്കെ പഠിച്ചതുകൊണ്ട് ആ യുവാവിന് എന്തു പ്രയോജനം ഉണ്ടായി? അവൻ പുതിയതായി നേടിയ സർട്ടിഫിക്കറ്റ് കൊണ്ട്, എത്രയും പെട്ടെന്ന് അവൻ ഒരു സഭയുടെ പാസ്റ്റർ ആയിത്തീരും. എന്നാൽ ആ സഭയിലുള്ളവരുടെ ഏറ്റവും വലിയ പ്രശ്നം ദൈവശാസ്ത്രപരമായുള്ളതല്ല ധാർമ്മികമായതാണ് എന്നിരിക്കെ അവരെ ഇയാൾ എന്താണ് പഠിപ്പിക്കാൻ പോകുന്നത്? അവരുടെ ആ മേഖലകളിലൊന്നും, ഇയാൾക്ക് അവരെ ഒരുവിധത്തിലും സഹായിക്കാൻ കഴിയില്ല. ഇങ്ങനെയാണ് ഇന്ത്യയിലെ ദൈവവേല നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

നിങ്ങൾക്കു തന്നെ ദൈവത്തെ അറിയാമെങ്കിൽ മാത്രമേ, നിങ്ങളുടെ സഭയിലുള്ളവരെ അവിടുത്തെ അറിയുന്നതിലേക്കു നയിക്കാൻ നിങ്ങൾക്ക് കഴിയൂ. നിങ്ങളുടെ സ്വന്ത ജീവിതത്തിൽ നിങ്ങൾക്കു പാപത്തിന്മേൽ ജയമുണ്ടെങ്കിൽ, നിങ്ങളുടെ കൂടെയുള്ളവരെയും നിങ്ങൾക്ക് പാപത്തിന്മേലുള്ള വിജയത്തിലേക്ക് നയിക്കാൻ കഴിയും. അപ്പോൾ അവരും പുറത്തുപോയി കർത്താവിനെ സേവിക്കാൻ സജ്ജരാക്കപ്പെടും – അധികാരത്തോടും ശക്തിയോടും കൂടെ.

ആരുടെയെങ്കിലും വേദപുസ്തക പരിജ്ഞാനം കൊണ്ടോ ബിരുദ സർട്ടിഫിക്കറ്റുകൾ കൊണ്ടോ പിശാചിനു മതിപ്പുളവാകും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒട്ടുമേയില്ല. സാത്താൻ ഭയപ്പെടുന്നത്, വിശുദ്ധരും വിനയാന്വിതരുമായ ദൈവത്തെ അറിയുന്ന സ്ത്രീ പുരുഷന്മാരെയാണ്.