നാം ദൈവപുരുഷന്മാരെ അനുഗമിക്കണോ അതോ യേശുവിനെ മാത്രം അനുഗമിക്കണോ? – WFTW 3 സെപ്റ്റംബർ 2023

man walking on snow covered mountain

സാക് പുന്നൻ

പഴയ ഉടമ്പടിയുടെ കീഴില്‍ യിസ്രയേല്യര്‍ക്ക് അനുഗമിക്കാന്‍ കഴിഞ്ഞത് മോശെയിലൂടെയും പ്രവാചകന്മാരിലൂടെയും ദൈവം അവര്‍ക്കു നല്‍കിയ എഴുതപ്പെട്ട വചനം മാത്രമാണ്. ‘എന്നെ അനുഗമിക്കുക’ എന്നു ആര്‍ക്കും പറയാന്‍ കഴിഞ്ഞില്ല- മോശെ, ഏലീയാവ്, സ്‌നാപക യോഹന്നാന്‍ എന്നീ ഏറ്റവും വലിയ പ്രവാചകര്‍ക്കുപോലും കഴിഞ്ഞില്ല. ദൈവവചനം മാത്രമായിരുന്നു അവരുടെ പാതയ്ക്കു പ്രകാശമായിരുന്നത് (സങ്കീ. 119:105).

എന്നാല്‍ യേശു വന്ന് ഒരു പുതിയ ഉടമ്പടി തുടങ്ങി വച്ചു. അവിടുന്ന് നമുക്കു ദൈവവചനം മാത്രമല്ല തന്നത്. എന്നാല്‍ അവിടുത്തെ സ്വന്തജീവിതം കൊണ്ട് നമുക്ക് അനുഗമിക്കുവാന്‍ ഒരു മാതൃകയും നല്‍കി. ”എന്നെ അനുഗമിക്കുക” എന്നു ബൈബിളില്‍ പറഞ്ഞിരിക്കുന്ന ആദ്യത്തെ വ്യക്തി അവിടുന്നു തന്നെ ആയിരുന്നു (മത്താ. 4:19; യോഹ. 21:19; ലൂക്കൊ. 9:23). അതുകൊണ്ടു പുതിയ ഉടമ്പടിയില്‍, നമുക്ക് എഴുതപ്പെട്ട വചനവും അതുകൂടാതെ യേശുവില്‍ ജഡമായി തീര്‍ന്ന വചനവും നമുക്കുണ്ട്- അല്ലെങ്കില്‍ മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ നമ്മെ നയിക്കുവാനായി, ഒരു മനുഷ്യ ജീവിതത്തില്‍ കാണാന്‍ പറ്റുന്നതാക്കിയ എഴുതപ്പെട്ട വചനം നമുക്കുണ്ട്.

അവിടുത്തെ അടുക്കലേക്കു വരാതെ വചനം പഠിക്കുക മാത്രം ചെയ്തതിനു യേശു പരീശന്മാരെ ശാസിച്ചു. ”നിങ്ങള്‍ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു: അവയില്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു; എങ്കിലും ജീവന്‍ പ്രാപിക്കേണ്ടതിന് എന്റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല” (യോഹ. 5:39,40).

യേശുവിന്റെ ജീവന്റെ ജീവനാണ് ഇന്നു നമ്മുടെ പാതയുടെ പ്രകാശം (യോഹ 1:4) അല്ലാതെ എഴുതപ്പെട്ട വചനം മാത്രമല്ല. ചില കാര്യങ്ങളില്‍, നമുക്ക് ദൈവവചനത്തില്‍ വ്യക്തമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ നമുക്കു യേശുവിന്റെ ജീവിതത്തിലേക്ക് (പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളില്‍ വെളിപ്പെടുത്തപ്പെട്ടതുപോലെ) നോക്കുവാന്‍ കഴിയും. അങ്ങനെ എപ്പോഴും നിങ്ങള്‍ ഒരുത്തരം കണ്ടെത്തും.

അതിനുമപ്പുറത്ത്, പുതിയ ഉടമ്പടിയില്‍, പൗലൊസിനെപ്പോലെയുള്ള ഒരു ദൈവമനുഷ്യനെ, ”ഞാന്‍ ക്രിസ്തുവിന്റെ അനുകാരി ആയിരിക്കുന്നതുപോലെ നിങ്ങള്‍ എന്റെ അനുകാരികള്‍ ആകുവിന്‍” എന്നു പറയുവാന്‍ പരിശുദ്ധാത്മാവും കൂടെ പ്രചോദിപ്പിച്ചു. തന്നെയുമല്ല പരിശുദ്ധാത്മാവ് അദ്ദേഹത്തെക്കൊണ്ട് അതു മൂന്നു പ്രാവശ്യം പറയിച്ചു – ക്രിസ്തുവിന്റെ കാല്‍ച്ചുവടുകളെ പിന്‍തുടരുന്ന യഥാര്‍ത്ഥ ദൈവപുരഷന്മാരുടെ മാതൃകയും നാം അനുഗമിക്കണമെന്നുള്ള കാര്യത്തിന് ഊന്നല്‍ കൊടുക്കുവാനായിട്ടായിരുന്നു അത് (1കൊരി. 4:16; 1 കൊരി. 11:1; ഫിലി. 3:17).

ഒരു യഥാര്‍ത്ഥ പുതിയ ഉടമ്പടി ശൂശ്രൂഷകന്‍, എഴുതപ്പെട്ട വചനത്തില്‍ ഉള്ള ദൈവത്തിന്റെ നിലവാരത്തെ പ്രഘോഷിക്കുക മാത്രമല്ല ചെയ്യുന്നത്. എന്നാല്‍ പൗലൊസ് പറഞ്ഞതുപോലെ “ഞാന്‍ ക്രിസ്തുവിന്റെ അനുകാരി ആകുന്നതുപോലെ നിങ്ങള്‍ എന്റെ അനുകാരികള്‍ ആകുവിന്‍” എന്നു പറയുകയും ചെയ്യും.

ചില ക്രിസ്ത്യാനികള്‍ പറയുന്നത് “നാം ഒരു മനുഷ്യനെയും അനുഗമിക്കരുത്. നാം യേശുവിനെ മാത്രമേ അനുഗമിക്കാവൂ” എന്നാണ്. അത് ആത്മീയമായ ഒരു പ്രസ്താവനപോലെ തോന്നുന്നു. എന്നാല്‍ അതു തീര്‍ത്തും ദൈവവചനത്തിന് വിരുദ്ധമാണ്. കാരണം തൊട്ടു മുമ്പ് നാം കണ്ടപോലെ പൗലൊസ് (പരിശുദ്ധാത്മാവിനാല്‍ പ്രചോദിപ്പിക്കപ്പെട്ട്) അദ്ദേഹത്തെ അനുകരിക്കുവാന്‍ നമ്മോടു പറഞ്ഞിട്ടുണ്ട്.

കൊരിന്തിലുള്ള ക്രിസ്ത്യാനികളോടു തന്നെ അനുഗമിക്കുവാനും അനുകരിക്കുവാനും പൗലൊസ് പറഞ്ഞതിന്റെ കാരണം അദ്ദേഹം അവരുടെ ആത്മീയ പിതാവായതു കൊണ്ടാണ്. ”നിങ്ങള്‍ക്കു ക്രിസ്തുവില്‍ പതിനായിരം ഗുരുക്കന്മാര്‍ ഉണ്ടെങ്കിലും പിതാക്കന്മാര്‍ ഏറെയില്ല; ക്രിസ്തുയേശുവില്‍ ഞാനല്ലോ നിങ്ങളെ സുവിശേഷത്താല്‍ ജനിപ്പിച്ചത്. ആകയാല്‍ നിങ്ങള്‍ എന്റെ അനുകാരികള്‍ ആകുവിന്‍ എന്ന് ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു” (1കൊരി.4:15,16). ഒരാള്‍ക്ക് ഒരു ബൈബിള്‍ ഉപദേഷ്ടാവിനെ അനുഗമിക്കുവാന്‍ സാധ്യമല്ല- കാരണം അയാളുടെ പഠിപ്പിക്കലുകളെല്ലാം നല്ലതും കൃത്യവും ആണെങ്കിലും, തന്റെ ജീവിതംകൊണ്ട് അയാള്‍ ഒരു നല്ല മാതൃകയായിരിക്കണമെന്നില്ല. മുകളിലത്തെ വാക്യപ്രകാരം പതിനായിരം വേദപുസ്തക ഗുരുക്കന്മാരേക്കാള്‍ നല്ലത് ഒരു ആത്മീയ പിതാവാണ്. അതുകൊണ്ട് എല്ലാ ക്രിസ്ത്യാനികല്‍ക്കും, പൗലൊസിനെപ്പോലെ, തന്റെ മാതൃക പിന്‍പറ്റാന്‍ കഴിയുന്ന ഒരു ആത്മീയ പിതാവുണ്ടായിരിക്കുന്നതു നല്ലതാണ്. അങ്ങനെയുള്ള ഒരു ആത്മീയ പിതാവിനെ പിന്‍ഗമിക്കുന്നത്, നമ്മെ പാപത്തില്‍ നിന്നും ദുരുപദേശത്തില്‍ നിന്നു രക്ഷിക്കും.

താന്‍ ചെയ്യുന്നതുപോലെ ക്രിസ്തുവിന്റെ മാതൃകയെ പിന്‍തുടരണം. മറ്റു ദൈവപുരുഷന്മാരെയും പിന്‍തുടരുവാന്‍ പൗലൊസ് ക്രിസ്ത്യാനികളെ ഉത്സാഹിപ്പിച്ചു. അദ്ദേഹം പറഞ്ഞു: ”സഹോദരന്മാരെ, നിങ്ങള്‍ എല്ലാവരും എന്നെ അനുകരിപ്പിന്‍; ഞങ്ങള്‍ നിങ്ങള്‍ക്കു കാണിച്ച മാതൃക പ്രകാരം നടക്കുന്നവരില്‍ നിന്നും പഠിക്കുവിന്‍” (ഫിലി . 3:17 ന്യു ലിവിംഗ് പരിഭാഷ ).

നമ്മെ നയിക്കുന്നവരെ അനുസരിക്കുവാനും അവരുടെ വിശ്വാസത്തെ അനുകരിക്കുവാനും കൂടെ ദൈവവചനം നമ്മോടു കല്‍പിക്കുന്നു.

”നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിന്‍” (എബ്രാ. 13:17).

”നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്‍വിന്‍; അവരുടെ ജീവാവസാനം ഓര്‍ത്ത് അവരുടെ വിശ്വാസം അനുകരിപ്പിന്‍” (എബ്രാ. 13:7).

ഒരു വ്യക്തിയുടെ ശുശ്രൂഷ അനുകരിക്കുവാനല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്. കാരണം ദൈവം തന്റെ ഓരോ മക്കള്‍ക്കും മറ്റൊരാള്‍ക്കില്ലാത്ത അതുല്യമായ ശുശ്രൂഷയാണു നല്‍കുന്നത്. നമ്മുടെ മനുഷ്യശരീരത്തിനുള്ളതുപോലെ തന്നെ ക്രിസ്തുവിന്റെ ശരീരത്തിനും വ്യത്യസ്ത ധര്‍മ്മങ്ങളുള്ള അവയവങ്ങളുണ്ട്. അവിടുന്നു ചെയ്തതുപോലെ അതിശയം ചെയ്യാനോ പ്രസംഗിക്കാനോ പോലും അല്ല അവരെക്കുറിച്ച് അവിടുന്നു പ്രതീക്ഷിക്കുന്നത്. അത് അവിടുത്തേയ്ക്കുള്ള ശുശ്രൂഷ ആയിരുന്നു. അവിടുന്ന് ആളുകളെ വിളിച്ചത് തന്റെ ജീവിതത്തിന്റെ മാതൃകയെ പിന്‍തുടരുവാനാണ് – അതായത്, അവിടുന്നു ജീവിച്ച പ്രമാണങ്ങളാല്‍ ജീവിക്കുവാന്‍, അതുപോലെ പൗലൊസ്, താന്‍ ക്രിസ്തുവിനെ അനുകരിച്ചതുപോലെ തന്നെ അനുകരിക്കുവനായി വിശ്വാസികളെ വിളിച്ചപ്പോള്‍, അപ്പൊസ്തലന്മാരാകാനോ, രോഗികികളെ സൗഖ്യമാക്കുവാനോ അല്ല അവരോടാവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹം ജീവിച്ചതുപോലെ ജീവിക്കുവാനാണ് – ക്രിസ്തു ജീവിച്ച ആ പ്രമാണങ്ങളാല്‍ ജീവിക്കുവാനാണ്.

മുകളില്‍ പറഞ്ഞ വാക്യങ്ങളില്‍ ദൈവപുരുഷന്മാരുടെ മാതൃകകളെ പിന്‍തുടരുവാന്‍ പരിശുദ്ധാത്മാവാണ് നമ്മോടു കല്പിച്ചിരിക്കുന്നത്. ദൈവപുരുഷന്മാരുടെ മാതൃകകളെ പിന്‍തുടരുവാന്‍ കഴിയാത്തവിധം നിഗളമുള്ളവര്‍ സാധാരണയായി ജഡിക മനുഷ്യരെയോ അല്ലെങ്കില്‍ അവരുടെ തന്നെ സ്വയ ജീവനില്‍ നിന്നുണ്ടാകുന്ന പ്രേരണയെയോ പിന്‍തുടരുന്നവരായി അവസാനിക്കുന്നു. അപ്പോള്‍ അതിന്റെ ഫലം വിനാശകരമാകാനിടയുണ്ട്.

ഫിലിപ്യയിലുള്ള ക്രിസ്ത്യാനികളോടു തന്റെ തന്നെ മാതൃകയും മറ്റുള്ള ദൈവപുരുഷന്മാരുടെ മാതൃകയും പിന്‍തുടരുവാന്‍ പറഞ്ഞു കഴിഞ്ഞ ഉടനെ (ഫിലി. 3:17), മറ്റു ചിലരുടെ മാതൃകയെ പിന്‍തുടരരുതെന്ന് പൗലൊസ് അവര്‍ക്കു മുന്നറിയിപ്പു നല്‍കി: ”ഞാന്‍ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകര്‍ ക്രിസ്തുവിന്റെ ക്രൂശിനു ശത്രുക്കളായി നടക്കുന്നു എന്ന് ഇപ്പോള്‍ കരഞ്ഞുംകൊണ്ടു പറയുന്നു” (ഫിലി. 3:15, 19).

ഏതു വധത്തിലും അവര്‍ പൗലൊസിന്റെ മാതൃകയെ പിന്‍തുടരന്നിരുന്നെങ്കില്‍, ദൈവഭയമില്ലാത്ത മറ്റു മനുഷ്യരാല്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്ന് അവര്‍ രക്ഷിക്കപ്പെടുമായിരുന്നു.

ഒരു മനുഷ്യന്‍ അനുകരിക്കപ്പെടുവാന്‍ തക്കവണ്ണം യോഗ്യതയുള്ള ആളാണോ എന്നു വിലയിരുത്തുവാന്‍ നിങ്ങള്‍ക്കു കഴിയേണ്ടതിന് ഇവിടെ ഏഴു പരിശോധനകള്‍ തരുന്നു.

1) അയാള്‍ വിനീതനായ ഒരു മനുഷ്യനാണോ – എളുപ്പത്തില്‍ സമീപിക്കാവുന്നതും, എളുപ്പത്തില്‍ അയാളോടു സംസാരിക്കാവുന്നതുമായ ഒരുവനാണോ? യേശു നമ്മോടു പറയുന്നത് തന്നില്‍ നിന്നു താഴ്മ പഠിക്കുവാനാണ് (മത്താ. 11:29). യേശുവില്‍ നിന്നു താഴ്മ പഠിച്ചവനാണ് ഒരു യഥാര്‍ത്ഥ ദൈവമനുഷ്യന്‍.

2) അയാള്‍ പണസ്‌നേഹത്തില്‍ നിന്നു സ്വതന്ത്രനാണോ? കൂടാതെ അയാള്‍ ആരോടും ഒരിക്കലും പണം ആവശ്യപ്പെടാത്ത ഓരാളാണോ? (നിങ്ങള്‍ക്കറിയാവുന്നിടത്തോളം). ഒരു ദൈവമനുഷ്യന്‍, ഒരിക്കലും ആരോടും തന്റെ ശുശ്രൂഷയ്ക്കായി പണം ആവശ്യപ്പെട്ടിട്ടില്ലാത്തവനായ യേശുവിന്റെ മാതൃക പിന്‍തുടരും. ദൈവത്തെ സ്‌നേഹിക്കുന്നവനു പണത്തെ സ്‌നേഹിക്കുവാന്‍ കഴിയുകയില്ല എന്നും ദൈവത്തോടു പറ്റിച്ചേരുന്നവന്‍ പണത്തെ വെറുക്കും എന്നും യേശു പറഞ്ഞു (ലൂക്കൊ. 16:13).

3) അയാള്‍ തന്റെ ജീവിത്തില്‍ നിര്‍മ്മലനാണോ – പ്രത്യേകിച്ചു സ്ത്രീകളുമായുള്ള അയാളുടെ ഇടപാടുകളില്‍ (നിങ്ങള്‍ക്ക് അറിയാവുന്നിടത്തോളം?). ഒരു ദൈവമനുഷ്യന്‍ ലൈംഗിക മോഹത്തിനുള്ള പ്രലോഭനങ്ങളെ ഒഴിവാക്കും എന്നു മാത്രമല്ല അയാള്‍ അതു വിട്ട് ഓടിപ്പോകും (കൊരി. 2:20-22).

4) അയാള്‍ വിവാഹിതനും മക്കളുള്ളവനുമാണെങ്കില്‍, അയാള്‍ തന്റെ മക്കളെ ദൈവവഴിയിലാണോ വളര്‍ത്തിക്കൊണ്ടു വന്നിട്ടുള്ളത്? ദൈവഭക്തനും, വിവാഹിതനുമായ ഒരു മനുഷ്യന്‍, ശിക്ഷണത്തിന്റെ മാര്‍ഗ്ഗത്തിലൂടെ വളര്‍ത്തപ്പെട്ട, വിശ്വാസികളായ മക്കളുള്ളവനായിരിക്കും (1 തിമൊ. 3:4,5; തീത്തോസ് 1:6).

5) അയാളുടെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകര്‍, അയാളുമായുള്ള ബന്ധത്തിലൂടെ ദൈവഭക്തരായിത്തീര്‍ന്നിട്ടുണ്ടോ? തന്റെ ആത്മീയ പിതാവായ പൗലൊസിന്റെ കൂടെ ആയിരുന്നതിലൂടെ തിമൊഥെയോസ് ഒരു ദൈവമനുഷ്യനായിത്തീര്‍ന്നു (ഫിലി. 2:19-22).

6) അയാള്‍ പുതിയ ഇടമ്പടി പ്രകാരമുള്ള ഒരു പ്രാദേശിക സഭ പണിതിട്ടുണ്ടോ? (അല്ലെങ്കില്‍ അതു പണിയുന്നതില്‍ മറ്റുള്ളവരുമായി അയാള്‍ സജീവ പങ്കാളിത്തത്തിലായിരുന്നോ?). യേശു ഭൂമിയില്‍ വന്നത് അവിടുത്തെ സഭ പണിയുന്നതിനാണ് (മത്താ. 16:18). സഭ പണിയുന്നതിനുവേണ്ടി മരണത്തോളം തന്നെത്തന്നെ ഉപേക്ഷിച്ചു (എഫെ. 5:25). ഒരു ദൈവമനുഷ്യന്‍ ആളുകളെ ക്രിസ്തിവിലേക്കു കൊണ്ടു വരിക മാത്രമല്ല ചെയ്യുന്നത്. എന്നാല്‍ അവരെ ഒരു പ്രാദേശിക സഭയായി പണിയും.

7) അയാള്‍ നിങ്ങളെ അയാളോടു തന്നെ ബന്ധിക്കാതെ ക്രിസ്തുവിനോടാണോ ബന്ധിപ്പിക്കുന്നത്? നിങ്ങള്‍ക്കു തന്നെ മറ്റുള്ളവര്‍ക്കു ദൈവീകമായ ഒരു മാതൃക ആയിത്തീരുവാന്‍ കഴിയേണ്ടതിന്, ദൈവഭക്തനായ ഒരാള്‍ നിങ്ങളെ ക്രിസ്തുവിനോടു ബന്ധിപ്പിക്കും.

അനേക ക്രിസ്തീയ നേതാക്കളെയും നമുക്കു പിന്‍ഗമിക്കാന്‍ കഴിയുകയില്ല. കാരണം മുകളില്‍ പറഞ്ഞ ഒന്നോ അതിലധികമോ മേഖലകളില്‍ അവര്‍ പരാജയപ്പെടുന്നു.

നിങ്ങള്‍ ഏതു വിധേനയും, മുകളില്‍ പറഞ്ഞ ഗുണവിശേഷങ്ങളുള്ള ദൈവഭക്തനായ ഒരു നേതാവിനെ കണ്ടെത്തുകയാണെങ്കില്‍, ഒരു ആത്മീയ പിതാവെന്ന നിലയില്‍, അദ്ദേഹത്തെ പിന്‍ഗമിക്കുന്നത് നിങ്ങള്‍ക്കു നന്നായിരിക്കും. കാരണം അദ്ദേഹം നിങ്ങളെ കര്‍ത്താവിനോടു കൂടുതല്‍ അടുത്ത വരുവാന്‍ സഹായിക്കുകയും അങ്ങനെ പാപത്തില്‍ നിന്നും ദുരുപദേശത്തില്‍ നിന്നും നിങ്ങള്‍ക്കു രക്ഷിക്കപ്പെടുവാന്‍ കഴിയുകയും ചെയ്യും.

കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.