ഈച്ചകൾക്കുവേണ്ടി നന്ദി

ഹിറ്റ്ലറുടെ കുപ്രസിദ്ധമായ പീഡനക്യാമ്പാണ് രംഗം. കോറിടെൻബുമും സഹോദരി ബെറ്റ്സിയും ഒന്നിച്ചാണ് തടവുമുറിയിൽ. അറസ്റ്റു ചെയ്യപ്പെട്ടു ക്യാമ്പിലേക്കു കൊണ്ടുവന്നപ്പോൾ പിതാവ് കാസ്പറും അവരോടൊപ്പം ഉണ്ടായിരുന്നു. യഹൂദന്മാരെ ഹിറ്റ്ലറിൽ നിന്ന് രക്ഷിക്കാൻ വീട്ടിൽ ഒളിത്താവളം ഒരുക്കി എന്നതായിരുന്നു അവരുടെ മേലുള്ള കുറ്റം. ക്യാമ്പിലെ പീഡനങ്ങളെ തുടർന്ന് ഒമ്പതാം ദിവസംതന്നെ കാസ്പർ മരണമടഞ്ഞു.

ഇപ്പോൾ ആ സഹോദരിമാർ ഒറ്റയ്ക്കാണ്. പിതാവു മരിച്ചു കുടുംബം ഛിന്നഭിന്നമായി. തടവിൽ നിന്നും ജീവനോടെ പുറത്തുവരാമെന്ന പ്രതീക്ഷതന്നെ പൊലിഞ്ഞു. ക്യാമ്പിൽ ദിവസവും നൂറുകണക്കിനുപേരാണ് കൊല്ലപ്പെടുന്നത്. തങ്ങളുടെ ഭാവിയും ഭിന്നമായിരിക്കുകയില്ല. ഒരു പ്രതീക്ഷയ്ക്കും വകയില്ല…എല്ലാം സഹിക്കാം. തങ്ങൾ ആയിരിക്കുന്ന തടവുമുറി നിറയെ സദാസമയവും ഒരു തരം വലിയ ഈച്ചകൾ അരിച്ചു നടക്കുന്നു. പ്രാണി ശല്യം ഇത്രയേറെ ക്യാമ്പിലെ മറ്റൊരു മുറിയിലും ഇല്ല.

ഈ അവസ്ഥയിൽ ഒരു ദിവസം കോറി ടെൻബും സഹോദരിയോടു ചോദിച്ചു:”എല്ലായ്പ്പോഴും, എല്ലാറ്റിനുവേണ്ടിയും നന്ദിപറയുവാൻ ബൈബിൾ ആവശ്യപ്പെടുന്നു. നമുക്ക് എന്തിനെക്കുറിച്ചാണു നന്ദി പറയുവാനുള്ളത്?’

ബെറ്റ്സി, കോറിടെൻബുമിനെ ആശ്വസിപ്പിച്ചു: “ഈ ക്യാമ്പിൽ കഴിയുന്ന മിക്കവർക്കും തങ്ങളുടെ സഹോദരങ്ങളോ അടുത്ത ബന്ധുക്കളോ എവിടെയാണെന്ന് അറിഞ്ഞുകൂടാ. പീഡനങ്ങളും അധ്വാനങ്ങളും ഇത്രയേറെ ഉണ്ടങ്കിലും നമുക്ക് സഹോദരിമാർക്ക് ഒന്നിച്ചു കഴിയാനും പരസ്പരം കണ്ണീരൊപ്പാനും ദൈവം അവസരം ഒരുക്കിയല്ലോ. നമുക്ക് അതിനുവേണ്ടി ദൈവത്തോടു നന്ദി പറഞ്ഞുകൂടേ?’

ബെറ്റ്സിയുടെ ഈ ചോദ്യം കോറിടെൻബുമിന്റെ ഹൃദയത്തെ സ്പർശിച്ചു. പിതാവു മരിച്ചു. തങ്ങൾ തടവറയിലാണ് നാളെ പീഡനങ്ങളേറ്റ് പിതാവിനെപ്പോലെ കൊല്ലപ്പെട്ടേക്കാം. ഇതെല്ലാം ശരിയാണെങ്കിലും ഇന്ന് തനിക്കും ബെറ്റ്സിക്കും ഒന്നിച്ചു കഴിയാനും പ്രാർത്ഥിക്കാനും പരസ്പരം ആശ്വസിപ്പിക്കാനും ദൈവം അവസരം തന്നല്ലോ…. കോറിയുടെ കണ്ണുകൾ ഈ ദിവ്യ കരുതലിനെക്കുറിച്ചുള്ള നന്ദികൊണ്ട് പ്രകാശിച്ചു.

എന്നാൽ അന്ന് കാണാൻ കഴിയാതെ പോയ മറ്റൊരു ദിവ്യപരിപാലനത്തെക്കുറിച്ച് കോറി പിന്നീടാണ് ബോധവതിയായത്. തടങ്കലിൽ കഴിയുന്ന യുവതികൾ മിക്കപ്പോഴും ഗാർഡുമാരുടേയും പട്ടാളക്കാരുടേയും ബലാൽക്കാരത്തിന് ഇരകളാകാറുണ്ടായിരുന്നു. എന്നാൽ ഈച്ചകൾ സദാ അരിച്ചു നടക്കുന്ന ആ മുറിയിൽ കാലുകുത്താൻ പട്ടാളക്കാർ മടിച്ചതുമൂലമാണ് കോറിയും ബെറ്റ്സിയും അവരിൽ നിന്നു രക്ഷപ്പെട്ടത്. പിന്നീട് അതു മനസ്സിലായപ്പോൾ കോറിടെൻബും ഈച്ചകൾക്കുവേണ്ടിയും ദൈവത്തോട് നന്ദി പറഞ്ഞു.

“നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തു കൊൾവിൻ’ (എഫെസ്യർ 5:20).

What’s New?