ക്രിസ്തുവിന്‍റെ തേജസ്സ് ഒരു മണ്‍പാത്രത്തില്‍ – WFTW 22 ഏപ്രിൽ 2018

സാക് പുന്നന്‍

2 കൊരിന്ത്യര്‍ 4:6ല്‍ പൗലൊസ് ദൈവത്തിന്‍റെ തേജസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, അത് ഭൂമിയില്‍ നമുക്കുണ്ടാകാവുന്ന യഥാര്‍ത്ഥമായ ഏക സമ്പത്താണെന്നു പറയുന്നു. മുമ്പ് ഉല്‍പത്തി 1ല്‍ വെളിച്ചം പ്രകാശിക്കട്ടെ എന്നു കല്‍പ്പിച്ചതുപോലെ, അവിടുന്ന് നമ്മുടെ ഹൃദയങ്ങളിലും പ്രകാശിപ്പിച്ചിരിക്കുന്നു – ഈ പ്രകാശം ഒരു മണ്‍പാത്രത്തിലാണ് ഉളളത് (2 കൊരി 4:7). നമ്മുടെ ജീവിതാവസാനം വരെ, നാം മണ്‍പാത്രങ്ങള്‍ മാത്രമായിരിക്കും. ഈ മണ്‍പാത്രത്തിനെ സംബന്ധിച്ച് ആകര്‍ഷകമായ ഒരേ ഒരു കാര്യം അതു ദൈവത്തിന്‍റെ തേജസ്സ് ഉള്‍ക്കൊളളുന്നു എന്നതു മാത്രമാണ്.

പഴയ നിയമത്തില്‍ അബ്രാഹാമും ദാവീദും ഭൗതികമായി സമ്പന്നരായിരുന്നു. അത് ഭൗമികമായ ഒരു മഹത്വമായിരുന്നു – കാരണം എല്ലാ മനുഷ്യരും സമ്പന്നതയില്‍ പുകകഴുന്നവരാണ്. എന്നാല്‍ പുതിയ നിയമത്തില്‍, പൗലൊസിനെപ്പോലെ ദരിദ്രനും ഹൃദയഹാരിയല്ലാത്തവനുമായ ഒരു മനുഷ്യനെ ദൈവം ഉപയോഗിച്ചു. പുരാവൃത്തം പറയുന്നത് പൗലൊസ് അപ്പൊസ്തലന് കേവലം 4 അടി 11 ഇഞ്ച് പൊക്കമെ ഉണ്ടായിരുന്നുളളൂ എന്നും അദ്ദേഹം വളഞ്ഞ മൂക്കുളളവനും തന്‍റെ ജീവിതത്തിന്‍റെ അധികഭാഗം രോഗിയും ആയിരുന്നു എന്നുമാണ്. സംസാരിക്കുവാന്‍ എഴുന്നേറ്റു നില്‍ക്കുമ്പോള്‍, അദ്ദേഹം മതിപ്പുളവാക്കുന്ന ഒരു വ്യക്തിത്വം ആയിരുന്നില്ല. എന്നാല്‍ ” ലോകത്തെ കീഴ്മേല്‍ മറിക്കുവാന്‍ ” ദൈവം ഉപയോഗിച്ച മനുഷ്യന്‍ ഇതായിരുന്നു. കാരണം അദ്ദേഹം ഒരു അഭിക്ഷിക്തനായിരുന്നു (അപ്പെ പ്ര 17:6). പൗലൊസ് വാസ്തവത്തില്‍ ലോകത്തെ നേരെ മുകളിലേക്കു തിരിക്കുകയായിരുന്നു ചെയ്തത് കാരണം ആദം പാപം ചെയ്തതു മുതല്‍ മുഴുവന്‍ ലോകവും തലകീഴായിരുന്നു. അദ്ദേഹം ഒരു ബലഹീന മണ്‍പാത്രമായിരുന്നു എന്നാല്‍ ക്രിസ്തുവിന്‍റെ തേജസ് ഉളളിലുളള ഒരുവനായിരുന്നു. നിങ്ങളുടെ അകത്തുളള കാര്യമാണ് യഥാര്‍ത്ഥത്തില്‍ വിലമതിക്കപ്പെടുന്നത്. ഇന്ന് അനേകം ആളുകളും, സിനിമാ താരങ്ങളെപ്പോലെ പ്രസംഗ പീഠത്തില്‍ നില്‍ക്കുന്ന, വലിയ ദൈവദാസന്മാര്‍ എന്നു വിളിക്കപ്പെടുന്നവരാല്‍ ആകര്‍ഷിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ദൈവത്തിന്‍റെ ഒരു യഥാര്‍ത്ഥ ദാസനെക്കുറിച്ച് പൗലൊസ് അപ്പൊസ്തലനില്‍ നിന്ന് നമുക്കു ലഭിക്കുന്ന ചിത്രം അതല്ല. അതൊരു സ്വര്‍ണ്ണ പാത്രമായിരുന്നില്ല. അദ്ദേഹം ഒരു മണ്‍പാത്രമായിരുന്നു. അതുകൊണ്ട് മാനുഷിക പരിമിതികളും, ബലഹീനതകളും നിങ്ങളില്‍ കാണുമ്പോള്‍ നിങ്ങള്‍ നിരുത്സാഹപ്പെട്ടു പോകരുത്. നിങ്ങളുടെ ഉളളില്‍ ഒരു വലിയ തേജസ്സ് ഉണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കുക – ദൈവത്തിന്‍റെ മുമ്പാകെ നിര്‍മ്മല മനസ്സാക്ഷിയോടെ നടക്കുന്നു എന്നും എല്ലാ സമയവും പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്തിന്‍റെ കീഴിലാണ് ജീവിക്കുന്നതെന്നും ഉറപ്പാക്കുന്നതാണത്. അതാണ് യഥാര്‍ത്ഥത്തില്‍ കാര്യമായിട്ടുളളത്.

മണ്‍പാത്രത്തിലെ വെളിച്ചം ( 2 കൊരി 4:6,7) നമ്മെ ഓര്‍പ്പിക്കുന്നത്, ഓരോരുത്തര്‍ക്കും, അകത്തു പ്രകാശമുളള ഓരോ മണ്‍കുടമുളള 300 പടയാളികളുളള ഗിദയോന്‍റെ സൈന്യത്തെയാണ്. ഈ 300 പേര്‍ തിരഞ്ഞെടുക്കപ്പെട്ടത്, 32000 പേരുളള ഒരു വലിയ കൂട്ടത്തില്‍ നിന്നാണ്, അന്ത്യനാളുകളിലെ ജയാളികളുടെ ഒരു പ്രതീകമാണവര്‍. അവര്‍ സാത്താനെതിരായി യുദ്ധത്തിനു പോകുമ്പോള്‍, ആ പടയാളികളെ പോലെ, അവര്‍ക്ക് ഒരു വാളുണ്ട് (ദൈവ വചനമെന്നവാള്‍). അതുപോലെ അവര്‍ക്കും ഒരു പ്രകാശം അകത്തുളള ഒരു മണ്‍പാത്രമുണ്ട്. അവരുടെ വെളിച്ചം പുറത്തേക്കു പ്രകാശിക്കേണ്ടതിന് തങ്ങളുടെ മണ്‍പാത്രങ്ങള്‍ ഉടയ്ക്കുവാന്‍ ഗിദയോന്‍റെ പടയാളികളോട് ആവശ്യപ്പെട്ടു. ഒരു കലത്തിനകത്ത് നിങ്ങള്‍ ഒരു മെഴുകുതിരി കത്തിച്ചുവച്ചാല്‍, അതിന്‍റെ പ്രകാശം നിങ്ങള്‍ക്കു കാണാന്‍ കഴിയുകയില്ല. എന്നാല്‍ ആ കലം പൊട്ടിച്ചാല്‍ വെളിച്ചം പുറത്തേക്കു പ്രകാശിക്കും. യേശുവിന്‍റെ ജീവന്‍ പുറത്തേക്കു പ്രകാശിക്കേണ്ടതിന് തന്‍റെ മണ്‍പാത്രം എപ്രകാരമാണ് ഉടയ്ക്കപ്പെടേണ്ടതെന്ന് പൗലൊസ് നമ്മോടു പറയുന്നു. അദ്ദേഹത്തിന് ക്ലേശം,അന്ധാളിപ്പ്, ഉപദ്രവം, അടിച്ചു വീഴ്ത്തല്‍ ഇവയിലൂടെ മടുത്തു പോകാതെ കടന്നു പോകേണ്ടി വന്നു ( 2കൊരി 4:8-12). അങ്ങനെ അദ്ദേഹത്തിന്‍റെ മണ്‍പാത്രം തകര്‍ക്കപ്പെടുകയും അവനിലുളള വെളിച്ചം (യേശുവിന്‍റെ ജീവന്‍) മറ്റുളളവര്‍ക്കു വ്യക്തമായി കാണാന്‍ കഴിയുകയും ചെയ്തു. അനേകം വിശ്വാസികള്‍ ഇതു മനസ്സിലാക്കുന്നില്ല, എന്നുതന്നെയല്ല അവര്‍ക്കു അതില്‍ താല്‍പര്യവുമില്ല. എന്നാല്‍ ഈ ക്രൂശിന്‍റെ വഴിമാത്രമാണ് ജീവന്‍റെ വഴി.

നിങ്ങള്‍ ഒരു ഗോതമ്പു മണി മണ്ണില്‍ ഇടുമ്പോള്‍, അതിന്‍റെ കട്ടിയുളള പുറന്തോട് പൊട്ടി തുറക്കുന്നു അപ്പോള്‍ മാത്രമെ അകത്തുളള ജീവന്‍ സ്വതന്ത്രമാക്കപ്പെടുകയുളളൂ. വീണ്ടും ജനനം പ്രാപിച്ച ക്രിസ്ത്യാനികളായ നമ്മില്‍ പോലും, നമ്മുടെ ദേഹീപരമായ വ്യക്തിത്വത്തിന്‍റെയും, ജഡത്തിന്‍റെയും, ഉടയ്ക്കപ്പെടേണ്ടതായ കട്ടിയുളള ഒരു പുറന്തോട് ഉണ്ട്. അപ്പോള്‍ മാത്രമെ ദൈവതേജസ്സിന്‍റെ പ്രകാശം നമ്മില്‍ നിന്ന് പുറത്തുവരികയുളളൂ.

തിരുവചനത്തിലുടനീളം നാം കാണുന്ന പ്രമാണം ഇതു തന്നെയാണ്. ഒരു സ്ത്രീ യേശുവിന്‍റെ അടുത്തേക്ക് പരിമളം തൈലത്തിന്‍റെ വെങ്കല്‍ ഭരണി കൊണ്ടുവന്നപ്പോള്‍ അത്ഭുതകരമായ ഒരു സൗരഭ്യം അവിടെ ഉണ്ടായി. അതു പോലെ തന്നെ, നമ്മുടെ പുറമെയുളള ജീവന്‍ നുറുക്കപ്പെടുന്ന വിവിധ സാഹചര്യങ്ങളിലൂടെ ദൈവത്തിനു നമ്മെ കൊണ്ടുപോകേണ്ടിവരും. അപ്പോള്‍ പിന്നെ ഒരിക്കലും നാം ആളുകള്‍ക്ക് ആകര്‍ഷകമായിരിക്കുകയില്ല. മറ്റുളളവരുടെ അടുത്ത് വലിയ മിടുക്കനായ ഒരു വ്യക്തിയായി ചെല്ലുവാനായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു, “നിന്‍റെ ഈ ആഗ്രഹത്തെ തകര്‍ക്കുവാന്‍ എന്നെ അനുവദിക്കുക”. ആത്മാവ്, ദേഹി, ദേഹം എന്നിവ ഉള്‍ക്കൊളളുന്നതാണ് ഒരു മനുഷ്യന്‍. ക്രിസ്തു ഉളളില്‍ വരുമ്പോള്‍ നമ്മുടെ ആത്മാവില്‍ അധിവസിക്കുന്ന വലിയ ഒരു തേജസ് ഉണ്ട്. എന്നാല്‍ ആ തേജസ്സ് പുറത്തേക്കു ശോഭിക്കുന്നതിനെ നമ്മുടെ ദേഹീപരമായ ജീവന്‍ തടയുന്നു. അതുകൊണ്ടാണ് നമ്മുടെ ജീവിതത്തില്‍ അനേകം നുറുക്കലുകള്‍ (തകര്‍ക്കലുകള്‍) ദൈവം അനുവദിക്കുന്നത് – അവിടുത്തെ ഉദ്ദേശ്യം നാം പൂര്‍ത്തീകരിക്കേണ്ടതിനായി .

2 കൊരി 4:10,11 എന്നീ വാക്യങ്ങള്‍ അനേകം ക്രിസ്ത്യാനികളാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ ജീവിതത്തില്‍ ഭൗതികമായ അത്ഭുതങ്ങള്‍ ചെയ്യുന്ന സുവിശേഷം കേള്‍ക്കുവാന്‍ അനേകം വിശ്വാസികള്‍ ആകാംക്ഷയുളളവരാണ്. എന്നാല്‍ യേശുവിന്‍റെ ജീവന്‍ നിങ്ങളില്‍ വെളിപ്പെടുത്തുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍, അതിന്‍റെ ഉത്തരം ഈ വാക്യത്തില്‍ കിടപ്പുണ്ട്.നാം യേശുവിന്‍റെ മരണം നമ്മുടെ ശരീരത്തില്‍ വഹിക്കണം. ഈ “യേശുവിന്‍റെ മരണം” എന്നാല്‍ എന്താണ് ? യേശു ഈ ഭൂമിയില്‍ ജീവിച്ച 33 1/2 വര്‍ഷത്തെ തന്‍റെ ജീവിതകാലം മുഴുവന്‍ ചെയ്തതുപോലെ നമ്മുടെ സ്വന്തം ഇഷ്ടത്തിനും, നമ്മുടെ സ്വയജീവനും മരിക്കുന്നതാണ് അത് (യോഹന്നാന്‍ 6:38). യേശു ഈ ഭൂമിയിലായിരുന്നപ്പോള്‍ ജീവിതത്തിന്‍റെ സാഹചര്യങ്ങളോട് പ്രതികരിച്ച അതേ രിതിയില്‍ നാമും ജീവിത സാഹചര്യങ്ങളോട് പ്രതികരിക്കുക എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. ആളുകള്‍ അദ്ദേഹത്തെ പിശാച് എന്നു വിളിച്ചപ്പോഴും, യൂദാഇസ്ക്കര്യോത്താ അവിടുത്തെ പണം മോഷ്ടിച്ചപ്പോഴും, ആളുകള്‍ തന്‍റെ മുഖത്തു തുപ്പിയപ്പോഴും, ആളുകള്‍ തന്നെ ജാരസന്തതി (മറിയയുടെ മകന്‍ ) എന്നു വിളിച്ചപ്പോഴും, ആളുകള്‍ അവിടുത്തെ നിന്ദിച്ചപ്പോഴും, അവിടുത്തെ കൊളളയടിച്ചപ്പോഴും, അവിടുത്തെ ദുഷിച്ചപ്പോഴും, പ്രസംഗം നിര്‍ത്തണമെന്ന് അവിടുത്തോടുപറഞ്ഞിട്ട് അദ്ദേഹത്തെ സിനഗോഗിനു വെളിയിലേക്ക് എറിഞ്ഞപ്പോഴും ഒക്കെ അവിടുന്ന് എങ്ങനെയാണ് പ്രതികരിച്ചത്? മനുഷമാനത്തിനും, അഭിമാനത്തിനും, പ്രശസ്തിക്കും, മാന്യതയ്ക്കും, തന്‍റെ സ്വന്ത ഇഷ്ടത്തിനും അവിടുന്നു മരിച്ചു. അതാണ് യേശുവിന്‍റെ മരണം. യേശുവിന്‍റെ കാല്‍വറിയിലെ മരണത്തില്‍ നിങ്ങള്‍ക്കോ എനിക്കോ ഒരു പങ്കും ഇല്ല. ലോകത്തിന്‍റെ പാപത്തിനു വേണ്ടി നമുക്കു മരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ തന്‍റെ ഭൂമിയിലെ ജീവിതത്തില്‍, ഓരോ ദിവസവും അവിടുന്നു കടന്നുപോയ ഒരു മരണമുണ്ടായിരുന്നു.

എന്തുകൊണ്ടാണ് അതിനെ “യേശുവിന്‍റെ മരണം” എന്നു വിളിക്കുന്നത്? കാരണം സ്വയത്തിനും ഈ ലോകത്തിന്‍റെ കാര്യങ്ങള്‍ക്കും മരിക്കുന്ന ഈ മാര്‍ഗ്ഗത്തിലൂടെ നടന്നു പോയ ആദ്യത്തെ വ്യക്തി യേശു ആയിരുന്നു. മാനുഷികമായ എല്ലാ കാര്യങ്ങള്‍ക്കും അവിടുന്നു മരിക്കുകയും പിതാവിന്‍റെ തേജസ് അവിടുന്നു വെളിപ്പെടുത്തുകയും ചെയ്തു. ഞാനും നിങ്ങളും യേശുവിന്‍റെ കാല്‍ചുവടുകള്‍ പിന്‍തുടരുവാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. 2 കൊരി 4:17,18 എന്നീ വാക്യങ്ങളില്‍ പൗലൊസ് ഇപ്രകാരം പറയുന്നു.,” ഞങ്ങള്‍ കടന്നു പോകുന്ന കഷ്ടതകള്‍ വളരെ ലഘുവാണ്. കാരണം അതിലൂടെ ഞങ്ങള്‍ക്ക് വരുവാന്‍ പോകുന്ന തേജസ്സ് വളരെ വലിയതാണ്. എന്നാല്‍ ഈ തേജസ്സ് നമ്മിലേക്കു വരുന്നത്, ” കാണുന്ന കാര്യങ്ങളെ നിരസിച്ചു കൊണ്ട് കാണാത്ത കാര്യങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നത്രയും നാള്‍ മാത്രമാണ്”. അത് അര്‍ത്ഥമാക്കുന്നത് നാം നമ്മുടെ കഷ്ടതകളെ മനുഷ്യന്‍റെ കാഴ്ചപ്പാടില്‍ നോക്കുന്നില്ല. അതിനുപകരം ഞങ്ങള്‍ ദിവ്യമായ കാഴ്ചപ്പാടിലൂടെയാണ് അതിനെ നോക്കുന്നത്. ഈ ശോധനകളിലൂടെ നമ്മുടെ ജീവിതങ്ങളിലേക്ക് പ്രവര്‍ത്തിക്കപ്പെടുന്ന ഒരു തേജസ്സുണ്ട്, അതുകൊണ്ട് നാം യേശുവിന്‍റെ ഹൃദയവുമായി കൂടുതല്‍ അടുത്ത കൂട്ടായ്മയിലേക്കു കടക്കുന്നു. അതുകൊണ്ടാണ് നാം ഉത്സാഹിപ്പിക്കപ്പെടുന്നത്. ഒരു ശുശ്രൂഷ ലഭിക്കുവാനുളള മാര്‍ഗ്ഗവും അതുതന്നെയാണ്, ദൈവ വചനം പഠിക്കുന്നതു കൊണ്ടുമാത്രം നമുക്കൊരു ശുശ്രൂഷ ലഭിക്കുന്നില്ല.