ദൈവവചനത്തിൻ്റെ ശക്തി – WFTW 4 ഏപ്രിൽ 2021

സാക് പുന്നന്‍

എബ്രായര്‍ 4:12 ല്‍ നാം ഇപ്രകാരം വായിക്കുന്നു. “ദൈവത്തിന്‍റെ വചനം ജീവനും ചൈതന്യവുമുളളതായി ഇരുവായ്ത്തലയുളള ഏതു വാളിനെക്കാളും മൂര്‍ച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധി മജ്ജകളെയും വേര്‍വിടുവിക്കും വരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു”.

ദൈവത്തിന്‍റെ വചനം ഒരു വാളുപോലെ നമ്മുടെ ഹൃദയത്തിലേക്ക് തുളച്ചിറങ്ങിയിട്ട് നമ്മുടെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും നമുക്ക് വെളിപ്പെടുത്തിരുന്നു. പുതിയ ഉടമ്പടിയില്‍ (എബ്രായര്‍ക്കെഴുതിയ ലേഖനം ഊന്നല്‍ കൊടുത്തിരിക്കുന്നത്) ഏറ്റവും അധികം പ്രാധാന്യമുളളത് “ഹൃദയത്തിന്‍റെ ചിന്തകള്‍ക്കും ഉദ്ദേശ്യങ്ങള്‍ക്കുമാണ്”, അതേസമയം പഴയ ഉടമ്പടിയുടെ കീഴില്‍ ദുഷിച്ച ചിന്തകളും ഉദ്ദേശ്യങ്ങളും ഗൗരവമുളളതായി കണക്കാക്കിയിരുന്നില്ല, കാരണം യിസ്രായേല്യര്‍ക്ക് അവരുടെ ഉളളില്‍ വസിക്കുന്ന പരിശുദ്ധാത്മാവില്ലായിരുന്നു. മനുഷ്യന്‍റെ ഉളളിലുളള ദുഷിച്ച ചിന്തകളെയും ഉദ്ദേശ്യങ്ങളെയും വെളിച്ചത്തു കൊണ്ടുവരുവാനോ, അതിനുളള ശിക്ഷ നല്‍കുവാനോ ന്യായപ്രമാണത്തിനു കഴിവില്ലായിരുന്നു. മനുഷ്യന്‍ എല്ലാകാര്യങ്ങളും പുറമേ നന്നായി ചെയ്യുന്നിടത്തോളം, ന്യായ പ്രമാണം അവനെ പ്രശംസിക്കും. എന്നാല്‍ പുതിയ ഉടമ്പടിയില്‍ അങ്ങനെയല്ല. മനുഷ്യന്‍ ന്യായപ്രമാണത്തിനു കീഴിലായിരുന്നപ്പോള്‍, ദൈവവചനം അവരെ ബാഹ്യമായി മാത്രമെ പരിശോധിച്ചുളളൂ, ഒരു ഡോക്ടര്‍ ഒരു രോഗിയെ ഉപരിപ്ലവമായി പരിശോധിക്കുന്നതു പോലെ, എന്നാല്‍ പുതിയ ഉടമ്പടിയില്‍ ദൈവവചനം ഹൃദയത്തിന്‍റെ അകത്തേക്ക് തുളച്ചിറങ്ങുന്നു, ഒരു സ്കാന്‍ അല്ലെങ്കിൽ ഒരു എകസ്-റേ പോലെ, ഇന്ന് ദൈവം കൂടുതല്‍ താല്‍പര്യപ്പെടുന്നത്, നമ്മുടെ ചിന്തകള്‍, ഭാവങ്ങള്‍, ലക്ഷ്യങ്ങള്‍, ഉദ്ദേശ്യങ്ങള്‍ മുതലായവയിലാണ്. മിക്കപ്പോഴും, പുറമേ എല്ലാം നല്ലതായി കാണപ്പെടുമ്പോഴും, ഉളളില്‍ വലിയ തിന്മയുണ്ടാകാന്‍ ഇടയുണ്ട്, പുറമെ ആരോഗ്യവാന്മാരായി കാണപ്പെടുന്ന ധാരാളം ആളുകള്‍ക്ക് ഉളളില്‍ കാന്‍സര്‍ പോലെയുളള ഗൗരവകരമായ രോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുളളതുപോലെ.

അതുകൊണ്ട് ഇന്നു നിങ്ങള്‍ ദൈവവചനം വായിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തിലുളള ബാഹ്യമായ പാപങ്ങളെക്കുറിച്ചു മാത്രമേ നിങ്ങള്‍ ബോധവാന്മാരാകുന്നുളളു എങ്കില്‍, അതു സൂചിപ്പിക്കുന്നത് ദൈവം നിങ്ങളോടു പറയാനാഗ്രഹിച്ചതെല്ലാം നിങ്ങള്‍ കേട്ടിട്ടില്ല എന്നാണ്. അതുകൊണ്ട് ഈ ചോദ്യത്താല്‍ നിങ്ങള്‍ എല്ലായ്പോഴും നിങ്ങളെതന്നെ ശോധന ചെയ്യുക. “ദൈവ വചനം എന്‍റെ ഹൃദയത്തിന്‍റെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും എനിക്കു വെളിപ്പെടുത്തി തന്നോ?” ഇവിടെ തലയ്ക്കല്ല ഹൃദയത്തിനാണ് ഊന്നല്‍ കൊടുത്തിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. അഭിഷേകം ചെയ്യപ്പെട്ട എല്ലാ ദൈവവചനപ്രഘോഷണങ്ങളിലും, വചനം നിങ്ങളുടെ മനസ്സിലൂടെ ഹൃദയത്തില്‍ പ്രവേശിക്കുകയും നിങ്ങളുടെ അന്തരംഗത്തിലുളള ചിന്തകളും ഉദ്ദേശ്യങ്ങളും നിങ്ങള്‍ക്കു വെളിപ്പെടുത്തി തരികയും ചെയ്യും.

1 കൊരിന്ത്യര്‍ 14:25 ല്‍, അഭിഷേകം ചെയ്യപ്പെട്ട പ്രസംഗത്തില്‍ നിന്നുണ്ടാകുന്ന ഫലത്തെക്കുറിച്ചു നാം വായിക്കുന്നു. ആളുകളുടെ ഹൃദയത്തിന്‍റെ ചിന്തകള്‍ വെളിപ്പെടുത്തപ്പെടുകയും ദൈവം അവിടെ ഉണ്ട് എന്നു ഏറ്റുപറഞ്ഞ് അവര്‍ ദൈവത്തെ നമസ്കരിക്കുകയും ചെയ്യും. ദൈവഭക്തനായ ഒരു മനുഷ്യനോടു നിങ്ങള്‍ സംഭാഷണത്തിലേര്‍പ്പെടുകയും അദ്ദേഹം നിങ്ങളോടു അഭിഷേകം ചെയ്യപ്പെട്ട ഒരു പ്രവചനവാക്യം പറയുകയും ചെയ്യുമ്പോഴും അതേ കാര്യം തന്നെ സംഭവിക്കാം. അഭിഷേകം ചെയ്യപ്പെട്ട വാക്കുകള്‍ എല്ലായ്പോഴും ഹൃദയത്തിന്‍റെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും വെളിപ്പെടുത്തുന്നു. കാരണം, ദൈവവചനം മൂര്‍ച്ചയേറിയതും ഇരുവായ്ത്തലയുളളതുമായ ഒരു വാള്‍ പോലെയാണ്.

നിങ്ങള്‍ക്കു കര്‍ത്താവിനെ സേവിക്കണമെങ്കില്‍, നിങ്ങളുടെ ഹൃദയത്തിലും വായിലുമുളള ബ്ലേഡ് മൂര്‍ച്ചയുളളതാണെന്നുറപ്പാക്കുക. ഒരിക്കലും മനുഷ്യര്‍ക്കു കൂടുതല്‍ സ്വീകാര്യമാക്കി തീര്‍ക്കേണ്ടതിനു, നയപരമായി, വാളിന്‍റെ വായ്ത്തലയുടെ മൂര്‍ച്ച കുറച്ച് മിനുസമുളള വാക്കുകള്‍ കൊണ്ട് ദൈവവചനത്തെ മയപ്പെടുത്തരുത്. അതു മനുഷ്യര്‍ക്ക് ഒരു നന്മയും ചെയ്യുകയില്ല, കാരണം അതു ചെല്ലേണ്ടയിടത്തേക്ക് തുളച്ചുകയറുകയില്ല. ഒരു മൂര്‍ച്ചയില്ലാത്ത കത്തികൊണ്ട് മാംസം മുറിക്കുവാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ? നിങ്ങള്‍ മുറിച്ചുകൊണ്ടേയിരിക്കും എങ്കിലും മാംസം മുറിയുകയില്ല. ദൈവവചനത്തിന്‍റെ മൂര്‍ച്ച ഒത്തുതീര്‍പ്പിനു വിട്ടുകൊടുക്കുന്ന ഒരു പ്രസംഗകന്‍ തന്‍റെ സന്ദേശത്തിന്‍റെ ഒടുവില്‍ കണ്ടെത്തുന്ന ഒരു കാര്യം, ആരും ദൈവത്തെ കേട്ടില്ല എന്നതാണ്. ദൈവ വചനം ഇരുവായ്ത്തലയുളള ഒരു വാളാണ്. ആ പ്രസംഗകന്‍, ആദ്യം ആ വചനത്തെ തന്‍റെ തന്നെ ഹൃദയം മുറിച്ചു തുറന്നു കടുന്നുപോകുവാനും അദ്ദേഹത്തിന്‍റ തന്നെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും വെളിപ്പെടുത്തുവാനും അനുവദിക്കണം! അപ്പോള്‍ മാത്രമെ അദ്ദേഹത്തിനു മറ്റുളളവരുടെ ഹൃദയങ്ങളെ മുറിച്ചു തുറക്കുന്നതിന് അത് ഉപയോഗിക്കുവാന്‍ കഴിയുകയുളളു. ദൈവവചനം ആദ്യം നിങ്ങളുടെ ഹൃദയത്തെ തുളച്ചുകയറിയിട്ടില്ലെങ്കില്‍ അതു പ്രസംഗിക്കരുത്. മിക്ക പ്രസംഗകരും ദൈവവചനത്താല്‍ തങ്ങളെ തന്നെ ഒരിക്കലും വിധിക്കുന്നില്ല. അവര്‍ മറ്റുളളവരെ മാത്രമെ വിധിക്കുന്നുളളു.

ദൈവ വചനം നമ്മുടെ ലക്ഷ്യങ്ങളെയും കൂടെ തുളച്ചു കയറുകയും വിധിക്കുകയും ചെയ്യുന്നു. ദൈവ വചനത്തിലുളള ആത്മാവിന്‍റെ ശബ്ദത്തിനു നാം നമ്മെ തന്നെ നിരന്തരമായി തുറന്നു കൊടുത്താല്‍, പൂര്‍ണ്ണമായും വെടിപ്പുളള ഒരു ഹൃദയം ആത്യന്തികമായി നമുക്കുണ്ടാകും, കാരണം നമ്മുടെ ഹൃദയത്തിന്‍റെ ചിന്തകളും ലക്ഷ്യങ്ങളും സ്ഥിരമായി നമുക്കു വെളിപ്പെടുത്തപ്പെടുകയും നമുക്കു നമ്മെതന്നെ ശുദ്ധീകരിക്കുവാന്‍ കഴിയുകയും ചെയ്യും. ഓരോ വിശ്വാസിയും ഓരോ ദിവസവും ഇതുപോലെ ജീവിക്കണം. മരുഭൂമിയില്‍ യിസ്രായേല്യര്‍ക്കു ദിനംതോറും മന്നാ ലഭിച്ചതുപോലെ, നാമും ദൈവത്തിന്‍റെ അഭിഷേകം ചെയ്യപ്പെട്ട വചനം ഓരോ ദിവസവും ദൈവത്തില്‍ നിന്നു പ്രാപിക്കണം.

What’s New?