ജീവത്വാഗത്തിന്റെ ഫലം

പരദേശിമോക്ഷയാത്രയെഴുതിയ ജോൺ ബനിയൻ പട്ടാളത്തിൽ സേവനം അനുഷ്ഠിക്കുന്ന കാലം. ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ജോണിന് അന്നുണ്ടായിരുന്നില്ല. എന്നാൽ പട്ടാളത്തിലെ തന്റെ സ്നേഹിതനും സഹപ്രവർത്തകനുമായ ഫെഡറിക്ക് തികഞ്ഞ ദൈവവിശ്വാസിയായിരുന്നു; എല്ലാവരെയും സഹായിക്കാൻ സദാ സന്നദ്ധനും.

അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച രാത്രി പട്ടാളക്യാമ്പിന്റെ പാറാവു ഡ്യൂട്ടി ജോൺ ബനിയന് ആയിരുന്നു. എന്നാൽ ആ സമയത്തു ജോണിന് ഒരു ജന്മദിനപാർട്ടിക്കു പോകുകയും വേണം. എന്തു ചെയ്യും? ഒടുവിൽ വിവരം ഫെഡറിക്കിനോടു പറഞ്ഞപ്പോൾ അദ്ദേഹം സഹായിക്കാമെന്നേറ്റു. ആ രാത്രി ജോണിനു പകരം ഫെഡറിക്ക് പാറാവുഡ്യൂട്ടി ഏറ്റെടുത്തു.

ജന്മദിനവിരുന്നു കഴിഞ്ഞു രാത്രി വൈകിയാണ് ജോൺ ബനിയൻ പട്ടാളക്യാമ്പിലെത്തി ഉറങ്ങാൻ കിടന്നത്. പക്ഷേ പുലർച്ചെ ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ജോൺ ഉണർന്നത് തലേ രാത്രി ശത്രുസൈന്യം തങ്ങളുടെ ക്യാമ്പ് ആക്രമിച്ചു. ശത്രുസൈന്യത്തിൽ അഞ്ചാറുപേർ കൊല്ലപ്പെട്ടു. തങ്ങളുടെ സേനയിലെ ഒരാളും.

“നമ്മുടെ കൊല്ലപ്പെട്ട സൈനികൻ ആരാണ്?” ജോൺ ഉത്ണ്ഠാകുലനായി.

“പാറാവുട്ടി ചെയ്തിരുന്ന ഫെഡറിക്ക്” മറുപടി കേട്ട് ജോൺ ഞെട്ടിപ്പോയി. അവൻ അലമുറയിട്ടു കരഞ്ഞു.

വിവരം അറിഞ്ഞ് ഉന്നതസൈനിക ഉദ്യോഗസ്ഥൻ മിൽസ്, ജോൺ ബനിയനെ ഇങ്ങനെ ആശ്വസിപ്പിച്ചു: “ജോൺ കരയരുത്. ഫെഡറിക്ക് ദൈവവിശ്വാസി ആയിരുന്നു. അവൻ ഇപ്പോൾ സന്തോഷത്തോടെ ദൈവസന്നിധിയിൽ വിശ്രമിക്കുന്നു. നിനക്കുവേണ്ടി അവൻ മനഃപൂർവ്വം ജീവൻ നൽകിയതല്ല. നിനക്കുപകരം അവൻ കൊല്ലപ്പെട്ടു എന്നതാണു സത്യം. എന്നാൽ നിനക്കുവേണ്ടി മനഃപൂർവ്വം ജീവൻ വെടിഞ്ഞ യേശുക്രിസ്തുവിനെ നീ ഓർക്കുക, ആ ജീവത്യാഗത്തെ ഓർക്കുവാൻ ഫെഡറിക്കിന്റെ മരണം നിന്നെ സഹായിക്കട്ടെ”.

നാളുകൾക്കുശേഷം ജോൺ ബനിയൻ യേശുവിനെ നാഥനും കർത്താവുമായി സ്വീകരിച്ചു. അനേകരെ യേശുവുമായി അടുത്ത ബന്ധത്തിനു വെല്ലുവിളിക്കുന്ന ഒട്ടേറെ കൃതികൾ രചിക്കുകയും ചെയ്തു.

ഫെഡറിക്കിന്റെ ജീവത്യാഗത്തിന്റെ ഫലം.

What’s New?