ദൈവവുമായുളള ഒരു രണ്ടാം കൂടിക്കാഴ്ചയുടെ പ്രാധാന്യം – WFTW 29 ഏപ്രിൽ 2018

സാക് പുന്നന്‍

ഒരു മനുഷ്യനെ നുറുക്കുന്നതില്‍ ദൈവം വിജയിച്ച ഒരുവന്‍റെ ഒരു ഉത്തമോദാഹ രണമാണ് യാക്കോബ് അവനു ദൈവവുമായി രണ്ടു കൂടിക്കാഴ്ചകള്‍ ഉണ്ടായി – ഒന്ന് ബഥേലില്‍ വച്ചും (ഉല്‍പ്പത്തി 28) മറ്റൊന്ന് പെനിയേലില്‍ വച്ചും (ഉല്‍പ്പത്തി 32). ബഥേല്‍ അര്‍ത്ഥമാക്കുന്നത് ദൈവത്തിന്‍റെ ആലയം (സഭയുടെ പ്രതിരൂപം) എന്നും പെനിയേല്‍ അര്‍ത്ഥമാക്കുന്നത് ” ദൈവത്തിന്‍റെ മുഖം”എന്നുമാണ്. നാം എല്ലാവരും ദൈവത്തിന്‍റെ സഭയില്‍ പ്രവേശിക്കുന്നതിനുമപ്പുറത്ത് ദൈവത്തിന്‍റെ മുഖം കാണുന്നയിടത്തേക്ക് പേകേണ്ട ആവശ്യമുണ്ട്. ബേഥേലില്‍ ” സൂര്യന്‍ അസ്തമിച്ചു” എന്നു പറയുന്നു. ( ഉല്‍പ്പത്തി 28:11) – അതു ഭൂമിശാസ്ത്രപരമായ ഒരു വസ്തുതയാണ്, എന്നാല്‍ യാക്കോബിന്‍റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിന്‍റെ ഒരു സൂചന കൂടിയാണത്, കാരണം അടുത്ത 20 വര്‍ഷങ്ങള്‍ അവനെ സംബന്ധിച്ചിടത്തോളം കൂരിരുട്ടിന്‍റെ ഒരു കാലയളവായിരുന്നു. പിന്നീട് പെനിയേലില്‍ ” സൂര്യന്‍ ഉദിച്ചു” എന്നു പറയുന്നു (ഉല്‍പ്പത്തി 32:31) – വീണ്ടും ഭൂമിശാസ്ത്രപരമായ ഒരു വസ്തുത, എന്നാല്‍ യാക്കോബും ഒടുവില്‍ ദൈവത്തിന്‍റെ വെളിച്ചത്തിലേക്കുവന്നു. യുഗങ്ങളായി ദൈവത്തോടു ചേര്‍ന്നു നടന്നിട്ടുളള അനേകം വിശ്വാസികള്‍ക്കും, ദൈവവുമായി 2 കൂടിക്കാഴ്ചകള്‍ ഉണ്ടായിട്ടുണ്ട്.. ഒന്നാമത്തെത് വീണ്ടും ജനനത്തിലൂടെ അവര്‍ ദൈവത്തിന്‍റെ ആലയത്തിലേക്ക് ( സഭയിലേക്ക്) പ്രവേശിച്ചപ്പോഴായിരുന്നു. രണ്ടാമത്തെത് അവര്‍ ദൈവത്തെ മുഖാമുഖമായി കാണുകയും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുകയും അവരുടെ ജീവിതം രൂപാന്തരപ്പെടുകയും ചെയ്തപ്പോള്‍ ആയിരുന്നു.

ബേഥേലില്‍ വെച്ച്, മുകളറ്റം സ്വര്‍ഗ്ഗത്തിലെത്തുന്നതും ചുവട് ഭൂമിയില്‍ വച്ചിരിക്കുന്നതുമായ ഒരു കോവണി യാക്കോബ് തന്‍റെ സ്വപ്നത്തില്‍ കണ്ടു. യോഹന്നാന്‍ 1:5ല്‍, യേശു ആ കോവണി അവിടുത്തെ തന്നെ സൂചിപ്പിച്ചിരിക്കുന്നതായി വ്യാഖ്യാനിച്ചിരിക്കുന്നു- ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്കുളള മാര്‍ഗ്ഗം. അതുകൊണ്ട് യാക്കോബ് വാസ്തവത്തില്‍ കണ്ടത്, സ്വര്‍ഗ്ഗത്തിലേക്കുളള വഴി യേശു തുറക്കുന്നതിന്‍റെ ഒരു പ്രവചന ദര്‍ശനമായിരുന്നു. അപ്പോള്‍ യഹോവ അനവധി കാര്യങ്ങള്‍ അവനു വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഭൗതികമായ സുരക്ഷിതത്വം, ശാരീരികാരോഗ്യം, സാമ്പത്തിക അഭിവൃദ്ധി മുതലായവയെക്കുറിച്ചു മാത്രം ചിന്തിക്കത്തക്ക വിധത്തില്‍ യാക്കോബ് അത്രമാത്രം ഭൗമിക മനസ്സുളളവനായിരുന്നു. അതുകൊണ്ട് അവന്‍ ദൈവത്തോട് ഇപ്രകാരം പറഞ്ഞു, “യഹോവെ, അവിടുന്നെന്നെ എന്‍റെ ഈ യാത്രയില്‍ സംരക്ഷിക്കുകയും എനിക്ക് ആഹാരവും വസ്ത്രവും നല്‍കി സുരക്ഷിതനായി എന്നെ എന്‍റെ ഭവനത്തിലേക്ക് മടക്കി കൊണ്ടുവരികയും ചെയ്യുമെങ്കില്‍, ഞാന്‍ അങ്ങേയ്ക്ക് എന്‍റെ സമ്പാദ്യങ്ങളുടെ 10% തരും”.

“ദൈവാനുഗ്രഹത്തിന്‍റെ” യഥാര്‍ത്ഥ ലക്ഷണം എന്താണ്? അത് അഭിവൃദ്ധിയാണോ? അല്ല. അത് ക്രിസ്തുവിന്‍റെ സാദൃശ്യത്തോട് അനുരൂപപ്പെടുന്നതാണ്. ഒരു നല്ല ജോലിയും ഒരു നല്ല വീടും മറ്റു സുഖസൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും നിങ്ങളുടെ ജീവിതം ദൈവത്തിനും മനുഷ്യര്‍ക്കും പ്രയോജനകരമല്ലെങ്കില്‍, അതൊക്കെ ഉളളതിന്‍റെ ഉപയോഗമെന്താണ്? എന്നാല്‍ യാക്കോബിനോട് ഇടപെടുന്ന കാര്യം ദൈവം അവസാനിപ്പിച്ചിട്ടില്ല. അവിടുന്ന് അവനെ പെനിയേലില്‍ വെച്ച് രണ്ടാമത്തെ തവണ കണ്ടുമുട്ടുന്നു. നിങ്ങളില്‍ അനേകര്‍ക്കും ദൈവവുമായി ഒരു രണ്ടാം സമാഗമം ആവശ്യമുണ്ട്.- നിങ്ങളുടെ ജീവിതത്തിന്‍റെ അടിത്തട്ടില്‍ നിങ്ങള്‍ എത്തിച്ചേരുമ്പോള്‍ ഉണ്ടാകുന്ന ഒരു കൂടിക്കാഴ്ച – ദൈവം നിങ്ങളെ ന്യായം വിധിച്ച് നരകത്തിലേക്കയക്കുന്നതിനു പകരം, അവിടുന്നു നിങ്ങളെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കുമ്പോള്‍!

പെനിയേലില്‍, യാക്കോബ് തനിച്ചായിരുന്നു (ഉല്‍ 32:24) ദൈവം നമ്മെ കണ്ടുമുട്ടുന്നതിനു മുമ്പ് അവിടുത്തേക്ക് നമ്മെ തനിച്ചാക്കേണ്ടതുണ്ട്. ആ രാത്രിയില്‍ ദൈവം യാക്കോബുമായി നീണ്ട മണിക്കൂറുകളോളം മല്ലുപിടിച്ചു, എന്നാല്‍ യാക്കോബ് വഴങ്ങിയില്ല. യാക്കോബിന്‍റെ ജീവിതത്തില്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി നടന്നുകൊണ്ടിരുന്ന ഒന്നിന്‍റെ പ്രതീകമായിരുന്നു ആ മല്ലുപിടിത്തം. യാക്കോബ് പിടിവാശിക്കാരനാണെന്നു ദൈവം കണ്ടപ്പോള്‍, അവിടുന്ന് ഒടുവില്‍ അവന്‍റെ തുടയുടെ തടം ഉളുക്കുവാന്‍ ഇടയാക്കി. ആ സമയത്ത് യാക്കോബിന് 40 വയസ്സ് പ്രായമെ ഉണ്ടായിരുന്നുളളൂ. അവന്‍ വളരെ ബലവാനായിരുന്നു താനും. അവന്‍റെ വല്യപ്പന്‍ അബ്രാഹാം 175 വയസ്സുവരെ ജീവിച്ചിരുന്നു. അതുകൊണ്ട്, യാക്കോബ് അവന്‍റെ ജീവിതത്തിന്‍റെ 75% മുമ്പിലുളള യൗവ്വനത്തിന്‍റെ പ്രാരംഭ ഘട്ടത്തിലായിരുന്നു എന്നു പറയാം. ഇത്രയും യൗവ്വന പ്രായത്തില്‍ ഉളുക്കിപ്പോയ ഒരു തുട ഉണ്ടാകുക എന്നത് അവന്‍ ആഗ്രഹിച്ചേക്കാവുന്ന ഏറ്റവും അവസാനത്തെ കാര്യം ആയിരുന്നിരിക്കാം- കാരണം അത് അവന്‍റെ ഭാവിക്കുവേണ്ടി അവന്‍ തയ്യാറാക്കിയ എല്ലാ പദ്ധതികളെയും താറുമാറാക്കിയേക്കാം. ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍, അത് 20 വയസ്സുളള ഒരു ചെറുപ്പക്കാരന്‍ തന്‍റെ തുട ഉളുക്കിയിട്ട്, അതിനുശേഷം എക്കാലവും ഒരു ഊന്നുവടി ഉപയോഗിച്ചു നടക്കേണ്ടിവരുന്നതു പോലെയാണ്!! അത് തകര്‍ന്നു പോകുന്ന ഒരു അനുഭവമാണ്. ഒരു ഊന്നുവടിയില്ലാതെ അവന്‍റെ ശേഷിക്കുന്ന ജീവിതകാലത്തൊരിക്കലും അവനു നടക്കുവാന്‍ കഴിയുകയില്ല. ദൈവം പല മാര്‍ഗ്ഗങ്ങളിലൂടെ യാക്കോബിനെ നുറുക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അവിടുന്നു വിജയിച്ചിട്ടില്ല, അതുകൊണ്ട് ഒടുവില്‍ അവിടുന്ന് അവന് സ്ഥിരമായ ഒരു ശാരീരികവൈകല്യം കൊടുത്തു. ഒടുവില്‍ യാക്കോബിനെ നുറുക്കുന്നതില്‍ അതു വിജയിച്ചു. നമുക്ക് അതാവശ്യമാണെന്നു ദൈവം കണ്ടെത്തിയാല്‍ നമ്മോടും അവിടുന്ന് അതു തന്നെ ചെയ്യും. അവിടുന്നു സ്നേഹിക്കുന്നവര്‍ക്കു മാത്രമെ അവിടുന്ന് ശിക്ഷണം നല്‍കുന്നുളളൂ, അത് അവരെ വലിയ വിപത്തില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടിയാണ്. യാക്കോബിന്‍റെ തുടയുടെ തടം ഉളുക്കിയശേഷം, അവിടുന്ന് അവനോട് ഇപ്രകാരം പറഞ്ഞു, “ശരി ഞാന്‍ എന്‍റെ ജോലി ചെയ്തിരിക്കുന്നു. ഇപ്പോള്‍ എന്നെ പോകാന്‍ അനുവദിക്കുക. നിനക്ക് എന്നെ ഒരിക്കലും ആവശ്യമായിരുന്നില്ല. നിനക്ക് ആവശ്യമായിരുന്നത് സ്ത്രീകളും പണവുമായിരുന്നു”. എന്നാല്‍ യാക്കോബ് ഇപ്പോള്‍ ദൈവത്തെ പോകാന്‍ അനുവദിച്ചില്ല. ഒടുക്കം – അവന്‍ വ്യത്യാസപ്പെടുത്തപ്പെട്ടു! സ്ത്രീകളെയും വസ്തു വകകളെയും ബലാല്ക്കാരമായി സ്വായത്തമാക്കുവാന്‍ വേണ്ടി തന്‍റെ ജീവിതം ചെലവഴിച്ച ഈ മനുഷ്യന്‍ ഇപ്പോള്‍ ദൈവത്തെ പിടിച്ചു വച്ചിട്ട് ഇപ്രകാരം പറയുന്നു,” അവിടുന്നെന്നെ അനുഗ്രഹിച്ചല്ലാതെ ഞാന്‍ അങ്ങയെപോകാന്‍ അനുവദിക്കുകയില്ല”. യാക്കോബിന്‍റെ തുടയുടെ തടം ഉളുക്കിയപ്പോള്‍ അവന്‍ ദൈവത്തെ മാത്രം ആഗ്രഹിക്കുവാന്‍ തക്കവണ്ണം, അവന്‍റെ ഹൃദയത്തില്‍ എന്തൊരു വലിയ പ്രവൃത്തിയാണ് പൂര്‍ത്തിയാക്കപ്പെട്ടത്.

ഒരു പഴംചൊല്ലു പറയുന്നതുപോലെ, “നിങ്ങള്‍ക്കു ദൈവമല്ലാതെ മറ്റൊന്നും ശേഷിക്കാതെ വരുമ്പോള്‍, ദൈവം തന്നെ വേണ്ടതിലധികമാണെന്ന് നിങ്ങള്‍ കണ്ടെത്തും”!! അതു സത്യമാണ്. ഇപ്പോള്‍ ദൈവം അവനോടു ചോദിക്കുന്നു, ” നിന്‍റെ പേരെന്ത്?” യാക്കോബ് അതിനു മറുപടി പറയുന്നു, ” എന്‍റെ പേര് യാക്കോബ് എന്നാണ്”. ” യാക്കോബ് ” എന്നാല്‍ ചതിയന്‍ എന്നാണര്‍ത്ഥം. താന്‍ ഒരു ചതിയനാണെന്ന് ഒടുവില്‍ യാക്കോബ് സമ്മതിക്കുന്നു. ഒരു പക്ഷെ നിങ്ങളും ഒരു ചതിയനാണോ? നിങ്ങള്‍ ഒരു ആത്മീയനാണെന്ന് ഭാവിച്ച് നിങ്ങള്‍ക്കുചുറ്റുമുളളവരെ കബളിപ്പിക്കുകയായിരുന്നോ? അങ്ങനെയാണെങ്കില്‍, ഇന്നു നിങ്ങള്‍ ദൈവത്തിനു മുമ്പാകെ ചെന്ന് സത്യസന്ധമായി നിങ്ങള്‍ ഒരു കാപട്യക്കാരനാണെന്നു ദൈവത്തോട് പറയുമോ? വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്‍റെ അന്ധനായ പിതാവ് യിസ്ഹാക്ക് അവനോട് അവന്‍റെ പേരു ചോദിച്ചപ്പോള്‍, താന്‍ ഏശാവാണെന്ന് നടിച്ചു. എന്നാല്‍ ഇപ്പോള്‍ അവന്‍ സത്യസന്ധനാണ്. അപ്പോള്‍ യഹോവ ഉടനെ തന്നെ അവനോട് ഇപ്രകാരം പറഞ്ഞു. നീ ഇനിമേല്‍ ഒരു ചതിയന്‍ (യാക്കോബ്) അല്ല ( വാ: 28). അത് പ്രോത്സാഹിപ്പിക്കുന്ന ഒരു വാക്കല്ലേ? നിങ്ങള്‍ അതു കേട്ടോ? ” നീ ഇനിമേല്‍ ഒരു ചതിയന്‍ അല്ല” ഹല്ലേലുയ്യാ! അതിനുശേഷം ദൈവം അവനോട് ഇപ്രകാരം അരുളിചെയ്തു, ” ഇനി മുതല്‍ നിന്‍റെ പേര് യിസ്രായേല്‍ ( ദൈവത്തിന്‍റെ പ്രഭു) എന്നാണ്, കാരണം നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചിരിക്കുന്നു. എന്തൊരു രൂപാന്തരം – ഒരു ചതിയനില്‍ നിന്ന് ദൈവത്തിന്‍റെ പ്രഭുവിലേക്ക്. അതെല്ലാം നിര്‍വ്വഹിക്കപ്പെട്ടത് യാക്കോബ് നുറുക്കപ്പെട്ടപ്പോള്‍ മാത്രമാണ്. നമ്മുടെയും വിളി അതുതന്നെയാണ് – ഒരു പ്രഭു ആയിട്ട് ക്രിസ്തുവിനോടുകൂടെ അവിടുത്തെ സിംഹാസനത്തില്‍ ഇരുത്തപ്പെടുവാന്‍, സാത്താന്‍റെ മേല്‍ ആത്മീയ അധികാരം ഉപയോഗിച്ച് പുരുഷന്മാരെയും സ്ത്രീകളെയും സാത്താന്‍റെ ബന്ധനത്തില്‍ നിന്നു വിടുവിക്കുവാന്‍ . ക്രിസ്തുവിന്‍റെശരീരത്തിന്‍റെ അവയവങ്ങള്‍ എന്ന നിലയില്‍, ദൈവത്തോടും മനുഷ്യരോടും ശക്തി ഉണ്ടാകുവാനും ജയിക്കുവാനുമാണ് നാം ആയിരിക്കുന്നത്. സകല മനുഷ്യര്‍ക്കും ഒരു അനുഗ്രഹമായിരിക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. നാം നുറുക്കപ്പെടുമ്പോള്‍ മാത്രമാണ് അതു സംഭവിക്കുന്നത്. നാം ദൈവത്തോട് നമ്മുടെ കാപട്യത്തെക്കുറിച്ചും വഞ്ചനയെക്കുറിച്ചും സത്യസന്ധരായിരിക്കുമ്പോള്‍ മാത്രമെ നമുക്കു നുറുക്കപ്പെടുവാന്‍ കഴിയുകയുളളൂ.

What’s New?