ബൈബിളിലൂടെ : 1 തിമൊഥെയൊസ്


സഭയും അതിന്റെ ഇടയന്മാരും


പൗലൊസ് തന്റെ ജീവിതത്തിന്റെ അവസാന സമയത്ത് എഴുതിയ കത്തുകളാണ് തിമൊഥെയൊസിനും തീത്തോസിനും ഉള്ള കത്തുകള്‍. അതില്‍ രണ്ടു തിമൊഥെയൊസ് ആണ് അവസാനം എഴുതിയത്. മൂന്നു കത്തുകളും സഭയെ സേവിക്കുന്ന ദൈവദാസന്മാരെ സംബന്ധിച്ചുള്ളതാണ്.

തിമൊഥെയൊസിനുള്ള ഒന്നാം ലേഖനത്തിന്റെ വിഷയം ‘സഭയും അതിന്റെ മൂപ്പന്മാരും’എന്നതാണ്. സഭയിലെ മൂപ്പന്മാരുടേയും നേതാക്കന്മാരുടേയും മനോഭാവം, അവരുടെ ജീവിതരീതി, അവര്‍ സഭാകാര്യങ്ങളില്‍ എങ്ങനെ പെരുമാറണം എന്നീ കാര്യങ്ങളാണ് ഇതിലുള്ളത്. പൗലൊസിന്റെ അവസാന മൂന്നു ലേഖനങ്ങളുടേയും വിഷയം ഇതുതന്നെയായിരുന്നു എന്നതാണ് ശ്രദ്ധേയം. തന്റെ ഈ ഭൂമിയിലെ ജീവിതകാലം അവസാനിക്കുവാന്‍ പോകുന്നു എന്നു മനസിലാക്കിയ പൗലൊസ്, അടുത്ത തലമുറയിലെ സഭയുടെ നേതാക്കന്മാരില്‍ താന്‍ ഉയര്‍ത്തിപ്പിടിച്ച അതേ പ്രമാണങ്ങളും മൂല്യങ്ങളും ദൈവ വേലക്കാര്‍ എന്ന നിലയില്‍ ഉണ്ടാകണം എന്ന് അതിയായി ആഗ്രഹിച്ചു. ആദ്യ ലേഖനങ്ങളില്‍ അദ്ദേഹം ക്രിസ്തീയ ജീവിതത്തെക്കുറിച്ചാണ് എഴുതിയത്. എന്നാല്‍ ഈ അവസാന മൂന്നു ലേഖനങ്ങളില്‍ അടുത്ത തലമുറയിലെ നേതാക്കന്മാരോടു താന്‍ കാണിച്ച നിലവാരം നിലനിര്‍ത്തണമെന്നു പറയുകയും പ്രവചനാത്മാവില്‍ അവര്‍ക്ക് അന്ത്യകാലത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കി അവരെ അതു നേരിടുന്നതിനു ഒരുക്കുകയുമാണ് ചെയ്യുന്നത്.

പൗലൊസ് ഇവിടെ തന്റെ ഹൃദയഭാരം തിമൊഥെയൊസിനോട് പങ്കുവയ്ക്കുന്നു. അതിനാല്‍ തന്നെ ഒരു ദൈവദാസന്‍ ഹൃദയത്തില്‍ സൂക്ഷിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് നാം ഇവിടെ കാണുന്നത്. ഒന്നാമതായി പൗലൊസ് അപ്പൊസ്തലന്‍ പറയുന്നത് സഭയില്‍ വ്യത്യസ്തമായ ഉപദേശങ്ങള്‍ പഠിപ്പിക്കുവാന്‍ ആരേയും അനുവദിക്കരുത് (1:3,4) എന്നാണ്. നിങ്ങള്‍ ദൈവസഭയുടെ നേതൃത്വത്തില്‍ ഉള്ള ഒരാളാണെങ്കില്‍ ആ സഭയില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എന്താണെന്നു പരിശോധിക്കുവാനുള്ള ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ വളരെ ജാഗ്രതയുള്ളവരായിരിക്കണം. ആദിമ സഭയില്‍ വിശ്വാസികള്‍ക്കു തങ്ങളുടെ ഉള്ളിലുള്ള കാര്യം എഴുന്നേറ്റുനിന്നു പങ്കുവയ്ക്കുവാനുള്ള സാതന്ത്ര്യം ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ക്കു ക്രിസ്തീയ ജീവിതത്തെക്കുറിച്ച് വിചിത്രമായ ചില ധാരണകളാണ് ഉണ്ടായിരുന്നത്. അന്ന് ആരുടെ കൈയിലും വേദപുസ്തകം ഉണ്ടായിരുന്നില്ല എന്നതാണ് അതിനു കാരണം. എന്നാല്‍ ഇന്ന് എല്ലാവരുടേയും പക്കല്‍ വേദപുസ്തകം ഉള്ളപ്പോള്‍ തന്നെ പല സഭകളിലും വ്യത്യസ്തമായ ഉപദേശങ്ങളാണ് പഠിപ്പിക്കുന്നത്. തന്റെ സഭയില്‍ ആരെങ്കിലും വ്യത്യസ്ത ഉപദേശങ്ങളുമായി എഴുന്നേറ്റ് സംസാരിക്കുന്നത് തടയുവാന്‍ തക്കവണ്ണം ജാഗ്രതയുള്ളവനായിരിക്കണം സഭയെ നയിക്കുന്നയാള്‍.

തിമൊഥെയൊസിനുള്ള രണ്ടു കത്തുകളിലും പൗലൊസ് ആവര്‍ത്തിച്ചു പറയുന്നു- തര്‍ക്കങ്ങള്‍ക്കു മാത്രം ഉതകുന്ന കെട്ടുകഥകളേയും വംശാവലികളേയും ശ്രദ്ധിക്കരുത്. കെട്ടുകഥകള്‍ എന്നാല്‍ ദൈവവചനത്തില്‍ പറയാത്ത കാര്യങ്ങളാണ്. കായീന്റെ ഭാര്യ ആരാണെന്നതു പോലെയുള്ള കാര്യങ്ങളാണത്. അത്തരം കാര്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതില്ല. കാരണം അവ ഒരു തരത്തിലും നമ്മെ സഹായിക്കുന്നതല്ല. അത്തരം പല ചോദ്യങ്ങളും മറ്റുള്ളവരുടെ കാര്യങ്ങള്‍ അറിയാന്‍ അമിത താല്‍പര്യമുള്ള ഒരുവന് ചോദിക്കാന്‍ കഴിയും. അത്തരം കെട്ടുകഥകളില്‍ മുഴുകി പോകരുത്.

പൗലൊസ് പിന്നീട് തന്റെ ഉപദേശങ്ങളുടെ ഉദ്ദേശ്യമെന്താണെന്ന് തിമൊഥെയൊസിനെ ഓര്‍മ്മിപ്പിക്കുന്നു. അത് ശുദ്ധഹൃദയം, നല്ല മനഃസാക്ഷി, ആത്മാര്‍ത്ഥ വിശ്വാസം എന്നിവയില്‍ നിന്നുണ്ടാകുന്ന സ്‌നേഹത്താല്‍ മറ്റുള്ളവരെ സ്‌നേഹിക്കണമെന്നതാണ് (1:5). ശുദ്ധഹൃദയം എന്നാല്‍ ദൈവത്തെ പൂര്‍ണ്ണമായി സ്‌നേഹിക്കുന്ന ഒരു ഹൃദയമെന്നാണ്. മറ്റാര്‍ക്കുമോ മറ്റെന്തിനെങ്കിലുമോ യാതൊരു സ്ഥാനവും ഇല്ലാത്ത ഒരു ഹൃദയമാണത്. നിങ്ങളുടെ സഭയിലെ വിശ്വാസികള്‍ കേവലം സഭാ യോഗങ്ങള്‍ക്കു വരുന്നവര്‍ മാത്രമായിരിക്കുകയും അവര്‍ക്കു ദൈവത്തോടും തമ്മില്‍ തമ്മിലും ഉള്ള സ്‌നേഹം വര്‍ദ്ധിച്ചു വരാതിരിക്കുകയും ചെയ്താല്‍ നിങ്ങളുടെ ശുശ്രൂഷ ഒരു പരാജയമാണ്. അത്തരം വിശ്വാസികള്‍ ദൈവം എന്ത് ആഗ്രഹിക്കുന്നുവോ അതിലേക്ക് എത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.

ഈ സ്‌നേഹം നല്ല മനഃസാക്ഷിയില്‍ നിന്നും ആത്മാര്‍ത്ഥ വിശ്വാസത്തില്‍ നിന്നുമാണ് വരേണ്ടത്. അവസാന നാളുകളില്‍ ശുദ്ധ മനഃസാക്ഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. മഹാപുരോഹിതന്റെ മുമ്പാകെ ന്യായ വിസ്താരത്തിനു നിന്നപ്പോള്‍ തന്റെ നല്ല മനഃസാക്ഷിയെക്കുറിച്ചു പൗലൊസ് പരാമര്‍ശിക്കുന്നുണ്ട് (പ്രവൃ. 23:1). അതുപോലെ ഫെലിക്‌സിന്റെ മുമ്പില്‍ നിന്നപ്പോഴും (പ്രവൃത്തി. 24:16). ഇപ്പോള്‍ അദ്ദേഹം തിമൊഥെയൊസിനോടും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നു. നല്ല മനഃസാക്ഷി സൂക്ഷിക്കാതിരുന്നതിനാല്‍ പല ക്രിസ്തീയ വേലക്കാരുടേയും ജീവിതം തകര്‍ന്നത് പൗലൊസ് കണ്ടിട്ടുണ്ട് (1:19). പൗലൊസ് ഇവിടെ പറയുന്ന ആത്മാര്‍ത്ഥ വിശ്വാസം എന്നത് കേവലം പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു, അതിനാല്‍ സ്വര്‍ഗ്ഗത്തിലേയ്ക്കു എടുക്കപ്പെടും എന്ന ഒരു വിശ്വാസം മാത്രമല്ല. ദിനംതോറുമുള്ള പ്രലോഭനങ്ങളേയും പരീക്ഷകളേയും നേരിടുവാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നതുകൂടിയാണത്.

ഒരു പ്രാദേശിക സഭ പണിയുവാനുള്ള വിളി നിങ്ങള്‍ക്കുണ്ടെങ്കില്‍ മനസ്സില്‍ സൂക്ഷിക്കേണ്ട നല്ല ഒരു വചനമാണിത് (1:5). ശുദ്ധഹൃദയത്തോടെയും നല്ല മനഃസാക്ഷിയോടെയും ആത്മാര്‍ത്ഥ വിശ്വാസത്തോടെയും ദൈവത്തെ സ്‌നേഹിക്കുന്നതിലേയ്ക്ക് ആളുകളെ നയിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നുണ്ടെങ്കില്‍ നിങ്ങളൊരു നല്ല മൂപ്പനാണ്.

1:6 ല്‍ പൗലൊസ് തിമൊഥെയൊസിനു മുന്നറിയിപ്പ് നല്‍കുന്നു: ചിലര്‍ ഈ അടിസ്ഥാന സത്യങ്ങളില്‍ നിന്നു തെറ്റി പോയിരിക്കുന്നു. ഇത് വൃഥാ വാദങ്ങളിലേയ്ക്കും തര്‍ക്കങ്ങളിലേയ്ക്കും നയിക്കുന്നു. ചിലര്‍ക്കു ഉപദേഷ്ടാക്കന്മാരാകണം. എന്നാല്‍ അവര്‍ക്കു തങ്ങള്‍ പറയുന്നതിനെക്കുറിച്ചു പോലും അറിയുകയില്ല. അവര്‍ക്കുറപ്പുണ്ട് എന്നു പറയുന്ന കാര്യങ്ങള്‍ പോലും അവര്‍ക്കു മനസിലാകുന്നില്ല.’ക്രിസ്തീയ ഗോളത്തിലെ പല പ്രസംഗകരേയും ഞാന്‍ കേട്ടിട്ടുണ്ട്. അവരില്‍ പലരും അവരുടെ അനുഭവത്തില്‍ നിന്നല്ല പറയുന്നതെന്നു ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ വായിച്ച പുസ്തകത്തില്‍ നിന്നോ, ബൈബിള്‍ കോളജില്‍ പഠിച്ച കാര്യമോ ആരില്‍ നിന്നെങ്കിലും കേട്ടതോ ഇവയൊക്കെയാണ് അവര്‍ പ്രസംഗിക്കുന്നത്. ദൈവവചനത്തെ അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുവാന്‍ അവര്‍ അനുവദിച്ചിട്ടില്ല. ദൈവത്തെ പൂര്‍ണ ഹൃദയത്തോടെ സ്‌നേഹിക്കുന്ന ഒരിടത്തേയ്ക്ക് അവര്‍ വന്നിട്ടില്ല. പിന്നെയെങ്ങനെയാണ് അവര്‍ക്കു മറ്റുള്ളവരെ അത്തരമൊരു ജീവിതത്തിലേക്കു നയിക്കുവാന്‍ കഴിയുക?

ഒരു ദൈവദാസനില്‍നിന്നു നിങ്ങള്‍ കേള്‍ക്കുന്ന ദൈവവചനം രണ്ടാമതായി ലഭിക്കുന്നതാണ്. നിങ്ങള്‍ അത് ഏറ്റെടുത്തു ദൈവമുമ്പാകെ ചെന്ന് ഇങ്ങനെ പറയണം: ”കര്‍ത്താവേ, ഈ വചനങ്ങള്‍ എനിക്കു അങ്ങയില്‍നിന്നും നേരിട്ട് ഉള്ളതാക്കി അത് എന്റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കണമേ.” നിങ്ങള്‍ കേള്‍ക്കുന്ന ദൈവിക സത്യങ്ങള്‍ ജീവിക്കുന്ന അനുഭവമായി മാറുമ്പോള്‍ അത് നിങ്ങളുടെ സന്ദേശമായി’സംസാരിക്കുവാന്‍ കഴിയും. അത് അപ്പോള്‍ രണ്ടാമത്തെതല്ലാതായിതീരും. എന്നില്‍ നിന്നു കേട്ട എല്ലാ സന്ദേശങ്ങളും ഇപ്രകാരം ദൈവത്തില്‍ നിന്നു നിങ്ങള്‍ക്കു നേരിട്ടുള്ള സന്ദേശമായി മാറ്റുവാന്‍ കഴിയും. പലരും എന്നോട് ചോദിച്ചി ട്ടുണ്ട്:”സഹോദരന്‍ സാക്, താങ്കളുടെ സന്ദേശങ്ങള്‍ ഞങ്ങള്‍ പ്രസംഗിച്ചു കൊള്ളട്ടെ?”ഞാന്‍ മറുപടി പറയും: ”തീര്‍ച്ചയായും ചെയ്യാം. എന്നാല്‍ ഒരു വ്യവസ്ഥയുണ്ട്. ആദ്യം നിങ്ങള്‍ അതില്‍ ജീവിക്കണം. ആ സന്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കാതെ പ്രസംഗിക്കാന്‍ ശ്രമിച്ചാല്‍ അതു നിങ്ങളെ നശിപ്പിക്കും. സംസാരിക്കുന്നതെന്താണെന്ന് അറിയാത്ത ഒരു ഉപദേഷ്ടാവായി നിങ്ങള്‍ മാറിപ്പോകും.”

പൗലൊസ് ന്യായപ്രമാണത്തെക്കുറിച്ച് പറയുന്നു: ‘ന്യായോചിതമായി പ്രയോഗിക്കുന്നുവെങ്കില്‍ ന്യായ പ്രമാണം നല്ലതു തന്നെയെന്നു നമുക്കറിയാം. എന്നാല്‍ ന്യായപ്രമാണം നീതിമാന്മാര്‍ക്കു വേണ്ടിയുള്ളതല്ല'(1:8,9). ഒരു നീതിമാനും ന്യായപ്രമാണം ആവശ്യമില്ല. ചിന്താമണ്ഡലത്തില്‍ പോലും വ്യഭിചാരം കടന്നു വരാത്ത ഒരുവനു വ്യഭിചാരം ചെയ്യരുത്’എന്ന ന്യായപ്രമാണത്തിന്റെ ആവശ്യമെന്താണ്? ഒരാളോടു ദേഷ്യമില്ലാതെയിരിക്കുമ്പോള്‍ ‘കൊല ചെയ്യരുത്’എന്നൊരു ന്യായപ്രമാണം നിങ്ങള്‍ക്ക് ആവശ്യമുണ്ടോ? ഒരു നീതിമാനു പത്തു കല്പനയുടെ ആവശ്യമില്ല. കാരണം അയാളുടെ നിലവാരം ന്യായപ്രമാണത്തിനു മുകളിലാണ്. അധര്‍മ്മികള്‍, അനുസരണംകെട്ടവര്‍, അഭക്തരായ പാപികള്‍ എന്നിവരെയും പഥ്യോപദേശ വിരുദ്ധമായ മറ്റെല്ലാ കാര്യങ്ങളെയും ഉദ്ദേശിച്ചത്രേ ന്യായപ്രമാണം(1:9-11). നാം ആത്മാവിനെ അനുസരിച്ച് നടക്കുമ്പോള്‍ ന്യായപ്രമാണത്തില്‍നിന്ന് എങ്ങനെ സ്വതന്ത്രരാകുന്നു എന്നതു ഗലാത്യ ലേഖനത്തില്‍ നമുക്കു കാണാം.


ദൈവം ഒരുവനെ ശുശ്രൂഷയ്ക്കായി എങ്ങനെ ഒരുക്കുന്നു?


തന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ പൗലൊസ് ഊന്നല്‍ കൊടുത്ത മറ്റു ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു: ‘എന്റെ മാതൃക നോക്കുക’-അദ്ദേഹം പറയുന്നു: ‘നോക്കൂ ഞാന്‍ എങ്ങനെയാണ് ജീവിച്ചത്’-ഇതാണ് തിമൊഥെയോസിനോട് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നത്.

‘എനിക്കു ശക്തി നല്‍കി എന്നെ വിശ്വസ്തനായി പരിഗണിച്ച് തന്റെ ശുശ്രൂഷയ്ക്കു നിയോഗിച്ച നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ ഞാന്‍ സ്തുതിക്കുന്നു(1 : 12). ദൈവം തന്റെ പരമാധികാരത്തില്‍ ആളുകളെ തന്റെ ശുശ്രൂഷയ്ക്കായി വിളിക്കുമ്പോള്‍ ഒരു ശുശ്രൂഷ ഒരുവനെ ഏല്പിക്കുന്നതിനു മുന്‍പ് അവിടുന്ന് അയാളെ പരിശോധിച്ച് അറിയുന്നു. പൗലൊസ് പത്തുവര്‍ഷക്കാലം ഈ പരിശോധനയിലൂടെ കടന്നുപോയി (പ്രവൃത്തി ഒന്‍പതാം അദ്ധ്യായത്തില്‍ അദ്ദേഹത്തിന്റെ മാനസാന്തരം മുതല്‍ 13-ാം അദ്ധ്യായത്തില്‍ അദ്ദേഹത്തെ ദൈവശുശ്രൂഷയ്ക്കായി അയയ്ക്കുന്നതുവരെ). ആ പത്ത് വര്‍ഷക്കാലം പൗലൊസില്‍ എന്താണ് സംഭവിച്ചുകൊണ്ടിരുന്നത്? പൗലൊസ് തന്റെ ദൈനംദിന ജീവിതത്തില്‍ ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ വിശ്വസ്തനാണോ എന്നു ദൈവം ശ്രദ്ധിച്ചുകൊണ്ടിരുന്നു. അങ്ങനെ ദൈവം പത്തുവര്‍ഷക്കാലം അദ്ദേഹത്തെ പരീക്ഷിച്ച് വിശ്വസ്തനാണെന്നു കണ്ടശേഷം പറഞ്ഞു: ഇപ്പോള്‍ ഞാന്‍ അവനെ എന്റെ വേലയ്ക്കായി അയയ്ക്കും.

ദൈവം നിങ്ങളെ വിളിക്കുന്നുവെങ്കില്‍ ആദ്യം നിങ്ങളെ പരീക്ഷിച്ച് അറിയും. പുതിയ നിയമ സഭകള്‍ പണിയുക എന്ന എനിക്കുവേണ്ടിയുള്ള ശുശ്രൂഷ തുറന്നു തരുന്നതിനു മുന്‍പ് ദൈവം എന്നെ പതിനാറു വര്‍ഷം പരിശോധിച്ചതായി എനിക്കറിയാം (അത് ഒമ്പതുവര്‍ഷം ഞാന്‍ പൂര്‍ണ്ണസമയ ക്രിസ്തീയ വേലയില്‍ ആയതിനു ശേഷമാണ്). ക്രിസ്തീയ വേലയിലേയ്ക്കു കടന്നാല്‍ ഉടന്‍ തന്നെ അഭിഷേകം ചെയ്യപ്പെട്ട ഒരു ശുശ്രൂഷ നിങ്ങള്‍ക്കുണ്ടാകുമെന്നു കരുതരുത്. ചെറിയ ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ വിശ്വസ്തനാണോ എന്നു ദൈവം പരീക്ഷിച്ചറിയും. ദൈവ വചനം പഠിക്കുന്നതില്‍, പണം കൈകാര്യം ചെയ്യുന്നതില്‍, സമയം ചെലവഴിക്കുന്നതില്‍, വിശുദ്ധിയില്‍, സത്യസന്ധതയില്‍, അധികാരങ്ങള്‍ക്കു കീഴടങ്ങി താഴ്മയില്‍ നില്‍ക്കുന്നതില്‍ അങ്ങനെ ചെറിയ ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ വിശ്വസ്തനാണെങ്കില്‍ ദൈവം ഒരുപക്ഷേ പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കില്‍ പോലും ഫലപ്രദമായ ഒരു ശുശ്രൂഷയിലേയ്ക്കു നിങ്ങളെ നയിക്കും.

ദൈവം തന്നെ നിങ്ങളെ ഒരു ശുശ്രൂഷയില്‍ ആക്കിയാല്‍, നിങ്ങളുടെ സ്വന്ത ആലോചനയില്‍ മുപ്പത് വര്‍ഷംകൊണ്ടു ചെയ്യുന്നതിനേക്കാള്‍ അധികം കാര്യങ്ങള്‍ ഒരു വര്‍ഷം കൊണ്ട് ചെയ്യുവാന്‍ കഴിയും. ‘അവിടുന്നു (ക്രിസ്തു) എന്നെ ശുശ്രൂഷയ്ക്കു നിയോഗിച്ചു'(1:12)- പൗലൊസിനെ അഭിഷേകം ചെയ്ത് നിയോഗിച്ചത് ഒരു മനുഷ്യനുമല്ല. ‘മുമ്പ് ഞാന്‍ ദൈവദൂഷകനും പീഡകനും ആയിരുന്നു'(1:13). ഒരിക്കല്‍ ദുഷ്ടരായിരുന്ന മാനസാന്തരപ്പെട്ട പാപികളേയും ദൈവം തന്റെ ശുശ്രൂഷയില്‍ ആക്കും. ഭൂതകാലത്ത് വളരെ ദുഷിച്ച ഒരു ജീവിതം ജീവിച്ചവര്‍ക്കും വലിയ ഉത്സാഹം നല്‍കുന്നതാണിത്. രണ്ടാം നൂറ്റാണ്ടിലെഴുതപ്പെട്ട ഒരു ലേഖനത്തില്‍ അത് എഴുതിയ ആള്‍ ഇങ്ങനെ പറയുന്നു: യേശുക്രിസ്തു ഈ ഭൂമിയിലേക്കു വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ മാനസാന്തരപ്പെടുത്തുവനാണ് എന്നു വെളിപ്പെടുത്തുന്നതിനുവേണ്ടി താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഏറ്റവും വലിയ പാപികളായിരുന്ന ചിലരെ തന്റെ അപ്പോസ്തലന്മാരാക്കി. ആ കൂട്ടത്തില്‍ ഒരുവനായിരുന്നു പൗലൊസ്. ‘ക്രിസ്തുയേശു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നു. ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍'(1:15). അതിനാല്‍ ദൈവഭയമുള്ള ഭവനത്തില്‍ ജനിച്ച് നല്ല ജീവിതം ജീവിച്ചവരെ മാത്രമേ ദൈവം തിരഞ്ഞെടുക്കുകയുള്ളു എന്നില്ല. അങ്ങനെയുള്ളവരെ തിരഞ്ഞെടുക്കുന്നതോടൊപ്പം പാപത്തിന്റെ ആഴത്തില്‍ കിടന്ന ചിലരേയും അവിടുന്നു തിരഞ്ഞെടുക്കും. മാനസാന്തരപ്പെടുന്നതിനുമുന്‍പുള്ള ജീവിതത്തിലെ പാപം അപ്പോസ്തലനാകുന്നതിന് ഒരുവനെ അയോഗ്യനാക്കുന്നില്ല എന്നു തെളിയിക്കുന്നതിന് അവിടുന്നു വ്യഭിചാരികള്‍, മോഷ്ടാക്കള്‍, മദ്യപന്മാര്‍ തുടങ്ങിയ ചിലരെ തന്റെ അപ്പൊസ്തലന്മാരാക്കിയിരുന്നു. പാപികളില്‍ പ്രധാനി ആയിരുന്ന പൗലൊസ് പ്രധാന അപ്പോസ്തലനായി തീര്‍ന്നു. പാപങ്ങളെക്കുറിച്ച് അനുതപിച്ച് മാനസാന്തരപ്പെട്ട് ദൈവത്തില്‍ ആശ്രയിച്ചാല്‍ നിങ്ങളില്‍ ആരിലൂടെയും ദൈവത്തിനു വന്‍കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും.

അപ്പൊസ്തലനായ പൗലൊസിനു തന്റെ തന്നെ പാപത്തെക്കുറിച്ചുള്ള തിരിച്ചറിവ് ക്രമേണ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധിക്കുക. പലരും കരുതുന്നത് അവര്‍ ദൈവത്തോട് കൂടുതല്‍ അടുക്കുമ്പോള്‍ അവരുടെ ജീവിതത്തിലെ പാപത്തെക്കുറിച്ചുള്ള തിരിച്ചറിവ് കുറഞ്ഞുവരും എന്നാണ്. എന്നാല്‍ അതു സത്യമല്ല. ദൈവഭക്തരായ എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ് അവര്‍ ദൈവത്തോടു കൂടുതല്‍ അടുക്കും തോറും പാപത്തെക്കുറിച്ചുള്ള തിരിച്ചറിവ് അവരുടെ ജീവിതത്തില്‍ വര്‍ദ്ധിച്ചു വരുന്നു എന്നുള്ളത്. കാരണം ദൈവം അത്രമാത്രം വിശുദ്ധനാണ്. യെശയ്യാവ് ദൈവത്തിന്റെ വിശുദ്ധികണ്ട് ഇങ്ങനെ പറഞ്ഞു: ‘കര്‍ത്താവേ ഞാന്‍ പാപിയായ മനുഷ്യന്‍.’ ഇയ്യോബും, പത്രൊസും യോഹന്നാനും അതുതന്നെ പറഞ്ഞു. പൗലൊസും അങ്ങനെ പറഞ്ഞു. 1 കൊരിന്ത്യര്‍ 15:9ല്‍ തിമൊഥെയൊസിനുള്ള ഒന്നാം ലേഖനം എഴുതുന്നതിനും ഏതാണ്ട് പത്തു വര്‍ഷം മുന്‍പ് പൗലൊസ് പറഞ്ഞു: ‘ഞാന്‍ അപ്പൊസ്തലന്മാരില്‍ ഏറ്റവും ചെറിയവന്‍.’ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം എഫേസ്യലേഖനം 3:8ല്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ എല്ലാ വിശ്വാസികളിലും ഏറ്റവും ചെറിയവന്‍.’ വീണ്ടും അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം തിമൊഥെയൊസിനുള്ള ഒന്നാം ലേഖനം എഴുതുമ്പോള്‍ അദ്ദേഹം പറയുന്നു: ‘ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍'(1:15).

അപ്പോള്‍ നാം നമ്മുടെ ആത്മീയ വളര്‍ച്ചയെ എങ്ങനെയാണ് വിലയിരുത്തുന്നത്? നമ്മുടെ ഒന്നുമില്ലായ്മയും പാപസ്വഭാവവും കൂടുതല്‍ കൂടുതല്‍ തിരിച്ചറിയുക വഴിയാണതു നടക്കുന്നത്. ഇപ്രകാരമാണ് നിങ്ങള്‍ വളരുന്നതെങ്കില്‍ അതു ശരിയായ വളര്‍ച്ചയാണ്. നിങ്ങള്‍ ദൈവത്തോട് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്.

1:18,19 പൗലൊസ് തിമൊഥെയൊസിനോട് ആവശ്യപ്പെടുന്നത് ‘വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയ്‌ക്കൊത്തവണ്ണം നീ നന്നായി പോരാടുക. ചിലര്‍ നല്ല മനസ്സാക്ഷി ഉപേക്ഷിച്ചിട്ട് അവരുടെ വിശാസ കപ്പല്‍ തകര്‍ന്നു പോയി.’നല്ല മനസ്സാക്ഷി സൂക്ഷിക്കാതെ തങ്ങളുടെ ജീവിത കപ്പല്‍ തകര്‍ത്തു കളഞ്ഞ ചിലരുണ്ട്. അവര്‍ക്കു വിശ്വാസം നഷ്ടപ്പെട്ടു. ചില അവസരത്തില്‍ വിശ്വാസികളുടെ തന്നെ വിശ്വാസം നഷ്ടപ്പെട്ടതായി നിങ്ങള്‍ വായിക്കുന്നു. അയഞ്ഞ സമീപനമുള്ള ഒരു ബൈബിള്‍ കോളജില്‍ പോയി അവിടെ പഠിച്ച കാര്യങ്ങള്‍ കേട്ട് തന്റെ വിശ്വാസമാകെ ഇല്ലാതായി പോയ വീണ്ടും ജനിച്ച ഒരു ക്രിസ്ത്യാനിയെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. എങ്ങനെയാണ് അവന്റെ വിശ്വാസം നഷ്ടപ്പെട്ടത്? ഒന്നാമത് അവന്‍ അവിടെ പോകുവാന്‍ പാടില്ലായിരുന്നു. രണ്ടാമതായി അവനൊരു നല്ല മനസ്സാക്ഷി സൂക്ഷിച്ചിരുന്നുവെങ്കില്‍ അവന്റെ വിശ്വാസം നഷ്ടപ്പെടുകയില്ലായിരുന്നു. തങ്ങള്‍ക്കു ലഭിച്ച ബോദ്ധ്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ എടുക്കാന്‍ കഴിയാത്തതു കൊണ്ടാണ് പലരുടേയും വിശ്വാസം നഷ്ടപ്പെട്ടു പോകുന്നത്. വിശ്വാസം നഷ്ടപ്പെട്ട് നരകത്തിലേക്കു പോകുവാന്‍ അര്‍ഹതയുള്ളവരാണവര്‍. കാരണം ശരിയെന്നു തങ്ങള്‍ക്കു ബോദ്ധ്യമുള്ള വസ്തുതകള്‍ക്കായി ഒരു നിലപാടെടുക്കുവാന്‍ കഴിയാത്ത ഭീരുക്കള്‍ക്കു വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന സ്ഥലമാണ് നരകം.

പൗലൊസ് ഉദാഹരണമായി പറയുന്നത് ഹുമനയോസിന്റെയും അലെക്‌സന്തറുടേയും പേരുകളാണ്. ആരുടേയും പേരുകള്‍ നമ്മള്‍ പരസ്യമായി പരാമര്‍ശിക്കരുതെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ മറ്റുള്ളവരെ വഴിതെറ്റിക്കുന്ന ചിലരുടെ പേരുകള്‍ പറയാന്‍ പൗലൊസ് ഭയപ്പെട്ടില്ല. അവരെക്കുറിച്ച് അദ്ദേഹത്തിനു മറ്റുള്ളവര്‍ക്കു മുന്നറിയിപ്പ് നല്‍കേണ്ടതുണ്ടായിരുന്നു. ഹുമനസോസും അലെക്‌സന്തരും ദൈവദൂഷണം പറയാതിരിക്കാന്‍ പഠിക്കേണ്ടതിനു പൗലൊസ് അവരെ സാത്താന് ഏല്പിച്ചു കൊടുത്തു.


പ്രാര്‍ത്ഥിക്കേണ്ടത് എന്ത്?


2:1 ല്‍ പൗലൊസ് പറയുന്നു: ‘എല്ലാ മനുഷ്യര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുവാനും സ്‌തോത്രം ചെയ്യുവാനും ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.”എല്ലാറ്റിനും വേണ്ടി എല്ലാ സമയത്തും നന്ദി കരേറ്റണമെന്ന പ്രബോധനം നാം നേരത്തേ അറിഞ്ഞു കഴിഞ്ഞു. എന്നാല്‍ ഇവിടെ അതിലും മുന്നോട്ട് പോയി നാം എല്ലാ മനുഷ്യര്‍ക്കും വേണ്ടി നന്ദി പറയണം എന്നാണ് പറയുന്നത്. എന്താണിതിന്റെ അര്‍ത്ഥം? ‘കര്‍ത്താവേ, എല്ലാവരോടും ഞാന്‍ നന്ദിയുള്ളവനാണ്. എനിക്കു നന്മ ചെയ്യുന്നവരോടും എനിക്കു ദോഷം ചെയ്യുന്നവരോടും ഒരുപോലെ നന്ദിയുള്ളവനാണ് ഞാന്‍. അവിടുന്നു എല്ലാവരേയും എന്റെ നന്മയ്ക്കായി ഒരുക്കിയിരിക്കുന്നു.”റോമര്‍ 8:28 വിശ്വസിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് അതിനു കഴിയുകയുള്ളു. അധികാരത്തിലുള്ള ഭരണാധികാരികള്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു പൗലൊസ് ഇവിടെ പറയുന്നു. പൗലൊസ് ഈ ലേഖനമെഴുതുന്ന കാലഘട്ടത്തില്‍ റോമ സാമ്രാജ്യം ഭരിച്ചിരുന്നത് ക്രിസ്ത്യാനികളെ വളരെ പീഡിപ്പിക്കുകയും പൗലൊസിന്റെ ശിരച്ഛേദം നടത്തുകയും ചെയ്ത വളരെ ദുഷ്ടനായ നീറൊ ചക്രവര്‍ത്തിയായിരുന്നു. എങ്കിലും പരിശുദ്ധാത്മാവ് പറയുന്നത് അങ്ങനെയുള്ളവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം എന്നാണ്. അതുകൊണ്ട് അധികാരത്തിലിരിക്കുന്ന നീതിമാന്മാര്‍ക്കുവേണ്ടി മാത്രമല്ല തീര്‍ത്തും അഭക്തരായവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം.

നാം എന്താണ് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത്? ദൈവഹിതം ഭൂമിയില്‍ നിവര്‍ത്തിയാകുന്നതിനു തടസ്സമാകും വിധം പ്രവര്‍ത്തിക്കാതിരിക്കേണ്ടതിന് അന്ധകാരത്തിന്റെ ശക്തികളെ ദൈവം ബന്ധിക്കണം എന്നാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. ഇന്ത്യയ്ക്കു വേണ്ടി നാം എന്താണ് പ്രാര്‍ത്ഥിക്കേണ്ടത്? നമ്മുടെ ഭരണാധികാരികള്‍ വിശ്വാസികള്‍ ആകുമെന്നു പ്രതീക്ഷിക്കേണ്ട. അവര്‍ അവിശ്വാസികളായിരുന്നുകൊള്ളട്ടെ. പൗലൊസിന്റെ കാലഘട്ടത്തിലും ഒരു ഭരണാധികാരിയും വിശ്വാസിയായിരുന്നില്ല. സര്‍വ്വശക്തനും പരമാധികാരിയും ആയ നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിനോടു നമ്മുടെ രാജ്യത്തിന്റെ ഭരണ സംവിധാനത്തെ നിയന്ത്രിക്കണമെന്നാണ് നാം പ്രാര്‍ത്ഥിക്കുന്നത്. നല്ല ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നു എല്ലാ തിരഞ്ഞെടുപ്പു വേളകളിലും ഞങ്ങള്‍ സഭയായി പ്രാര്‍ത്ഥിക്കാറുണ്ട്. സര്‍ക്കാരിന്റെ തീരുമാനങ്ങളെ ദൈവം നിയന്ത്രിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് അത്ഭുതകരമാംവിധം ഉത്തരം ലഭിക്കുന്നതും ഞങ്ങള്‍ കണ്ടിട്ടുണ്ട്. സര്‍വ്വശക്തനായ ദൈവത്തിനു രാജ്യത്തെ സര്‍ക്കാരിനെ നിയന്ത്രിക്കുവാന്‍ കഴിയുമെന്ന വിശ്വാസം നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. വിശ്വാസമില്ലാതെ പ്രാര്‍ത്ഥിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. നല്ല മനസ്സാക്ഷിയുള്ള ദൈവഭക്തരായ ചിലരുടെ പ്രാര്‍ത്ഥന രാജ്യത്തു ദൈവഹിതം നിവര്‍ത്തിയാകുവാന്‍ തക്കവണ്ണം സര്‍ക്കാരിനെ തന്നെ സ്വാധീനിക്കുവാന്‍ കഴിയും എന്നുഞാന്‍ വിശ്വസിക്കുന്നു.

ചില അവസരത്തില്‍, തന്റെ സഭ അതിലെ അംഗങ്ങളുടെ ശുദ്ധീകരണത്തിനായി പീഡനങ്ങളിലൂടെ കടന്നുപോകണമെന്നായിരിക്കും ദൈവഹിതം. അപ്പോള്‍ നാം അത് സ്വീകരിക്കണം. ആദിമ ക്രിസ്ത്യാനികള്‍ ഏതാണ്ട് 200 വര്‍ഷത്തോളം പീഡിപ്പിക്കപ്പെട്ടവരാണ്. യേശു തന്റെ ശിഷ്യന്മാര്‍ക്ക് അന്ത്യനാളിനെക്കുറിച്ചു മുന്നറിയിപ്പ് നല്‍കിയത് ഇങ്ങനെയാണ്- ‘എല്ലാ മനുഷ്യരും നിങ്ങളെ വെറുക്കും.’ അങ്ങനെയെങ്കില്‍ ‘ദൈവമേ ഒരു മനുഷ്യരും എന്നെ വെറുക്കരുതേ’ എന്ന് എങ്ങനെ പ്രാര്‍ത്ഥിക്കുവാന്‍ കഴിയും? നമ്മുടെ കര്‍ത്താവു തന്നെ സംഭവിക്കുമെന്നു പറഞ്ഞ കാര്യത്തിനെതിരെ നാം എങ്ങനെ പ്രാര്‍ത്ഥിക്കും? അതുപോലെ തന്നെ അന്ത്യകാലത്ത് യുദ്ധങ്ങള്‍, ക്ഷാമങ്ങള്‍, ഭൂകമ്പങ്ങള്‍ എന്നിവയുണ്ടാകുമെന്നു യേശു പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പിന്നെ യുദ്ധവും, ക്ഷാമവും, ഭൂകമ്പവും ഒഴിവാക്കണമെന്നു നാം എങ്ങനെ പ്രാര്‍ത്ഥിക്കും? എന്നാല്‍ ദുഷ്ടശക്തികള്‍ ബന്ധിക്കപ്പെടണമെന്നു നമുക്കു പ്രാര്‍ത്ഥിക്കാം.

രണ്ടു തെസ്സലോനിക്യര്‍ 2:6,7 വാക്യങ്ങളില്‍ ലോകത്തിന്റെ സ്വാധീനത്തെ തടയുന്നതിനെക്കുറിച്ച് നാം വായിക്കുന്നുണ്ട്. അത് സഭയിലൂടെയുള്ള പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ്. ഒരു ദിവസം പരിശുദ്ധാത്മാവ് തന്റെ ഈ പ്രവൃത്തി അവസാനിപ്പിക്കും. അന്ന് എതിര്‍ക്രിസ്തു അധികാരത്തിലേക്ക് ഉയരും. ആ ദിവസം വരുന്നതുവരെ നമ്മുടെ രാജ്യത്ത് അധികാരത്തില്‍ ഇരിക്കുന്നവരെ സ്വാധീനിക്കുവാന്‍ തക്കവണ്ണം നാം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. രാഷ്ട്രീയത്തില്‍ ഇടപെട്ട് സാധിക്കുന്നതിനേക്കാള്‍ അധികം സ്വാധീനം പ്രാര്‍ത്ഥനയിലൂടെ ഭരണാധികാരികളുടെ മേല്‍ നേടുവാന്‍ നമുക്കു കഴിയും. നാം പ്രാര്‍ത്ഥിക്കുന്നതു പീഡനങ്ങള്‍ ഉണ്ടാകരുതെന്നല്ല. എന്നാല്‍ ‘ തികഞ്ഞ ഭക്തിയോടും വിശുദ്ധിയോടും കൂടെ സമാധാനവും ശാന്തതയുമുള്ള ജീവിതം നയിക്കുവാന്‍’സാധിക്കുന്നതിനു വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്(2:2). എന്നിരുന്നാലും ഇന്ത്യയില്‍ ഒരു പീഡന കാലഘട്ടം വേണമെന്നു ദൈവം ആഗ്രഹിച്ചാല്‍ നാം അത് ഏറ്റെടുക്കുകയും വേണം.


സഭയിലെ സ്ത്രീകളുടെ ശുശ്രൂഷ


1 തിമൊഥെയൊസ് 2:4-ല്‍ പൗലൊസ് പറയുന്നു: ”സകല മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തില്‍ എത്തിച്ചേരണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.” ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നു ദൈവം ആഗ്രഹിക്കുന്നു എന്നാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. ആരും നരകത്തില്‍ പോകണമെന്നു ദൈവം മുന്‍ നിശ്ചയിച്ചിട്ടില്ല. എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നു മാത്രമല്ല തന്നെക്കുറിച്ചുള്ള സത്യത്തിന്റെ പരിജ്ഞാനത്തില്‍ എത്തിച്ചേരണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു എന്നാണ് ഈ വചനം പഠിപ്പിക്കുന്നത്. ഒരുവന്‍ രക്ഷിക്കപ്പെട്ടു കഴിഞ്ഞാല്‍ അവനെക്കുറിച്ചുള്ള ദൈവഹിതം അവന്‍ സത്യത്തിന്റെ പരിജ്ഞാനത്തില്‍ തികഞ്ഞു വരണം എന്നാണ്.

2:5-ല്‍ നമ്മോട് ഇങ്ങനെ പറയുന്നു: ദൈവം ഏകന്‍, ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനും ഏകന്‍ മാത്രം… മനുഷ്യനായ ക്രിസ്തു യേശു തന്നെ. യേശു സ്വര്‍ഗ്ഗാരോഹണം ചെയ്യപ്പെട്ട്, 35 വര്‍ഷത്തിനു ശേഷവും പരിശുദ്ധനായ യേശുവിനെക്കുറിച്ചു പരാമര്‍ശിക്കുന്നത് മനുഷ്യനായ ക്രിസ്തുയേശു എന്നാണ്. ചിലര്‍ തെറ്റായി വിളിക്കുന്നതുപോലെ ദൈവ-മനുഷ്യന്‍ എന്നല്ല ഇവിടെ പറയുന്നത്. അവിടുന്നു നൂറു ശതമാനം ദൈവം ആയിരുന്നു. അങ്ങനെ തന്നെയാണ് എപ്പോഴും. എന്നാല്‍ അവിടുന്നു മനുഷ്യരൂപം എടുത്തപ്പോള്‍ അവിടുന്നു നൂറു ശതമാനം മനുഷ്യനുമായി. അവിടുന്നു നമ്മുടെ മനുഷ്യത്വത്തെ സ്വര്‍ഗ്ഗത്തിലേക്കു എടുത്ത് അവിടെ നമ്മെ പ്രതിനിധീകരിക്കുന്നു. നാം ഈ ഭൂമിയില്‍ ദൈവത്തെ പ്രതിനിധീകരിക്കുന്നതിനു വേണ്ടി അവിടുത്തെ ദിവ്യസ്വഭാവം നമുക്കു തന്നു. യേശു സ്വര്‍ഗ്ഗത്തില്‍ നമ്മെ പിതാവിന്റെ മുമ്പില്‍ പ്രതിനിധീകരിക്കുന്ന കാര്യം വിശ്വസ്തതയോടെ ചെയ്യുന്നു. അതുകൊണ്ട് നാം നമ്മുടെ ഭാഗം വിശ്വസ്തതയോടെ ചെയ്തു ദൈവത്തെ ഇവിടെ വിശ്വസ്തതയോടെ പ്രതിനിധീകരിക്കാം.

ഒന്നു തിമൊഥെയൊസ് 2:9 മുതല്‍ സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നും സഭയില്‍ എങ്ങനെ പെരുമാറണമെന്നും മറ്റും പരിശുദ്ധാത്മാവ് സംസാരിക്കുന്നു. സ്ത്രീകള്‍ ശാലീനതയോടും വിവേകത്തോടും കൂടി വസ്ത്രധാരണം ചെയ്യണം. പുരുഷനെ ദുര്‍മോഹത്തിലേക്കു പ്രലോഭിപ്പിക്കുന്ന തരത്തില്‍ അവള്‍ വസ്ത്രം ധരിക്കരുതെന്നാണ് ഇതിന്റെ അര്‍ത്ഥം. പുരുഷനെ പ്രലോഭിപ്പിക്കുന്ന വിധം സ്ത്രീകളുടെ വസ്തങ്ങള്‍ രൂപകല്പന ചെയ്യുക എന്നതാണ് ലോകത്തിന്റെ രീതി. സഹോദരിമാരേ, നിങ്ങള്‍ വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ അവ ശാലീനതയോടെ ധരിക്കുവാന്‍ കഴിയുന്നതാണെന്ന് ഉറപ്പു വരുത്തണം. നിങ്ങളുടെ വസ്ത്രങ്ങള്‍ തുന്നുന്ന തയ്യല്‍ക്കാരനോട് നിങ്ങളുടെ ശരീരം എത്രത്തോളം മറയണം എന്നുള്ള കാര്യം വ്യക്തമായി പറയണം. ശാലീനതയോടെ വസ്ത്രം ധരിക്കണമെന്നാല്‍ വികൃതമായി വസ്ത്രം ധരിക്കണമെന്നല്ല. സഹോദരീ സഹോദരന്മാര്‍ വൃത്തിയോടെയും അന്തസ്സോടെയും വസ്ത്രം ധരിക്കുന്നത് ഒരു നല്ല സാക്ഷ്യമാണ്. ഒരു സ്ത്രീ ആകര്‍ഷകത്വമുള്ളവളായിരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവള്‍ പുരുഷനെ പ്രലോഭിപ്പിക്കുന്ന വിധത്തില്‍ ആകരുതെന്നേയുള്ളു.

പരിശുദ്ധാത്മാവ് തുടര്‍ന്നു പറയുന്നത് സ്ത്രീകള്‍ തങ്ങളെ തന്നെ അലങ്കരിക്കേണ്ടത് പിന്നിയ മുടിയാലോ സ്വര്‍ണ്ണാഭരണങ്ങളാലോ മുത്തുകള്‍ കൊണ്ടോ വസ്ത്രങ്ങളാലോ അല്ല എന്നാണ്. ചില പ്രസംഗകര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കരുത് എന്നതിന് ഊന്നല്‍ നല്‍കുന്നു. എന്നാല്‍ അവര്‍ വിലയേറിയ വസ്ത്രം ധരിക്കരുതെന്നതിന് ഊന്നല്‍ നല്‍കുന്നില്ല. അവര്‍ ഒരു സഹോദരിയോട് 800 രൂപ വിലയുള്ള കമ്മല്‍ ഊരാന്‍ ആവശ്യപ്പെടും. എന്നാല്‍ 10,000 രൂപ വിലയുള്ള സാരി ധരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. അങ്ങനെ അവരെ ഒരു കാപട്യക്കാരിയായിട്ടിരിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഈ വാക്യങ്ങളിലെ ഊന്നല്‍ സമ്പത്ത് പ്രദര്‍ശിപ്പിക്കുന്ന വിലയേറിയ വസ്ത്രങ്ങളും ആഭരണങ്ങളും ഒഴിവാക്കണമെന്നതാണ്. ദൈവഭക്തിയുള്ള സ്ത്രീകള്‍ തങ്ങളുടെ നല്ല പ്രവൃത്തികളാല്‍ തങ്ങളെ തന്നെ അലങ്കരിക്കുന്നു എന്നാണ് ഇവിടെ എടുത്തു പറയുന്നത്.

തുടര്‍ന്നു പരിശുദ്ധാത്മാവ് സഭയില്‍ സ്ത്രീകള്‍ക്കുള്ള ശുശ്രൂഷയെക്കുറിച്ചു പറയുന്നു. തിമൊഥെയൊസിനുള്ള ഒന്നാം ലേഖനത്തിന്റെ വിഷയം സഭയും അതിന്റെ ഇടയന്മാരും എന്നാണ്. 3:15-ല്‍ പൗലൊസ് തിമൊഥെയൊസിനോടു പറയുന്നു: ”സഭയാകുന്ന ദൈവഭവനത്തില്‍ ഒരാള്‍ എങ്ങനെ പെറുമാറണമെന്നു നീ അറിയേണ്ടതിനു ഞാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ എഴുതുന്നു.” സഭാ യോഗങ്ങളില്‍ ”സ്ത്രീ ശാന്തതയോടെ ഇരുന്നു പൂര്‍ണ്ണ വിധേയത്വത്തോടെ പഠിക്കട്ടെ”(2:11). അവള്‍ ഉപദേശിക്കുവാന്‍ ശ്രമിക്കരുത്. അവള്‍ ഒരു ഇടയനായോ മൂപ്പനായോ പുരുഷന്റെ മേല്‍ അധികാരമുള്ള ഒരു സ്ഥാനവും വഹിക്കാന്‍ പാടില്ല. വീട്ടിലും സഭയിലും ഉള്ള കുഞ്ഞുങ്ങളെ അവള്‍ക്കു പഠിപ്പിക്കാം. അവള്‍ക്ക് ഒരു സുവിശേഷകയാകാം. മാനസാന്തരപ്പെടാത്ത പുരുഷന്മാരോടും സ്ത്രീകളോടും സുവിശേഷം പ്രസംഗിക്കാം. സഭാ യോഗങ്ങളില്‍ അവള്‍ക്കു പാടുകയും പ്രാര്‍ത്ഥിക്കുകയും ചുരുക്കമായി പ്രവചിക്കുകയും ചെയ്യാം (1 കൊരിന്ത്യര്‍ 11:5-ല്‍ നാം വായിക്കുന്നതുപോലെ). എന്നാല്‍ പുരുഷന്മാരെ ഉപദേശിക്കുന്ന കാര്യത്തില്‍ അവളോട് കല്പിച്ചിരിക്കുന്നത് ശാന്തതയോടെ ഇരിക്കാനാണ്. അവള്‍ക്കു സഭയില്‍ സാക്ഷ്യം പറയുവാനും തന്നെ ഉത്സാഹിപ്പിച്ച ഒരു വചനം പങ്കു വയ്ക്കുവാനും സാധിക്കും. എന്നാല്‍ ഉപദേശിക്കുവാന്‍ പാടില്ല. അവള്‍ പുരുഷന്റെ മേല്‍ അധികാരം നടത്തരുത്.

റോമര്‍ 16-ല്‍ നാം അപ്പൊസ്തലനായ പൗലൊസിന്റെ കൂട്ടു വേലക്കാരായ അഞ്ച് വനിതകളെക്കുറിച്ച് വായിക്കുന്നു. അവര്‍ കേവലം ഭക്ഷണം പാചകം ചെയ്യുക മാത്രമായിരുന്നില്ല. അവര്‍ സഭയിലെ സ്ത്രീകളോടും കുട്ടികളോടും സുവിശേഷം അറിയിച്ച് വാസ്തവത്തില്‍ ദൈവത്തെ സേവിക്കുക ആയിരുന്നു. ആദിമ സഭയില്‍ സ്ത്രീകള്‍ക്കു വലിയൊരു ശുശ്രൂഷയുണ്ടായിരുന്നു. സ്ത്രീകളോട് സംസാരിക്കുവാന്‍ വളരെ പ്രയാസമുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ജനസംഖ്യയിലെ അന്‍പതു ശതമാനം വരുന്ന സ്ത്രീകളോട് പിന്നെ ആരാണ് സുവിശേഷം അറിയിക്കുക? സഭയിലെ സഹോദരിമാരുടേതാണ് ആ ചുമതല. സഭയിലെ മറ്റു സഹോദരിമാര്‍ക്ക് ഉപദേശം നല്‍കുവാനും ഉള്ള വലിയ ശുശ്രൂഷ സഭയിലെ സ്ത്രീകള്‍ക്കുണ്ട്. ഈ ശുശ്രൂഷ ചെയ്യുന്നതില്‍ നിന്നും സ്ത്രീകളെ തടയരുത്. എന്നാല്‍ സഭയില്‍ അധികാരം നടത്തുന്ന കാര്യം വരുമ്പോള്‍ ഓര്‍ക്കുക – ആദാം ആദ്യം സൃഷ്ടിക്കപ്പെട്ടു. പിന്നെ ഹവ്വ (2:13). വഞ്ചിക്കപ്പെട്ടത് ആദാമല്ല ഹവ്വയത്രെ(2:14).

മക്കള്‍ക്കു ജന്മം നല്‍കുകയെന്നൊരു വലിയ ശുശ്രൂഷയും സ്ത്രീകള്‍ക്കുണ്ട്. ഈ ലേഖനം ലഭിച്ച തിമൊഥെയൊസ് ഒരു ദൈവ മനുഷ്യനായത് ദൈവഭക്തയായ ഒരു മാതാവിനാല്‍ വളര്‍ത്തപ്പെട്ടതു കൊണ്ടാണ്. അവന്റെ അമ്മ അങ്ങനെയൊരാളല്ലായിരുന്നുവെങ്കില്‍ അവനൊരു അപ്പൊസ്തലന്‍ ആകുമായിരുന്നില്ല. അപ്പന്മാരേക്കാള്‍ കൂടുതല്‍ സമയം കുട്ടികളോടൊപ്പം ഭവനത്തില്‍ ചെലവഴിക്കുന്നത് അമ്മമാരാണ്. അതിനാല്‍ അവര്‍ക്കു കുഞ്ഞുങ്ങളുടെ മേല്‍ കൂടുതല്‍ സ്വാധീനമുണ്ട്. അങ്ങനെ അവര്‍ യേശുവിന്റെ ശിഷ്യന്മാരാകുന്നതിനു വേണ്ട പരിശീലനം നല്‍കുവാന്‍ അമ്മമാര്‍ക്കു കഴിയും. ഇവിടെ ഇങ്ങനെ പറയുന്നു: ”സ്ത്രീകള്‍ വിശ്വാസത്തിലും സ്‌നേഹത്തിലും വിശുദ്ധിയിലും സംയമനശീലത്തോടെ തുടരുന്നുവെങ്കില്‍ മക്കള്‍ക്കു ജന്മം നല്‍കുന്നതില്‍ സംരക്ഷിക്കപ്പെടും”(2:15). ഉല്പത്തി മൂന്നാം അധ്യായത്തില്‍ ദൈവം ഹൗവ്വയോടു പറഞ്ഞത് ‘നീ വേദനയോടെ മക്കളെ പ്രസവിക്കും’ എന്നാണ്. ഇവിടെ പൗലൊസ് ആദമിനേയും ഹവ്വയേയും കുറിച്ചു പറയുമ്പോള്‍ സ്ത്രീകളെ ഓര്‍മ്മിപ്പിക്കുന്നത് മക്കള്‍ക്കു ജന്മം നല്‍കുവാന്‍ ഭയപ്പെടേണ്ടയെന്നാണ്. അവള്‍ മക്കളെ പ്രസവിക്കുമ്പോള്‍ ദൈവം അവരെ സംരക്ഷിച്ചു കൊള്ളും. അവര്‍ വിശ്വാസത്തിലും സ്‌നേഹത്തിലും വിശുദ്ധിയിലും നിലനിന്നാല്‍ മതി.


മൂപ്പന്മാരുടെ യോഗ്യതകള്‍


മൂന്നാം അധ്യായത്തില്‍ മൂപ്പന്മാരുടേയും സഭയിലെ മറ്റു ശുശ്രൂഷകന്മാരുടെയും യോഗ്യതകളെക്കുറിച്ച് പരിശുദ്ധാത്മാവ് സംസാരിക്കുന്നു. 3:1-7 വാക്യങ്ങളില്‍ മൂപ്പന്മാര്‍ക്കുള്ള യോഗ്യതകളെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. അവര്‍ ലോകത്തിന്റെ മുമ്പില്‍ നല്ല സാക്ഷ്യമുള്ളവരായിരിക്കണം. ഒന്നിലധികം ഭാര്യമാര്‍ അവര്‍ക്കുണ്ടാകാന്‍ പാടില്ല. ആ കാലഘട്ടത്തില്‍ ചില ആളുകള്‍ക്കു രണ്ടോ മൂന്നോ ഭാര്യമാര്‍ ഉണ്ടായിരുന്നു. അങ്ങനെയൊരാള്‍ തന്റെ മൂന്നു ഭാര്യമാരോടൊപ്പം മാനസാന്തരപ്പെട്ടാല്‍ എന്താണ് അയാള്‍ ചെയ്യേണ്ടത്? ആ മനുഷ്യന്‍ തന്റെ ആദ്യ ഭാര്യയോടൊത്ത് ജീവിക്കുകയും മറ്റ് രണ്ടുപേരേയും സാമ്പത്തികമായി സഹായിച്ച് പ്രത്യേക ഭവനത്തില്‍ താമസിപ്പിക്കുകയും വേണം. അവരെല്ലാം സഭയുടെ ഭാഗമായിരിക്കുകയും ചെയ്യും. എന്നാല്‍ അങ്ങനെയൊരാള്‍ ഒരു നല്ല സഹോദരനാണെങ്കില്‍ പോലും ഒരിക്കലും സഭയുടെ മൂപ്പനാകുവാന്‍ പാടില്ല. അതുപോലെ തന്നെ വിവാഹ മോചനം ചെയ്ത് പുനര്‍ വിവാഹിതനായ ഒരാള്‍ക്കു മൂപ്പനാകുവാന്‍ സാധിക്കുകയില്ല (കാരണം അയാള്‍ക്കും രണ്ടു ഭാര്യമാര്‍ ഉണ്ട്). സഭയിലെ മൂപ്പന്മാര്‍ വിവാഹിതരാകുന്നതാണ് നല്ലത്. കാരണം അവര്‍ വിവാഹിതര്‍ക്കും ഉപദേശം നല്‍കേണ്ടവരാണ്. ഒരു മൂപ്പന്‍ നിര്‍മ്മദനും, വിവേകശാലിയും, അതിഥി പ്രിയനും, പഠിപ്പിക്കുവാന്‍ കഴിവുള്ളവനും ആയിരിക്കണം. മദ്യപന്‍ ആകരുത്. ശാന്തനും കലഹിക്കാത്തവനും ആയിരിക്കണം. സ്വാര്‍ത്ഥതയോടെ സുഖജീവിതം ഇഷ്ടപ്പെടുന്നവനാകരുത്. എല്ലാറ്റിനും ഉപരി അവന്‍ ദ്രവ്യാഗ്രഹത്തില്‍ നിന്നും പൂര്‍ണ്ണ സ്വാതന്ത്ര്യം നേടിയവനാകണം. പണസ്‌നേഹത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന് എത്ര വലിയ പ്രാധാന്യമാണ് പുതിയ നിയമത്തില്‍ നല്‍കിയിരിക്കുന്നതെന്നു ശ്രദ്ധിക്കുക. പഴയ നിയമത്തില്‍ ഇതിന് അങ്ങനെയൊരു പ്രാധാന്യം നല്‍കിയിട്ടില്ല. പഴയ നിയമത്തില്‍ യിസ്രായേല്‍ മക്കളോട് സമ്പത്തുണ്ടാക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ യേശുവും അപ്പൊസ്തലന്മാരും പണസ്‌നേഹത്തില്‍ നിന്നു സ്വാതന്ത്ര്യം പ്രാപിക്കുന്നതിനെക്കുറിച്ച് നിരന്തരം പ്രസംഗിച്ചു.

ഒരു മൂപ്പന്‍ തന്റെ മക്കളെ നിയന്ത്രിക്കുവാന്‍ കഴിവുള്ളവനായിരിക്കണം. ഒരുവനു ഭവനത്തില്‍ തന്റെ മക്കളെ നിയന്ത്രിച്ചു നിറുത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അയാള്‍ ദൈവഭവനത്തെ സംരക്ഷിക്കും? തന്റെ ഭവനത്തിലെ മൂന്നോ നാലോ കുട്ടികളെ ഏതു തരത്തില്‍ നിയന്ത്രിച്ച് വളര്‍ത്തിക്കൊണ്ടു വരുന്നു എന്നത് സഭയുടെ ഉത്തവാദിത്വം നല്‍കുന്നതിനുള്ള ഒരു യോഗ്യതയാണ്. ദൈവവേലക്കാരനാകണമെങ്കില്‍ കുടുംബ ജീവിതത്തിനു വളരെ പ്രാധാന്യമുണ്ടെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. ചില പാസ്റ്റര്‍മാരുടെ മക്കള്‍ ആ സഭയിലെ ഏറ്റവും മോശപ്പെട്ട സ്വഭാവക്കാരായിരിക്കും. ഇതു വളരെ മോശമായ സാക്ഷ്യമാണ്. അങ്ങനെയൊരാള്‍ സഭയിലെ തന്റെ നേതൃത്വ സ്ഥാനം രാജിവച്ച് ഒഴിയേണ്ടതാണ്. പുതിയതായി മാനസാന്തരപ്പെട്ടയാളേയും മൂപ്പനാക്കരുത്. കാരണം അവന്‍ നിഗളിച്ചു പോകാന്‍ സാധ്യതയുണ്ട് (3:6).

‘ഡീക്കന്‍’ എന്നത് ഗ്രീക്കു ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്കു കൊണ്ടുവന്ന ഒരു പദമാണ്. ‘ദാസന്‍’ എന്നു മാത്രമാണതിന്റെ അര്‍ത്ഥം. അത് അങ്ങനെ തന്നെ പരിഭാഷപ്പെടുത്തി ഉപയോഗിക്കേണ്ടതായിരുന്നു. മൂപ്പന്മാരാണ് സഭയിലെ ആത്മീയ നേതാക്കന്മാര്‍. എന്നാല്‍ പണം കൈകാര്യം ചെയ്യുക, ഭക്ഷണം വിളമ്പുക അങ്ങനെ ആത്മീയമല്ലാത്ത പല ഉത്തരവാദിത്വങ്ങളും സഭയിലുണ്ട്. അതിനു പല ‘ദാസന്മാരേയും’ ആവശ്യമുണ്ട്. ‘ഡീക്കന്‍’ എന്ന വാക്കു ചില ദാസന്മാര്‍ക്കു തെറ്റായ പ്രാധാന്യം ലഭിക്കുവാന്‍ ഇടയാക്കുന്നതായതിനാല്‍ ‘ദാസന്മാര്‍’ എന്ന വാക്ക് ഉപയോഗിക്കുന്നതാണു നല്ലത്. സഭയിലെ ദാസന്മാര്‍ ഒരിക്കലും ‘ഇരുവാക്കുകാര്‍’ ആകരുത് (3:8-10). അതിന്റെ അര്‍ത്ഥം അവര്‍ ഒരാളോട് ഒരു കാര്യവും മറ്റൊരാളോട് മറ്റൊരു കാര്യവും പറയുന്നവരാകരുത് എന്നാണ്. അവര്‍ ദുര്‍ലാഭ മോഹികളാകരുത് എന്നാണ്. നിര്‍മ്മല മനസ്സാക്ഷിയില്‍ വിശ്വാസത്തിന്റെ മര്‍മ്മം സൂക്ഷിക്കുന്നവരായിരിക്കണം. അതുപോലെ തന്നെ അവര്‍ ഏക ഭാര്യയുടെ ഭര്‍ത്താക്കന്മാരും മക്കളേയും കുടുംബത്തേയും നന്നായി പരിപാലിക്കുന്നവരും ആയിരിക്കണം (3:12). സഭയിലെ പ്രായോഗിക ശുശ്രൂഷയില്‍ ഉത്തരവാദിത്വമുള്ള എല്ലാവരും അവരുടെ കുടുംബ ജീവിതത്തില്‍ നല്ല സാക്ഷ്യമുള്ളവരായിരിക്കണം.

3:11-ല്‍ സഭയിലെ വനിതാ ശുശ്രൂഷകരെ സംബന്ധിച്ച് പൗലൊസ് പറയുന്നു: ആത്മീയ നേതൃത്വം വഹിക്കുക, പുരുഷന്മാരെ പഠിപ്പിക്കുക എന്നിവ ഒഴികെയുള്ള പല ശുശ്രൂഷകളും സ്ത്രീകള്‍ക്കു സഭയില്‍ നിര്‍വഹിക്കുവാന്‍ കഴിയും. അവര്‍ക്കു മറ്റു സ്ത്രീകളേയും കുട്ടികളേയും വചനം പഠിപ്പിക്കുവാനും പല പ്രായോഗിക കാര്യങ്ങളില്‍ സഹായിക്കുവാനും സാധിക്കും. അവര്‍ ഏഷണി പറയുന്നവരാകരുത്. ‘ദോഷകരമായ ഏഷണി’യെന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു വാക്കു പുതിയ നിയമത്തിലെ മറ്റ് 34 ഇടങ്ങളില്‍ ‘പിശാച്’ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഇവിടെ പൗലൊസ് പറയുന്നതു സ്ത്രീകള്‍ മറ്റുള്ളവരെക്കുറിച്ച് എഷണി പറയുന്ന ‘കുട്ടിപ്പിശാചുക്കള്‍’ ആകരുതെന്നാണ്. തീര്‍ച്ചയായും പുരുഷന്മാരും ഇത്തരത്തില്‍ ‘കുട്ടിപ്പിശാചുക്കള്‍’ ആകരുത്. എന്നാല്‍ സ്ത്രീകളാണ് പുരുഷന്മാരെക്കാള്‍ പരദൂഷണം പറയുന്നതിനു സാധ്യതയുള്ളതെന്നു പൗലൊസ് ഒരുപക്ഷേ മനസ്സിലാക്കിയിട്ടുണ്ടാകും. പകല്‍ സമയം പുരുഷന്മാര്‍ ജോലി സംബന്ധമായി ഭവനത്തിനു പുറത്തായിരിക്കും. സ്ത്രീകള്‍ മിക്കവരും വീടുകളില്‍ കാണും. എന്നുമാത്രമല്ല അല്പം പ്രായമായ സ്ത്രീകള്‍ക്കു ഭവനത്തില്‍ അധികം ജോലിയും കാണുകയില്ല. അപ്പോള്‍ അവര്‍ മറ്റു സ്ത്രീകളെ സന്ദര്‍ശിച്ച് അവരുമായി മറ്റുള്ളവരെക്കുറിച്ച് ഏഷണി പറയുവാനുള്ള സാധ്യതയുണ്ട്. വനിതാ ശുശ്രൂഷകര്‍ ആത്മ നിയന്ത്രണമുള്ളവരും വിശ്വസ്തരും ആയിരിക്കണം. അങ്ങനെയുള്ള സ്ത്രീകള്‍ക്കു മാത്രമേ സഭയില്‍ ഒരു ശുശ്രൂഷ നല്‍കാവൂ.


ദൈവഭക്തിയുടെ വലിയ മര്‍മ്മം


3:15,16 വാക്യങ്ങളില്‍ പൗലൊസ് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്കു കടക്കുന്നു. ഇത് ദൈവഭക്തിയുടെ വലിയ മര്‍മ്മമാണ്. പുതിയ നിയമത്തില്‍ രണ്ടു വലിയ മര്‍മ്മങ്ങളെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. ഇവിടെ പരാമര്‍ശിക്കുന്നത് ക്രിസ്തു ജഡത്തില്‍ വെളിപ്പെട്ടു എന്നതാണ്. അതാണ് ഒന്ന്. എഫെസ്യ ലേഖനം 5:32-ല്‍ സഭ ക്രിസ്തുവിനോടു ചേര്‍ന്ന് ഒരു ശരീരമായി തീരുന്നു എന്ന് പരാമര്‍ശിച്ചിരിക്കുന്നതാണ് മറ്റൊന്ന്. മര്‍മ്മം എന്നു പുതിയ നിയമത്തില്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ദൈവിക വെളിപാടിനാലല്ലാതെ മനസ്സിലാക്കുവാന്‍ കഴിയാത്ത ഒന്നാണ്. ഒരു സൃഷ്ടിയല്ലാത്ത ദൈവം എങ്ങനെയാണ് ഒരു മനുഷ്യനായി തീരുന്നത്? തുറന്നു പറഞ്ഞാല്‍ എനിക്കത് വിശദീകരിക്കുവാന്‍ സാധിക്കുകയില്ല. എങ്ങനെയാണ് അത്തരത്തിലുള്ള ഒരു മനുഷ്യന്‍ നമ്മെപ്പോലെ സകലത്തിലും പരീക്ഷിക്കപ്പെടുന്നത് (എബ്രാ. 4:15)? അതും എനിക്ക് അറിയില്ല. എന്നാല്‍ ഞാന്‍ അത് വിശ്വസിക്കുന്നു. മാത്രമല്ല അത് എന്നെ ദൈവികമായ ഒരു ജീവിതത്തിലേക്കു നയിക്കുന്നതിന്റെ രഹസ്യവുമാണ്. വേദപുസ്തകത്തിന്റെ ഒരു പ്രത്യേക പരിഭാഷയില്‍ ഈ വാക്യങ്ങളെ ഇങ്ങനെ വായിക്കാം- ”ദൈവഭക്തിയുള്ള ഒരു ജീവിതം അത്ര എളുപ്പമുള്ള ഒന്നല്ല എന്നത് ഒരു സത്യമാണ്. എന്നാല്‍ മനുഷ്യനായി ഈ ഭൂമിയിലേക്കു വരികയും ആത്മാവില്‍ ഒരു കളങ്കവുമില്ലാതെ ശുദ്ധനായിരിക്കുകയും ചെയ്ത യേശുവില്‍ അതിനുള്ള ഉത്തരമുണ്ട്.”

ക്രിസ്തു ജഡത്തില്‍ വന്ന് ഈ ഭൂമിയില്‍ നടക്കുകയും നമുക്കു തുല്യമായി സകലത്തിലും പരീക്ഷിക്കപ്പെടുകയും ചെയ്തു എങ്കിലും ദൈവഭക്തിയോടെ ജീവിച്ചു. അതിനാല്‍ നമുക്കും ദൈവഭക്തിയോടെ ജീവിക്കുവാന്‍ കഴിയും. ദൈവത്തെ പൂര്‍ണ്ണ ഹൃദയത്തോടെ സ്‌നേഹിച്ച്, തന്നേപ്പോലെ തന്നെ മറ്റുള്ളവരെയും സ്‌നേഹിച്ച്, കണ്‍മോഹത്തെ അതിജീവിച്ച് ദേഷ്യപ്പെടാതെയും അസൂയപ്പെടാതെയും ആരോടും കയ്പില്ലാതെയും ഒരു മനുഷ്യനു ദൈവം ആഗ്രഹിക്കുന്നതുപോലെ ഈ ഭൂമിയില്‍ ജീവിക്കാമെന്നതിന്റെ തെളിവാണ് ജഡത്തില്‍ വെളിപ്പെട്ട ക്രിസ്തു.

യേശു ജഡത്തില്‍ വരികയും ആത്മാവിനാല്‍ നീതികരിക്കപ്പെടുകയും ചെയ്തു (3:16). അതിന്റെ അര്‍ത്ഥം പരിശുദ്ധാത്മാവ് ജീവിതത്തിന്റെ എല്ലാ മേഖലയും പരിശോധിച്ച് എല്ലാം നൂറു ശതമാനം ശുദ്ധമാണെന്നു പറയുന്നു. ‘അവിടുന്നു ദൂതന്മാര്‍ക്കു പ്രത്യക്ഷനായി.’ ദൈവം ജഡത്തില്‍ മനുഷ്യനായി വന്ന് ഈ ഭൂമിയില്‍ ജീവിക്കുകയും എല്ലാ മേഖലയിലും പരീക്ഷിക്കപ്പെട്ട് പാപം ചെയ്യാതിരിക്കുകയും ചെയ്തു. ഈ ദൈവിക മര്‍മ്മം ദൂതന്മാര്‍ ശ്രദ്ധയോടെ വീക്ഷിച്ചു. ഇതാണ് നാം ലോകമെമ്പാടും പ്രഘോഷിക്കുന്നത്. അവിടുന്ന് ഈ ഭൂമിയില്‍ ആയിരുന്നപ്പോഴും ജനങ്ങള്‍ തന്നെ വിശ്വസിച്ചിരുന്നു. അവിടുന്നു തേജസ്സില്‍ എടുക്കപ്പെട്ടു. ഇതാണ് ദൈവഭക്തിയുടെ രഹസ്യം. ഈ മാര്‍ഗ്ഗത്തിലാണ് നാം പോകേണ്ടത്. ഇന്നു നാം ജഡത്തില്‍ ആയിരിക്കുന്നു. പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തെ പരിശോധിച്ച് നാം ശുദ്ധിയുള്ളവരാണോ എന്നു നോക്കുന്നു. ദൂതന്മാരും നമ്മെ നോക്കുന്നു (എഫെ. 3:10). നമ്മുടെ ജീവിതം, സുവിശേഷം എന്താണെന്നു ലോകത്തിലെമ്പാടും പ്രസിദ്ധമാക്കും. ജനങ്ങള്‍ അത് വിശ്വസിക്കും. നാം വിശ്വസ്തരാണെങ്കില്‍ ഒരുനാള്‍ നാം തേജസ്സില്‍ എടുക്കപ്പെടും.

എന്നാല്‍ അന്ത്യനാളുകളില്‍ വിശുദ്ധിയുടെ ദൈവിക മാര്‍ഗ്ഗത്തിനു നേരെ വിപരീതമായ ‘വിശ്വാസം ത്യജിച്ച വ്യാജാത്മാക്കളാല്‍’ വിശുദ്ധിയുടെ മറ്റൊരു ഉപദേശം പ്രസംഗിക്കപ്പെടും (പ്രസംഗകരിലൂടെ വ്യാപരിക്കുന്നു). ഈ പുതിയ ഉപദേശങ്ങളെ വിളിക്കുന്നത് ‘ഭൂതങ്ങളുടെ ഉപദേശം’ എന്നാണ്(4:1). ഇതു വായിക്കുമ്പോള്‍ നാം കരുതും അത് ഭയാനകമായ എന്തോ ഉപദേശങ്ങളാണെന്ന്. എന്നാല്‍ അങ്ങനെയല്ല. ‘വിവാഹം വേണ്ട’ എന്നു പറയുന്നതുപോലെയുള്ള ചതി നിറഞ്ഞവയാണിവ. ഒരു ഉദാഹരണം – അന്ത്യകാലത്ത് ചിലര്‍ ബ്രഹ്മചര്യമാണ് ദൈവഭക്തിയിലേക്കുള്ള മാര്‍ഗ്ഗമെന്നു പഠിപ്പിക്കുന്നു. അത് ഭൂതങ്ങളുടെ ഉപദേശമാണ്. മറ്റ് ചിലര്‍ ചില നേരം ഭക്ഷണം ഉപേക്ഷിക്കുന്നതാണ് ദൈവഭക്തിയുടെ മാര്‍ഗ്ഗമെന്നു പഠിപ്പിക്കുന്നു. മാംസാഹാരം ഒഴിവാക്കിയും ഉപവസിച്ചും സ്വയം അച്ചടക്കം പാലിക്കുക- ഇതൊക്കെ ഭൂതങ്ങളുടെ ഉപദേശമാണ്. അവയൊക്കെ നല്ല കാര്യങ്ങളായി തോന്നാം. എന്നാല്‍ അവയെല്ലാം ഒരു ചതിയായി മാറാം.

പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ യേശുക്രിസ്തുവിന്റെ സ്വഭാവത്തോട് അനുരൂപപ്പെട്ട് അവിടുത്തെ ജീവിതം വെളിപ്പെടുത്തുന്നതാണ് ദൈവഭക്തിയിലേക്കുള്ള മാര്‍ഗ്ഗം. പരിശുദ്ധാത്മാവ് യേശുവിന്റെ ജീവിതം നമുക്കു കാണിച്ചു തരികയും അവിടുത്തെ സ്വഭാവത്തോട് നമ്മെ അനുരൂപപ്പെടുത്തുകയും ചെയ്യുന്നു. ഈ സത്യമായിരിക്കണം എല്ലാ സഭയുടെയും തൂണും അടിസ്ഥാനവും. അല്ലെങ്കില്‍ ‘നാം പ്രാര്‍ത്ഥിക്കണം, നാം ഉപവസിക്കണം, നാം വേദപുസ്തകം വായിക്കണം.’ തുടങ്ങിയ ചില നിയമങ്ങളാലും ചട്ടങ്ങളാലും പണിയപ്പെടുന്ന സഭയായിത്തീരും. ഇവയൊക്കെ നല്ല കാര്യങ്ങളാണ്. എന്നാല്‍ ആത്മാവിന്റെ ശക്തിയാല്‍ ക്രിസ്തുവിന്റെ ജീവിതം നമ്മിലൂടെ വെളിപ്പെടണമെന്നതിന് ഊന്നല്‍ നല്‍കിയില്ലെങ്കില്‍ അവ ന്യായവാദികളായ പരീശന്മാരെ മാത്രമേ സൃഷ്ടിക്കുകയുള്ളു. ബ്രഹ്മചാരി ആയിരിക്കുവാനോ ഉപവസിക്കുവാനോ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അതു നല്ല കാര്യമാണ്. എന്നാല്‍ അതു ‘ദൈവഭക്തിയുടെ രഹസ്യ’മല്ല.

പലരും ഈ കാര്യത്തില്‍ ചതിക്കപ്പെടുന്നതിനുള്ള കാരണം അവരുടെ ജീവിതത്തില്‍ കാപട്യമുള്ളതു കൊണ്ടാണെന്നു പൗലൊസ് തുടര്‍ന്നു പറയുന്നു (4:2). അവരുടെ ഉള്ളില്‍ ഭോഷ്‌കിന്റെ ആത്മാവുണ്ട്. അവരുടെ മനഃസാക്ഷി ശുദ്ധമല്ല. ജീവിതത്തില്‍ കാപട്യമുണ്ടെങ്കില്‍ ഭൂതങ്ങളുടെ ഉപദേശങ്ങളാല്‍ ചതിക്കപ്പെടുവാന്‍ തികച്ചും യോഗ്യനായ ഒരാളാണ് നിങ്ങള്‍.

പിന്നീട് അദ്ദേഹം തിമൊഥെയൊസിനോട് പറയുന്നു: ”ദൈവഭക്തിയുടെ മര്‍മ്മം സ്വയം അച്ചടക്കമുണ്ടാക്കുന്നതല്ല. എന്നാല്‍ ക്രിസ്തുവിന്റെ ജീവന്‍ ജഡത്തിലൂടെ വെളിപ്പെടാനാണെന്നു വിശ്വാസികളെ മനസ്സിലാക്കിക്കൊടുത്താല്‍ നീ യേശുക്രിസ്തുവിന്റെ ഉത്തമ ശിഷ്യനായിരിക്കും”(4:6). യേശുക്രിസ്തുവിന്റെ ഒരു ഉത്തമ ശിഷ്യനായിരിക്കുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? മറ്റുള്ളവരോട് വിശ്വാസത്തിന്റെ വാക്കുകളാല്‍ ഇതു നിങ്ങള്‍ പറയുമ്പോള്‍ നിങ്ങളും ക്രിസ്തുയേശുവിന്റെ ഉത്തമ ശിഷ്യനായി തീരും. പൗലൊസ് പറയുന്നു: ”പ്രായമായ സ്ത്രീകളെപ്പോലെ കെട്ടുകഥകളുടെ പിന്നാലെ പോയി സമയം പാഴാക്കരുത്.” പ്രായമായ സ്ത്രീകള്‍ക്ക് മറ്റു ജോലികള്‍ ഒന്നും ഇല്ലാത്തതിനാല്‍ അവര്‍ പലയിടങ്ങളിലും പോയി പല കഥകള്‍ പറഞ്ഞ് സമയം ചെലവഴിക്കുന്നു. പൗലൊസ് പറയുന്നു: ”അത്തരം കെട്ടുകഥകള്‍ കേട്ട് നിന്റെ സമയം കളയരുത്. എന്നാല്‍ നീ ഭൈവഭക്തിയില്‍ അഭ്യസനം നേടണം.”

അതിനാല്‍ പൗലൊസ് അച്ചടക്കത്തിന് എതിരല്ല. എല്ലാ ക്രിസ്ത്യാനിയുടെയും ജീവിതത്തില്‍ ഒരു അച്ചടക്കമുണ്ടാകേണ്ടത് വളരെ ആവശ്യമാണ്. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും വലിയ ആവശ്യമുണ്ട്. എന്നാല്‍, ശാരീരിക അച്ചടക്കവും വ്യായാമവും മാത്രം കൊണ്ട് ഒരുവന്‍ ദൈവഭക്തനാകുന്നില്ല. എന്നാല്‍ ദൈവഭക്തി ഈ ജീവിതത്തിലും വരുവാനുള്ള ജീവിതത്തിലും ഒരുപോലെ പ്രയോജനമുള്ളതാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ദൈവഭക്തിയിലുള്ള ജീവിതം നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ വര്‍ധിപ്പിക്കും. അസൂയ, കയ്പ്, ക്രോധം എന്നിവയില്‍ നിന്നു നാം സ്വാതന്ത്ര്യം പ്രാപിക്കുന്നവരാണെങ്കില്‍ നാം ആരോഗ്യമുള്ളവരായിരിക്കും. ആകുല ചിന്തയും കയ്പുമില്ലാതെ നിങ്ങള്‍ ജീവിക്കുകയാണെങ്കില്‍ ദഹനപ്രശ്‌നങ്ങളില്‍ നിന്നും ആസ്തമ, വാതം, മൈഗ്രൈന്‍ തലവേദന എന്നിവകളില്‍ നിന്നും വിടുതല്‍ പ്രാപിക്കും. ആത്മീയ കാരണങ്ങളാലാണ് ഈ രോഗങ്ങളെല്ലാം എപ്പോഴും ഉണ്ടാകുന്നത് എന്നല്ല ഞാന്‍ പറയുന്നത്. സ്വാഭാവിക കാരണങ്ങളാലാകാം പലപ്പോഴും ഇവ ഉണ്ടാകുന്നത്. എന്നാല്‍ വിരളമായി ചിലപ്പോള്‍ വ്യക്തിജീവിതത്തിലെ പാപത്താലും ചില രോഗങ്ങള്‍ നമുക്കു വരാം.


ജീവിതം കൊണ്ട് മാതൃകയാകുക


തിമൊഥെയൊസ് എഫെസ്യ സഭയിലെ ഒരു ചെറുപ്പക്കാരനായിരുന്നു. പല മുതിര്‍ന്ന പുരുഷന്മാര്‍ ഉണ്ടായിരുന്ന ഒരു സഭയായിരുന്നു അത്. അതിനാല്‍ പൗലൊസ് അവനോട് പറയുന്നു: ”നിന്റെ യൗവനം ആരും പുച്ഛിക്കുവാന്‍ ഇടയാകരുത്” (4:12). ചെറുപ്പക്കാരനായ ഒരു പ്രസംഗകനു സഭയിലെ ചില മുതിര്‍ന്ന ആളുകളുടെ മുമ്പില്‍ താന്‍ കുറവുള്ളവനായി തോന്നാം. പ്രത്യേകിച്ച് അവര്‍ ധനികരും സ്വാധീനമുള്ളവരുമാണെങ്കില്‍. ആരും നിന്നെ ചെറുതായി കാണരുതെന്നു പൗലൊസ് തിമൊഥെയൊസിനെ പ്രബോധിപ്പിക്കുന്നു. എന്നു മാത്രമല്ല അവന്റെ വാക്കിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും എല്ലാ പരിശോധനയിലും വെളിപ്പെടുത്തേണ്ട വിശ്വാസത്തിലും നിര്‍മ്മലതയിലും അവന്‍ അവര്‍ക്കു മാതൃക ആയിരിക്കണം. പൗലൊസ് 4:1-4 വരെയുള്ള വാക്യങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ക്കു നേരെ വിപരീതമാണിത്. അവിടെ പറയുന്ന വ്യാജ ഉപദേഷ്ടാക്കന്മാര്‍ പഠിപ്പിക്കുക മാത്രം ചെയ്യുന്നു. എന്നാല്‍ യാഥാര്‍ത്ഥ ഉപദേഷ്ടാക്കന്മാര്‍ തങ്ങളുടെ ജീവിതത്തെ മാതൃകയാക്കിക്കൊണ്ട് പഠിപ്പിക്കുന്നു. വ്യാജ ഉപദേഷ്ടാക്കന്മാര്‍ തത്വങ്ങള്‍ പഠിപ്പിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ ഉപദേഷ്ടാക്കന്മാര്‍ തങ്ങളുടെ ജീവിതത്തില്‍ നിന്നു പഠിപ്പിക്കുന്നു. 4:13 ല്‍ ദൈവവചനം പരസ്യമായി വായിക്കുന്നതിന് ഊന്നല്‍ കൊടുക്കുന്നു. ആ കാലഘട്ടത്തില്‍ വിശ്വാസികളുടെ കയ്യില്‍ വേദപുസ്തകം ഉണ്ടായിരുന്നില്ല. അതിനാല്‍ വേദപുസ്തകമുള്ളയാള്‍ മറ്റുള്ളവര്‍ക്കു കേള്‍ക്കത്തക്കവണ്ണം ഉയര്‍ന്ന ശബ്ദത്തില്‍ വായിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇന്നു എല്ലാ വിശ്വാസികള്‍ക്കും വേദപുസ്തകം ഉള്ളതിനാല്‍ ഭവനങ്ങളില്‍ ഇരുന്നു തന്നെ വേദപുസ്തകം വായിക്കാവുന്നതാണ്.

നല്ല ജീവിതത്തിനും വചന പരിജ്ഞാനത്തിനും അപ്പുറം ചിലതുകൂടി വേണമെന്നതാണ് പൗലൊസ് തിമൊഥെയൊസിനെ ഓര്‍മ്മപ്പെടുത്തുന്നത്. ”നല്ല മാതൃകയായിരിക്കുകയും വചനത്തില്‍ ശ്രദ്ധിക്കുകയും വേണം” (4:12,13). അതു നല്ല കാര്യമാണ്. എന്നാല്‍ അതോടുകൂടെ ”പരിശുദ്ധാത്മാവിന്റെ വരങ്ങളെ അവഗണിക്കരുത്” (4:14). താനും മറ്റു മൂപ്പന്മാരും ചേര്‍ന്നു ‘നിന്റെ മേല്‍ കൈവച്ചപ്പോഴാണ് നിനക്ക് ഒരു ആത്മീയ വരം ലഭിച്ചതെന്ന’ കാര്യം പൗലൊസ് തിമൊഥെയൊസിനെ ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. ദൈവവേല ചെയ്യുന്നതിന് ആത്മാവിന്റെ വരങ്ങള്‍ നമുക്കാവശ്യമുണ്ട്- ”വിശേഷാല്‍ പ്രവചന വരത്തിനായി വാഞ്ച്ഛിപ്പിന്‍” (1 കൊരി.14:1). ഇതിന്റെ അര്‍ത്ഥം നാം സംസാരിക്കുമ്പോള്‍ നമ്മുടെ വാക്കുകള്‍ അത് കേള്‍ക്കുന്നവരുടെ ഹൃദയത്തിലേക്ക് അസ്ത്രം പോലെ കടക്കണമെന്നാണ്. പഴയനിയമ പ്രവാചകന്മാരുടെ വാക്കുകള്‍ അപ്രകാരമായിരുന്നു. ദൈവത്തിന്റെ വായില്‍ നിന്നു പുറപ്പെടുന്ന ഒരു വചനവും വെറുതെ മടങ്ങി വരികയില്ല (യെശ 55:11). അങ്ങനെയൊരു ശുശ്രൂഷ നിര്‍വ്വഹിക്കുവാന്‍ നമുക്ക് പരിശുദ്ധാത്മാവിന്റെ അഭിഷേകം വേണം. യേശുവിന് അത് എല്ലാ സമയവും വേണ്ടിയിരുന്നു. അതുപോലെ തന്നെ നമുക്ക് ഇത് ഒരിക്കല്‍ മാത്രമുള്ള അനുഭവമല്ല. എല്ലാ സമയവും അഭിഷേകമുള്ളവരായിരിക്കുവാന്‍ ആഗ്രഹിക്കുക.

ചെറുപ്പക്കാരേ, ദൈവത്തെ ശ്രവിക്കുവാന്‍ നിങ്ങള്‍ നാല്പതു വയസ്സുവരെ കാത്തിരിക്കണമെന്നു ചിന്തിക്കരുത്. പത്തൊന്‍പത് വയസ്സുള്ളപ്പോഴാണ് ഞാന്‍ വീണ്ടും ജനിച്ചത്. ഇരുപത്തിഒന്നു വയസ്സുള്ളപ്പോള്‍ സ്‌നാനപ്പെട്ടു. അന്നു മുതല്‍ തന്നെ പ്രസംഗിക്കുവാനും തുടങ്ങി. ആ കാലത്ത് എനിക്ക് അധികം കാര്യങ്ങള്‍ അറിവുണ്ടായിരുന്നില്ല. എന്നാല്‍ എനിക്ക് അറിയാവുന്ന അല്പം കൊണ്ട് എന്നേക്കാള്‍ അറിവു കുറഞ്ഞവരെ ക്രിസ്തീയ ജീവിതത്തിന്റെ ബാലപാഠങ്ങള്‍ ഞാന്‍ പഠിപ്പിച്ചു. ഞാന്‍ വളരുന്നതിനനുസരിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിക്കുവാന്‍ കഴിഞ്ഞു. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവനു നേഴ്‌സറിക്കാരനെ പഠിപ്പിക്കുവാന്‍ കഴിയും. ദൈവവചനം പ്രസംഗിക്കുന്നവനു പ്രായമാകുന്നതുവരെ കാത്തിരിക്കേണ്ട കാര്യമെന്താണ്? മാനസാന്തരപ്പെട്ട ആ നിമിഷം തന്നെ നിങ്ങളെക്കാള്‍ അറിവു കുറഞ്ഞവരോട് ദൈവവചനം പങ്കുവെച്ചു തുടങ്ങാം. പ്രത്യേകിച്ച് മാനസാന്തരപ്പെടാത്തവരോട്. ദൈവവചനം പങ്കുവെയ്ക്കാന്‍ എപ്പോഴും തയ്യാറായിരിക്കുക. അതു ഫലപ്രദമായി ചെയ്യുവാന്‍ വേണ്ട ആത്മാവിന്റെ ശക്തി ലഭിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക.

4:15-ല്‍ ”ഇവയ്ക്കായി സ്വയം അര്‍പ്പിക്കുക” എന്നാണ് പൗലൊസ് തിമൊഥെയൊസിനോട് ആവശ്യപ്പെടുന്നത്. ഒരു വ്യവസായി തന്റെ വ്യവസായം ശക്തിപ്പെട്ട് നിലനില്ക്കുവാന്‍ വളരെ കഷ്ടപ്പെടുന്നു. നിങ്ങള്‍ ക്രിസ്തീയജീവിതത്തെക്കുറിച്ച് ഗൗരവമുള്ളവനാണെങ്കില്‍ നിങ്ങള്‍ വചനം പഠിക്കുന്നതിലും, പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ക്കായി ആഗ്രഹിക്കുന്നതിലും, നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലയെയും വിശുദ്ധിയില്‍ സൂക്ഷിക്കുന്നതിനും വളരെ കഷ്ടം സഹിക്കും. ഈ വാക്യം ഒരു പരിഭാഷയില്‍ പറയുന്നത് ”അവയില്‍ മുഴുകിയിരിക്കുക” എന്നാണ്. ഈ കാര്യങ്ങളില്‍ നിങ്ങള്‍ മുഴുകിയിരുന്നാല്‍ നിങ്ങളുടെ ആത്മീയ പുരോഗതി മറ്റുള്ളവര്‍ക്ക് പ്രകടമായി കാണുവാന്‍ കഴിയും.

‘മുഴുകിയിരിക്കുക’ എന്നതിന്റെ അര്‍ത്ഥം വ്യക്തമാക്കുന്നതിനു ഗുണകരമല്ലാത്ത ഒരു ഉദാഹരണം പറയട്ടെ. ഒരു കുടുംബം പ്രശസ്തമായ ഒരു പരിപാടി ടെലിവിഷനില്‍ കണ്ട് അതില്‍ മുഴുകിയിരിക്കുകയാണ്. ഇതറിയാവുന്ന ചില കള്ളന്മാര്‍ ആ സമയത്ത് ആ വീട്ടില്‍ കയറി സകലതും മോഷ്ടിച്ചുകൊണ്ടുപോകുന്നു. എന്നാല്‍ ഈ ടെലിവിഷന്‍ പരിപാടി കഴിയുന്നതുവരെ ആ കുടുംബം ഈ വിവരം അറിയുന്നില്ല.

ഇതേപോലെ തന്നെ ഗുണകരമായ രീതിയില്‍ ഇങ്ങനെ പറയാം: ”നാം യേശുക്രിസ്തുവിലും അവിടുത്തെ വചനത്തിലും മുഴുകിയിരുന്നാല്‍ ലോകത്തിന്റെ ഒരു പ്രലോഭനവും നാം അറിയുകയില്ല. അതുകൊണ്ടു തന്നെ ലോകത്തില്‍ ആളുകള്‍ ആവേശത്തോടെ അന്വേഷിക്കുന്ന പലതിന്റേയും പുറകെ നമ്മള്‍ പോകുന്നില്ല. അങ്ങനെ ദൈവത്തില്‍ ‘മുഴുകിയ’ ഒരു ജീവിതമാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ സ്ഥിരതയുള്ള പുരോഗതി നിങ്ങള്‍ക്കുണ്ടാകും. വര്‍ഷങ്ങള്‍ കഴിയും തോറും നിങ്ങള്‍ ഒരു നല്ല ക്രിസ്ത്യാനിയും പ്രാപ്തിയുള്ള ദൈവദാസനുമായി തീരും.”

4:16-ല്‍ രണ്ടു കാര്യങ്ങള്‍ക്കു വളരെ ശ്രദ്ധ കൊടുക്കണമെന്ന് പൗലൊസ് തിമൊഥെയൊസിനോടു ആവശ്യപ്പെടുന്നു- അവന്റെ ‘ജീവിതവും’ അവന്റെ ‘ഉപദേശവും’. നാം നിരന്തരം പരിശോധിക്കേണ്ട രണ്ടു മേഖലകളാണിവ. നമ്മുടെ ജീവിതവും ഉപദേശവും- രണ്ടും ശുദ്ധമായിരിക്കണം. ഈ രണ്ടു കാര്യത്തിലും നാം നമ്മെ തന്നെ സൂക്ഷിച്ചാല്‍ നാം നമ്മെ തന്നെയും മറ്റുള്ളവരേയും രക്ഷിക്കും. നാം ആദ്യം നമ്മെ തന്നെ രക്ഷിക്കണം. അപ്പോള്‍ മാത്രമേ മറ്റുള്ളവരെ രക്ഷിക്കുവാന്‍ നമുക്കു കഴിയുകയുള്ളൂ. ഇതിന്റെ അര്‍ത്ഥമെന്താണ്? നിങ്ങള്‍ തന്നെയും ചില പാപകരമായ സ്വഭാവത്തില്‍ നിന്നു രക്ഷിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മറ്റുള്ളവരെ ആ പാപത്തില്‍ നിന്നും രക്ഷിക്കുവാന്‍ സാധിക്കുന്നത്? നിങ്ങളുടെ ജീവിതത്തെക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള കാര്യങ്ങള്‍ ഉപദേശിച്ചാല്‍ നിങ്ങള്‍ ഒരു കാപട്യക്കാരനായിരിക്കും. ദൈവം നിങ്ങളുടെ വാക്കുകള്‍ക്കു സാക്ഷ്യം നില്‍ക്കുകയില്ല. ഒരു വ്യാപാരി തന്റെ വ്യാപാരത്തെക്കുറിച്ച് എത്ര ഗൗരവമുള്ളവനാണോ അതുപോലെ നാം നമ്മുടെ ക്രിസ്തീയ ജീവിതത്തെക്കുറിച്ച് ഗൗരവമുള്ളവരായിരിക്കണം. ലാഭമുണ്ടാക്കുന്നതിനായി വ്യാപാരികള്‍ മനസ്സുമുഴുവന്‍ വച്ച് പ്രവര്‍ത്തിക്കുന്നു. അതുപോലെ നമ്മളും നമ്മെ തന്നെ സൂക്ഷിച്ച് സമ്പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിച്ച് ജീവിച്ച് ദൈവത്തെ സേവിക്കണം.


ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍


മുതിര്‍ന്നവരോട് ബഹുമാനത്തോടെ സംസാരിക്കണമെന്നും പ്രായമായ സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ സഹോദരിമാരെ പോലെയും കണ്ട് പൂര്‍ണ്ണ നിര്‍മ്മലതയോടെ അവരെ പ്രബോധിപ്പിക്കണമെന്നും 5:1 ല്‍ പൗലൊസ് തിമൊഥെയൊസിനോട് ആവശ്യപ്പെടുന്നു. പല ചെറുപ്പക്കാരായ സഹോദരന്മാരും അഹങ്കാരത്തോടെയാണ് മുതിര്‍ന്ന സഹോദരന്മാരോട് സംസാരിക്കുന്നത്. അവര്‍ ദൈവത്തെ ഭയപ്പെടുന്നില്ല എന്നതിന്റെ ഒരു തെളിവാണിത് (ലേവ്യ 19:32 കാണുക). ഇതിനാലാണ് പല പ്രസംഗകരും ചെറുപ്പക്കാരായ സഹോദരിമാരോടൊത്ത് പാപത്തില്‍ വീഴുന്നത്.

5:3-16 വരെയുള്ള വാക്യങ്ങളില്‍ നിസ്സഹായരായ വിധവമാരെ സഭ എങ്ങനെ സംരക്ഷിക്കണമെന്നു പൗലൊസ് പറയുന്നു. ആ കാലഘട്ടത്തില്‍ അനേകം ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടിരുന്നതിനാല്‍ ധാരാളം വിധവമാര്‍ അന്നു സഭയില്‍ ഉണ്ടായിരുന്നു. അറുപതു വയസ്സിനു മുകളിലുള്ള വിധവമാരെ സഭ സംരക്ഷിക്കണമെന്നും ചെറുപ്പക്കാരായ വിധവമാരെ പുനര്‍വിവാഹത്തിനു പ്രേരിപ്പിക്കണമെന്നും ആണ് പൗലൊസ് ഇവിടെ പറയുന്നത്. പ്രായമായ വിധവമാരെ സംരക്ഷിക്കണമെന്നു പറയുമ്പോള്‍ തന്നെ അവരെ സംരക്ഷിക്കുവാന്‍ മക്കളോ കൊച്ചുമക്കളോ ഇല്ലെങ്കില്‍ മാത്രം മതിയാകും എന്നു പറയുന്നുണ്ട്. സ്വന്തം കുടുംബത്തിനുവേണ്ടി കരുതാത്തവന്‍ ഒരു അവിശ്വാസിയേക്കാള്‍ അധമനാണെന്ന വളരെ പ്രധാനപ്പെട്ട വാക്യം ഇവിടെ കാണാം (5:8). പിന്നീട് അദ്ദേഹം ചില നിബന്ധനകള്‍ വയ്ക്കുന്നു. അറുപതു വയസ്സ് കഴിഞ്ഞ വിധവമാരില്‍ തന്നെ കുഞ്ഞുങ്ങളെ വളര്‍ത്തുക, അതിഥികളെ സല്കരിക്കുക, വിശുദ്ധരുടെ പാദങ്ങള്‍ കഴുകുക തുടങ്ങിയ സത്കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ മാത്രം സംരക്ഷിച്ചാല്‍ മതി (5:10)

ആദ്യ നൂറ്റാണ്ടിലെ വിശ്വാസികളുടെ ഇടയില്‍ പരസ്പരം കാല്‍ കഴുകുന്ന ഒരു രീതി ഉണ്ടായിരുന്നില്ല എന്നതാണ് ഈ വാക്യം (5:10) വ്യക്തമായി തെളിയിക്കുന്നത്. കാരണം അങ്ങനെ എല്ലാ വിശ്വാസികളും ചെയ്യുന്ന രീതി ഉണ്ടായിരുന്നെങ്കില്‍ സഭ സഹായിക്കേണ്ട വിധവമാര്‍ക്കു അത് ഒരു നിബന്ധനയായി പറയുകയില്ലായിരുന്നു. യേശു തന്റെ ശിഷ്യന്മാരോട് താന്‍ ചെയ്തതുപോലെ ചെയ്യുവിന്‍ എന്നു പറഞ്ഞപ്പോള്‍ (യോഹ 13:14) താന്‍ അവര്‍ക്കു വേണ്ടി ചെയ്തതു പോലെ ഏതു നിന്ദ്യമായ ജോലിയും ചെയ്യണമെന്നാണ് അവിടുന്നു അര്‍ത്ഥമാക്കിയത്. അല്ലാതെ അത് ഒരു ആചാരമാക്കുകയായിരുന്നില്ല.

5:17-22ല്‍ പൗലൊസ് സഭയിലെ മൂപ്പന്മാരെ സംബന്ധിച്ചുള്ള ചില പ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. മൂപ്പന്മാര്‍ക്ക് ഇരട്ടി മാനം നല്‍കണം. ഇതിന്റെ അര്‍ത്ഥം സഭയിലെ മറ്റ് വിശ്വാസികളേക്കാള്‍ ഇരട്ടി ബഹുമാനം അവര്‍ക്കു ലഭിക്കണമെന്നാണ്. യഥാര്‍ത്ഥ മൂപ്പന്മാര്‍ മെതിക്കുന്ന കാളയെ പോലെ കഠിനാദ്ധ്വാനികളായിരിക്കും (5:18). അത്തരത്തില്‍ പ്രസംഗിക്കുവാനും പഠിപ്പിക്കുവാനും കഠിനാദ്ധ്വാനം ചെയ്യുന്ന മൂപ്പന്മാര്‍ക്ക് വേലക്കാര്‍ കൂലി അര്‍ഹിക്കുന്ന പോലെ അവര്‍ അര്‍ഹിക്കുന്ന ഇരട്ടി മാനം നല്‍കണം. മൂപ്പനായൊരു സഹോദരനെ ബഹുമാനിക്കുന്നില്ലെങ്കില്‍ വേലക്കാര്‍ക്കു കൂലി നല്‍കാതെ ചതിക്കുന്നവനെ പോലെയാണ്. മൂപ്പന്മാരെ വളരെ ബഹുമാനിക്കുകയും വിലമതിക്കുകയും വേണം.

അതേസമയം തന്നെ പാപം ചെയ്യുന്ന മൂപ്പന്മാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും പൗലൊസ് തിമൊഥെയൊസിനെ ഉപദേശിക്കുന്നു. ഒന്നാമതായി അദ്ദേഹം തിമൊഥെയൊസിനോട് പറയുന്നത് രണ്ടോ മൂന്നോ സാക്ഷികളെ കൂടാതെ ഒരു മൂപ്പനെതിരെ ആരോപണം സ്വീകരിക്കരുത് എന്നാണ്. പിന്നീട് അവരുടെ പാപം തെളിയിക്കപ്പെടുകയാണെങ്കില്‍ അവരെ പരസ്യമായി ശാസിക്കണം. മറ്റുള്ളവര്‍ അത് കേട്ട് ഭയപ്പെടട്ടെ. മൂപ്പന്മാര്‍ക്കു ഇരട്ടി മാനം ലഭിക്കണം. എന്നാല്‍ അവര്‍ പാപം ചെയ്താല്‍ അവരെ സഭയുടെ മുമ്പാകെ പരസ്യമായി ശാസിക്കണം. കൈവയ്പ്പു നടത്തി മൂപ്പന്മാരെ വേര്‍തിരിക്കുന്നതിനു തിടുക്കം കാട്ടരുതെന്നും പൗലൊസ് തിമൊഥെയൊസിനു മുന്നറിയിപ്പ് നല്‍കുന്നു. ഒരു മൂപ്പനാകുന്നതിന് ഒരുവന്‍ ആദ്യം സ്വയം തെളിഞ്ഞു വരട്ടെ. അങ്ങനെ താന്‍ നിശ്ചയിക്കുന്ന മൂപ്പന്മാരുടെ പാപങ്ങളില്‍ നിന്നും തിമൊഥെയൊസിന് ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കും.

5:23-ല്‍ തിമൊഥെയൊസിനു ”ജഡത്തില്‍ ഒരു ശൂലം” ഉണ്ടായിരുന്നതായി നാം കാണുന്നു. അവന് ഇടയ്ക്കിടെ വയറ്റില്‍ വേദന അനുഭവപ്പെടാറുണ്ടായിരുന്നു. തീര്‍ച്ചയായും പൗലൊസ് അവനുവേണ്ടി അനേകം തവണ പ്രാര്‍ത്ഥിച്ചിരുന്നു. എങ്കിലും അവനു സൗഖ്യം ലഭിച്ചില്ല. അതുകൊണ്ടാണ് അല്പം വീഞ്ഞ് ഒരു മരുന്നുപോലെ ഉപയോഗിക്കുവാന്‍ അവനോട് പൗലൊസ് ആവശ്യപ്പെടുന്നത്. ചില അവസരത്തില്‍ വളരെ ആത്മീയനായ ഒരു മനുഷ്യന്റെ രോഗം പോലും സൗഖ്യമായെന്നു വരികയില്ലയെന്നും നാം രോഗിയായിരിക്കുമ്പോള്‍ വൈദ്യസഹായം തേടണമെന്നും മരുന്നുകള്‍ ഉപയോഗിക്കണമെന്നുമാണ് ദൈവനിശ്വാസീയമായ ഈ വചനം നമ്മെ പഠിപ്പിക്കുന്നത്.

6:4-ല്‍ പൗലൊസ് തിമൊഥെയൊസിനോട് വിവാദമുണ്ടാക്കുന്ന തര്‍ക്കങ്ങളില്‍ ഇടപെടരുതെന്നു മുന്നറിയിപ്പ് നല്‍കുന്നു. ഈ മുന്നറിയിപ്പ് എല്ലാ മൂപ്പന്മാരും ഹൃദയത്തില്‍ ഏറ്റെടുക്കേണ്ടതാണ്. ചില വിശ്വാസികള്‍ സ്ഥിരമായി വേദശാസ്ത്രപരമായ വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ താല്പര്യമുള്ളവരാണ്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഒഴിവാക്കുക.

ഭൗതിക ആവശ്യങ്ങള്‍ക്കായി ദൈവം നല്‍കിയിരിക്കുന്ന കാര്യങ്ങളില്‍ എപ്പോഴും തൃപ്തിയുള്ളവനായിരിക്കുവാന്‍ തിമൊഥെയൊസിനോട് ആവശ്യപ്പെടുന്നു. ഒരുവന്‍ തന്റെ ആവശ്യങ്ങളെക്കാള്‍ അധികം സമ്പത്തു നേടാന്‍ ശ്രമിക്കുന്നതിന്റെ അപകടം സംബന്ധിച്ച് പൗലൊസ് മുന്നറിയിപ്പ് നല്‍കുന്നു (6:6-10). ഒരു ക്രിസ്തീയ വേലക്കാരന് അത്യാഗ്രഹിയാകുവാന്‍ വളരെ എളുപ്പമാണ്. പണം ഒരു നല്ല ദാസനും ദുഷ്ടനായ ഒരു യജമാനനുമാണ്. പണത്തിനായി ആഗ്രഹിക്കുന്നവന്‍ പല പ്രശ്‌നങ്ങളാല്‍ തങ്ങളെ തന്നെ നശിപ്പിക്കുന്നു. ”ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങളുടെയും വേരാണ്.” ക്രിസ്തീയ വേലയിലുള്ള പലരും ദ്രവ്യാഗ്രഹത്താല്‍ സ്വയം നശിച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ നമുക്കുള്ള പ്രബോധനം ഇതാണ്-”വിശ്വാസത്തിന്റെ നല്ല പോര്‍ പൊരുതുക, നിത്യജീവനെ മുറുകെ പിടിക്കുക” (6:12). നിത്യജീവന്‍ എന്നാല്‍ ദൈവിക ജീവന്‍ തന്നെയാണ്. തിമൊഥെയൊസിനെ പോലെ മുഴുഹൃദയത്തോടെ ദൈവത്തെ സേവിക്കുന്ന ഒരു സഹോദരനോടു പോലും ഈ ജീവന്‍ അധികം അധികം പ്രാപിക്കണമെന്ന് ആവശ്യപ്പെടുന്നു. അധികം അധികം പണം നേടുക എന്നൊരു കാര്യത്തിനു നേരെ വിപരീതമാണ് ഇത്. ”പൊന്തിയോസ് പീലാത്തോസിന്റെ മുമ്പില്‍ നല്ല സാക്ഷ്യം നിര്‍വ്വഹിച്ച യേശു ക്രിസ്തുവിനെ ഓര്‍ത്തുകൊള്ളുക” എന്നാണ് നമ്മോട് ആവശ്യപ്പെടുന്നത്(6:13). പീലാത്തോസിന്റെ മുമ്പില്‍ യേശു നടത്തിയ സാക്ഷ്യ പ്രസ്താവന ഇതാണ്: ”എന്റെ രാജ്യം ഐഹികമല്ല.” ഒരു ക്രിസ്തീയ വേലക്കാരന്‍ സുവിശേഷം പ്രസംഗിച്ച് ധനികനാകുവാന്‍ പാടില്ല. ധനികരായ ക്രിസ്ത്യാനികളോട് അവരുടെ ”അനിശ്ചിതമായ സമ്പത്തില്‍” ആശ്രയിക്കരുത്; പകരം ആവശ്യക്കാരായ ദരിദ്രരുമായി അത് പങ്കുവയ്ക്കുക എന്നാണ് ആവശ്യപ്പെടുന്നത് (6:17). അവസാനമായി പൗലൊസ് തിമൊഥെയൊസിനോടു ആവശ്യപ്പെടുന്നതിതാണ്: ”നിന്നെ ഭാരമേല്പിച്ചിട്ടുള്ളത് സൂക്ഷിച്ചു കൊള്ളുക. ഭക്തിവിരുദ്ധമായ വ്യര്‍ത്ഥജല്പനങ്ങളും ജ്ഞാനമെന്നു വ്യാജമായി പറയപ്പെടുന്ന വിരുദ്ധ വാദങ്ങളും ഉപേക്ഷിക്കുക”(6:20). അന്ത്യത്തോളം വിശ്വസ്തരായിരിക്കുവാന്‍ ദൈവം നമ്മേയും സഹായിക്കട്ടെ!

What’s New?