ബൈബിളിലൂടെ : എഫെസ്യര്‍

ക്രിസ്തുവില്‍ – ഭൂമിയില്‍ സ്വര്‍ഗജീവിതം

Chapter: 1 | 2 | 3 | 4 | 5 | 6


ഒരുപക്ഷേ പൗലൊസ് എഴുതിയ ലേഖനങ്ങളില്‍ ഏറ്റവും ആത്മീയ നിലവാരമുള്ളതാണ് എഫെസ്യര്‍ക്കുള്ള ലേഖനം. ആ കാലഘട്ടത്തില്‍ വളരെ ആത്മീയ നിലവാരം ഉണ്ടായിരുന്ന ഒരു സഭയായിരുന്നു എഫെസ്യ സഭ എന്നാണ് അത് സൂചിപ്പിക്കുന്നത്.

ഗലാത്യയിലെ ക്രിസ്ത്യാനികളോട് പൗലൊസിന് കടുത്ത ഭാഷയില്‍ ഇങ്ങനെ പറയേണ്ടി വന്നു: ”ഹാ ബുദ്ധികെട്ട ഗലാത്യരേ, നിങ്ങളെ ആഭിചാരത്താല്‍ വശീകരിച്ചത് ആര്‍?” എന്നാല്‍ എഫെസ്യ ക്രിസ്ത്യാനികളെ തിരുത്തേണ്ടതായി ഒന്നും ഉണ്ടായിരുന്നില്ല. മറ്റു പല സഭകളോടും പങ്കു വയ്ക്കുവാന്‍ കഴിയാതിരുന്ന പലതും അവരുമായി പങ്കുവയ്ക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അത്രമാത്രം മഹത്തായൊരു സഭയായിരുന്നു അത്. കൊരിന്ത്യയിലെ ക്രിസ്ത്യാനികളോട് അദ്ദേഹം പറഞ്ഞു: ”ഞാന്‍ നിങ്ങള്‍ക്കു പാലാണ് തന്നത്.” എന്നാല്‍ എഫെസ്യരുമായി ആഴമേറിയ സത്യങ്ങള്‍ പങ്കുവയ്ക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. നമ്മുടെ ആത്മീയ വളര്‍ച്ചയുടെ അളവിനനുസരിച്ചു മാത്രമേ നമുക്കു സ്വീകരിക്കുവാന്‍ കഴിയുകയുള്ളു. ഒരു ശിശുവിനു മാംസാഹാരം കഴിക്കുവാന്‍ സാധിക്കുകയില്ല. കാരണം അതിനു ചവച്ചരച്ച് കഴിക്കുവാന്‍ സാധിക്കുന്നില്ല. നാം ദീര്‍ഘകാലം ശിശുക്കളെ പോലെയിരുന്നാല്‍ പാല്‍ മാത്രം കഴിച്ച് ജീവിക്കേണ്ടി വരും. പല വിശ്വാസികളുടേയും അവസ്ഥ ഇതാണ്. പാപക്ഷമ ലഭിച്ചു എന്നതില്‍ അവര്‍ തൃപ്തരായിരിക്കുന്നു. അതിനു ശേഷം മറ്റുള്ളവരേയും പാപക്ഷമ ലഭിക്കുന്നതിലേക്കു കൊണ്ടുവരിക എന്നതു മാത്രമാണ് തങ്ങളുടെ കര്‍ത്തവ്യം എന്നവര്‍ കരുതുന്നു.

അതു മാത്രമാണ് ദൈവത്തിന്റെ പദ്ധതി എങ്കില്‍ പുതിയ നിയമത്തിന്റെ ഭൂരിഭാഗവും ഉപയോഗശൂന്യമെന്നു കണ്ട് ഉപേക്ഷിക്കാവുന്നതാണ്. എന്തുകൊണ്ടാണ് പുതിയ നിയമത്തില്‍ ഇത്രമാത്രം ഉപദേശങ്ങളുള്ളത്? നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചു കിട്ടി എന്നതില്‍ മാത്രം നമ്മെ നിര്‍ത്തുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല. വീണ്ടും ജനനത്തില്‍ അവസാനിച്ച് എന്നും പാല് മാത്രം കുടിച്ച് ജീവിക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നില്ല. നാം പക്വതയിലേക്കു വളരണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നാം കൂടുതല്‍ പക്വതയുള്ളവരാകുമ്പോള്‍ മറ്റുള്ളവരുടെ മുമ്പാകെയുള്ള നമ്മുടെ സാക്ഷ്യവും കൂടുതല്‍ ഫലപ്രദമായി തീരും. മനുഷ്യരെ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടു പോവുക എന്നൊരു പരിപാടി മാത്രമല്ല ദൈവത്തിനുള്ളത്. ഈ ഭൂമിയിലുള്ള എല്ലാ ക്രിസ്തീയ ഭവനങ്ങളിലും എല്ലാ പ്രാദേശിക സഭകളിലും ക്രിസ്തുവിന്റെ ശക്തമായ സാക്ഷ്യം ഉണ്ടാക്കുക എന്നതാണ് ദൈവത്തിന്റെ പദ്ധതി. അതുകൊണ്ടാണ് യേശു ഇങ്ങനെ പറഞ്ഞത്: ”ഞാന്‍ നിങ്ങളോട് കല്പിച്ചതെല്ലാം അനുസരിക്കുവാന്‍ ഉപദേശിച്ചുകൊണ്ട് സകല ജാതികളേയും എന്റെ ശിഷ്യരാക്കിക്കൊള്‍വിന്‍” (മത്താ. 28:20).

എഫെസ്യ ലേഖനത്തില്‍ പൗലൊസ് ആകമാന സഭയെക്കുറിച്ചു സംസാരിക്കുന്നു. ആകമാന സഭയുടെ തത്ത്വമെന്താണെന്ന കാര്യം നാം അറിയും. ഈ ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗീയ ജീവിതം ജീവിക്കാം എന്നതാണ് എഫെസ്യ ലേഖനം കൈകാര്യം ചെയ്യുന്ന വിഷയം. സ്വര്‍ഗ്ഗീയ മനസ്സുള്ളവരാണെങ്കില്‍ മാത്രമേ ഒരു സഭയ്ക്കും ഒരു ക്രിസ്ത്യാനിക്കും ഈ ഭൂമിയിലെ തങ്ങളുടെ ചുമതലകള്‍ ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ കഴിയുകയുള്ളു. നിങ്ങള്‍ എത്രത്തോളം സ്വര്‍ഗ്ഗീയ മനസ്സുള്ളവനാണോ അത്രത്തോളം നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം ഈ ഭൂമിയില്‍ പൂര്‍ത്തീകരിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും. മരണശേഷം നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നു പറഞ്ഞാലും നിങ്ങള്‍ എത്രത്തോളം ലോക മനസ്സുള്ളവനാണോ അത്രത്തോളം ദൈവിക ഉദ്ദേശ്യം നിവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ പ്രയോജനമില്ലാത്തവനായിരിക്കും. നിങ്ങളുടെ ഭവനത്തില്‍ ദൈവിക പദ്ധതി പൂര്‍ണ്ണമായി നിറവേറണമെങ്കില്‍ അതൊരു സ്വര്‍ഗ്ഗീയ ഭവനമായിരിക്കണം. നമ്മെക്കുറിച്ചുള്ള ദൈവഹിതം ഇതാണ്: ”നിങ്ങളുടെ ഭൂമിയിലെ ദിനങ്ങള്‍ സ്വര്‍ഗ്ഗം ഭൂമിയിലേക്കു വന്നതു പോലെയാകട്ടെ” (ആവ. 11:20). ഇത് പഴയ ഉടമ്പടിക്കു കീഴില്‍ സാദ്ധ്യമായിരുന്നില്ല. എന്നാല്‍ പുതിയ ഉടമ്പടിക്കു കീഴില്‍ നാം എങ്ങനെ ജീവിക്കണമെന്നു പറയുന്നതാണ് എഫെസ്യ ലേഖനം.


ക്രിസ്തുവില്‍


എഫെസ്യ ലേഖനത്തില്‍ ഇടയ്ക്കിടെ വരുന്ന ഒരു പ്രയോഗമാണ് ”ക്രിസ്തുവില്‍” അല്ലെങ്കില്‍ ”അവനില്‍.” യേശുക്രിസ്തുവിന്റെ പുറമേയുള്ള ശുശ്രൂഷ സുവിശേഷങ്ങളില്‍ ആര്‍ക്കും വായിക്കാവുന്നതാണ്. അവിടുന്നു ദരിദ്രരോടു കരുതലുള്ളവനായിരുന്നു. അവിടുന്നു കുഷ്ഠരോഗിയെ സ്പര്‍ശിച്ചു. അവിടുന്നു രോഗികളെ സൗഖ്യമാക്കി. അവിടുന്നു സുവിശേഷം പ്രസംഗിച്ചു… അങ്ങനെയങ്ങനെ. എല്ലാ മതവിശ്വാസത്തില്‍പ്പെട്ടവരും യേശുവിന്റെ പുറമെയുള്ള ഈ ശുശ്രൂഷയെ വിലമതിക്കുന്നുണ്ട്. എന്നുമാത്രമല്ല ചിലര്‍ ഇവയില്‍ ചിലത് അനുകരിക്കുകയും ചെയ്യുന്നു. അത് മനുഷ്യരുടെ ഇടയില്‍ വിലയുള്ളതാകയാല്‍ ഒരാള്‍ക്ക് അതു വഴി നല്ല പ്രശസ്തി ലഭിക്കുന്നു. എന്നാല്‍ എഫെസ്യ ലേഖനം പറയുന്നത് ”ക്രിസ്തുവില്‍” ആയിരിക്കുക എന്നതിനെ സംബന്ധിച്ചാണ്. പൗലൊസ് ആന്തരിക ജീവിതത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ക്രിസ്തുവിലാകാതെ പുറമെയുള്ള യേശുവിനെ മാത്രം അനുസരിക്കുവാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ ഒരുപക്ഷേ രക്ഷിക്കപ്പെടുക പോലുമില്ല. മനുഷ്യരുടെ ഇടയിലെ മാനത്തിനു വേണ്ടി നിങ്ങള്‍ക്കു യേശുവിനെ അനുകരിക്കാം. എന്നാല്‍ യഥാര്‍ത്ഥ ആത്മീയത എന്നത് ‘ക്രിസ്തുവില്‍ ആകുന്നതും’ അവിടുത്തെ മൂല്യങ്ങളും താല്പര്യങ്ങളും അറിയുന്നതും ആണ്. യേശുവിന്റെ ജീവന്‍ ആദ്യം ഉള്ളില്‍ വരികയും പിന്നീട് പുറത്തേക്കു വ്യാപരിക്കുകയും ആണ് വേണ്ടത്.

സമാഗമന കൂടാരത്തെക്കുറിച്ചു പഠിക്കുമ്പോള്‍ നാം കാണുന്നത് ശീലകള്‍കൊണ്ടുള്ള പുറത്തെ ചുറ്റു മതിലിനെ സംബന്ധിച്ചു പറഞ്ഞല്ല ദൈവം തുടങ്ങിയത് എന്നതാണ്. മറിച്ച് അതിവിശുദ്ധ സ്ഥലത്തെ പെട്ടകത്തെ സംബന്ധിച്ചു പറഞ്ഞാണ് അവിടുന്നു തുടങ്ങിയത്. ദൈവിക വഴി എപ്പോഴും അങ്ങനെയാണ്. വ്യക്തികളെന്ന നിലയിലും സഭയെന്ന നിലയിലും ദൈവത്തിന്റെ വാസസ്ഥലമാണ് നമ്മള്‍. ദൈവം തന്റെ വാസസ്ഥലം ഒരുക്കുമ്പോള്‍ അവിടുന്നു തുടങ്ങുന്നത് ഉള്ളില്‍ നിന്നാണ് – നിങ്ങളുടെ ആത്മാവില്‍ നിന്നും. ‘ക്രിസ്തുവില്‍’ എന്ന വാക്കു 13 തവണ ഈ ചെറിയ ലേഖനത്തില്‍ വരുന്നുണ്ട്. ”കൃപ” 11 തവണയും ”ആത്മീയം” 13 തവണയും വരുന്നുണ്ട്. എഫെസ്യ ലേഖനം ഭൗതിക അനുഗ്രഹത്തെ സംബന്ധിച്ചല്ല സംസാരിക്കുന്നത്; പകരം ആത്മീയ അനുഗ്രഹത്തെ സംബന്ധിച്ചാണ്. അത് ന്യായപ്രമാണത്തെക്കുറിച്ചല്ല, എന്നാല്‍ കൃപയെക്കുറിച്ചാണ്. ”ക്രിസ്തുവില്‍” ഉള്ള നമ്മുടെ ജീവിതത്തില്‍ തുടങ്ങി പുറമെയുള്ള ജീവിതത്തിലേക്കു വ്യാപരിക്കുന്നതാണത്. ഇത് മനസ്സില്‍ വച്ചുകൊണ്ട് എഫെസ്യ ലേഖനം പഠിക്കുകയാണെങ്കില്‍ ഒരു സ്വര്‍ഗ്ഗീയ ജീവിതം ഈ ഭൂമിയില്‍ ജീവിക്കുന്നതെങ്ങനെയെന്നു മനസ്സിലാകും. അതു കൊണ്ടാണ് എഫെസ്യ ലേഖനം ”സ്വര്‍ഗ്ഗത്തിലുള്ള ആത്മീയ അനുഗ്രഹങ്ങള്‍” എന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നത്.

എഫെസ്യ ലേഖനം വളരെ വ്യക്തമായി തന്നെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വിശ്വാസികളെന്ന നിലയില്‍ നമുക്കു ക്രിസ്തുവിലുള്ള സ്ഥാനം സംബന്ധിച്ചാണ് ആദ്യ മൂന്ന് അദ്ധ്യായങ്ങള്‍. നാം ഈ ഭൂമിയില്‍ എങ്ങനെ നടക്കണമെന്നും ‘ക്രിസ്തുവില്‍’ ഉള്ള നമ്മുടെ സ്ഥാനത്തു നിന്നുകൊണ്ട് പിശാചിനെ എങ്ങനെ എതിര്‍ക്കണമെന്നുമാണ് പിന്നീടുള്ള മൂന്നു അദ്ധ്യായങ്ങളില്‍ ഉള്ളത്. അടിസ്ഥാനവും ഉപരിഭാഗവും ഉള്ള ഒരു കെട്ടിടം പോലെയാണിത്. ആദ്യ മൂന്നു അദ്ധ്യായങ്ങള്‍ അടിസ്ഥാനവും അവസാന മൂന്ന് അദ്ധ്യായങ്ങള്‍ ഉപരിതല ഭാഗങ്ങളുമാണ്.

‘ക്രിസ്തുവില്‍’ എന്ന അടിസ്ഥാനം ഇല്ലാതെ ഉപരിതലം പണിയാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ യേശുവിന്റെ ജീവിതത്തെ ബഹുമാനിക്കുകയും ഗിരിപ്രഭാഷണത്തിലെ ഉപദേശങ്ങള്‍ അനുസരിക്കണമെന്നു പറയുകയും ചെയ്യുന്ന അക്രൈസ്തവരെ പോലെയായിരിക്കും. മതഭക്തരായ പല ആളുകളും ഗിരിപ്രഭാഷണം അനുസരിച്ച് ജീവിക്കുവാന്‍ ശ്രമിക്കാറുണ്ട്. അവര്‍ ആളുകളോട് കരുണയും നന്മയും ഉള്ളവരാകുവാന്‍ ശ്രമിക്കുന്നു. അവര്‍ അടിസ്ഥാനമില്ലാതെ ഉപരിതലം പണിയുവാന്‍ ശ്രമിക്കുകയാണ്. വിവേചനമില്ലാത്ത ക്രിസ്ത്യാനികള്‍ ഇങ്ങനെയൊരാളെ ”ക്രിസ്തുസ്വഭാവമുള്ളവന്‍” എന്ന തരത്തില്‍ വിലമതിക്കും. അവര്‍ അന്ധരാണ്. അടിസ്ഥാനമില്ലാത്ത ഒരു വീട് വെള്ളപ്പൊക്കം വരുമ്പോള്‍ ഒലിച്ചു പോകും.

അത്തരം ആളുകളെ വിലമതിക്കുന്നവന്‍ അവരെ പോലെയാകും എന്നതാണ് അതിലെ അപകടം. നിങ്ങള്‍ക്കു ജീവിതകാലം മുഴുവന്‍ ദരിദ്രരേയും കുഷ്ഠരോഗികളെയും വിധവമാരേയും സംരക്ഷിക്കുന്ന സാമൂഹിക സേവനങ്ങളൊക്കെ ചെയ്ത് മനുഷ്യരുടെ മുമ്പില്‍ മാനം തേടാന്‍ സാധിക്കും. എന്നാല്‍ നിങ്ങള്‍ ക്രിസ്തുവില്‍ അല്ലെങ്കില്‍ ദൈവത്താല്‍ തിരസ്‌കരിക്കപ്പെടും. ഇതാണ് ഇന്നു ക്രിസ്തീയ ഗോളത്തില്‍ നാം നേരിടുന്ന ഒരു യഥാര്‍ത്ഥ അപകടം.

എഫെസ്യ ലേഖനത്തിന്റെ ആദ്യ മൂന്നു അദ്ധ്യായങ്ങളില്‍ പ്രബോധനങ്ങളോ കല്പനകളോ ഇല്ല എന്ന വസ്തുതയാണ് നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഈ അദ്ധ്യായങ്ങളില്‍ നമ്മോട് എന്തെങ്കിലും ചെയ്യുവാന്‍ ആവശ്യപ്പെടുന്നില്ല. ദൈവം നമുക്കു വേണ്ടി എന്തു ചെയ്തു എന്നു മാത്രമാണ് അവിടെ പറയുന്നത്. എന്നാല്‍ 4 മുതല്‍ 6 വരെയുള്ള അദ്ധ്യായങ്ങളില്‍ പൂര്‍ണ്ണമായും പ്രബോധനങ്ങളാണ്. ഇതാണ് ക്രിസ്തീയ ജീവിതത്തില്‍ നമുക്കുണ്ടാകേണ്ട സന്തുലിതാവസ്ഥ. ആദ്യം ദൈവം നമുക്കുവേണ്ടിയും നമ്മുടെ ഉള്ളിലും എന്തു ചെയ്തു എന്നതു സംബന്ധിച്ചു നാം വ്യക്തമായി അറിഞ്ഞിരിക്കണം. അപ്പോള്‍ ദൈവം നമ്മിലൂടെ പ്രവര്‍ത്തിച്ചു തുടങ്ങും. ദൈവം ഒരു പ്രവൃത്തി നമ്മളില്‍ ആദ്യം ചെയ്യാതെ ദൈവത്തിനു നമ്മളിലൂടെ പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ല. ഇല്ലെങ്കില്‍ ക്രിസ്തുവിനെ അനുകരിക്കുക എന്നത് ഒരു സ്വയ പ്രവൃത്തിയായി തീരും. നമുക്കു സ്വയം ശ്രമിച്ച് ഒരു ജീവിതം നയിക്കുവാനും ദരിദ്രരെ സഹായിക്കുവാനുമൊക്കെ കഴിയും. എന്നാല്‍ അവയൊക്കെ പുറമെയുള്ളതും പൊള്ളയായതും ആയിരിക്കും. അതിനാലാണ് എഫെസ്യ ലേഖനം ”ക്രിസ്തുവില്‍’ എന്നതിന് ഊന്നല്‍ നല്‍കുന്നത്.

പല മതവിഭാഗത്തില്‍പ്പെട്ട ആളുകളും യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണത്തെ വിലമതിക്കുകയും അത് അനുകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അവര്‍ വളരെയധികം നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അവര്‍ ”ക്രിസ്തുവിങ്കലേക്ക്” ആദ്യം വന്നിട്ടില്ല. അതിനാല്‍ അത് ദൈവം അവരിലൂടെ ചെയ്യുന്ന പ്രവൃത്തിയല്ല. അവര്‍ ക്രിസ്തുവിനെ അനുകരിക്കുവാന്‍ ശ്രമിക്കുന്നു എന്നു മാത്രം. അഗ്നിയുടെ ചിത്രം പോലെയാണത്.

അകലെ നിന്നു നോക്കുമ്പോള്‍ യഥാര്‍ത്ഥ അഗ്നി ആണെന്നു തോന്നുന്നതുപോലെ അഗ്നിയുടെ ഒരു ഛായാചിത്രം വരച്ചു വയ്ക്കുവാന്‍ ഒരു നല്ല കലാകാരനു കഴിയും. എന്നാല്‍ അത് ചൂടോ വെളിച്ചമോ നല്‍കുന്നില്ല. നമുക്കു ശരിയായ വിവേചനമില്ലെങ്കില്‍ ക്രിസ്തുവിനെ അനുകരിക്കുവാന്‍ ശ്രമിക്കുന്നവരാല്‍ നാം കബളിപ്പിക്കപ്പെടാം. ക്രിസ്തുവിനെ അനുകരിക്കുന്നതിലൂടെ ലോകത്തിന്റെ മാനം ലഭിക്കുവാന്‍ സാധിക്കും. എന്നാല്‍ അത് അവനു നിത്യജീവന്‍ നല്‍കുകയില്ല. നിത്യജീവന്‍ ലഭിക്കണമെങ്കില്‍ ഒരുവന്‍ യേശുവിനെ വ്യക്തിപരമായി കര്‍ത്താവും രക്ഷിതാവും ആയി അറിയണം.

യേശു പറഞ്ഞു: ”ആദ്യം പാത്രത്തിന്റെ അകം വെടിപ്പാക്കുക അപ്പോള്‍ പുറവും ശുദ്ധമായി തീരും.” അതാണ് ഗിരിപ്രഭാഷണത്തിന്റെ പ്രധാന ഊന്നല്‍. അത് കേവലം വ്യഭിചാരം ചെയ്യരുത് എന്നു മാത്രമല്ല സ്ത്രീയെ മോഹത്തോടെ നോക്കുക പോലും ചെയ്യരുതെന്നാണ്. അത് കേവലം നാവിനെ നിയന്ത്രിക്കണം എന്നു മാത്രമല്ല. ഹൃദയം നിറഞ്ഞു കവിയുന്നതാണ് വായ് സംസാരിക്കുന്നത്. അതിനാല്‍ ഹൃദയം മുഴുവന്‍ മലിനമാണെങ്കില്‍ നാവിനെ നിയന്ത്രിച്ചതു കൊണ്ടു മാത്രം കാര്യമില്ല. ശ്രദ്ധിക്കാത്ത ഒരു നിമിഷം ഹൃദയത്തിലുള്ള എല്ലാ മാലിന്യവും പുറത്തേക്കു വരും. ”പൂര്‍ണ്ണ ജാഗ്രതയോടെ നിന്റെ ഹൃദയത്തെ സൂക്ഷിച്ചുകൊള്ളുക” (സദൃ. 4:23).


സ്വര്‍ഗ്ഗത്തിലെ ആത്മീയാനുഗ്രഹങ്ങള്‍


അധ്യായം 1:3 പറയുന്നു ”സ്വര്‍ഗ്ഗത്തിലെ സകല ആത്മീയാനുഗ്രഹങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍.” ശ്രദ്ധിക്കുക. ഇവിടെ അനുഗ്രഹങ്ങളെല്ലാം ആത്മീയമാണ്. അല്ലാതെ ഭൗതികമല്ല. പഴയ ഉടമ്പടി പ്രകാരം യിസ്രായേല്‍ മക്കള്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത് ഭൗതിക അനുഗ്രഹങ്ങളാണ്. ആവര്‍ത്തനം 28ല്‍ നമുക്കത് വായിക്കാന്‍ കഴിയും. മോശെ കൊണ്ടുവന്ന ന്യായപ്രമാണത്തില്‍ നിന്നും ക്രിസ്തു കൊണ്ടുവന്ന കൃപയെ വ്യത്യസ്തമാക്കുന്നത് ഇതാണ്. ഇത്തരമൊരു വാക്യം പഴയ ഉടമ്പടിക്കു കീഴില്‍ ഇങ്ങനെ ആയിരിക്കും വായിക്കുക: ”ഭൂമിയിലുള്ള സകല ഭൗതിക അനുഗ്രഹങ്ങളാലും മോശെ മുഖാന്തിരം അനുഗ്രഹിച്ചിരിക്കുന്ന സര്‍വ്വശക്തനായ ദൈവം (പിതാവെന്നല്ല) വാഴ്ത്തപ്പെട്ടവന്‍.” അ തിനാല്‍ ഭൗതികമായ രോഗസൗഖ്യവും ഭൗതികമായ അനുഗ്രഹങ്ങളും മാത്രം ആഗ്രഹിക്കുന്ന വിശ്വാസികള്‍ പഴയ ഉടമ്പടിയിലേക്കു മടങ്ങി പോവുകയാണ്. അവര്‍ ക്രിസ്ത്യാനികളല്ല. പഴയ യിസ്രയേല്‍ മക്കളാണ്. അവര്‍ ക്രിസ്തുവിന്റെ അനുയായികളല്ല മോശെയുടെ അനുയായികളാണ്.

അതിന്റെ അര്‍ത്ഥം ദൈവം വിശ്വാസികളെ ഭൗതികമായി അനുഗ്രഹിക്കുകയില്ല എന്നാണോ? തീര്‍ച്ചയായും അനുഗ്രഹിക്കും. എന്നാല്‍ വ്യത്യസ്തമായ തരത്തിലായിരിക്കും. അത് അവര്‍ മുമ്പേ അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുമ്പോള്‍ അവരുടെ ഭൗതിക ആവശ്യങ്ങള്‍ എല്ലാം അതോടുകൂടെ സാധിച്ചു കിട്ടിയിരിക്കും. പഴയ ഉടമ്പടിക്കു കീഴില്‍ ആളുകള്‍ ഇത്തരം ഭൗതിക അനുഗ്രഹങ്ങള്‍ മാത്രമാണ് അന്വേഷിച്ചത്. അത് അവര്‍ക്കു ധാരാളമായി ലഭിച്ചു. ധാരാളം മക്കള്‍, വളരെ സമ്പത്ത്, വളരെ പണം, ശത്രുക്കളുടെ മേല്‍ ജയം, ഭൂമിയില്‍ സ്ഥാനവും മാനവും അങ്ങനെ പലതും. എന്നാല്‍ പുതിയ ഉടമ്പടിക്കു കീഴില്‍ നാം അന്വേഷിക്കുന്നത് ആത്മീയ അനുഗ്രഹം, ആത്മീയ മക്കള്‍, ആത്മീയ സമ്പത്ത്, ആത്മീയ മാനം, ആത്മീയ വിജയങ്ങള്‍ (സാത്താന്റെ മേലും ജഡത്തിന്റെ മേലും ആണ്. അല്ലാതെ ഫെലിസ്ത്യര്‍ക്കോ മറ്റേതെങ്കിലും മനുഷ്യര്‍ക്കോ എതിരെയല്ല) എന്നിവയാണ്. ദൈവഹിതം നിവര്‍ത്തിക്കുന്നതിനുള്ള നമ്മുടെ ഭൗതിക ആവശ്യങ്ങളായ ആരോഗ്യവും പണവും ദൈവം നല്‍കും. നാം നശിച്ചു പോകാത്ത അത്ര അളവില്‍ ദൈവം നമുക്കു പണം നല്‍കും. പഴയ ഉടമ്പടിക്കു കീഴില്‍ ദൈവം ചില ആളുകളെ കോടീശ്വരന്മാരാക്കിയിരുന്നു. എന്നാല്‍ ഇന്നു നമുക്കു വേണ്ടി അങ്ങനെ ചെയ്യുകയില്ല. കാരണം അത് നമ്മെ ഉയരത്തിലുള്ളത് അന്വേഷിക്കുന്നതില്‍ നിന്നു തടയുകയും നമ്മെ നശിപ്പിക്കുകയും ചെയ്യും.

പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസം പല വിശ്വാസികളും മനസ്സിലാക്കിയിട്ടില്ല. അതിനാലാണ് അവര്‍ ഇപ്പോഴും പഴയ ഉടമ്പടിക്കു കീഴില്‍ ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ അന്വേഷിക്കുന്നത്. അനുഗ്രഹം പ്രസംഗിക്കുന്ന ആളുകള്‍ വേദപുസ്തകത്തിലെ ചില ഭാഗങ്ങള്‍ തിരഞ്ഞെടുത്ത് പ്രസംഗിക്കുന്നു. ഉദാഹരണത്തിനു ആവര്‍ത്തനം 28:11ല്‍ പറയുന്ന പഴയ ഉടമ്പടിയിലെ അനുഗ്രഹത്തില്‍ ദൈവം യിസ്രയേല്‍ മക്കള്‍ക്കു ധാരാളം പണവും ധാരാളം സന്താനങ്ങളേയും നല്‍കുമെന്നു വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ പ്രസംഗകര്‍ ഇതിന്റെ രണ്ടാം ഭാഗം പ്രസംഗിക്കുന്നില്ല. ഇത് അവരുടെ സത്യസന്ധതയുടെ കുറവാണ് കാണിക്കുന്നത്. ഒരു അനുഗ്രഹ പ്രസംഗകനും ദൈവം ധാരാളം സന്താനങ്ങളെ നല്‍കും എന്നു പ്രസംഗിക്കുന്നത് കേട്ടിട്ടില്ല. ഈയൊരു വസ്തുത മാത്രം മതി ഇവര്‍ വലിയ ചതിയന്മാരാണെന്നു തെളിയിക്കുവാന്‍. അവര്‍ ഭൗതിക അനുഗ്രഹത്തെ സംബന്ധിച്ച് പ്രസംഗിക്കുന്നതിനു കാരണം അവരുടെ വലിയ സമ്പത്തിനെ അവര്‍ക്കു ന്യായീകരിക്കണം (അവര്‍ ദരിദ്രരായ ആളുകളില്‍ നിന്നും ശേഖരിച്ചു സമ്പാദിച്ചത്). അതിനാല്‍ പ്രധാനമല്ലാത്ത പഴയ നിയമ വാക്യം ഉദ്ധരിക്കുന്നു. ഇത്തരം പ്രസംഗകരുടെ ചതിയില്‍ പെടരുത്.

1:3ല്‍ കാണുന്ന ആത്മീയ അനുഗ്രഹം എന്ന വാക്കിനെ ”പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങള്‍” എന്നു പരിഭാഷപ്പെടുത്താം. ക്രിസ്തുവില്‍ പരിശുദ്ധാത്മാവിലുള്ള എല്ലാ അനുഗ്രഹവും ദൈവം നമുക്കു നല്‍കിക്കഴിഞ്ഞു. നാം അത് യേശുവിന്റെ നാമത്തില്‍ അവകാശമാക്കിയാല്‍ മാത്രം മതി. വഴിയരികില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ഒരു യാചക ബാലികയെ സങ്കല്‍പ്പിക്കുക. ധനികനായ ഒരു രാജകുമാരന്‍ അവളെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയും, ബാങ്കില്‍ കോടികള്‍ നിക്ഷേപിക്കുകയും ഏതു സമയത്തും അവള്‍ക്കു പിന്‍വലിക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു. എത്ര ഭാഗ്യവതിയാണവള്‍! ഒരിക്കല്‍ ചില നാണയ തുട്ടുകള്‍ മാത്രമുണ്ടായിരുന്ന ഒരു തകര പാത്രമാണവള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്നവള്‍ വിലയേറിയ വസ്ത്രങ്ങള്‍ ധരിച്ച് ആഡംബരത്തില്‍ ജീവിക്കുന്നു. എത്ര തുക വേണമെങ്കിലും അവള്‍ക്കു ബാങ്കില്‍ നിന്നും പിന്‍വലിക്കാം. കാരണം ആ രാജകുമാരന്‍ ഒപ്പിട്ടു നല്‍കിയ ധാരാളം ചെക്കുകള്‍ അവളുടെ കൈവശമുണ്ട്. ആത്മീയ ഭാഷയില്‍ പറഞ്ഞാല്‍ ഇതാണ് നമ്മുടെ അവസ്ഥ. നമുക്കു സ്വര്‍ഗ്ഗമെന്ന ബാങ്കില്‍ പോയി പരിശുദ്ധാത്മാവിന്റെ ഓരോ അനുഗ്രഹങ്ങളും അവകാശമാക്കാം. കാരണം അവയെല്ലാം ക്രിസ്തുവിന്റെ നാമത്തില്‍ നമുക്കുള്ളതാണ്.

നാം ക്രിസ്തുവുമായി ”ഒരു വിവാഹ ഉടമ്പടി ബന്ധത്തിലെന്ന പോലെ” നിലനിന്നുകൊണ്ട് ഇങ്ങനെ പറയാന്‍ കഴിയണം: ”കര്‍ത്താവേ, ഈ ഭൂമിയിലുള്ള നാളൊക്കെയും അങ്ങയോട് ഒരു മണവാട്ടിയെന്നപോലെ സത്യസന്ധയായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” സ്വര്‍ഗ്ഗത്തിലുള്ളതെല്ലാം ക്രിസ്തുവില്‍ നമുക്കുള്ളതാണ്. അപ്പോള്‍ പരിശുദ്ധാത്മാവിലുള്ള സകല അനുഗ്രഹവും നമുക്കുള്ളതായിരിക്കും. നമ്മളതൊക്കെ അര്‍ഹിക്കുന്നുവെന്നു ദൈവത്തെ പറഞ്ഞ് ബോധിപ്പിക്കേണ്ട കാര്യമില്ല. കാരണം, നാം അവയൊന്നും തന്നെ അര്‍ഹിക്കുന്നില്ല. ആ യാചക പെണ്‍കുട്ടി തനിക്കു സൗജന്യമായി ലഭിച്ച സമ്പത്തെല്ലാം തനിക്ക് അര്‍ഹതപ്പെട്ടതാണെന്നു കരുതുമെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. നമുക്കു ലഭിക്കുന്നതെല്ലാം ദൈവത്തിന്റെ കരുണയാലും കൃപയാലുമാണ്. സ്വര്‍ഗ്ഗത്തിലുള്ളതെല്ലാം നമുക്കെടുക്കാം. കാരണം അവയെല്ലാം ക്രിസ്തുവില്‍ സൗജന്യമായി നമുക്കു നല്‍കപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ ഉപവാസത്താലോ പ്രാര്‍ത്ഥനയാലോ നേടാവുന്നതല്ല അവയൊന്നും. പലരും ഇത്തരത്തില്‍ പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങള്‍ നേടാന്‍ ശ്രമിക്കുന്നതിനാല്‍ അവര്‍ക്കതു ലഭിക്കുന്നില്ല. അങ്ങനെ നമുക്കതു ലഭിക്കുകയില്ല. ക്രിസ്തുവിന്റേതെന്ന നിലയില്‍ നാം അത് സ്വീകരിക്കുക മാത്രം ചെയ്താല്‍ മതി.

ചില ഭൗതിക ആവശ്യങ്ങള്‍ക്കു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ദൈവം എന്നെ ഈ പാഠം പഠിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ ഇങ്ങനെ ദൈവത്തോടു പറഞ്ഞു: ”ദൈവമേ, ഞാന്‍ വളരെ വര്‍ഷങ്ങളായി അങ്ങയെ സേവിക്കുകയാണ്. അതിനാല്‍ എനിക്ക് ഈ കാര്യം ചെയ്തു തരണം.” ദൈവം പറഞ്ഞു: ”ഇല്ല, നീ നിന്റെ സ്വന്ത നാമത്തില്‍ ചോദിക്കുന്നതുകൊണ്ടു ഞാന്‍ തരികയില്ല.” യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുക എന്നതിന്റെ അര്‍ത്ഥം ആ ദിവസം ഞാന്‍ മനസ്സിലാക്കി. അപ്പോള്‍ മാത്രം രക്ഷിക്കപ്പെട്ട ഒരു വിശ്വാസിയും 1959ല്‍ രക്ഷിക്കപ്പെട്ട ഞാനും ദൈവത്തിന്റെ അടുക്കലേക്കു ചെല്ലേണ്ടത് യേശുക്രിസ്തുവിനുള്ളത് എന്ന അടിസ്ഥാനത്തില്‍ മാത്രമാണെന്ന് അന്നു ഞാന്‍ തിരിച്ചറിഞ്ഞു. യേശുക്രിസ്തു ഒപ്പിട്ട ചെക്കുമായി വേണം ഞാനും ആ വ്യക്തിയും സ്വര്‍ഗ്ഗത്തിന്റെ ബാങ്കില്‍ ചെല്ലേണ്ടത്. അതിനു പകരം ഞാന്‍ വര്‍ഷങ്ങളായി ദൈവത്തോട് വിശ്വസ്തനായിരിക്കുന്നു എന്നതിനാല്‍ സ്വന്തമായി ഒപ്പിട്ട ചെക്കുമായി ചെന്നാല്‍ സ്വര്‍ഗ്ഗത്തിലെ ബാങ്ക് അതു തിരസ്‌കരിക്കും. അതിനാലാണ് നമ്മുടെ പല പ്രാര്‍ത്ഥനയ്ക്കും ഉത്തരം ലഭിക്കാതെ പോകുന്നത്. നാം യേശുവിന്റെ നാമത്തിലല്ല ചെല്ലുന്നത്. നാം സ്വന്തം പേരിലാണ് ചെല്ലുന്നത്. നാം ധാരാളം കാര്യങ്ങള്‍ വിട്ടു കൊടുത്തിട്ടുണ്ട് എന്നതിനാല്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം തന്നേ മതിയാകൂ എന്നാണ് നാം കരുതുന്നത്. നാം എഴുപതു വര്‍ഷം വിശ്വസ്തതയോടെ ജീവിച്ചാലും ദൈവമുമ്പാകെ വരുമ്പോള്‍ ഒരു പുതിയ വിശ്വാസിയെ പോലെ ആ അടിസ്ഥാനത്തില്‍ മാത്രമേ വരാവൂ- യേശുവിന്റെ നാമത്തില്‍. ആ ഒരു വെളിപാടിനായി ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. കാരണം അതിനു ശേഷം ഒരിക്കല്‍പോലും സ്വന്തമായി ഒപ്പിട്ട ചെക്കുമായി ദൈവത്തിന്റെ അടുക്കലേക്കു പോയിട്ടില്ല. അങ്ങനെ പോകുവാന്‍ പരീക്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ എന്നോടു തന്നെ ഇങ്ങനെ പറയും: ”ആ ചെക്ക് ഒരിക്കലും മാറി കിട്ടുന്നില്ല. യേശുവിനുള്ള യോഗ്യതയാല്‍ ഞാന്‍ യേശുവിന്റെ നാമത്തില്‍ പോകട്ടെ.” അതിനാല്‍ സ്വര്‍ഗ്ഗത്തിലുള്ള പരിശുദ്ധാത്മാവിന്റെ സകല അനുഗ്രഹവും ക്രിസ്തുവില്‍ നമുക്കുള്ളതാണ്.

ഒന്നാം അധ്യായം നാലാം വാക്യം ഇങ്ങനെ പറയുന്നു ”ദൈവം ലോകസ്ഥാപനത്തിനു മുന്‍പേ ക്രിസ്തുവില്‍ നമ്മെ തിരഞ്ഞെടുത്തു.” ലോക സൃഷ്ടിക്കു മുന്‍പേ എന്നു വച്ചാല്‍ ഉല്പത്തി 1:1നു മുമ്പേ ദൈവം നമ്മെ ക്രിസ്തുവില്‍ തിരഞ്ഞെടുത്തു. ലോകസൃഷ്ടിക്കു മുന്‍പേ എന്നത് ഉല്പത്തി 1:1നു മുന്‍പുള്ളതാണെന്നു കാണാം. യോഹന്നാന്‍ 1:1ല്‍ പറയുന്നു ”ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെയായിരുന്നു. വചനം (യേശു) ദൈവം ആയിരുന്നു.” അത് ഭൂതകാല നിത്യതയെ സൂചിപ്പിക്കുന്നു. സമയക്രമമനുസരിച്ച് വേദപുസ്തകത്തിലെ ആദ്യവാക്യം ഇതാണ്. അടുത്ത വാക്യം ഉല്പത്തി 1:1 അല്ല മറിച്ച് എഫെസ്യര്‍ 1:4 ആണ്. അതും ഭൂതകാല നിത്യതയെ സൂചിപ്പിക്കുന്നതാണ്. സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിക്കുന്നതിനു മുന്‍പേ ദൈവത്തിന്റെ ഹൃദയത്തില്‍ ക്രിസ്തുവിലുള്ള നമ്മളും ഉണ്ടായിരുന്നു എന്ന തിരിച്ചറിവ് ആശ്ചര്യകരമായ ഒന്നല്ലേ? സകല സൃഷ്ടിക്കും മുന്‍പേ ദൈവത്തിന്റെ മനസ്സിലുള്ള ജീവപുസ്തകത്തില്‍ നമ്മുടെ പേരുണ്ടായിരുന്നു. അതിനാലാണ് നാം ഒരിക്കലും നിരാശപ്പെടേണ്ടതില്ലാത്തത്. നാം ദൈവത്തിനു പ്രത്യേകതയുള്ളവരാണ്. നിങ്ങള്‍ ആര്‍ക്കും പ്രയോജനമില്ലാത്തവനാണന്നു തോന്നാം. എന്നാല്‍ നിങ്ങള്‍ വീണ്ടും ജനിച്ചയാളാണെങ്കില്‍ നിങ്ങളുടെ പേരും ഉല്പത്തി 1:1നു മുന്‍പേ ദൈവത്തിന്റെ മനസ്സില്‍ ഉണ്ട്. അതിനായി ദൈവത്തെ സ്തുതിക്കാം.

സ്വര്‍ഗ്ഗത്തില്‍ പോകുന്നതിനു വേണ്ടിയല്ല ദൈവം നമ്മെ തിരഞ്ഞെടുത്തത്. നിര്‍ഭാഗ്യവശാല്‍ ഇന്നുള്ള പല പ്രസംഗങ്ങളുടേയും വിഷയം നാം മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുന്നതിനെ സംബന്ധിച്ചാണ്. നാം മരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോകുവാന്‍ ദൈവം നമ്മെ തിരഞ്ഞെടുത്തു എന്നു പറയുന്ന ഒരു വാക്യംപോലും വേദപുസ്തകത്തിലില്ല. സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതിനു മുന്‍പ് ഈ ഭൂമിയില്‍ വിശുദ്ധരും നിഷ്‌കളങ്കരുമായി ജീവിക്കുന്നതിനു വേണ്ടിയാണ് ദൈവം നമ്മെ തിരഞ്ഞെടുത്തത്. മരിക്കുമ്പോള്‍ നാം സ്വര്‍ഗ്ഗത്തിലേക്കു പോകും എന്നു പറയുന്ന ധാരാളം പാട്ടുകള്‍ നാം പാടാറുണ്ട്. വിശുദ്ധരും നിഷ്‌കളങ്കരുമായിരുക്കുവാനാണ് ദൈവം നമ്മെ തിരഞ്ഞെടുത്തതെന്നു പറയുന്ന പാട്ടുകള്‍ നാം അധികം കേള്‍ക്കാറില്ല. നമ്മുടെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. 1 മുതല്‍ 3 വരെയുള്ള അദ്ധ്യായങ്ങള്‍ അടിത്തറയാണ്. അടിത്തറയിലുള്ള ഒരു കല്ലും ഇങ്ങനെ പറയില്ല. ”ഞങ്ങള്‍ മരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതിനാണ് ദൈവം ഞങ്ങളെ തിരഞ്ഞെടുത്തത്.”

ഒരു കെട്ടിടത്തിന്റെ അടിത്തറ ദുര്‍ബ്ബലമാണെങ്കില്‍ ക്രിസ്ത്യാനി എന്ന നിലയിലുള്ള നിങ്ങളുടെ ജീവിതവും തകര്‍ന്നു വീഴും. ഒരു കെട്ടിടത്തിന്റെ നാലാം നിലയില്‍ ഒരു വിള്ളലുണ്ടെങ്കില്‍ മിക്കവാറും അതിനു കാരണം അടിസ്ഥാനം ദുര്‍ബ്ബലമായിരുന്നു എന്നതായിരിക്കും. നൂറു നിലകളുള്ള മറ്റു ചില കെട്ടിടങ്ങള്‍ക്കു വിള്ളലൊന്നുമില്ലാതിരിക്കുന്നതിനു കാരണം അവയ്ക്കു വളരെ ആഴത്തില്‍ ശക്തമായ അടിത്തറയുണ്ടെന്നതാണ്. ക്രിസ്തീയ ജീവിതത്തിലും അങ്ങനെയാണ്. വീണ്ടും ജനിച്ച് പതിനഞ്ചു വര്‍ഷം കഴിഞ്ഞ് നിങ്ങള്‍ പിന്മാറ്റത്തില്‍ ആകുന്നുവെങ്കില്‍ അതിനു കാരണം നിങ്ങളുടെ ക്രിസ്തീയ ജീവിതത്തിന്റെ തുടക്കത്തില്‍ ഒരു നല്ല അടിത്തറ ഇട്ടില്ല എന്നതാണ്. ദൈവത്തില്‍ നിന്നും ഒന്നാമത് ആത്മീയ അനുഗ്രഹങ്ങളാണ് ആഗ്രഹിക്കുന്നതെന്ന് ഉറപ്പാക്കുക. അല്ലാതെ ഭൗതികവും സാമ്പത്തികവുമായ അനുഗ്രഹങ്ങളല്ല നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് ഉറപ്പാക്കുക. നിങ്ങള്‍ ക്രിസ്തുവിലാണ് എന്നു ഉറപ്പാക്കുക. സ്വര്‍ഗ്ഗത്തിലേക്കു പോകുവാനല്ല ദൈവം നിങ്ങളെ തിരഞ്ഞടുത്തതെന്നും എന്നാല്‍ അവിടുത്തെ മുമ്പാകെ വിശുദ്ധനും കുറ്റമില്ലാത്തവനും ആയി ജീവിക്കുന്നതിനു വേണ്ടിയാണെന്നും തിരിച്ചറിയുക.

തുടര്‍ന്നു നമ്മള്‍ 1:4,5 വാക്യങ്ങളില്‍ ഇങ്ങനെ വായിക്കുന്നു. ”അവിടുന്നു നമ്മെ സ്‌നേഹത്തില്‍ മുന്‍നിയമിച്ചു.” മുന്‍നിയമിച്ചു എന്നത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു വാക്കാണ്. ദൈവം എന്തിനാണ് നമ്മെ മുന്‍നിയമിച്ചിരിക്കുന്നത്? അതു സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകുന്നതിനു വേണ്ടിയാണോ? സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതിന് അവിടുന്ന് ആരേയും മുന്‍ നിയമിക്കുന്നില്ല. ‘തിരുഹിതത്തിന്റെ പ്രസാദപ്രകാരം ക്രിസ്തുയേശുവില്‍ നമ്മെ പുത്രന്മാരാക്കുവാന്‍ അവിടുന്നു നമ്മെ മുന്‍ നിയമിച്ചിരിക്കുന്നു.’ നാം പക്വതയുള്ളവരായി ക്രിസ്തുവില്‍ പുത്രന്മാരാകുവാനാണ് അല്ലാതെ ശിശുക്കളായിട്ടിരിക്കാനല്ല അവിടുന്നു നമ്മെ മുന്‍നിയമിച്ചിരിക്കുന്നത്. അതിനാല്‍ പിതാവിന്റെ വ്യാപാരത്തില്‍ ഉത്തരവാദിത്ത ബോധമുള്ള ഒരു പുത്രനെപ്പോലെ നിങ്ങള്‍ പെരുമാറുക. ഒരു പിതാവ് തന്റെ 25 വയസ്സുള്ള മകനെ തന്റെ വ്യാപാര സ്ഥാപനത്തില്‍ ഇരുത്തുന്നതും തന്റെ നാലു വയസ്സുകാരനായ മകനെ അവിടെ ഇരുത്തുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്? നാലു വയസ്സുകാരന്‍ തന്റെ കൂട്ടുകാര്‍ വന്നു വിളിച്ചാല്‍ അവരോടൊപ്പം കളിക്കാന്‍ ഓടിപ്പോകും. എന്നാല്‍ ഒരു 25 വയസ്സുകാരന്‍ വിശ്വസ്തതയോടെ ആ സ്ഥാപനത്തില്‍ ഇരിക്കും. ആവശ്യമെങ്കില്‍ പാതിരാത്രി വരെ ഇരിക്കും. അതാണു പുത്രനും ശിശുവും തമ്മിലുള്ള വ്യത്യാസം.

ദൈവത്തിന്റെ വേലയെക്കുറിച്ചു തികഞ്ഞ ഉത്തരവാദിത്ത ബോധമുള്ള ചില പുത്രന്മാര്‍ ദൈവസഭയിലുണ്ട്. അവര്‍ അതിനെ സംബന്ധിച്ചു ഭാരമുള്ളവരും അതിനെക്കുറിച്ചു ചിന്തിക്കുന്നവരുമാണ്. അവര്‍ ശമ്പളത്തിനു വേണ്ടിയല്ല വേല ചെയ്യുന്നത്. നല്ല ഉത്തരവാദിത്ത ബോധമുള്ളതു കൊണ്ട് അവര്‍ വേല ചെയ്യുന്നു. ഒരിക്കലും വളരാത്ത ചില ശിശുക്കളും സഭയിലുണ്ടായിരിക്കും. അവര്‍ക്കു വിനോദത്തിലും സംഗീതത്തിലും ആണ് താല്പര്യം. അവര്‍ക്കു ദൈവവേലയെ സംബന്ധിച്ച ഉത്തരവാദിത്ത ബോധം ഇല്ല. അവര്‍ സഭായോഗങ്ങള്‍ക്കു വന്നു വെറുതെ ഇരുന്നു കേട്ടിട്ടു പോകുന്നു. അവര്‍ സഭയ്ക്കായി ഒന്നും ചെയ്യുന്നില്ല. ഇവര്‍ ശിശുക്കള്‍ മാത്രമാണ്. പുത്രന്മാരല്ല.


പരിശുദ്ധാത്മാവും വെളിപ്പാടും

1:7ല്‍ നാം വായിക്കുന്നു: ”അവന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടിട്ട് നമുക്കു സമൃദ്ധിയായി നല്‍കിയ തന്റെ കൃപാധനത്തിനൊത്തവണ്ണം പാപങ്ങളുടെ മോചനമുണ്ട്.” അതു കൃപയുടെ ആദ്യ ഭാഗമാണ് – പാപമോചനം. റോമര്‍ 6:14 കൃപയുടെ മറ്റൊരു ഭാഗമാണ്. 1:13ല്‍ പരിശുദ്ധാത്മാവിനാല്‍ അവിടുന്നു മുദ്രയിട്ടിരിക്കുന്നു എന്ന് ഓര്‍മിപ്പിക്കുന്നു. 1:14ല്‍ പരിശുദ്ധാത്മാവിന്റെ വരത്തെ ‘നമ്മുടെ അവകാശത്തിന്റെ അച്ചാര’മായി എഴുതിയിരിക്കുന്നു. അഞ്ചു ലക്ഷം രൂപയ്ക്ക് ഒരു വസ്തു വാങ്ങുമ്പോള്‍ ആദ്യം 50000 രൂപ നല്‍കി ബാക്കി തുക മൂന്നു മാസത്തിനുള്ളില്‍ നല്‍കാമെന്നു സമ്മതിച്ച് ഒരു കരാര്‍ ഒപ്പു വയ്ക്കുന്നു. ആ 10% തുക, പറഞ്ഞ കാലയളവിനുള്ളില്‍ മുഴുവന്‍ തുകയും നല്‍കി ഒരു വസ്തു വാങ്ങുമെന്നുള്ളതിനുള്ള ഉറപ്പാണ്, അച്ചാരമാണ്.

ദൈവം നമ്മെ രക്ഷിച്ച് ഒരുനാള്‍ പൂര്‍ണ്ണമായി ക്രിസ്തുവിനെ പോലെ ആക്കുവാന്‍ തീരുമാനിച്ചു. അതിനുള്ള ഉറപ്പാണ് പരിശുദ്ധാത്മാവ് എന്ന ദാനം. ദൈവം ഒരു പുതിയ ശരീരം ഇതുവരെ നല്‍കിയിട്ടില്ല. നമ്മുടെ ഉള്ളില്‍ ജഡത്തിന്റെ മോഹങ്ങളെ അവിടുന്ന് ഇതുവരെ പൂര്‍ണ്ണമായി നീക്കിക്കളഞ്ഞിട്ടില്ല. ഇതെല്ലാം ഒരുനാള്‍ നടക്കും എന്നു നാം എങ്ങനെ അറിയും? അതിനുള്ള ഉറപ്പായിട്ടാണ് അവിടുന്നു പരിശുദ്ധാത്മാവിനെ നമുക്കു നല്‍കിയിരിക്കുന്നത്. അവിടുന്ന് ഒരുനാള്‍ എന്റെ മനസ്സ് ക്രിസ്തുവിന്റെ മനസ്സുപോലെ തന്നെ ആക്കി തീര്‍ക്കും.

പൗലൊസ് പറയുന്നു: ”നിങ്ങള്‍ക്കു കര്‍ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്‌നേഹത്തേയും കുറിച്ചു കേട്ടതു മുതല്‍ എന്റെ പ്രാര്‍ത്ഥനയില്‍ നിങ്ങളെ ഓര്‍ത്തു കൊണ്ട് നിങ്ങള്‍ക്കു വേണ്ടി ഞാന്‍ നിരന്തരം സ്‌തോത്രം ചെയ്തുകൊണ്ടിരിക്കുന്നു” (1:15,16). ദൈവജനത്തിനു വേണ്ടി എപ്പോഴും നന്ദികരേറ്റിക്കൊണ്ടിരുന്ന ഒരു വ്യക്തിയാണ് പൗലൊസ്. തുടര്‍ന്ന് അദ്ദേഹം പറയുന്നു: ”കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവന്‍ നിങ്ങള്‍ക്കു ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നല്‍കണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു”(1:17). ”വെളിപ്പാട്” എന്ന വാക്കു ശ്രദ്ധിക്കുക. അതു പുതിയ ഉടമ്പടിയിലെ ഒരു വാക്കാണ്. പഴയ ഉടമ്പടിയുടെ ഊന്നല്‍ ‘ന്യായപ്രമാണത്തെ ധ്യാനിക്കുക’ എന്നതായിരുന്നു. എന്നാല്‍ പുതിയ ഉടമ്പടിക്കു കീഴില്‍ ‘പരിശുദ്ധാത്മാവിലൂടെ ദൈവവചനത്തിന്മേല്‍ വെളിപ്പാടു ലഭിക്കുക’ എന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. പഴയ ഉടമ്പടിക്കു കീഴില്‍ വചനം അറിയുക എന്നതിനായിരുന്നു പ്രാധാന്യം. എന്നാല്‍ പുതിയ ഉടമ്പടിക്കു കീഴില്‍ ദൈവത്തെ തന്നെ അറിയുന്നതിനാണ് പ്രാധാന്യം.

പൗലൊസ് തുടര്‍ന്നു പറയുന്നു: ‘നിങ്ങളുടെ ഹൃദയദൃഷ്ടി (നിങ്ങളുടെ മനസ്സല്ല) പ്രകാശിക്കണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു”(1:18). പുതിയ ഉടമ്പടിയുടെ ഊന്നല്‍ എപ്പോഴും ഹൃദയത്തിലാണ്. പഴയ ഉടമ്പടിയുടെ ഊന്നല്‍ തലയിലേക്കു കടക്കുന്ന അറിവിന്മേലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ”ഹൃദയത്തിലേക്കു കടക്കുന്ന പ്രകാശ”ത്തിന്മേലാണ്. പഴയ ഉടമ്പടിയുടെ കീഴിലും ഹൃദയപ്രകാരമുള്ള ചില മനുഷ്യര്‍ ഉണ്ടായിരുന്നു. സദൃശ വാക്യങ്ങളില്‍ ഹൃദയത്തെ സംബന്ധിച്ചു ധാരാളം പറയുന്നുണ്ട്. ദാവീദ് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിരുന്നു. എന്നാല്‍ പൊതുവെ പറഞ്ഞാല്‍ പഴയ ഉടമ്പടിക്കു കീഴിലെ പുരോഹിതന്മാരും വേദശാസ്ത്ര പണ്ഡിതന്മാരും ഹൃദയപ്രകാരമുള്ള മനുഷ്യരായിരുന്നില്ല. ദൈവവചനത്തിന്മേലുള്ള ബുദ്ധിപരമായ പഠനമാണു പഴയ ഉടമ്പടിയുടെ കാലത്ത് കര്‍ത്താവിനെ ക്രൂശിച്ച ശാസ്ത്രിമാരേയും പരീശന്മാരെയും സൃഷ്ടിച്ചത്. തല ഉപയോഗിച്ചു ദൈവവചനം പഠിക്കുന്നതിനു നിങ്ങളുടെ ജീവിതം ചെലവഴിച്ചാല്‍ വേദപുസ്തകം സംബന്ധിച്ചു ധാരാളം അറിവു നിങ്ങള്‍ക്കു ലഭിക്കും. അതോടൊപ്പം നിങ്ങളൊരു പരീശനോ ശാസ്ത്രിയോ ആയി തീരുകയും ചെയ്യും. ദൈവിക സത്യങ്ങള്‍ തലയില്‍ നിന്നും ഹൃദയത്തിലേക്കു ഇറങ്ങി ഒരു വെളിപ്പാടായി തീരണം. തലയില്‍ നിന്നും ഹൃദയത്തിലേക്കുള്ള ആ 12 ഇഞ്ച് താഴ്ച സകലത്തേയും വ്യത്യാസപ്പെടുത്തുന്നതാണ്.

പൗലൊസ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു ”അവരുടെ ഹൃദയദൃഷ്ടി പ്രകാശിച്ചിട്ട്” അവര്‍ ഇതു കാണണം:
1) അവിടുത്തെ വിളിയുടെ പ്രത്യാശ.
2) അവിടുത്തെ അവകാശത്തിന്റെ മഹിമാധനം
3) അവര്‍ക്കുവേണ്ടി വ്യാപരിക്കുന്ന അവിടുത്തെ ശക്തിയുടെ അളവറ്റ വലുപ്പം (1:19).
ഈ സത്യങ്ങള്‍ അവര്‍ മനസ്സിലാക്കുവാന്‍ തന്റെ കത്ത് അവര്‍ 25 പ്രാവശ്യമെങ്കിലും വായിക്കണം എന്നു പൗലൊസ് അവരോട് ആവശ്യപ്പെട്ടില്ല. അവര്‍ ഒരുപക്ഷേ 100 പ്രാവശ്യം വായിച്ചാലും അവര്‍ക്കിതു മനസ്സിലാകണമെന്നില്ല. ഈ മഹത്തായ സത്യങ്ങളുടെ മേല്‍ പരിശുദ്ധാത്മാവിനാല്‍ അവര്‍ക്കു വെളിപ്പാട് ലഭിക്കണമെന്നാണ് അദ്ദേഹം പ്രാര്‍ത്ഥിച്ചത്. വേദപുസ്തകത്തിലെ എബ്രായ, ഗ്രീക്കു വാക്കുകളുടെ അടിസ്ഥാന അര്‍ത്ഥം അറിഞ്ഞാലും പൂര്‍ണ്ണമായി ആത്മീയ അന്ധനായിരിക്കുവാനും ക്രിസ്തുവില്‍ സ്വര്‍ഗ്ഗത്തിലുള്ള ഒരു ആത്മീയ അനുഗ്രഹം പോലും പ്രാപിക്കാതിരിക്കുവാനും സാധിക്കും. ദൈവം മുന്‍നിയമിച്ചതുപോലെ വിശുദ്ധനും നിഷ്‌കളങ്കനും ആകുവാന്‍ സാധിക്കയില്ല.

പരിശുദ്ധാത്മാവിനാല്‍ വേദപുസ്തകത്തിന്മേല്‍ ഒരു വെളിപ്പാട് ലഭിച്ചാല്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാകും. നിങ്ങള്‍ക്ക് ഒരുപക്ഷേ ഗ്രീക്കുഭാഷ അറിയുകയില്ലായിരിക്കും. എന്നാല്‍ നിങ്ങള്‍ ക്രിസ്തുവിനെ അറിയും. നിങ്ങള്‍ ക്രിസ്തുവിനെ പ്പോലെയാകും. വേദപുസ്തകത്തിലെ ചെക്കുകള്‍ (ദൈവിക വാഗ്ദാനങ്ങള്‍) സ്വര്‍ഗ്ഗത്തിലെ ബാങ്കില്‍ നിന്നു മാറി ആത്മീയ സമ്പത്തുള്ള ഒരുവനായി തീരുവാന്‍ നിങ്ങള്‍ക്കു കഴിയും. അതിനാല്‍ ഒരു വെളിപ്പാടില്ലാതെ വേദപുസ്തകം പഠിക്കാന്‍ ശ്രമിക്കരുത്. പരിശുദ്ധാത്മാവില്‍ നിന്നും വെളിപ്പാട് ലഭിക്കുന്നതിനു വേണ്ടി ആയിരിക്കണം നിങ്ങളുടെ വേദപുസ്തക പഠനം. ഹൃദയത്തിനു പകരം തലയ്ക്ക് ഊന്നല്‍ നല്‍കുന്നവര്‍ നിങ്ങളെ വഴി തെറ്റിക്കുകയാണ്. മനസ്സ് ഉപയോഗിക്കുന്നതിനു ഞാന്‍ എതിരല്ല. ഞാന്‍ പഠിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും എന്റെ മനസ്സിനെ വ്യാപകമായി ഉപയോഗിക്കാറുണ്ട്. അല്ലാത്തപക്ഷം എനിക്കു നിങ്ങളോടു സംസാരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ഞാന്‍ എന്റെ മനസ്സിനെ പരിശുദ്ധാത്മാവിന്റെ അടിമയാക്കിയിരിക്കുന്നു. നാം വേദപുസ്തകം പഠിക്കുമ്പോള്‍ നമ്മുടെ കണ്ണുകള്‍ ഉപയോഗിച്ചു വായിച്ചുകൊണ്ടാണ് തുടങ്ങുന്നത്. പിന്നീട് വചനം നമ്മുടെ മനസ്സിലേക്കു (ജഡത്തിലേക്കു) കടക്കുന്നു. എന്നാല്‍ പിന്നീട് ആ വചനം ജഡത്തെ തുളച്ച് ആത്മാവിലേക്കു കടക്കണം. അപ്പോഴാണ് പരിശുദ്ധാത്മാവ് നമുക്കു വെളിപ്പാട് നല്‍കുന്നത്.

പഴയ നിയമത്തിലെ മൂന്നു ഭാഗങ്ങളുള്ള സമാഗമന കൂടാരത്തില്‍ ഇതിന്റെയൊരു ചിത്രം കാണാം. ദൈവവചനം വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന നമ്മുടെ ശരീരത്തെ സൂചിപ്പിക്കുന്നതാണ് പ്രാകാരം. അടുത്ത ഭാഗമായ വിശുദ്ധ സ്ഥലം സൂചിപ്പിക്കുന്നത് ദേഹിയെയാണ്. അതിലൂടെയാണ് നാം ദൈവവചനം മനസ്സിലാക്കുകയും (മനസ്സ്) ഉണര്‍ത്തപ്പെടുകയും (വികാരം) ചെയ്യുന്നത്. പിന്നീട് വരുന്ന അതിവിശുദ്ധ സ്ഥലം നമ്മുടെ ആത്മാവിനെ സൂചിപ്പിക്കുന്നു. അവിടെയാണ് ദൈവം നമുക്കു വെളിപ്പാടുകള്‍ നല്‍കി അവിടുത്തെ വചനത്തിന്റെ അനുസരണത്തിലേക്കു നമ്മെ നടത്തുന്നത്. വെളിപ്പാടുകള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് നാം വാസ്തവത്തില്‍ ദൈവവചനത്തിലൂടെ ദൈവത്തെ കേള്‍ക്കുന്നത്. അപ്പോള്‍ മാത്രമേ ദൈവിക ഉദ്ദേശ്യം നമുക്കു നിവര്‍ത്തിയാക്കുവാന്‍ സാധിക്കു.

അതുകൊണ്ടു നിങ്ങളുടെ എല്ലാ വേദപുസ്തക പഠനവും വായിച്ചു മനസ്സിലാക്കുക എന്നതിനപ്പുറത്തേക്കു കടന്നു വെളിപ്പാടും അനുസരണവും ആകണം. യേശു മരിച്ചതിനാല്‍ തിരശ്ശീല ചീന്തപ്പെടുകയും നമുക്ക് അതിവിശുദ്ധ സ്ഥലത്തേക്കു പ്രവേശനം ലഭിക്കുകയും ചെയ്തിരിക്കുന്നു (എബ്രാ. 10:20). പരീശന്മാര്‍ വേദപുസ്തകം വായിച്ചു മനസ്സിലാക്കിയിരുന്നു. എന്നാല്‍ അവര്‍ക്ക് അതിന്മേല്‍ വെളിപ്പാടുകളൊന്നും ലഭിച്ചില്ല. അതിനാല്‍ യേശുവിനെ ബെയ്ത്സബൂല്‍ എന്നും ഭൂതങ്ങളുടെ തലവെനെന്നും ഒക്കെ വിളിച്ചു. എന്നാല്‍ പത്രൊസിനു ദൈവവചനത്തിന്മേല്‍ വെളിപ്പാടു ലഭിക്കുകയും യേശുവിനെ മിശിഹായായി കാണുകയും ചെയ്തു.

ദൈവം നമ്മെ വിളിച്ചിരിക്കുന്ന വിളിയുടെ പ്രത്യാശ ഏതെന്നു നാം അറിയണമെന്നു പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. ഒരിക്കല്‍ ഇതു കണ്ടു കഴിഞ്ഞാല്‍ ലോകത്തിന്റെ സകല അശുദ്ധിയോടുമുള്ള നിങ്ങളുടെ മനോഭാവത്തെ അതു മാറ്റും. വിശുദ്ധരായിരിപ്പാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ലോകത്തിലുള്ള മറ്റുള്ളവര്‍ക്കു വായിക്കുവാനും കാണുവാനും സ്വാതന്ത്ര്യമുള്ള പലതും നാം കാണുകയോ വായിക്കുകയോ ചെയ്യുന്നില്ല. ഒരു ശസ്ത്രക്രിയ നടത്തുവാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഒരു ഡോക്ടറെക്കുറിച്ച് ഓര്‍ക്കുക. അയാള്‍ തന്റെ കൈകള്‍ പൂര്‍ണ്ണശുദ്ധി വരുത്തിയിട്ടായിരിക്കും നില്‍ക്കുന്നത്. അല്ലാത്തപക്ഷം അയാളുടെ കൈകളിലെ രോഗാണുക്കള്‍ രോഗിയെ മരണത്തിലേക്കു നയിക്കാം. ഏതെങ്കിലും ശസ്ത്രക്രിയാ ഉപകരണം താഴെ വീണാല്‍ ഡോക്ടര്‍ അത് എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. നമ്മുടെ ദൃഷ്ടിയില്‍ അതു വളരെ ശുദ്ധിയുള്ളതായിരിക്കും. എന്നാല്‍ അതു നിലത്തു വീണതിനാല്‍ തറയിലെ അണുക്കള്‍ അതില്‍ പ്രവേശിച്ചിട്ടുണ്ടാകും. ഒരു ക്രിസ്ത്യാനി ഈ ലോകത്തു ജീവിക്കുമ്പോള്‍ വിശുദ്ധിക്കായി ഇതുപോലെ 100% എരിവുള്ളവനായിരിക്കണം.

മറ്റുള്ളവര്‍ക്കു പലവിധ ലൗകിക സുഖഭോഗങ്ങളില്‍ ഏര്‍പ്പെടാം. എന്നാല്‍ നമ്മെ ദൈവം വിശുദ്ധമായൊരു ഉദ്ദേശ്യത്തോടെ വിളിച്ചിരിക്കുന്നു. നാം അതു നിറവേറ്റണം. ക്രിസ്തീയ നേതാക്കന്മാര്‍ തന്നെ ശുദ്ധരായി ജീവിക്കാതിരിക്കുന്നതിനാല്‍ അവര്‍ തങ്ങളുടെ കൂട്ടത്തെ അവരുടെ ദുഷിച്ച ഹൃദയംകൊണ്ടു മലിനപ്പെടുത്തുന്നു. അങ്ങനെ അവര്‍ ആത്മീയ മരണം കൊണ്ടുവരുന്നു.

നിങ്ങളുടെ വിളിയാലുള്ള പ്രത്യാശ എന്തെന്നു നിങ്ങള്‍ കണ്ടിട്ടുണ്ടോ? വിശുദ്ധരിലുള്ള അവിടുത്തെ അവകാശത്തിന്റെ മഹിമാധനം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? ഇവിടെ പറയുന്നത് സ്വര്‍ഗ്ഗത്തിലുള്ള നമ്മുടെ അവകാശത്തെക്കുറിച്ചല്ല. എന്നാല്‍ ദൈവത്തിനു നമ്മളില്‍ ഉള്ള അവകാശത്തെക്കുറിച്ചാണ്. ദൈവത്തിനു നമ്മളില്‍ ഒരു അവകാശമുണ്ട്.


പുനരുത്ഥാന ശക്തി

നമ്മളില്‍ വെളിപ്പെടുത്താവുന്ന അവിടുത്തെ ശക്തിയുടെ വലുപ്പം നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഈ പ്രപഞ്ചത്തില്‍ ദൈവം വെളിപ്പെടുത്തിയ ഏറ്റവും വലിയ ശക്തി സൃഷ്ടിയിലായിരുന്നില്ല. അതു യേശുവിനെ മരണത്തില്‍ നിന്നും ഉയര്‍പ്പിച്ചതാണ് (1:20). ഈ പ്രപഞ്ചത്തില്‍ നുക്കു ചുറ്റും കാണുന്നത് ആദ്യ സൃഷ്ടിയാണ്. യേശുവിന്റെ പുനരുത്ഥാനത്തില്‍ രണ്ടാമത്തെ സൃഷ്ടി, ഒരു പുതിയ സൃഷ്ടി തുടങ്ങി. പുതിയ സൃഷ്ടി പഴയതിലും ശക്തമാണ്. ഉല്പത്തി ഒന്നാം അധ്യായത്തില്‍ വായിക്കുന്നതിനെക്കാള്‍ വളരെ ശക്തമാണ് യോഹന്നാന്‍ 20-ാം അധ്യായത്തില്‍ നാം വായിക്കുന്നത്. ഈ പ്രപഞ്ചത്തില്‍ വെളിപ്പെട്ട ഏറ്റവും വലിയ ശക്തി ക്രിസ്തുവിന്റെ പുനരുത്ഥാനമാണ്. ധാര്‍മിക ബലം ശരീര ബലത്തേക്കാള്‍ വലിയതാണ്.

ആ ശക്തിയെക്കുറിച്ചൊരു വെളിപ്പാട് നമുക്കുണ്ടാകേണ്ടതിനായി പൗലൊസ് പ്രാര്‍ത്ഥിക്കുന്നു. ആ ശക്തി നമ്മുടെ ഉള്ളില്‍ നിന്നാണ് തുടങ്ങുന്നത്. ക്രിസ്തുവിന്റെ പുനരുത്ഥാന ശക്തി ഒരുനാള്‍ നമ്മുടെ ശരീരത്തില്‍ നാം അനുഭവിക്കും. ഇന്ന് ആ പുനരുത്ഥാന ശക്തി നമ്മുടെ ആത്മാവില്‍ നാം അനുഭവിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ആത്മീയ മരണത്തില്‍ നിന്നും നമ്മെ ഉയര്‍പ്പിക്കുന്നതാണ് പുരുത്ഥാനത്തിന്റെ ശക്തി. പാപത്തിന്റെ പ്രമാണം നമ്മെ ആത്മീയ മരണത്തിലേക്കു കൊണ്ടുപോകുന്നു. പുനരുത്ഥാനത്തിന്റെ ശക്തി അതിനെതിരെ നമ്മെ ഉയര്‍ത്തുന്നു.

ഗുരുത്വാകര്‍ഷണ നിയമത്തിനെതിരെ (താഴോട്ടു വലിക്കുന്ന) ഞാന്‍ ഒരു പുസ്തകം എടുത്ത് ഉയര്‍ത്തുന്നതു പോലെയാണ് പുനരുത്ഥാനത്തിന്റെ ശക്തി. പാപത്തിന്റെ പ്രമാണത്തില്‍ നിന്നും നമ്മെ ഉയര്‍ത്തുന്ന പുനരുത്ഥാനത്തിന്റെ ശക്തി നമ്മെ സ്വര്‍ഗ്ഗസ്ഥലങ്ങളിലാണ് ഇരുത്തുന്നത്. നാം 2:1-6ല്‍ വായിക്കുന്നത് നാം പാപത്തില്‍ മരിച്ചവരായിരുന്നു എന്നാണ്. എന്നാല്‍ ഈ ശക്തിയാണ് നമ്മെ ഉയര്‍പ്പിച്ച് ക്രിസ്തുവിനോടു കൂടെ സ്വര്‍ഗ്ഗ സ്ഥലങ്ങളില്‍ ഇരുത്തിയിരിക്കുന്നത് (2:7). ഇതൊരു ആലങ്കാരിക ഭാഷാ പ്രയോഗം മാത്രമാണെന്നും ചിലര്‍ കരുതുന്നു. എന്നാല്‍ അങ്ങനെയല്ല. ഇതു സത്യമാണ്. ഇതു സത്യമാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നെങ്കില്‍ മാത്രമേ നമുക്കതു ലഭിക്കുകയുള്ളു. സകല മനുഷ്യരും ഭോഷ്‌കു പറയുന്നവരെങ്കിലും ദൈവം സത്യവാന്‍. നമ്മുടെ തോന്നലുകള്‍ നമ്മെ ചതിക്കുന്നതാണ്. നമ്മുടെ ദര്‍ശനങ്ങള്‍ പോലും നമ്മെ ചതിക്കും.

സൂര്യാസ്തമനം കണ്ടുകൊണ്ടിരുന്ന രണ്ടു കുട്ടികളുടെ കഥയുണ്ട്. 12 വയസ്സുള്ള മുതിര്‍ന്ന കുട്ടി ഇങ്ങനെ പറഞ്ഞു: ”ഹേയ് സൂര്യന്‍ സ്ഥാനം മാറുന്നുണ്ട്. രാവിലെ അതു കിഴക്കു ഭാഗത്തായിരുന്നു. ഇപ്പോള്‍ അതു പടിഞ്ഞാറു ഭാഗത്തായിരിക്കുന്നു.” എന്നാല്‍ ആറു വയസ്സു മാത്രം പ്രായമുള്ള ചെറിയ കുട്ടി പറഞ്ഞു: ”അല്ല നമ്മുടെ ഡാഡി പറഞ്ഞത് ഓര്‍ക്കുന്നില്ലേ? സൂര്യനല്ല സഞ്ചരിക്കുന്നത് ഭൂമിയാണ് അതിന്റെ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്നത്.” മുതിര്‍ന്ന കുട്ടി വീണ്ടും പറഞ്ഞു: ”ഞാന്‍ കണ്ടതും അനുഭവിച്ചതും മാത്രമേ വിശ്വസിക്കുകയുള്ളു. സൂര്യന്‍ കിഴക്കു നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഇപ്പോള്‍ അതു പടിഞ്ഞാറാണ്. എന്നു മാത്രമല്ല ഭൂമി എന്റെ കാല്‍ക്കീഴില്‍ തിരിയുന്നതായി എനിക്കു തോന്നിയതുമില്ല. അതു നിശ്ചലമാണ്.” ചെറിയ കുട്ടി അപ്പോള്‍ പറഞ്ഞു: ”ഞാന്‍ ഡാഡിയെ വിശ്വസിക്കുന്നു.”

ആരാണ് ശരി? തന്റെ പിതാവിനെ വിശ്വസിച്ചവനോ? അതോ താന്‍ കണ്ടതും അനുഭവിച്ചതും വിശ്വസിച്ചവനോ? പല ക്രിസ്ത്യാനികളും അവര്‍ കാണുന്നതും അനുഭവിക്കുന്നതും അനുസരിച്ചാണ് ജീവിക്കുന്നത്. നമ്മുടെ ഇന്ദ്രിയങ്ങള്‍ നമ്മെ ചതിക്കാം. അതിനാല്‍ ഞാന്‍ എന്റെ സ്വര്‍ഗ്ഗീയ പിതാവിനെ വിശ്വസിക്കുന്നു. ഒരുപക്ഷേ എനിക്കു കാണുവാനും അനുഭവിക്കുവാനും കഴിഞ്ഞില്ലെങ്കിലും അവിടുന്നു പറയുന്നതെല്ലാം യഥാര്‍ത്ഥമാണ്.

അതുകൊണ്ട് ക്രിസ്തുവിനോടു കൂടി എന്നെ ഉയര്‍ത്തി സ്വര്‍ഗ്ഗത്തില്‍ ഇരുത്തിയിരിക്കുന്നു എന്നു ദൈവം പറയുന്നതിനെ ഞാന്‍ വിശ്വസിക്കുന്നു. എന്റെ അനുഭവങ്ങള്‍ എന്തു പറയുന്നു എന്നതിനെ ഞാന്‍ കാര്യമാക്കാറില്ല. എനിക്കറിയാം അത് എന്റെ ദര്‍ശനങ്ങള്‍ പോലെ ചതി നിറഞ്ഞതാണെന്ന കാര്യം. എന്റെ സ്വര്‍ഗ്ഗീയ പിതാവ് പറഞ്ഞത് അതുപോലെ വിശ്വസിച്ചപ്പോള്‍ എന്റെ ജീവിതത്തിലും എല്ലാം ശരിയായി നടന്നിട്ടുണ്ട്. നാം സ്വര്‍ഗ്ഗീയ പിതാവിനെ വിശ്വസിക്കാതെയിരിക്കുമ്പോഴാണ് പല പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. മഹത്തായ ഈ പുനരുത്ഥാനത്തിന്റെ ശക്തി എല്ലാവര്‍ക്കും ലഭ്യമാണെന്നല്ല ഇവിടെ പറഞ്ഞിരിക്കുന്നത്. വിശ്വസിക്കുന്നവര്‍ക്കു മാത്രമാണ് അതു ലഭിക്കുന്നത്. നിങ്ങള്‍ ഇതു വിശ്വസിക്കുന്നില്ലെങ്കില്‍ ഈ ശക്തി അനുഭവിക്കുവാന്‍ കഴിയുകയില്ല. യേശു തോമസിനോടു പറഞ്ഞു ”കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍” (യോഹ. 20:29). ഞാന്‍ അവരിലൊരാളാണ്.

അപ്പൊസ്തലന്മാരേക്കാള്‍ അനുഗ്രഹിക്കപ്പെട്ടവനാണ് ഞാന്‍. കാരണം ഞാന്‍ യേശുവിനെ എന്റെ കണ്ണുകള്‍ കൊണ്ടു കാണാതെ വിശ്വസിച്ചിരിക്കുന്നു. നിങ്ങളുടെ പിതാവ് ഒരു കോടീശ്വരനായിരിക്കെ നിങ്ങളോടുള്ള സ്‌നേഹത്താല്‍ ഒരു കോടി രൂപ നിങ്ങളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നു പറഞ്ഞാല്‍ അതു വിശ്വസിക്കാതെ ബാങ്കില്‍ പോയി പരിശോധിക്കുമോ? ദൈവം പറയുന്നു ”അവിടുന്ന് എന്നെ ക്രിസ്തുവില്‍ സ്വര്‍ഗ്ഗത്തില്‍ ഇരുത്തിയിരിക്കുന്നു.” ഞാന്‍ അതു വിശ്വസിക്കുന്നു. ഞാന്‍ ഇനി ഈ ഭൂമിയിലുള്ളവനല്ല. പല വര്‍ഷങ്ങള്‍ ഞാന്‍ ഈ ഭൂമിയിലുള്ളവനായിരുന്നു. എന്റെ ജീവിതത്തില്‍ ഒരു ദിവസം ഞാന്‍ തിരിച്ചറിഞ്ഞു ഞാന്‍ സ്വര്‍ഗ്ഗത്തിലുള്ളവനാണെന്ന കാര്യം. അതിനാല്‍ ഇപ്പോള്‍ എന്റെ ശരീരം ഭൂമിയിലാണെങ്കിലും ഉയരത്തിലുള്ള കാര്യങ്ങളിലാണ് ഞാന്‍ മനസ്സ് ഉറപ്പിച്ചിരിക്കുന്നത്. അതിനാലാണ് ഭൂമിയിലുള്ള വസ്തുവകകള്‍ക്കു വേണ്ടി ഞാന്‍ പോരാടാത്തത്. എന്റെ സഭയില്‍ ആളുകളെ പിടിച്ചിരുത്തുന്നതിനു വേണ്ടിയും ഞാന്‍ പോരാടുന്നില്ല. മറ്റൊരു പ്രസംഗകന്‍ എന്റെ സഭയില്‍ നിന്നും ഒരു സഹോദരനെ വശീകരിച്ചു കൊണ്ടുപോയി എന്ന് ആരെങ്കിലും ഒരു ദിവസം എന്നോടു പറഞ്ഞാല്‍ ഞാന്‍ പറയും ”ദൈവത്തിനു സ്‌തോത്രം! ഞാന്‍ ആരോടും ഈ കാര്യത്തില്‍ പോരാടാന്‍ പോകുന്നില്ല. അയാള്‍ക്കു മറ്റേതെങ്കിലും സഭയില്‍ പോകുന്നതാണ് സന്തോഷമെങ്കില്‍ പോകട്ടെ.” യേശു പറഞ്ഞു: ”എന്റെ രാജ്യം ഐഹികമല്ല അതുകൊണ്ട് എന്റെ ഭൃത്യന്മാര്‍ പോരാടുന്നില്ല.” പല വിശ്വാസികളും സ്ഥാനത്തിനും മാനത്തിനും പണത്തിനും വേണ്ടി സഭയില്‍ പോരാടുന്നത് ഇന്നു നാം കാണുന്നു. അങ്ങനെയുള്ള വിശ്വാസികള്‍ ഈ ഭൂമിയില്‍ മനസ്സു വച്ചവരാണ്. അവര്‍ ”സ്വര്‍ഗ്ഗത്തില്‍ ഇരുത്തപ്പെട്ടവരും” അല്ല. അവര്‍ വാസ്തവത്തില്‍ ഒരു ക്രിസ്തീയ പ്രമാണം മനസ്സില്‍ കൊണ്ടു നടക്കുക മാത്രം ചെയ്യുന്ന അവിശ്വാസികളാണ്. ക്രിസ്തുവില്‍ സ്വര്‍ഗ്ഗസഥലങ്ങളിലേക്കു തങ്ങളെ ഉയര്‍ത്തുവാന്‍ അവര്‍ പരിശുദ്ധാത്മാവിനെ അനുവദിച്ചിട്ടില്ല.

എഫെസ്യര്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ള അധ്യായങ്ങള്‍ ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനമാണ്. സ്വര്‍ഗ്ഗസ്ഥലങ്ങളിലേക്കു ദൈവം നമ്മെ ഉയര്‍ത്തിയിരിക്കുന്നു. അത് നമുക്കു സ്വയം ചെയ്യുവാന്‍ കഴിയുന്നതല്ല. നമുക്കു സ്വയം മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്ക്കുവാന്‍ കഴിയുകയില്ല. യേശുപോലും സ്വയമായിട്ടല്ല മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റത്. ദൈവം യേശുവിനെ മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്പിച്ചു എന്നാണ് വേദപുസ്തകം പറയുന്നത്. സ്‌നാന ശുശ്രൂഷയുടെ വേളയില്‍ മറ്റൊരാള്‍ നിങ്ങളെ വെള്ളത്തിലേക്കു താഴ്ത്തുന്നു. പിന്നീട് അയാള്‍ നിങ്ങളെ ഉയര്‍ത്തുന്നു. നിങ്ങള്‍ സ്വയം എഴുന്നേല്ക്കുകയല്ല. ദൈവം നമ്മെ പുനരുത്ഥാനത്തിന്റെ ശക്തിയാല്‍ ഉയര്‍ത്തുന്നു എന്നതിനെയാണ് ഇതു സൂചിപ്പിക്കുന്നത്. നമ്മെ തന്നെ ക്രൂശിച്ചു മറ്റുള്ളവര്‍ക്കു വിധേയപ്പെട്ടിരുന്നാല്‍ ദൈവം നമ്മെ ഉയര്‍പ്പിച്ചു സ്വര്‍ഗ്ഗസ്ഥലങ്ങളില്‍ ഇരുത്തും. സ്വര്‍ഗ്ഗത്തില്‍ നിന്നും നോക്കുമ്പോള്‍ ഭൂമിയിലുള്ള ഉയര്‍ന്ന കെട്ടിടങ്ങള്‍ കളിവീടുകള്‍ പോലെയും വലിയ കാറുകള്‍ കളിപ്പാട്ടം പോലെയുമാണ് തോന്നുക. നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ക്രിസ്തുവിനോടു കൂടെ ഇരുത്തപ്പെട്ടിരിക്കുന്നുവെങ്കില്‍ നിങ്ങളുടെ ദൃഷ്ടിയില്‍ ഈ ഭൂമിയിലെ കാര്യങ്ങള്‍ ചെറുതായിരിക്കുകയും അതിനാല്‍ തന്നെ അവയ്ക്കുവേണ്ടി പോരാടുന്നത് അവസാനിപ്പിക്കുകയും ചെയ്യും. ഒരു കളിപ്പാട്ടത്തിനുവേണ്ടി നിങ്ങള്‍ ആരോടും പോരാടാത്തതു പോലെ.

പൗലൊസ് പിന്നീട് രക്ഷയെക്കുറിച്ചു പറഞ്ഞു തുടങ്ങുന്നു: വിശ്വാസത്താലാണ് നമ്മുടെ രക്ഷ (2:8). അല്ലാതെ പ്രവൃത്തിയാലല്ല. അതു പ്രവൃത്തിയുടെ ഫലമല്ലെങ്കിലും നാം അതില്‍ നടക്കേണ്ടതിനു ദൈവം സല്‍പ്രവൃത്തികളെ മുന്‍കൂട്ടി ഒരുക്കിയിരിക്കുന്നു (2:10). പിന്നീട് 2:11-22 വരെ ദൈവം നമ്മെ ക്രിസ്തുവില്‍ എങ്ങനെ ഒരു ശരീരമാക്കുന്നു എന്നു പറയുന്നു. യെഹൂദനും പുറജാതിക്കാരനും ഇടയിലുള്ള വേര്‍പാടിന്റെ നടുച്ചുവര്‍ ഇടിച്ചു കളഞ്ഞു. യേശു ക്രൂശില്‍ മരിച്ചപ്പോള്‍ യെഹൂദനും യെഹൂദനല്ലാത്തവനും തമ്മിലുള്ള ശത്രുത്വം ഇല്ലാതായി (2:14,15). ലോകത്തിലെ ഏതു വംശങ്ങളേക്കാളും എതിരായി നില്‍ക്കുന്നതാണ് യെഹൂദനും യെഹൂദനല്ലാത്തവനും. ഇന്ത്യയിലെ ഏതു ജാതി വ്യവസ്ഥയേക്കാളും മോശം അവസ്ഥയിലുള്ളതാണിത്. എന്നാല്‍ യേശു രണ്ടു കൂട്ടരേയും ക്രൂശില്‍ ഒന്നാക്കി തീര്‍ത്തു. അവിടുന്നു ശത്രുത്വം ഇല്ലാതാക്കി. നിങ്ങള്‍ ക്രിസ്തുവിലാണെങ്കില്‍ മറ്റെല്ലാ ജാതികളോടുമുള്ള നിങ്ങളുടെ ശത്രുത്വം ഇല്ലാതാകും. അനന്തരം ഒരു ശത്രുത്വം ഇപ്പോഴും ആരോടെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിട്ടില്ല. നമ്മെയെല്ലാം ഒരു ശരീരമാക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ജീവിതം സ്വര്‍ഗ്ഗസ്ഥലങ്ങളില്‍ ആയിരിക്കുന്ന ഒരു വിശ്വാസിയുമായി മാത്രമേ നിങ്ങള്‍ക്ക് ഒരു ശരീരമായിത്തീരുവാന്‍ കഴിയുകയുള്ളു. ഭൂമിയില്‍ മനസ്സു വച്ചിരിക്കുന്ന ആളുകളുടെ സഭ ഒരു ആള്‍ക്കൂട്ടം മാത്രമായിരിക്കും. അവര്‍ ഒരു ശരീരമാകണമെങ്കില്‍ ക്രിസ്തുവില്‍ സ്വര്‍ഗ്ഗസ്ഥലങ്ങളില്‍ അവര്‍ ജീവിക്കണം (2:16).

മൂന്നാം അധ്യായത്തില്‍ പൗലൊസ് മഹത്തായ ഒരു ശുശ്രൂഷയെക്കുറിച്ചു പറയുന്നു. യെഹൂദനും യെഹൂദനല്ലാത്തവനും ഒന്നാകുമെന്നുള്ളത് (3:4) പഴയ നിയമ കാലത്തു വെളിപ്പെടാതിരുന്ന ഒരു മര്‍മ്മമാണ്. പുതിയ നിയമത്തില്‍ ഇതിലേക്കുള്ള വഴി പരിശുദ്ധാത്മാവ് വെളിപ്പെടുത്തി തന്നു.

എഫെസ്യ ലേഖനത്തില്‍ ആദ്യ മൂന്നു അധ്യായങ്ങളില്‍ രണ്ടു പ്രാര്‍ത്ഥനയുണ്ട്. 1:17-23 വരെ പരിശുദ്ധാത്മാവിലൂടെ വെളിപ്പാട് ലഭിക്കുന്നതിനുള്ള പ്രാര്‍ത്ഥന. 3:14-21 വരെ പരിശുദ്ധാത്മ ശക്തി ലഭിക്കുന്നതിനുള്ള പ്രാര്‍ത്ഥന. നമുക്കാവശ്യമുള്ള രണ്ടു കാര്യങ്ങളാണിവ. നാം ക്രിസ്തുയേശുവില്‍ ആണെന്നു കാണുവാന്‍ തക്കവണ്ണം പരിശുദ്ധാത്മാവിന്റെ വെളിപ്പാട്. മറ്റൊന്നു 4 മുതല്‍ 6 വരെയുള്ള അധ്യായങ്ങളില്‍ വിശദീകരിക്കുന്ന ജീവിതം ജീവിക്കുവാന്‍ വേണ്ട പരിശുദ്ധാത്മ ശക്തി.

രണ്ടാമത്തെ പ്രാര്‍ത്ഥന ഇങ്ങനെയാണ്: ”അവിടുന്നു തന്റെ മഹിമാധനത്തിന് ഒത്തവണ്ണം നിങ്ങള്‍ തന്റെ ആത്മാവിനാല്‍ അകത്തെ മനുഷ്യനെ സംബന്ധിച്ച് ശക്തിയോടെ ബലപ്പെടുവാനും വിശ്വാസത്താല്‍ ക്രിസ്തു ഹൃദയങ്ങളില്‍ വസിക്കുവാനും വരം നല്‍കണമെന്ന്” (3:16,17). അതിന്റെ അവസാന ഭാഗത്തിന്റെ അര്‍ത്ഥം ക്രിസ്തുവിനു നിങ്ങളുടെ ഹൃദയത്തില്‍ സ്വന്ത ഭവനത്തില്‍ എന്നപോലെ വളരെ സ്വാതന്ത്ര്യം ഉണ്ടാകണം എന്നാണ്.

സ്വന്ത ഭവനത്തില്‍ വസിക്കുന്നതും മറ്റൊരാളുടെ ഭവനത്തില്‍ വസിക്കുന്നതും തമ്മിലുള്ള വ്യത്യാസം നമുക്കെല്ലാമറിയാം. ചില ഭവനങ്ങളില്‍ താമസിക്കുമ്പോള്‍ നമുക്കു ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. എന്നാല്‍ മറ്റു ചില ഭവനങ്ങളില്‍ തികച്ചും സ്വന്ത ഭവനത്തിലെന്ന പോലുള്ള അനുഭവമായിരിക്കും. അതുപോലെ യേശു നിങ്ങളുടെ ഹൃദയത്തില്‍ വസിക്കണം. എന്നാല്‍ ചോദ്യമിതാണ്: ”അവിടുത്തേക്കു നിങ്ങളുടെ ഹൃദയത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടോ? അതോ യേശുവിനു സന്തോഷം നല്‍കാത്ത ചിന്ത നിങ്ങളുടെ ഹൃദയത്തിലും വീട്ടിലും ഉണ്ടോ?” യേശുവിനു തികഞ്ഞ സ്വാതന്ത്ര്യവും തൃപ്തിയും അനുഭവപ്പെടുന്ന ചില ഹൃദയങ്ങളുണ്ട്. പരിശുദ്ധാത്മാവിന്റെ നിറവിനാല്‍ ക്രിസ്തുവിനു നമ്മുടെ ഉള്ളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവപ്പെടും.

നിങ്ങള്‍ സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടു വീതിയും നീളവും ഉയരവും ആഴവും എന്തെന്നു സകല വിശുദ്ധന്മാരോടുമൊപ്പം ഗ്രഹിക്കുവാന്‍ പ്രാപ്തരായിരിക്കണം (3:18). ക്രിസ്തുവിന്റെ സ്‌നേഹത്തെ നമുക്കു സ്വയം മനസ്സിലാക്കുവാന്‍ കഴിയുകയില്ല. ദൈവത്തിന്റെ സകല വിശുദ്ധന്മാരോടും കൂടെ മാത്രമേ ക്രിസ്തുവിന്റെ സ്‌നേഹത്തെ നാം പൂര്‍ണ്ണമായി അറിയുകയുള്ളു. പൗലൊസ് ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുന്നു: ”നിങ്ങള്‍ ദൈവത്തിന്റെ എല്ലാ നിറവോളം നിറഞ്ഞു വരണം” (3:19). പിന്നീട് 3:20,21 വാക്യങ്ങള്‍ നമ്മോടു പറയുന്നത് നാം ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നതിലും അധികമായി ദൈവത്തില്‍ നിന്നു ലഭിക്കും എന്നാണ്. നാം ചിന്തിക്കുന്നതിലും വളരെ അധികമാണ് ദൈവം നമുക്കു വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍.


ഭൂമിയില്‍ സ്വര്‍ഗീയ ജീവിതം


ഇപ്പോള്‍ നാം 4 മുതലുള്ള അധ്യായങ്ങളിലേക്കു വരുന്നു. പല വിശ്വാസികളും 1 മുതല്‍ 3 വരെയുള്ള അധ്യായങ്ങളില്‍ മാത്രമാണു ജീവിക്കുന്നത്. അവര്‍ സ്വര്‍ഗ്ഗസ്ഥലങ്ങളില്‍ ഇരുത്തപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുന്നു. അവര്‍ ”വളരെ സ്വര്‍ഗ്ഗീയന്മാരാകയാല്‍ ഈ ഭൂമിക്കു പ്രയോജനമുള്ളവരല്ല.” എന്നാല്‍ യേശു അങ്ങനെ അല്ല ജീവിച്ചത്. ഈ ഭൂമിയില്‍ ജീവിച്ചിരുന്നവരില്‍ ഏറ്റവും ‘സ്വര്‍ഗ്ഗീയന്‍’ അവിടുന്നായിരുന്നുവെങ്കിലും മനുഷ്യ വര്‍ഗ്ഗത്തിന് ഏറ്റവും പ്രയോജനമുള്ളതായിരുന്നു അവിടുത്തെ ജീവിതം. നമ്മുടെ മനസ്സ് സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ കാലുകള്‍ ഈ ഭൂമിയിലായിരിക്കണം. നമ്മുടെ സ്വര്‍ഗ്ഗീയ ജീവിതം ഈ ഭൂമിയിലെ പ്രായോഗിക കാര്യങ്ങളില്‍ വെളിപ്പെട്ടു വരണം. ഒരു കൊച്ചുകുട്ടിയായി, ഒരു യൗവ്വനക്കാരനായി, സ്വന്തമായി വേലയെടുക്കുന്ന ഒരുവനായി, ഒരു പൂര്‍ണ്ണസമയ സുവിശേഷകനായി ഒക്കെ എങ്ങനെ ഒരു ക്രിസ്ത്യാനിക്ക് ഈ ഭൂമിയില്‍ സ്വര്‍ഗ്ഗീയനായി ജീവിക്കാന്‍ കഴിയും എന്നു യേശു കാണിച്ചു തന്നു. നാം നമ്മുടെ ജീവിതം ഭവനത്തിലും ജോലി സ്ഥലത്തും, ക്രിസ്തീയ പ്രവര്‍ത്തനങ്ങളിലും ആയിട്ടാണ് ചെലവഴിക്കുന്നത്. ഈ മൂന്നു മേഖലയിലും സ്വര്‍ഗ്ഗത്തിന്റെ ആത്മാവ് എന്താണെന്നു യേശു കാണിച്ചു തന്നു. ഇതിനു താഴെയുള്ള ഒരു ജീവിതം യഥാര്‍ത്ഥ ക്രിസ്തീതയല്ല.

യേശു ഒരു സന്യാസി ആയിരുന്നില്ല. വസ്ത്രത്തിലോ ഭക്ഷണത്തിലോ തനിക്കു ചുറ്റുമുള്ളവരില്‍ നിന്നും അവിടുന്നു വ്യത്യസ്തനായിരുന്നില്ല. അവിടുന്നു മറ്റുള്ളവരെ പോലെ തന്നെ ജോലി ചെയ്തു ജീവിച്ചു. ഗെത്‌ശെമന തോട്ടത്തില്‍ റോമന്‍ പടയാളികള്‍ക്കു യേശുവിനെ തിരിച്ചറിയുവാന്‍ ചിലരുടെ സഹായം വേണ്ടി വന്നു. എല്ലാ വിധത്തിലും അവിടുന്നു തന്റെ ശിഷ്യന്മാര്‍ക്കു തുല്യനായിരുന്നു എന്നാണ് അതു കാണിക്കുന്നത്. പുറമെ അവിടുന്നു അവരെപ്പോലെ തന്നെ ആയിരിക്കെ ഉള്ളില്‍ സ്വര്‍ഗ്ഗീയ മനസ്സുള്ളവനായിരുന്നു. തന്റെ സ്വഭാവത്തേയും പ്രവൃത്തിയേയും നിയന്ത്രിച്ചിരുന്നത് സ്വര്‍ഗ്ഗീയ കാഴ്ചപ്പാടുകളായിരുന്നു. നമ്മുടെ ജീവിതത്തിലും സഭയിലും നാം ജീവിക്കേണ്ടത് അങ്ങനെയാണ്. അതാണ് 4 മുതല്‍ 6 വരെയുള്ള അധ്യായങ്ങളിലുള്ളത്.

4-ാം അധ്യായം തുടങ്ങുന്നത് ഈ വചനത്തിലാണ്: ”ആകയാല്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമായി ജീവിക്കുവിന്‍”(4:1). ആദ്യ മൂന്നു അധ്യായങ്ങളില്‍ പ്രബോധനങ്ങളില്ല. ആ അധ്യായങ്ങളില്‍ ”ദൈവം നമുക്കു വേണ്ടി ചെയ്ത കാര്യങ്ങളാണ്.” അവിടുന്നു നമ്മെ ക്രിസ്തുവില്‍ തിരഞ്ഞെടുത്തു, എല്ലാ ആത്മീയ അനുഗ്രഹങ്ങളാലും അനുഗ്രഹിച്ചു, മരിച്ചവരായിരുന്ന നമ്മെ ഉയര്‍പ്പിച്ച് ക്രിസ്തുവിനോടു കൂടെ സ്വര്‍ഗ്ഗ സ്ഥലങ്ങളില്‍ ഇരുത്തി, നമ്മെ അവിടുത്തെ അവകാശമാക്കി, അവിടുത്തെ ശക്തി നല്‍കി, സാത്താനെ പരാജയപ്പെടുത്തി, യെഹൂദനേയും യെഹൂദനല്ലാത്തവനേയും ക്രൂശില്‍ ഒരു ശരീരമാക്കിത്തീര്‍ത്തു എന്നിങ്ങനെയെല്ലാം. ഇതെല്ലാം ദൈവത്തിന്റെ പ്രവൃത്തിയാണ്. നമുക്കിതിലൊരു പങ്കില്ല. അതിനാല്‍ 1 മുതല്‍ 3 വരെയുള്ള അധ്യായങ്ങളിലെ ഊന്നല്‍ ഈ സത്യങ്ങള്‍ വെളിപ്പെടുത്തി കിട്ടുന്നതിനുള്ളതാണ്. ഈ വെളിപ്പാടിനാല്‍ നാം ദിനംതോറും ജീവിക്കണം.

ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം സ്വര്‍ഗ്ഗത്തിലെ വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും സഭ മുഖാന്തിരം അറിയണം എന്നതാണ് ഇതിന്റെയെല്ലാം ഉദ്ദേശ്യം (3:10,11). ആദാമിന്റെ വീഴ്ചയ്ക്കു ശേഷം സാത്താനും അവന്റെ ദുരാത്മാക്കളും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു മനുഷ്യന് ഈ ഭൂമിയില്‍ സ്വര്‍ഗ്ഗീയ ജീവിതം ജീവിക്കുവാന്‍ സാധിക്കയില്ലായെന്നാണ്. എന്നാല്‍ യേശു തന്റ ജീവിതം വഴി സാത്താന്റെ ഈ ഭോഷ്‌ക്കിനെ തുറന്നു കാണിച്ചു. യേശു നമ്മെപ്പോലെ വന്നു, നമുക്കു തുല്യനായി പരീക്ഷിക്കപ്പെട്ടു എങ്കിലും ഒരു സ്വര്‍ഗ്ഗീയ ജീവീതം ഈ ഭൂമിയില്‍ ജീവിച്ചു.

ഇപ്പോള്‍ സാത്താന്‍ രണ്ടു കാര്യങ്ങള്‍ പറയുന്നു. 1) ”ഒരുപക്ഷേ യേശുവിനു അതു സാധിച്ചേക്കാം. എന്നാല്‍ എല്ലാ വിശ്വാസികളും ഭൗമികരായിരിക്കും.” ദൈവത്തിന്റെ മറുപടി ഇതാണ്: ”സ്വര്‍ഗ്ഗീയന്മാരായി ഈ ഭൂമിയില്‍ ജീവിക്കുന്ന ചിലരെ ഞാന്‍ എന്റെ സഭയില്‍ കാണിച്ചു തരാം.”

2) ”പല തരത്തിലുള്ള മനുഷ്യര്‍ ഒന്നാകുന്നത് അസാധ്യമാണ്. മലയാളികളും തമിഴരും ഒരിക്കലും ഒന്നാവുകയില്ല. അഗ്ലോ ഇന്ത്യനും മലയാളിക്കും ഒന്നാകാന്‍ കഴിയുകയില്ല. പാശ്ചാത്യര്‍ക്കും പൗരസ്ത്യര്‍ക്കും ഒന്നാകാന്‍ കഴിയുകയില്ല.” ദൈവത്തിന്റെ മറുപടി ഇതാണ്: ”ഇതുപോലെയുള്ള പലതരം ആളുകള്‍ ക്രിസ്തുവില്‍ ഒന്നായിരിക്കുന്നത് എന്റെ സഭയില്‍ ഞാന്‍ നിന്നെ കാണിച്ചു തരാം.”

സാത്താന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുവാന്‍ വിശ്വാസികളെന്ന നിലയില്‍ നാം വെല്ലുവിളിക്കപ്പെടുന്ന രണ്ട് കാര്യങ്ങളാണിവ. അങ്ങനെ ദൈവത്തിന് ഇയ്യോബിനെയെന്നപോലെ നമ്മേയും പ്രശംസിക്കുവാന്‍ സാധിക്കും (ഇയ്യോ. 1:8).

നിര്‍ഭാഗ്യവശാല്‍ ഇന്നു ക്രിസ്തീയ ഗോളത്തില്‍ കാണുന്നത് ഇതല്ല. ഭൂരിഭാഗം ക്രിസ്ത്യാനികളും പരാജയപ്പെട്ട ജീവിതം ജീവിക്കുന്നു. പല സഭകളിലും ഐക്യമില്ലാതെയിരിക്കുന്നു. എന്നാല്‍ ദൈവത്തിനു സാത്താന്റെ അടുക്കല്‍ പ്രശംസിക്കുവാന്‍ തക്ക ഒരു ശേഷിപ്പ് ഈ ഭൂമിയില്‍ പലയിടങ്ങളിലായിട്ടുണ്ട്. സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ പോലും അവരെ കണ്ട് ആശ്ചര്യപ്പെടുന്നു.

അധ്യായം 4:1 തുടങ്ങുന്നത് ഇങ്ങനെയാണ്: ”പൂര്‍ണ്ണ വിനയത്തോടും സൗമ്യതയോടും.” ക്രിസ്തീയ ജീവിത്തിന്റെ മൂന്നു രഹസ്യങ്ങള്‍ ഇവയാണെന്നു ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്: താഴ്മ, താഴ്മ, താഴ്മ. അവിടെയാണ് എല്ലാം തുടങ്ങുന്നത്. യേശു തന്നെത്താന്‍ താഴ്ത്തിയതിനു ശേഷം മത്തായി 11:28ല്‍ പറഞ്ഞു. ”ഞാന്‍ സൗമ്യനും താഴ്മയുള്ളവനുമാകയാല്‍ എന്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിക്കുവിന്‍.” തന്നില്‍ നിന്നു പഠിക്കുവാന്‍ അവിടുന്നു പറഞ്ഞ രണ്ടു കാര്യങ്ങള്‍ താഴ്മയും സൗമ്യതയുമാണ്. എന്തുകൊണ്ടാണിത്? കാരണം ആദാമിന്റെ മക്കളെന്ന നിലയില്‍ നാം നിഗളികളും കഠിന ഹൃദയമുള്ളവരുമാണ്. നിങ്ങള്‍ക്ക് ഒരു സ്വര്‍ഗ്ഗീയ ജീവിതം ഈ ഭൂമിയില്‍ പ്രദര്‍ശിപ്പിക്കണമെന്നുണ്ടെങ്കില്‍ അത് പ്രദര്‍ശിപ്പിക്കേണ്ടത് സുവിശേഷ പ്രസംഗത്തിലൂടെയോ, വേദപുസ്തക പഠനങ്ങളിലൂടെയോ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയോ അല്ല. മറിച്ച് താഴ്മയുടെയും വിനയത്തിന്റെയും മനോഭാവത്തിലൂടെ ആയിരിക്കണം.

ദൈവം മോശെയ്ക്കു സമാഗമന കൂടാരത്തിന്റെ മാതൃക നല്‍കിയപ്പോള്‍ തുടങ്ങിയത് പെട്ടകത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. മനുഷ്യന്‍ ഏതു കെട്ടിടം പണിയുമ്പോഴും അതിന്റെ പുറംഭാഗത്തെ അളവുകളാണ് ആദ്യം പറയുക. എന്നാല്‍ ദൈവം തുടങ്ങുന്നത് ഏറ്റവും ഉള്ളില്‍ നിന്നാണ്. മനുഷ്യര്‍ പാത്രത്തിന്റെ പുറം വൃത്തിയാക്കുവാന്‍ ആഗ്രഹിക്കുന്നു. ദൈവമോ പാത്രത്തിന്റെ ഉള്‍ഭാഗം ആദ്യം വൃത്തിയാക്കുന്നു. അവിടുന്ന് ആദ്യം ഉള്‍ഭാഗത്തു നിന്നും തുടങ്ങി പിന്നീട് പുറം വൃത്തിയാക്കുന്നു. നിങ്ങളുടെ ചിന്തയും മനോഭാവവും മാനുഷികമാണെങ്കില്‍ പുറമേ മനുഷ്യര്‍ കാണുന്ന കാര്യങ്ങളായിരിക്കും ശ്രദ്ധിക്കുക. നിങ്ങള്‍ ഒരു ആത്മീയനാണെങ്കില്‍ ദൈവം മാത്രം കാണുന്ന ഉള്ളിലെ കാര്യങ്ങളായിരിക്കും ഗൗരവത്തോടെ എടുക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ സഭയിലെ ആളുകളുടെ എണ്ണത്തേക്കാള്‍ അവരുടെ സ്വഭാവ ഗുണത്തിനാണ് പ്രാധാന്യം നല്‍കുക. സഭയുടെ വലുപ്പം ആളുകളെ ആകര്‍ഷിക്കും. എന്നാല്‍ ദൈവം ആളുകളുടെ ഗുണമാണ് നോക്കുന്നത്.

ദൈവം നോക്കുന്നത് താഴ്മ, വിനയം, ക്ഷമ എന്നിവയാണ്. 4:2 ഇങ്ങനെ പറയുന്നു: ”നിങ്ങളുടെ സ്‌നേഹംകൊണ്ട് തമ്മില്‍ തമ്മില്‍ കുറവുകള്‍ കണക്കിടാതിരിക്കണം.” ഒരു സഭയിലും എല്ലാം തികഞ്ഞ ഒരാള്‍ ഉണ്ടാവുകയില്ല. എല്ലാവരും ചില തെറ്റുകള്‍ വരുത്തുന്നുണ്ട്. അതിനാല്‍ സഭയില്‍ നാം അന്യോന്യം തെറ്റുകളും കുറവുകളും സഹിക്കേണ്ടതുണ്ട്. നിങ്ങളൊരു തെറ്റു ചെയ്താല്‍ ഞാന്‍ അതു മറയ്ക്കും. നിങ്ങള്‍ എന്തെങ്കിലും ചെയ്യാതിരുന്നാല്‍ ഞാന്‍ അതു ചെയ്യും. ഇങ്ങനെയാണ് ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ പ്രവര്‍ത്തിക്കുന്നത്.


ക്രിസ്തുവിന്റെ ശരീരത്തിലെ ഐക്യം


”ആത്മാവിന്റെ ഐക്യത സമാധാന ബന്ധത്തില്‍ നിലനിര്‍ത്തുവാന്‍ ജാഗ്രത കാണിക്കുവിന്‍” (4:3). പൗലൊസിന്റെ പല ലേഖനങ്ങളിലും പ്രധാന വിഷയമാണ് ഐക്യതയെന്നത്. തന്റെ സഭയ്ക്കായി ദൈവത്തിന്റെ ഹൃദയത്തിലെ ഭാരവും ഇതു തന്നെയാണ്. മരിച്ചു കഴിഞ്ഞാല്‍ മനുഷ്യന്റെ ശരീരം വിഘടിച്ചു തുടങ്ങും. പൊടിയില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതാണ് നമ്മുടെ ശരീരം. നമ്മുടെ ശരീരത്തിലെ ജീവനാണ് ഈ പൊടികണങ്ങളെ ഒരുമിച്ചു നിര്‍ത്തിയിരിക്കുന്നത്. ജീവന്‍ പോകുന്ന ആ നിമിഷം മുതല്‍ വിഘടനം ആരംഭിക്കുന്നു. ചില നാളുകള്‍ക്കു ശേഷം ശരീരം മുഴുവന്‍ പൊടിയായി മാറുന്നത് നാം കാണും. വിശ്വാസികളുടെ കൂട്ടായ്മയിലും ഇങ്ങനെ തന്നെയാണ്. ഒരു സഭയിലെ വിശ്വാസികള്‍ തമ്മില്‍ ഐക്യമില്ലെങ്കില്‍ അവിടെ മരണം വന്നു എന്നു നമുക്കുറപ്പാക്കാം. ഒരു ഭര്‍ത്താവും ഭാര്യയും തമ്മില്‍ വിവാഹമോചിതര്‍ അല്ലെങ്കിലും ഐക്യതയില്‍ അല്ലെങ്കില്‍ അവരുടെ ഇടയില്‍ മരണം വന്നു കഴിഞ്ഞു എന്നു നിങ്ങള്‍ അറിയണം. തെറ്റിദ്ധാരണ, സമ്മര്‍ദ്ദം, വഴക്കു തുടങ്ങിയവയാല്‍ ഒരു വിവാഹത്തിന്റെ ആദ്യ നാള്‍ മുതല്‍ തന്നെ വിഘടനം തുടങ്ങാം. ഇത് ഒരു സഭയിലും സംഭവിക്കാം. ഒരു സഭ സാധാരണ തുടങ്ങുന്നത് എരിവുള്ള ചില സഹോദരന്മാര്‍ ഒരിമിച്ചു കൂടി ദൈവത്തിനു വേണ്ടി എരിവോടെ ഒരു വേല ആരംഭിക്കുമ്പോഴാണ്. ചിലപ്പോള്‍ വളരെ വേഗം ഐക്യത നഷ്ടപ്പെടുകയും മരണം കടന്നു വരികയും ചെയ്യുന്നു. വിവാഹ ജീവിതത്തിലും സഭയിലും ആത്മാവിന്റെ ഐക്യത കാത്തു സൂക്ഷിക്കുന്നതിനു നാം നിരന്തരം പോരാടേണ്ടതുണ്ട്.

മനുഷ്യ ശരീരത്തെക്കുറിച്ചുള്ള ആശ്ചര്യകരമായ കാര്യം അതിനെ സൃഷ്ടിച്ചിരിക്കുന്ന ഈ ചെറിയ കണികകള്‍ എങ്ങനെയാണ് ഒരുമിച്ച് ഒന്നായി ചേര്‍ത്തിരിക്കുന്നതെന്നു ആര്‍ക്കും കാണാന്‍ കഴിയുന്നില്ലയെന്നതാണ്. ശരീരത്തില്‍ ഒരു മുറിവ് ഉണ്ടായാല്‍ ഉടനെ തന്നെ അതു കൂടുന്നതിനുള്ള ഒരു പ്രക്രിയ ശരീരം ആരംഭിക്കുന്നു. ശരീരത്തിന്റെ ഏതെങ്കിലും ഭാഗം തുറന്നു വിടവോടെ ഇരിക്കുവാന്‍ ശരീരം ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ഉടനെ തന്നെ യോജിപ്പിച്ചു തൊലി കൊണ്ടു മൂടുന്ന പണി ആരംഭിക്കുന്നു. ഒരു എല്ല് ഒടിയുമ്പോഴും അങ്ങനെ തന്നെയാണ്. ശരീരം ഉടനെ അതിനെ യോജിപ്പിക്കുന്നതിനുള്ളപണി ആരംഭിക്കുന്നു. രണ്ട് എല്ലുകള്‍ തമ്മില്‍ യോജിപ്പിക്കുവാന്‍ ലോകത്തില്‍ ഒരു മനുഷ്യനും കഴിയുകയില്ല. ഒരു ഡോക്ടര്‍ക്കു ഒടിഞ്ഞ എല്ലുകളെ ഒരുമിച്ചു ചേര്‍ത്തു വയ്ക്കുവാന്‍ മാത്രമേ കഴിയൂ. ശരീരം തന്നെയാണ് അവയെ കൂട്ടി യോജിപ്പിക്കുന്നത്. മനുഷ്യശരീരം എപ്പോഴും ഐക്യതയിലേക്കാണ് പ്രവര്‍ത്തിക്കുന്നത്. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയും അങ്ങനെ ആയിരിക്കണം.

ഒരു സഭ അങ്ങനെ പ്രവര്‍ത്തിക്കുന്നില്ലായെങ്കില്‍ അതു ക്രിസ്തുവിന്റെ ശരീരത്തെയല്ല പ്രതിനിധീകരിക്കുന്നത്.

ഒരുപറ്റം വിശുദ്ധരുടെ കൂട്ടത്തെയല്ല ദൈവം പണിയുന്നത്. അവിടുന്നു ഒരു ശരീരമാണ് പണിയുന്നത്. അതാണ് പൗലൊസ് നാലാം അധ്യായത്തില്‍ പറയുന്നത്. ശരീരം ഒന്നാകയാല്‍ ആത്മാവിന്റെ ഐക്യത കാത്തു സൂക്ഷിക്കുക എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഒരു പ്രാദേശിക ശരീരത്തില്‍ ഐക്യമുണ്ടെന്ന് എങ്ങനെ അറിയാം? അത് ”സമാധാന ബന്ധത്തില്‍” (4:3) അറിയാം. ”ആത്മാവിന്റെ ചിന്തയോ സമാധാനമത്രേ”(റോമ. 8:6). നിങ്ങള്‍ ഒരു സഹോദരനെയോ സഹോദരിയെയോ കുറിച്ചു ചിന്തിക്കുമ്പോള്‍ നിങ്ങളുടെ മനസ്സിലേക്കു വരുന്ന ചിന്ത സമാധാനവും സ്വസ്ഥതയും നല്‍കുന്നതാണെങ്കില്‍ നിങ്ങള്‍ ആ വ്യക്തിയുമായി ഐക്യതയിലാണെന്നു മനസ്സിലാക്കാം. എന്നാല്‍ വ്യക്തിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ വളരെ ചെറിയ ഒരു അസ്വസ്ഥതയെങ്കിലും തോന്നിയാല്‍ ആ വ്യക്തിയുമായി നിങ്ങള്‍ ഐക്യതയില്‍ അല്ലെന്ന് ഉറപ്പാക്കാം. നിങ്ങള്‍ ഒരുപക്ഷേ അയാളെ വളരെ നന്നായി ”ദൈവത്തിനു സ്‌തോത്രം” എന്നു പറഞ്ഞ് അഭിവാദ്യം ചെയ്യും. ഇതു കാപട്യമാണ്. സമാധാനമാണ് അതിനുള്ള പരിശോധന. അതിനാല്‍ ആത്മാവിന്റെ ഐക്യത സമാധാന ബന്ധത്തില്‍ കാക്കുക.

4:5ല്‍ ‘സ്‌നാനം ഒന്ന്’ എന്നു പറയുമ്പോള്‍ അതു വചനപ്രകാരമുള്ള സ്‌നാനത്തെ സംബന്ധിച്ചാണ്. കുഞ്ഞുങ്ങളെ ക്രിസ്ത്യാനികളാക്കുവാന്‍ നടത്തുന്ന പ്രവൃത്തിയെ ചിലര്‍ ”ശിശുസ്‌നാനം” എന്നു വിളിക്കുന്നു. അതു സ്‌നാനമേയല്ല. നിങ്ങള്‍ ശിശു ആയിരിക്കുമ്പോള്‍ അത്തരം എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിലും നിങ്ങള്‍ സ്‌നാനപ്പെട്ടിട്ടില്ല.

പിന്നീട് പൗലൊസ് ക്രിസ്തുവിന്റെ ശരീരത്തിന്റെ പണിക്ക് ആവശ്യമായ വരങ്ങളെക്കുറിച്ചു പറയുന്നു. ദൈവത്തില്‍ നിന്നും പ്രകൃത്യാതീതമായ വരങ്ങള്‍ ഇല്ലാതെ ശരീരമാകുന്ന സഭയുടെ പണി നടക്കുകയില്ല. ദൈവം ക്രിസ്തുവിന്റെ ശരീരത്തിലെ എല്ലാവര്‍ക്കും ഓരോ വരം നല്‍കിയിരിക്കുന്നു. ”നമ്മില്‍ ഓരോരുത്തര്‍ക്കും ക്രിസ്തുവില്‍ നിന്നുള്ള ദാനത്തിന്റെ അളവനുസരിച്ചു കൃപ ലഭിച്ചിരിക്കുന്നു” (4:7).

പിന്നീട് നാം യേശുവിന്റെ ഉയിര്‍പ്പിനെക്കുറിച്ചു വായിക്കുന്നു. ”അവിടുന്നു ബന്ധനസ്ഥരെ പിടിച്ചു കൊണ്ടുപോയി ഉയരത്തില്‍ കയറി” (4:8). ഈ വാക്യത്തിന്റെ അര്‍ത്ഥം ഇതാണ്: യേശു മരിച്ചപ്പോള്‍ അവിടുന്നു പറഞ്ഞതുപോലെ ഭൂമിയുടെ ഉള്‍ഭാഗത്തേക്കു പോയി. മൂന്നു പകലും മൂന്നു രാത്രിയും കഴിഞ്ഞു (മത്താ. 12:40). പറുദീസ അപ്പോള്‍ ഭൂമിയുടെ ഉള്‍ഭാഗത്തായിരുന്നു എന്ന കാര്യം അതില്‍ നിന്നു നമുക്കു മനസ്സിലാകും. കാരണം മാനസാന്തരപ്പെട്ട കള്ളനോടു യേശു പറഞ്ഞത് അവന്‍ ആ ദിവസം യേശുവിനോടുകൂടെ പറുദീസയില്‍ കാണുമെന്നാണ്. പിന്നീട് യേശു തന്റെ ശരീരത്തിലേക്കു (അരിമത്യയിലെ യോസേഫിന്റെ കല്ലറയില്‍ വച്ചിരുന്നത്) മടങ്ങിവന്നു. തുടര്‍ന്നു കല്ലറയ്ക്കു പുറത്തു വന്നു. പിന്നീട് അവിടുന്നു 40 നാള്‍ ഈ ഭൂമിയില്‍ ഉണ്ടായിരിക്കുകയും അനേകര്‍ക്കു പ്രത്യക്ഷനാവുകയും ചെയ്തു. അനന്തരം അവിടുന്നു സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു. അവിടുന്നു പറുദീസയില്‍ ഉണ്ടായിരുന്ന എല്ലാവരെയും (ഭൂമിയുടെ ഉള്ളില്‍ ബന്ധനസ്ഥരായിരുന്നവര്‍) തന്നോടു കൂടെ മൂന്നാം സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോയി.

പറുദീസ ഇന്നു മൂന്നാം സ്വര്‍ഗ്ഗത്തിലാണെന്നു നമുക്കറിയാം. കാരണം 2 കൊരിന്ത്യര്‍ 12:2,4 വാക്യങ്ങളില്‍ പൗലൊസിനെ അവിടേക്കു എടുത്തതായി നാം വായിക്കുന്നു. അദ്ദേഹത്തെ മുകളിലേക്ക് എടുത്തു എന്നാണ് അല്ലാതെ താഴേക്കു എടുത്തു എന്നല്ല പറയുന്നത്. ഇന്ന് ഒരു ദൈവപൈതല്‍ മരിക്കുമ്പോള്‍ മോശെയും ദാവീദും യേശുവും മരിച്ചപ്പോള്‍ പോയതുപോലെ ഭൂമിക്കുള്ളിലേക്കല്ല പോകുന്നത്. മറിച്ച് ഇന്നു ക്രിസ്തു ആയിരിക്കുന്ന മൂന്നാം സ്വര്‍ഗ്ഗത്തിലേക്കാണ് എടുക്കപ്പെടുന്നത്. ക്രിസ്തു ആദ്യം ഭൂമിയുടെ ഉള്ളിലേക്കു പോയി (4:8). നരകവും അവിടെ തന്നെ ആയിരുന്നു. എന്നാല്‍ നരകത്തിനും പറുദീസയ്ക്കും ഇടയില്‍ വലിയ ഒരു വിടവ് ഉണ്ട്. ധനവാന്റെയും ലാസറിന്റെയും കഥയില്‍ അതു പറയുന്നുണ്ട്. നരകം ഇപ്പോഴും ഭൂമിയുടെ ഉള്ളിലാണ്.

ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടതിനു ശേഷം അവിടുന്നു സഭയ്ക്കു വരങ്ങള്‍ നല്‍കി. ഈ വരങ്ങള്‍ ”ജനങ്ങളായിരുന്നു.” ക്രിസ്തു സഭയ്ക്ക് അപ്പൊസ്തലന്മാരെയും പ്രവാചകന്മാരെയും സുവിശേഷകന്മാരെയും ഇടയന്മാരെയും ഉപദേഷ്ടാക്കന്മാരെയും നല്‍കി (4:11). വരം ലഭിച്ച ഈ ആളുകള്‍ വേണം എല്ലാ വിശ്വാസികളേയും ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ തക്കവണ്ണം പ്രാപ്തരാക്കേണ്ടത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. ഈ വരം ലഭിച്ചവര്‍ അവര്‍ക്കു വേണ്ടി സഭ പണിയണമെന്നല്ല. അവര്‍ വിശ്വാസികളെ പ്രാപ്തരാക്കുകയും അങ്ങനെ ആ വിശ്വാസികള്‍ ക്രിസ്തുവിന്റെ ശരീരം പണിയുകയുമാണു വേണ്ടത്. ക്രിസ്തുവിന്റെ ശരീരം പണിയുന്നതില്‍ എല്ലാ വിശ്വാസികള്‍ക്കും ഒരു പങ്കുണ്ട്. എന്നാല്‍ അത്തരം ഒരു പണി വളരെ അപൂര്‍വ്വമായി മാത്രമേ ഇന്നു നമുക്കു കാണാന്‍ കഴിയുകയുള്ളു.

വരം ലഭിച്ചവരില്‍ ഒന്നാമതുള്ളത് അപ്പൊസ്തലന്മാരാണ്. അത് ആദ്യ പന്ത്രണ്ട് അപ്പൊസ്തലന്മാര്‍ മാത്രമല്ല. കാരണം ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്ക് ഉയിര്‍ത്തപ്പെട്ട ശേഷം അവിടുന്നു അവയൊക്കെ സഭയ്ക്കായി നല്‍കി എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അപ്പൊസ്തല പ്രവൃത്തികളില്‍ പൗലൊസിനേയും ബര്‍ന്നബാസിനെയും അപ്പൊസ്തലന്മാര്‍ എന്നു വിളിക്കുന്നതായി നാം വായിക്കുന്നു. വെളിപ്പാട് 2:2ല്‍ ആദ്യ അപ്പൊസ്തലന്മാരില്‍ ഒരാള്‍ മാത്രം (യോഹന്നാന്‍) ജീവിച്ചിരിക്കെ ദൈവം എഫെസോസിലെ സഭയോട് ഇങ്ങനെ പറയുന്നതായി നാം വായിക്കുന്നു: ”തങ്ങള്‍ അപ്പൊസ്തലന്മാര്‍ അല്ലാതിരിക്കെ അപ്പൊസ്തലന്മാരാണെന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാര്‍ എന്നു കണ്ടതും ഞാന്‍ അറിയുന്നു.” ഇതു തെളിയിക്കുന്നത് ആ കാലഘട്ടത്തില്‍ ചില യഥാര്‍ത്ഥ അപ്പൊസ്തലന്മാര്‍ ഉണ്ടായിരുന്നു എന്നാണ്. അല്ലെങ്കില്‍ അപ്പൊസ്തലന്മാര്‍ എന്ന് അവകാശപ്പെട്ടവരെ പരീക്ഷിച്ചറിയേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ. ഇന്നും അപ്പൊസ്തലന്മാര്‍ ഉണ്ട്. അപ്പൊസ്തലന്മാര്‍ എല്ലാവരും ദൈവവചനം എഴുതിയവരല്ല. അതുപോലെ അപ്പൊസ്തലന്മാരല്ലാത്ത മര്‍ക്കൊസും ലൂക്കൊസും ദൈവവചനം എഴുതിയവരാണ്. ”ഒരു പ്രത്യേക വേല ഏല്പിച്ചു ദൈവത്താല്‍ അയയ്ക്കപ്പെട്ടവരാണ്’ അപ്പൊസ്തലന്മാര്‍. അപ്പൊസ്തലന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ‘അയയ്ക്കപ്പെട്ടവന്‍’ എന്നാണ്. ഒരു പ്രത്യേക സഥ്‌ലത്തേക്ക് ഒരു പ്രത്യേക സമയത്തു ദൈവത്താല്‍ അയയ്ക്കപ്പെട്ടവര്‍. അവര്‍ പല സ്ഥലങ്ങളിലും പ്രാദേശിക സഭകള്‍ സ്ഥാപിക്കുകയും ആ സ്ഥലങ്ങളിലൊക്കെ മൂപ്പന്മാരെ നിയമിക്കുകയും ചെയ്യുന്നു. പിന്നീട് ഈ അപ്പൊസ്തലന്‍ ആ മൂപ്പന്മാര്‍ക്കു മൂപ്പനായിരുന്ന് അവരെ നയിക്കുകയും അവരുടെ സഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരെ പക്വതയിലേക്കു നടത്തുകയും ചെയ്യുന്നു. ഒരു അപ്പൊസ്തലന് അടിസ്ഥാന സഭയുണ്ടായിരിക്കുമെങ്കിലും ആ പ്രാദേശിക സഭയിലെ ഓരോ അംഗത്തിന്റെ മേലും അദ്ദേഹത്തിന് ഉത്തരവാദിത്തം ഉണ്ടാവുകയില്ല. അദ്ദേഹത്തിന്റെ ഉത്തരവാദിത്തം സഭയിലെ മൂപ്പന്മാരുടെ മേലായിരിക്കും.

അടുത്തത് പ്രവാചകന്മാരാണ്. സഭയിലെ പ്രശ്‌നങ്ങള്‍ പരിശോധിച്ചു കണ്ടുപിടിക്കുവാനുള്ള വിവേചനം നല്‍കപ്പെട്ടിട്ടുള്ള ആളുകളാണിവര്‍. അവര്‍ നല്ല ഡോക്ടറെ പോലെയാണ്. രോഗിയെ പരിശോധിച്ച് അസുഖത്തിനുള്ള കൃത്യമായ മരുന്നു നല്‍കുന്നു. അല്ലെങ്കില്‍ കാന്‍സര്‍ ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റി സൗഖ്യം നല്‍കുന്നു. പ്രവാചകന്മാര്‍ ഒരിക്കലും വളരെ ജനസമ്മതിയുള്ളവരല്ല. കാരണം അവന്‍ എപ്പോഴും സഭയിലെ പാപമെന്ന കാന്‍സര്‍ തുറന്നു കാട്ടുന്നു. പല ആളുകള്‍ക്കും അവരുടെ ശരീരത്തിന്റെ അവസ്ഥ വ്യക്തമാക്കുന്ന സ്‌കാന്‍ റിപ്പോര്‍ട്ടു കാണുവാന്‍ താല്പര്യമില്ല. അതുപോലെ തന്നെ പല വിശ്വാസികള്‍ക്കും അവരുടെ ഉള്ളിലെ പാപകരമായ അവസ്ഥ ഒരു പ്രവാചകന്‍ തുറന്നു പറയുന്നതും ഇഷ്ടമല്ല. എന്നാല്‍ ഇത് ഒരു പ്രാദേശിക സഭയിലെ വളരെ പ്രധാനപ്പെട്ട ഒരു ശുശ്രൂഷയാണ്. ഒരു സഭ ആത്മീയമായി തുടരണമെങ്കില്‍ എല്ലാ യോഗങ്ങളിലും പാപങ്ങള്‍ തുറന്നു പറയുന്ന ഒരു പ്രവാചകന്‍ അവിടെ ഉണ്ടാകണം. അപ്പോള്‍ ആളുകള്‍ക്കു തങ്ങളുടെ മറഞ്ഞുകിടക്കുന്ന പാപങ്ങളെക്കുറിച്ചു ബോധം വരികയും ആ യോഗത്തിലെ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ് അവര്‍ ദൈവത്തിങ്കലേക്കു മടങ്ങി വരികയും ചെയ്യുന്നു (1കൊരി. 14:24,25). ്യുഞാന്‍ ഇവിടെ പറയുന്നത്, ഇന്നു ക്രിസ്തീയ ഗോളത്തില്‍ കാണുന്ന, ആരെ വിവാഹം കഴിക്കണം, എങ്ങോട്ടു പോകണം എന്നൊക്കെ പറയുന്നവരും ന്യായവിധിയെക്കുറിച്ചു പറഞ്ഞു ഭീതിയുണ്ടാക്കുന്നവരുമായ അനേകം വ്യാജപ്രവാചകന്മാരെ കുറിച്ചല്ല. ഇതു വ്യാജ പ്രവചനമാണ്. കര്‍ശന നിര്‍ദ്ദേശം നല്‍കുന്ന തരത്തിലുള്ള പ്രവചനം പുതിയ നിയമത്തിലില്ല. അതു പഴയ നിയമ പ്രവാചകന്മാരുടെ ശുശ്രൂഷയാണ്. ആ കാലഘട്ടത്തില്‍ പ്രവാചകന്മാരുടെ മേല്‍ മാത്രമാണ് പരിശുദ്ധാത്മാവ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല.

അടുത്തത് ”സുവിശേഷകന്മാരാണ.്” സുവിശേഷം കേട്ടിട്ടില്ലാത്തവരെക്കുറിച്ചു ഭാരമുള്ളവരും അങ്ങനെയുള്ളവരെ വ്യക്തിപരമായി സുവിശേഷം അറിയിക്കുക വഴിയോ സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിക്കുക വഴിയോ ദൈവത്തിങ്കലേക്കു കൊണ്ടുവരുവാന്‍ കഴിവുള്ളവരുമായ വിശ്വാസികളാണവര്‍. ഒരു കഷണം റൊട്ടി എടുത്തു വായില്‍ വയ്ക്കുവാന്‍ സഹായിക്കുന്ന ശരീരത്തിലെ കൈ പോലെയാണ് ആ സുവിശേഷകന്‍. തുടര്‍ന്ന് ആ ഒരു കഷണം റൊട്ടി ചവച്ചരച്ചു വയറ്റിലേക്കു വിടുന്ന പല്ലുകളുടേയും വയറ്റില്‍ ഈ ആഹാരത്തിന്റെ മേല്‍ ദഹിക്കുവാനുള്ള വസ്തുക്കള്‍ ഇട്ട് ഈ ആഹാരത്തെ നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കി തീര്‍ക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് പ്രവാചകന്റെ ശുശ്രൂഷ. ചവച്ചരച്ച് ആഹാരത്തെ ദഹിപ്പിക്കുന്ന ശുശ്രൂഷയെക്കാള്‍ സൗമ്യമായി ആഹാരം വായിലേക്ക് എടുത്തു വയ്ക്കുന്ന ശുശ്രൂഷയാണ് അംഗീകരിക്കപ്പെടുന്നത്. എന്നാല്‍ ആ ഒരു കഷണം റൊട്ടി ശരീരത്തിന്റെ ഭാഗമാകണമെങ്കില്‍ ഈ രണ്ടു ശുശ്രൂഷയും ആവശ്യമുണ്ട്. അതിനാല്‍ സുവിശേഷകനും പ്രവാചകനും ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

അടുത്തത് ”ഇടയന്മാര്‍.” ‘പൊയിമന്‍’ (നാമം) ‘പൊയിമെയ്‌നോ’ (ക്രിയ) എന്നീ ഗ്രീക്കു പദങ്ങള്‍ 29 തവണ പുതിയ നിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ‘ഇടയന്‍’, ‘ഇടയനായിരിക്കുക’ എന്നാണ് എല്ലായിടത്തും ഇതു പരിഭാഷ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവിടെ മാത്രം ‘പാസ്റ്റര്‍’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു (ഇംഗ്ലീഷ് ബൈബിളില്‍). ഇതു ക്രൈസ്തവ ഗോളത്തില്‍ ഈ ശുശ്രൂഷയെ സംബന്ധിച്ചു വലിയ തെറ്റിദ്ധാരണയ്ക്കു കാരണമായിട്ടുണ്ട്. ആളുകളെ ശുശ്രൂഷിച്ചു നടത്തുന്നവരാണ് ഇടയന്മാര്‍. ആടുകള്‍ക്കു വിശക്കുമ്പോഴും മുറിവേല്ക്കുമ്പോഴും അവയെ ശുശ്രൂഷിക്കുന്നു. ഒരു ഇടയന്റെ ജോലി ആടുകളെ പരിപാലിക്കുകയെന്നതും കുഞ്ഞാടുകളെ പരിപാലിച്ച് വളര്‍ത്തി വലിയവരാക്കുകയെന്നതുമാണ്. എല്ലാ സഭയ്ക്കും അനേകം ഇടയന്മാരെ വേണം. ഒരു പാസ്റ്റര്‍ മാത്രം പോര. യേശു 12 പേര്‍ക്കു മാത്രമാണ് ഇടയനായിരുന്നത്. അതിനാല്‍ ഒരു സഭയില്‍ 120 പേരുണ്ടെങ്കില്‍ 10 ഇടയന്മാരുടെ ആവശ്യമുണ്ട്. പാസ്റ്റര്‍ എന്ന സ്ഥാനപ്പേരുമായി 10 പൂര്‍ണ്ണ സമയ ശുശ്രൂഷകന്മാര്‍ ഉണ്ടാകണമെന്നല്ല ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നത്. തങ്ങളെക്കാള്‍ ചെറുപ്പമായവരെ സംരക്ഷിക്കുവാന്‍ തക്ക ഇടയന്റെ ഹൃദയമുള്ളവരെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിക്കുന്നത്. അവര്‍ മറ്റേതെങ്കിലും ജോലി ചെയ്യുന്നവരാകാം. എന്നാല്‍ സഭയിലെ ചെറുപ്പക്കാരെ ഉത്സാഹിപ്പിക്കുവാന്‍ താല്പര്യമുള്ളവരാണവര്‍. 25 വയസ്സുള്ള ഒരുവനു സഭയിലെ കൗമാരപ്രായക്കാരെ ഉത്സാഹിപ്പിക്കുവാനും അവര്‍ക്ക് ഒരു ഇടയനായിരിക്കുവാനും കഴിയും. അങ്ങനെയുള്ളവര്‍ സഭയിലെ മൂപ്പന്മാര്‍ക്കു വലിയ സഹായമായിരിക്കും. സഭ വളരുംതോറും കൂടുതല്‍ ഇടയന്മാരെ ആവശ്യമുണ്ട്. ക്രിസ്തുവിന്റെ ശരീരമെന്ന ദൈവിക പദ്ധതിയില്‍ മഹാസഭകളല്ല ഉള്ളത്. എന്നാല്‍ ഒരു പിതാവിന്റെ ഹൃദയമുള്ള ഇടയന്മാര്‍ ഉള്ള ചെറിയ സഭകളാണ്. വലിയ സഭകള്‍ യഥാര്‍ത്ഥത്തില്‍ സുവിശേഷ പ്രസംഗം നടത്തുന്ന കേന്ദ്രങ്ങളാണ്. അവിടെ ആളുകള്‍ വരികയും അറിവു നേടുകയും ചെയ്യുന്നു. എന്നാല്‍ കൃപയില്‍ വളരുന്നില്ല. അത്തരം സഭകളിലെ നേതാക്കന്മാര്‍ നല്ല പ്രസംഗകരും ഭരണകര്‍ത്താക്കളും ആയിരിക്കും. എന്നാല്‍ ഒരു നല്ല ഇടയനായിരിക്കുകയില്ല.

ഒടുവില്‍ നമുക്ക് ഉപദേഷ്ടാക്കന്മാരുണ്ട്. ദൈവവചനം വളരെ ലളിതമായി ആളുകള്‍ക്കു മനസ്സിലാകുംവിധം വിശദീകരിക്കുവാന്‍ കഴിവുള്ള ആളുകളാണിവര്‍. ക്രിസ്തീയ ഗോളത്തില്‍ നല്ല ഉപദേഷ്ടാക്കന്മാര്‍ അധികമില്ല. എല്ലാ സഭകളിലും ഒരു ഉപദേഷ്ടാവിന്റെ ആവശ്യമില്ല. 20 മുതല്‍ 30 വരെ സഭകളില്‍ സഞ്ചരിച്ച് ദൈവവചനം പഠിപ്പിക്കുവാന്‍ ഒരു ഉപദേഷ്ടാവ് മതി. സീഡിയും ഡിവിഡിയും ഇന്റര്‍നെറ്റും ഒക്കെയുള്ള ഈ കാലഘട്ടത്തില്‍ ഒരു ഉപദേഷ്ടാവിനു നൂറു കണക്കിനു സഭകളില്‍ എത്തിപ്പെടാം. ഇതുപോലെ തന്നെ എല്ലാ സഭയ്ക്കും ഒരു സുവിശേഷകനെ ആവശ്യമില്ല. കാരണം ഒരു സുവിശേഷകന് ആളുകളെ ക്രിസ്തുവിലേക്കു കൊണ്ടുവന്നതിനു ശേഷം മറ്റ് ഇടങ്ങളിലേക്കു പോകുവാന്‍ സാധിക്കും. എന്നാല്‍ എല്ലാ സഭയ്ക്കും പ്രവാചകന്മാരെയും ഇടയന്മാരേയും ആവശ്യമുണ്ട്.

ഈ ശുശ്രൂഷകളുടെയെല്ലാം ഉദ്ദേശ്യം ക്രിസ്തുവിന്റെ സഭ പണിയുകയെന്നതാണ്. ഒരു സുവിശേഷകന്‍ ആത്മാക്കളെ ക്രിസ്തുവിലേക്കു നടത്തിയതിനു ശേഷം അവരോട് ഏതെങ്കിലും സഭയിലേക്കോ അല്ലെങ്കില്‍ പഴയ നിര്‍ജ്ജീവ സഭയിലേക്കോ മടങ്ങിപ്പോകുവാന്‍ പറയരുത്. അത്തരമൊരു സുവിശേഷകനെക്കുറിച്ചല്ല എഫെസ്യര്‍ നാലാം അധ്യായത്തില്‍ പറയുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്നു പല സുവിശേഷകന്മാര്‍ക്കും അവരുടെ പേരിനോട് ചേര്‍ന്നാണ് ശുശ്രൂഷയുള്ളത്. അവര്‍ യോഗങ്ങള്‍ നടത്തുന്നു; ആളുകള്‍ രക്ഷിക്കപ്പെടുന്നു (അങ്ങനെ പ്രതീക്ഷിക്കുന്നു). പിന്നീട് അവരോടു പഴയ നിര്‍ജ്ജീവ സഭകളിലേക്കു മടങ്ങിക്കൊള്ളുവാന്‍ അവര്‍ പറയുന്നു. ആ നിര്‍ജ്ജീവ സഭകളില്‍ അവരെ സത്യത്തിലേക്കു നടത്തുവാന്‍ ഇടയന്മാരോ ഉപദേഷ്ടാക്കന്മാരോ ഇല്ല.

ഇവിടെ നാലാം അധ്യായത്തില്‍ നാം വായിക്കുന്നത് സുവിശേഷകന്മാര്‍ അപ്പൊസ്തലന്മാരോടും പ്രവാചകന്മാരോടും ഇടയന്മാരോടും ഉപദേഷ്ടാക്കന്മാരോടും ചേര്‍ന്ന് ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു എന്നാണ്. ഒരു സുവിശേഷകന്‍ രക്ഷിക്കപ്പെട്ടവരെ നല്ല ഇടയനു കൈമാറണം. ഇത്തരത്തിലുള്ള സഹകരണമാണു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയില്‍ വേണ്ടത്. ആദിമ സഭയില്‍ അങ്ങനെയായിരുന്നു. ഫിലിപ്പോസ് ഒരു സുവിശേഷകനായിരുന്നു. ഒരു അപ്പൊസ്തലനോ ഉപദേഷ്ടാവോ ആയിരുന്നില്ല (പ്രവൃത്തി 8). അതിനാല്‍ ഈ രക്ഷിക്കപ്പെട്ടവരെ കൂടുതല്‍ ദൈവിക സത്യത്തിലേക്കു നടത്തുന്നതിനുള്ള ഉത്തരവാദിത്തം ശമര്യയിലുള്ള മറ്റു വിശ്വാസികള്‍ ഏറ്റെടുത്തു. രക്ഷിക്കപ്പെട്ടവര്‍ അലഞ്ഞു നടക്കുവാന്‍ ഫിലിപ്പോസ് അനുവദിച്ചില്ല.

നിര്‍ഭാഗ്യവശാല്‍ ഇന്നുള്ള പല സുവിശേഷ പ്രവര്‍ത്തനങ്ങളും ഒരു മനുഷ്യന്റെ പേരില്‍ പണിയപ്പെടുന്നവയാണ്. അയാള്‍ ജനങ്ങള്‍ നല്‍കുന്ന സ്‌തോത്ര കാഴ്ചയിലൂടെ സ്വന്തമായി ധാരാളം പണം സമ്പാദിക്കുന്നു. ഇതു 4:11ല്‍ പറയുന്നതുപോലെ ദൈവവിളിയാലുള്ള പ്രവൃത്തി എന്നതിനപ്പുറം ഒരു തൊഴിലായി മാറിയിരിക്കുന്നു. അത്തരമൊരു സുവിശേഷകനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ഇവിടെ സുവിശേഷകനെന്നാല്‍ ക്രിസ്തുവിന്റെ ശരീരം പണിയുന്നവനാണ്, അല്ലാതെ സ്വന്തം പേരില്‍ ഒരു ശുശ്രൂഷ സ്ഥാപിക്കുന്നവനല്ല.


ക്രിസ്തുവിന്റെ ശരീരത്തിലെ വളര്‍ച്ച


തുടര്‍ന്നു പൗലൊസ് ശരീരമാകുന്ന സഭയിലെ ഐക്യത്തെ സംബന്ധിച്ചു സംസാരിക്കുന്നു. അദ്ദേഹം പറയുന്നത് വിശ്വാസികളായ നാമെല്ലാവരും ”ദൈവത്തിന്റെ ഐക്യത സമാധാന ബന്ധത്തില്‍ നിലനിര്‍ത്തണമെന്നും” ”വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും ഐക്യം പ്രാപിക്കണമെന്നുമാണ്” (4:3,13). വിശ്വാസികളെന്ന നിലയില്‍ നാം നേര്‍ക്കുനേരേ കാണാത്ത പല മേഖലകളുണ്ടാകാം. മഹാപീഡന കാലത്തിനു മുന്‍പ് ക്രിസ്തു വരുമെന്നായിരിക്കും നിങ്ങള്‍ കരുതുന്നത്. ക്രിസ്തു സഭയെ തന്നോടു കൂടെ എടുക്കുന്നതിനു മുന്‍പ് സഭ മഹാ പീഡനത്തിലൂടെ കടന്നു പോകണമെന്നുള്ള എന്റെ കാഴ്ചപ്പാടിനോട് നിങ്ങള്‍ ഒരുപക്ഷേ യോജിക്കുകയില്ലായിരിക്കും. അങ്ങനെയുള്ള പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകാം. വിശ്വാസ സംബന്ധമായ എല്ലാ കാര്യങ്ങളിലും നാം ഐക്യതയില്‍ എത്തിയിട്ടില്ല. എന്നാല്‍ നാം ആത്മാവിന്റെ ഐക്യതയില്‍ ആയിരിക്കണം. ആത്മാവിന്റെ ഐക്യതയില്‍ എത്തുന്നതിനു മുന്‍പു വിശ്വാസ സംബന്ധമായ എല്ലാ കാര്യത്തിലും ഐക്യത ഉണ്ടാകണമെന്നില്ല.

നാം ക്രമേണ ”ക്രിസ്തുവിന്റെ നിറവിനനുസരണമായി പൂര്‍ണ്ണ മനുഷ്യത്വത്തിലേക്കു വളര്‍ന്നു വരണം”(4:13). പക്വതയിലേക്കു സ്വയം വളരണമെന്നും മറ്റുള്ളവരെ നിറവിലേക്കു വളരുവാന്‍ സഹായിക്കണമെന്നും ഉള്ളതാണ് നമ്മുടെ ലക്ഷ്യം. നാം ശിശുക്കളായി തുടരുന്നു. ”നമ്മെ വഞ്ചിക്കുന്ന മനുഷ്യരുടെ കൗശലങ്ങള്‍ മൂലം മേലാല്‍ നാം ഉപദേശത്തിന്റെ ഓരോ കാറ്റിനാല്‍ ആടിയുലയുന്ന ശിശുക്കളായി തീരരുത്”(4:14). ദുരുപദേശങ്ങള്‍ക്കും ചതികള്‍ക്കും വിധേയപ്പെടുവാന്‍ നമ്മെ ദൈവം അനുവദിക്കുന്നു. അങ്ങനെ മാത്രമേ നാം വിവേചനമുള്ളവരായി വളരുകയുള്ളു. അതുകൊണ്ടാണ് അനേകം ചതിയന്മാരേയും വ്യാജ പ്രവാചകന്മാരേയും ക്രിസ്തീയ ഗോളത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അവിടുന്ന് അനുവദിച്ചിരിക്കുന്നത്. അങ്ങനെ ഏതാണ് ശരിയായ ആത്മാവ്, ഏതാണ് തെറ്റായ ആത്മാവ് എന്നു വിവേചിച്ച് അറിയുവാന്‍ നമുക്കു കഴിയും. നാം ആരേയും വിധിക്കേണ്ടതില്ല. എന്നാല്‍ വിവേചിക്കേണ്ടതുണ്ട്. അപ്പോള്‍ നമ്മുടെ ആത്മീയ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

4:15ല്‍ നമ്മോട് ഇങ്ങനെ ആവശ്യപ്പെടുന്നു: ”ക്രിസ്തു എന്ന ശിരസ്സോളം വളരുവാന്‍ സ്‌നേഹത്തില്‍ സത്യം സംസാരിക്കുക” സത്യവും സ്‌നേഹവും തമ്മിലുള്ള സന്തുലിതാവസ്ഥ ശ്രദ്ധിക്കുക. നാം സത്യം സംസാരിക്കണമോ? തീര്‍ച്ചയായും എല്ലായ്‌പ്പോഴും വേണം. എന്നാലത് നമുക്കിഷ്ടമുള്ളതുപോലെ എങ്ങനേയും ആകാമെന്നുണ്ടോ? ഇല്ല. നാം ”സ്‌നേഹത്തില്‍ സത്യം സംസാരിക്കണം.” സ്‌നേഹത്തില്‍ സത്യം സംസാരിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ ആളുകളോട് സത്യം സംസാരിക്കുന്നതിന് ആവശ്യമായ സ്‌നേഹം ഉണ്ടാകുന്നതുവരെ കാത്തിരിക്കുക. സത്യത്തെ പേന ഉപയോഗിച്ച് എഴുതാവുന്ന ബോര്‍ഡാണു സ്‌നേഹം. ആ ബോര്‍ഡില്ലാതെ സത്യം കൊണ്ട് എഴുതാന്‍ ശ്രമിച്ചാല്‍ അത് വായുവില്‍ എഴുതുന്നതു പോലെ ആയിരിക്കും. നിങ്ങളെന്താണെഴുതുന്നതെന്ന് ആര്‍ക്കും മനസ്സിലാവുകയില്ല. സഭയിലെ പ്രസംഗ പീഠത്തില്‍ നിന്നായാലും സ്വകാര്യ സംഭാഷണത്തിലായാലും എപ്പോഴും സ്‌നേഹത്തില്‍ സംസാരിക്കുക വഴിയാണ് നാം എല്ലാറ്റിലും ക്രിസ്തുവെന്ന ശിരസ്സോളം വളരുവാന്‍ ഇടയാകുന്നത്.

4:16ല്‍ പൗലൊസ് പറയുന്നു: ”ക്രിസ്തു മുഖേന മുഴുവന്‍ ശരീരവും സകല സന്ധിബന്ധങ്ങളാലും സംയോജിതമായിട്ട് അവയവങ്ങള്‍ ഓരോന്നും അതതിന്റെ ധര്‍മ്മം നിര്‍വഹിച്ചു കൊണ്ട് സ്‌നേഹത്തിലുള്ള വളര്‍ച്ച പ്രാപിക്കുന്നു.” സന്ധിബന്ധങ്ങള്‍ എന്ന് ഇവിടെ പറയുന്നത് കൂട്ടായ്മയാണ്. ഒരു കൈയോട് ചേര്‍ന്നു മാത്രം എത്ര സന്ധിബന്ധങ്ങള്‍ ആണുള്ളത്! തോളില്‍ ഒന്ന്, മുട്ടില്‍ ഒന്ന്, കൈക്കുഴകളില്‍ ഒന്ന്, ഓരോ വിരലിലും മൂന്നു വീതം… അങ്ങനെ കുറഞ്ഞത് 17. ഈ സന്ധിബന്ധങ്ങളാണ് കൈയുടെ പ്രവര്‍ത്തനം സാദ്ധ്യമാക്കുന്നത്. കൈയുടെ മുകള്‍ ഭാഗവും താഴെ ഭാഗവും ഒരുപോലെ ശക്തമാണെങ്കിലും മുട്ട് അനക്കാന്‍ പറ്റാതെയിരിക്കുന്നുവെങ്കില്‍ ആ കൈകൊണ്ട് എന്തു ചെയ്യുവാന്‍ കഴിയും? നിങ്ങളുടെ കൈ പ്രയോജനമുള്ളതാക്കുന്നത് ശക്തി മാത്രമല്ല അത് സന്ധിബന്ധങ്ങളും കൂടിയാണ്. ഇത് ശരീരമാകുന്ന സഭയില്‍ എങ്ങനെ ബാധകമാകുന്നു എന്നു നോക്കുക. ഇവിടെ ഒരു നല്ല സഹോദരനുണ്ട്, ഒരു കൈയുടെ ശക്തിയുള്ള മുകള്‍ഭാഗം. ഇവിടെ ഇതാ മറ്റൊരു നല്ല സഹോദരനും. കൈയുടെ ശക്തിയുള്ള താഴത്തെ ഭാഗം. എന്നാല്‍ അവര്‍ക്കു തമ്മില്‍ കൂട്ടായ്മയില്‍ ആയിരിക്കുവാന്‍ സാധിക്കുന്നില്ല. ശരീരമാകുന്ന സഭയിലെ ഇന്നുള്ള ദുരന്തം ഇതാണ്. മനുഷ്യ ശരീരത്തില്‍ അതിനെ വാതമെന്നു വിളിക്കുന്നു. അതു വളരെ വേദനയുളവാക്കുന്നതാണ്. ഇന്നുള്ള അനേകം സഭകളിലും ഇത്തരത്തില്‍ വാതരോഗം പിടിച്ചിരിക്കുന്നു. നമ്മുടെ സന്ധിബന്ധങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ശബ്ദമൊന്നും ഉണ്ടാവുകയില്ല. എന്നാല്‍ വാതരോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ ഇടയ്ക്കിടെ അസുഖകരമായ ചില ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ട്. ചില വിശ്വാസികളുടെ ഇടയില്‍ കൂട്ടായ്മയെന്നത് കൃത്യമായിട്ട് ഇതുപോലെയാണ്. ശബ്ദമുളവാക്കുന്നു. എന്നാല്‍ സന്ധിബന്ധങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവിടെ ശബ്ദമുണ്ടാവുകയില്ല. തമ്മില്‍ തമ്മിലുള്ള കൂട്ടായ്മ ഇപ്രകാരമായിരിക്കണം. അത് അങ്ങനെയല്ലെങ്കില്‍ നിങ്ങളിലുള്ള വാതത്തെ മാറ്റുന്നതിനുള്ള മരുന്നു കഴിക്കണം. നിങ്ങളുടെ ‘സ്വയജീവനെ’ മരിപ്പിക്കണം. അപ്പോള്‍ നിങ്ങള്‍ സൗഖ്യമാവുകയും മറ്റുള്ളവരുമായി മഹത്തായൊരു കൂട്ടായ്മയിലേക്കു പ്രവേശിക്കുകയും ചെയ്യും. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെക്കുറിച്ചുള്ള ദൈവഹിതം ഇതാണ്.

പിന്നീട് 4:17-25 വാക്യങ്ങളില്‍ ശക്തമായ ചില പ്രബോധനങ്ങള്‍ നമുക്കുണ്ട്: ”വിജാതീയര്‍ വ്യര്‍ത്ഥ വിചാരങ്ങളില്‍ നടക്കുന്നതുപോലെ നിങ്ങള്‍ ഇനി നടക്കരുത്. ഹൃദയ കാഠിന്യത്തിന്റെ ഫലമായ അജ്ഞത നിമിത്തം അവരുടെ മനസ്സ് ഇരുളടഞ്ഞതായി തീരുകയും ദൈവത്തിന്റെ ജീവനില്‍ നിന്നു വേര്‍പെട്ടു പോകയും ചെയ്തിരിക്കുന്നു. വ്യത്യസ്തരായി വേണം നിങ്ങള്‍ നടക്കുവാന്‍. ക്രിസ്തുവിനെക്കുറിച്ച് ഈ വിധത്തിലല്ല നിങ്ങള്‍ പഠിച്ചിട്ടുള്ളത്.” വേദപുസ്തകം പഠിക്കുന്നതും ക്രിസ്തുവിനെ പഠിക്കുന്നതും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ക്ക് അറിയാമോ? നാം വേദപുസ്തകം വായിക്കുമ്പോള്‍ ക്രിസ്തുവിനെയാണ് പഠിക്കുന്നത്, അല്ലാതെ കേവലം വേദപുസ്തക പരിജ്ഞാനം നേടുന്നതിലല്ല ശ്രദ്ധിക്കേണ്ടത്. നാം ക്രിസ്തുവിനെ പഠിച്ചാല്‍ പുറംജാതിക്കാരെ പോലെ നടക്കുകയില്ല. നാം നമ്മുടെ മുന്‍ കാല ജീവിത രീതികള്‍ വിട്ട് നമ്മുടെ ഉള്ളിലുള്ള ആത്മാവിനാല്‍ നാം പുതുക്കം പ്രാപിക്കുന്നു (23-ാം വാക്യം). എല്ലാ വ്യാജവും നാം ഉപേക്ഷിക്കുന്നു (25-ാം വാക്യം).

4:26ല്‍ സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പു സകല കോപവും വിട്ടു കളയണമെന്നാണ് നമ്മെ പ്രബോധിപ്പിക്കുന്നത്. പഴയ കാലത്ത് സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ഉടനെ ആളുകള്‍ ഉറങ്ങുവാന്‍ പോകുമായിരുന്നു. അതിനാല്‍ ഈ വാക്യം നമ്മെ പ്രബോധിപ്പിക്കുന്നത് എല്ലാ ദിവസവും നാം ഉറങ്ങുവാന്‍ പോകുന്നതിനു മുന്‍പ് എല്ലാ തെറ്റായ മനോഭാവവും വിട്ടുകളയണമെന്നാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള എല്ലാ വഴക്കും അസ്വസ്ഥതയ്ക്കുള്ള കാരണങ്ങളും ഒത്തുതീര്‍ത്തതിനു ശേഷം മാത്രമേ കിടക്കയിലേക്കു പോകാവൂ. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നിങ്ങളുടെ ഇടയില്‍ പിശാച് കടന്നിരിക്കുമെന്നുള്ള മുന്നറിയിപ്പും ഈ വാക്യം തരുന്നുണ്ട്.

പിന്നീട് അവിടെ ചില പ്രായോഗിക ഉപദേശങ്ങള്‍ ഉണ്ട്. മുന്‍പ് മോഷ്ടിച്ചിരുന്നവര്‍ അതിന്റെ നേരേ വിപരീതമായത് ചെയ്യണം. അവര്‍ വിശ്വസ്തയോടെ ജോലി ചെയ്ത് സമ്പാദിച്ച് അതു മറ്റുള്ളവരുമായി പങ്കുവയ്ക്കണം (4:28). നമ്മുടെ സംഭാഷണങ്ങളില്‍ നാം ശ്രദ്ധയുള്ളവരായിരിക്കണം. പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്ന ഒരു വാക്കുപോലും നമ്മുടെ വായില്‍ നിന്നും ഒരിക്കലും വരരുത് (4:29,30). എല്ലാ കയ്പ്പും, കോപവും, ക്രോധവും വിട്ടൊഴിയണം (4:31). നമ്മുടെ ജീവിതത്തില്‍ കയ്പ്പ്, കോപം, പരദൂഷണം, വെറുപ്പ്, എന്നിവ ഒട്ടും തന്നെ ഉണ്ടായിരിക്കരുത് എന്നാണ് ഈ വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.

ഒരിക്കല്‍ ഒരു വാഹന നിര്‍മ്മാണ ഫാക്ടറിയില്‍ ഇങ്ങനെയൊരു ബോര്‍ഡ് കണ്ടത് ഞാന്‍ ഓര്‍ക്കുന്നു: ”പോരായ്മകള്‍ പൂജ്യമായിരിക്കണം എന്നതാണു ഞങ്ങളുടെ ലക്ഷ്യം.” തങ്ങളുടെ തൊഴിലാളികളുടെ ലക്ഷ്യം ഒരു കുറ്റവുമില്ലാത്ത കാര്‍ നിര്‍മ്മിക്കുകയെന്നതായിരിക്കണം എന്നാണ് ആ കമ്പനി ആഗ്രഹിക്കുന്നത്. ഞാന്‍ ചിന്തിച്ചു, ”എന്റെ ലക്ഷ്യവും പൂജ്യം കുറവുള്ളവനായിരിക്കുക എന്നതായിരിക്കണം.” അവിടെ എത്തുവാന്‍ നമുക്കു കുറച്ചു സമയമെടുത്തേക്കാം. എന്നാല്‍ അതായിരിക്കണം നമ്മുടെ ലക്ഷ്യം. ഒരു വാഹന നിര്‍മ്മാണ കമ്പനിക്ക് അങ്ങനെ ‘പൂജ്യം കുറവ്’ ലക്ഷ്യമാക്കാമെങ്കില്‍ എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ക്ക് അത്തരത്തില്‍ ശ്രമിച്ചു കൂടാ?


”നിങ്ങള്‍ തമ്മില്‍ ദയയും കരുണയും ഉള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിക്കുക. പ്രിയ മക്കള്‍ എന്നപോലെ ദൈവത്തിന്റെ അനുകാരികളാകുവിന്‍. ക്രിസ്തുവും നമ്മെ സ്‌നേഹിച്ചു നമുക്കു വേണ്ടി സൗരഭ്യമുള്ള വഴിപാടും യാഗവുമായി ദൈവത്തിന് ഏല്പിച്ചു കൊടുത്തതുപോലെ സ്‌നേഹത്തില്‍ നടപ്പിന്‍” (4:32, 5:1,2). ദൈവത്തെ അനുകരിച്ചു സ്‌നേഹത്തില്‍ നടക്കുക എന്നതാണ് നമുക്കുള്ള വിളി. അതിലും വലിയൊരു വിളി ഇല്ല.

”നിങ്ങളുടെ ഇടയില്‍ ഏതെങ്കിലും അശുദ്ധിയുടെയോ അത്യാഗ്രഹത്തിന്റെയോ പേരുപോലും കേള്‍ക്കരുത്. അസഭ്യം, വ്യര്‍ത്ഥഭാഷണം, അശ്ലീല ഫലിതം ഇങ്ങനെ അയോഗ്യമായതൊന്നും പാടില്ല. സ്‌തോത്രമത്രേ വേണ്ടത്. ദുര്‍വൃത്തന്‍, അശുദ്ധന്‍, വിഗ്രഹാരാധിയായ അത്യാഗ്രഹി ഇവര്‍ക്ക് ആര്‍ക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തില്‍ യാതൊരു അവകാശവുമില്ല എന്നു നിങ്ങള്‍ക്കറിയാമല്ലോ. വ്യര്‍ത്ഥ വാക്കുകളാല്‍ ആരും നിങ്ങളെ ചതിക്കരുത്” (5:3-6). നമ്മുടെ സംഭാഷണങ്ങള്‍ക്ക് എത്ര വലിയ നിലവാരമാണു വച്ചിരിക്കുന്നത്. മോശമായവയെ (അശ്ലീലവും വ്യര്‍ത്ഥഭാഷണവും) ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗം നല്ല മാര്‍ഗ്ഗങ്ങളില്‍ (എല്ലാറ്റിലും നന്ദിയുള്ളവനായിരിക്കുക) ശ്രദ്ധിക്കുക എന്നതാണ്. സംഭാഷണങ്ങള്‍ക്കു നമ്മുടെ നിത്യതയിലെ ലക്ഷ്യവുമായി യാതൊരു ബന്ധവുമില്ല എന്നു ചിന്തിച്ചു ചതിക്കപ്പെടുവാന്‍ ഇടയാകരുത്.

നമ്മുടെ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വമായതിനാല്‍ സമയം പരമാവധി പ്രയോജനപ്പെടുത്തണം. നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിയുകയും വേണം (5:16,17).

പിന്നീട് നാം മഹത്തായ ഈ വാക്യത്തിലേക്കു വരുന്നു: ”വീഞ്ഞു കുടിച്ചു മത്തരാകരുത്. എന്നാല്‍ ആത്മാവില്‍ നിറഞ്ഞവരാകുവിന്‍.” ശ്രദ്ധിക്കുക; ഇവിടെ രണ്ടു കല്പനകള്‍ ഉണ്ട്. ഒന്നാമത്തേതു ”വീഞ്ഞു കുടിച്ച് മത്തരാകരുത്” രണ്ടാമത്തേത് ”ആത്മവിനാല്‍ നിറഞ്ഞവരായിരിപ്പിന്‍.” ആദ്യ കല്പന ഒരിക്കലും തെറ്റിക്കാത്ത ക്രിസ്ത്യാനികള്‍ എന്തുകൊണ്ടാണ് രണ്ടാമത്തെ കല്പന വേണ്ട ഗൗരവത്തില്‍ എടുക്കാത്തത്? ദൈവവചന സത്യങ്ങളോട് നമ്മുടെ മനസ്സിനെ സാത്താന്‍ അന്ധമാക്കുന്നതിന്റെ ഒരു ഉദാഹരണമാണ് ഇത്. പല വിശ്വാസികളും ആദ്യത്തേത് ഒരു കല്പന ആയി എടുക്കുന്നു (വീഞ്ഞു കുടിച്ച് മത്തരാകരുത്). എന്നാല്‍ രണ്ടാമത്തേത് ഒരു അഭിപ്രായം മാത്രമാണെന്നു (ആത്മാവില്‍ നിറഞ്ഞവരാകുവിന്‍) കരുതുന്നു. എന്നാല്‍ രണ്ടും കല്പനകള്‍ തന്നെയാണ്. രണ്ടും ഒരേപോലെ പ്രാധാന്യം ഉള്ളതാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ വീഞ്ഞു കുടിച്ചു മത്തരാകുന്നത് ഗൗരവമുള്ള കാര്യമാണെങ്കില്‍ നാള്‍തോറും ആത്മാവിനാല്‍ നിറയാതിരിക്കുന്നതും അതുപോലെ തന്നെ ഗൗരവമുള്ള കാര്യമല്ലേ? നിങ്ങള്‍ അങ്ങനെ കണ്ടിട്ടുണ്ടോ?

5:18ല്‍ ക്രിയാപദമായ ”നിറഞ്ഞവരാകുവിന്‍” എന്നതു തുടര്‍ക്രിയയായിട്ടാണ് കാണേണ്ടത്. ഒരിക്കല്‍ മാത്രം നിറയുക എന്ന അര്‍ത്ഥത്തിലല്ല. നാം രാവിലെ ആത്മാവിനാല്‍ നിറഞ്ഞുവെങ്കിലും വൈകുന്നേരവും ആത്മാവിനാല്‍ നിറയണം. അങ്ങനെ എല്ലാ ദിവസവും തുടര്‍ച്ചയായി ആത്മാവില്‍ നിറയണം. നിങ്ങളെ അവിടുത്തെ ആത്മാവിനാല്‍ എപ്പോഴും നിറയ്‌ക്കേണമേ എന്നു ദൈവത്തോട് ആവശ്യപ്പെടുക. ”പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ പുരുഷന്മാരും സ്ത്രീകളും” എന്നു പ്രവൃത്തികളുടെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഇങ്ങനെയുള്ളവരെക്കുറിച്ചാണ്.

ആത്മാവില്‍ നിറഞ്ഞവരാണെന്നതിന്റെ ആദ്യ അടയാളങ്ങളില്‍ ഒന്നു നമ്മുടെ സംസാരത്തില്‍ വരുന്ന മാറ്റമാണ്. നമ്മുടെ നാവ് ഒരു ‘അഗ്നിനാവായി’ മാറും (പ്രവൃത്തി 2:3). ഇത് ”അന്യഭാഷയില്‍ സംസാരിക്കുന്നതല്ല” എന്നാല്‍ മാതൃഭാഷയില്‍ ദൈവത്തില്‍ നിന്നുള്ള സ്‌നേഹത്തിന്റെയും വിശുദ്ധിയുടെയും അഗ്നിനാവുമായി സംസാരിക്കുന്നതാണ്. നമ്മുടെ ഭാഷ സ്വര്‍ഗ്ഗീയമായി തീരും. ഈ വാക്യങ്ങളില്‍ നമ്മുടെ സംഭാഷണങ്ങള്‍ക്കു നല്‍കിയിരിക്കുന്ന പ്രാധാന്യം ശ്രദ്ധിക്കുക. ”ആത്മാവില്‍ നിറഞ്ഞവരാകുവിന്‍. സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മീയ ഗീതങ്ങളാലും തമ്മില്‍ സംസാരിച്ചു നിങ്ങളുടെ ഹൃദയങ്ങളില്‍ കര്‍ത്താവിനു പാടിയും കീര്‍ത്തനം ചെയ്തും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ പിതാവായ ദൈവത്തിന് എല്ലായ്‌പ്പോഴും എല്ലാറ്റിനും വേണ്ടിയും സ്‌തോത്രം ചെയ്തുകൊണ്ടിരിപ്പിന്‍” (5:19,20). നാം ആത്മാവിനാല്‍ നിറയുമ്പോള്‍ പരദൂഷണത്തിന്റെയും കയ്പിന്റെയും കോപത്തിന്റെയും ആത്മാവിനു പകരം നന്ദിയുടെ ആത്മാവ് നമ്മളില്‍ നിറയും.

5:18നു ശേഷം വരുന്ന വാക്യങ്ങളിലെല്ലാം ആത്മാവില്‍ നിറഞ്ഞവരുടെ സ്വഭാവമാണ് നാം കാണുന്നത് (5:19 മുതല്‍ 6:24 വരെ). അത് നന്ദി നിറഞ്ഞ ഹൃദയത്തില്‍ തുടങ്ങി അതിന്റെ തുടര്‍ച്ചയായി സഭയിലേയും ഭവനത്തിലേയും ബന്ധങ്ങളില്‍ അന്യോന്യം കീഴടങ്ങിയിരിക്കുന്നതിലേക്ക് എത്തുന്നതാണ് (5:21 മുതല്‍ 6:9 വരെ). പിന്നീട് സാത്താന്യ ശക്തികള്‍ക്കെതിരെ പോരാടി ജയിക്കേണ്ടതിനെക്കുറിച്ചു (6:11) പറയുന്നു. ഈ ഭൂമിയിലെ ക്രിസ്തീയ ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും രഹസ്യം പരിശുദ്ധാത്മാവിനാല്‍ നിറയുകയെന്നതാണ്. നാം ആത്മാവിനാല്‍ നിറയുന്നില്ലെങ്കില്‍ വേണ്ടവണ്ണം ദൈവത്തെ സ്തുതിക്കുവാന്‍ കഴിയുകയില്ല. ആത്മാവിനാല്‍ നിറയാതെ നമുക്കു ദൈവഭക്തരായ ഭാര്യാഭര്‍ത്താക്കന്മാര്‍ ആകുവാനും കഴിയുകയില്ല. നമ്മുടെ മക്കളെ ശരിയായ രീതിയില്‍ വളര്‍ത്തുവാനും ആത്മാവില്‍ നിറയാതെ കഴിയുകയില്ല. ആത്മാവില്‍ നിറയാതെ സാത്താന്യ ശക്തികളെ തോല്പിക്കുവാനും കഴിയുകയില്ല. നമ്മുടെ ക്രിസ്തീയ ജീവിതത്തിലെ എല്ലാ കാര്യവും നാം ആത്മാവില്‍ നിറയുന്നതില്‍ അശ്രയിച്ചാണ് ഇരിക്കുന്നത്.


നമ്മുടെ ഭവനത്തിലെ ബന്ധങ്ങള്‍


നമ്മുടെ ഭവനത്തോടുള്ള ബന്ധത്തില്‍ മൂന്നു ബന്ധങ്ങളെ സംബന്ധിച്ചാണ് ഇവിടെ പറയുന്നത്. ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലുള്ളത് (5:22-23). കുട്ടികളും മതാപിതാക്കന്മാരും തമ്മിലുള്ളത് (6:1-4). യജമാനന്മാരും ദാസന്മാരും തമ്മിലുള്ളത് (6:5-9). അവസാനത്തേത് നമ്മുടെ ഭവനങ്ങളില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചെന്നതുപോലെ ഒരു സ്ഥാപനത്തിലെയോ സര്‍ക്കാരിലെയോ ജോലിക്കാര്‍ എന്ന നിലയില്‍ നമ്മുടെ മേലധികാരികളോടുള്ള ബന്ധത്തെ സംബന്ധിച്ചും കൂടിയാണ്. അതിനാല്‍ ഇവിടെ ഒരു യജമാനനായി വീട്ടിലും ഒരു ദാസനായി ജോലി സ്ഥലത്തും നാം എങ്ങനെ പെരുമാറണം എന്നു പറയുന്നു. നാം എല്ലാവരും പ്രധാനമായും രണ്ടു സ്ഥലത്താണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത് – ഭവനത്തിലും ജോലി സ്ഥലത്തും. ആത്മാവിനാല്‍ നിറഞ്ഞ മനുഷ്യന്‍ വീട്ടിലും ജോലിസ്ഥലത്തും ക്രിസ്തുവിന്റെ ആത്മാവിനെ വെളിപ്പെടുത്തും. ഈ ഒരു ആത്മാവിനാല്‍ മാത്രമേ നമുക്കു ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ കഴിയുകയുള്ളു.

ക്രിസ്തുവിന്റെ ശരീരം പണിയുന്നതിനെ സംബന്ധിച്ചാണ് എഫെസ്യ ലേഖനം പറയുന്നത്. ഓരോരുത്തരോടുമുള്ള നമ്മുടെ പെരുമാറ്റത്തിന്റെ പുറകിലുള്ള അടിസ്ഥാന തത്ത്വം ”ക്രിസ്തുവിനെക്കുറിച്ചുള്ള ഭയത്തില്‍ അന്യോന്യം കീഴടങ്ങിയിരിപ്പിന്‍”(5:21) എന്നതാണ്. അതിനാല്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങിയിരിക്കേണ്ടതു പോലെ തന്നെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്കും കീഴടങ്ങിയിരിക്കണം. അതുപോലെ പിതാക്കന്മാര്‍ മക്കള്‍ക്കും യജമാനന്മാര്‍ ദാസന്മാര്‍ക്കും കീഴടങ്ങിയിരിക്കണം എന്നാണതിന്റെ അര്‍ത്ഥം.

ദൈവം എല്ലാവരുടെയും ചുറ്റും ഒരു അതിര്‍ത്തി വരച്ചിരിക്കുന്നു. നാം എല്ലാവരും ആ അതിര്‍ത്തിയെ വിലമതിക്കണം. അങ്ങനെയാണ് നാം ”എല്ലാ മനുഷ്യരെയും ബഹുമാനിക്കുന്നത്” (1പത്രൊ.2:17). ഭര്‍ത്താക്കന്മാര്‍, ഭാര്യമാര്‍, പിതാക്കന്മാര്‍, മക്കള്‍, യജമാനന്മാര്‍, ദാസന്മാര്‍, എല്ലാവര്‍ക്കും ദൈവം വച്ചിരിക്കുന്ന ഒരു അതിരുണ്ട്. നിങ്ങളുടെ വീട്ടില്‍ ഒരു വേലക്കാരനുണ്ടെങ്കില്‍ അവന്റെ ചില അവകാശങ്ങളുടെ അതിര്‍ത്തി ലംഘിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. ഉദാഹരണത്തിന് അവനു കൃത്യമായ ശമ്പളം നല്‍കണം. അവന്റെ വ്യക്തിത്വത്തെ ബഹുമാനിക്കണം, അവനെ തിരുത്തുമ്പോള്‍ അത് അധിക്ഷേപിക്കുന്ന വിധത്തില്‍ ആകരുത്. അങ്ങനെയാണ് ഒരു യജമാനന്‍ തന്റെ ദാസനു കീഴടങ്ങിയിരിക്കുന്നത്.

അതേപോലെ തന്നെ ഒരു കുഞ്ഞിനെ തെറ്റായ പെരുമാറ്റത്തിനു ശിക്ഷിക്കുമ്പോള്‍ അവന്റെ ആത്മാഭിമാനത്തെ ബഹുമാനിക്കണം. പിതാക്കന്മാര്‍ അവരുടെ മക്കളുടെ അതിര്‍ത്തിക്കു കീഴടങ്ങിയിരിക്കണം. ഒരു പിതാവെന്ന നിലയില്‍ ഞാന്‍ ഒരിക്കലും എന്റെ മക്കളെ മറ്റൊരാളുടെ മുമ്പില്‍ വച്ച് ശിക്ഷിക്കുകയില്ല എന്നത് ഒരു നിയമമായി എടുത്തു. അതു ഒരു സന്ദര്‍ശകന്റെയോ അവരുടെ സഹോദരങ്ങളുടെയോ മുമ്പില്‍ പോലും ശിക്ഷിക്കുകയില്ല എന്നു നിശ്ചയിച്ചു. കാരണം അത് ഇരട്ടി ശിക്ഷ നല്‍കുന്നതുപോലെയാണ്. ആദ്യം വടി. പിന്നെ മറ്റുള്ളവരുടെ മുമ്പിലുള്ള അപമാനം. ചിലപ്പോള്‍ അപമാനം വടികൊണ്ടുള്ള അടിയേക്കാള്‍ അവനു വേദനാജനകമായിരിക്കും. അതിനാല്‍ ഒരു കുഞ്ഞിന്റെ ചുറ്റുമുള്ള ആത്മാഭിമാനത്തിന്റെ അതിര്‍ത്തിയെ അവന്റെ പിതാവ് വിലമതിക്കണം.

അതുപോലെ ഒരു ഭാര്യയുടെ ചുറ്റും ഒരു അതിര്‍ത്തി വച്ചിട്ടുണ്ട്. അവള്‍ക്കു അടുക്കളയില്‍ ഒരു പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടായിരിക്കും. അത് അവളുടെ മേഖലയാണ്. അടുക്കളയിലെ കാര്യങ്ങളില്‍ ഭര്‍ത്താവ് ഇടപെടരുത്. വളരെ ചിട്ടയോടെ ജീവിക്കുന്ന ദൈവഭക്തനായ ഒരു മനുഷ്യനെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍ അയാളുടെ ഭാര്യ നേരെ വിപരീത സ്വഭാവക്കാരിയായിരുന്നു. അവള്‍ അടുക്കളയില്‍ പാത്രങ്ങളും മറ്റും യാതൊരു അടുക്കും ചിട്ടയുമില്ലാതെയാണ് വച്ചിരിക്കുന്നത്. ഭര്‍ത്താവ് അടുക്കളയില്‍ അവളെ സഹായിക്കുന്നതിനും പാത്രങ്ങള്‍ കഴുകി വയ്ക്കുമ്പോള്‍ അവ നല്ല വൃത്തിയോടെ അടുക്കി വയ്ക്കണമെന്നും മനസ്സില്‍ തോന്നാറുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുന്നതു കാണുന്ന തന്റെ ഭാര്യ അവള്‍ക്കതിനു കഴിയുന്നില്ലല്ലോ എന്ന് ഓര്‍ത്തു നിരാശപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നു കണ്ട് അങ്ങനെ ചെയ്യുന്നില്ല. അയാളും പാത്രങ്ങള്‍ ഭാര്യ വയ്ക്കാറുള്ളതു പോലെ അടുക്കും ചിട്ടയുമില്ലാതെ വയ്ക്കുന്നു. അപ്പോള്‍ അവള്‍ക്ക് ഒരു പ്രയാസവുമുണ്ടാവുകയില്ല. അതിന്റെ ഫലമെന്താണ്? അടുക്കള അടുക്കും ചിട്ടയുമില്ലാത്തതായിരിക്കും. എന്നാല്‍ അവര്‍ക്കിടയില്‍ മഹത്തായൊരു കൂട്ടായ്മ ഉണ്ടായിരിക്കും. ക്രിസ്തുവിലുള്ള ഭയത്തില്‍ എങ്ങനെ ഭാര്യക്കു കീഴടങ്ങിയിരിക്കണമെന്നത് ആ ദൈവഭക്തനായ സഹോദരന്‍ അറിഞ്ഞിരുന്നു. അവന്‍ വിവേകമുള്ളവനാകയാല്‍ താനും ഭാര്യയും തമ്മിലുള്ള കൂട്ടായ്മയാണ് ഏറ്റവും പ്രാധാന്യമുള്ളതെന്ന് അറിഞ്ഞിരുന്നു. അടുക്കളയില്‍ പാത്രങ്ങള്‍ എങ്ങനെ ഇരിക്കുന്നു എന്നത് വലിയ കാര്യമായി കണ്ടില്ല. ചില ഭാര്യാഭര്‍ത്താക്കന്മാര്‍ തങ്ങള്‍ക്കിടയിലെ കൂട്ടായ്മയേക്കാള്‍ ഭവനത്തിന്റെ വൃത്തിക്കു പ്രാധാന്യം കൊടുക്കത്തക്ക തരത്തില്‍ മടയരായിരിക്കുന്നു.

മാതാപിതാക്കളും മക്കളും തമ്മിലുള്ള കൂട്ടായ്മയ്ക്കു ഭവനത്തിന്റെ വൃത്തിയേക്കാള്‍ പ്രാധാന്യമുണ്ട്. തീര്‍ച്ചയായും നമ്മുടെ മക്കളെ വൃത്തിയും വെടിപ്പും അടുക്കും ചിട്ടയും പഠിപ്പിക്കണം. എന്നാല്‍ അവര്‍ ചെറുപ്പമായിരിക്കുമ്പോള്‍, ഭവനത്തിനുള്ളില്‍ കളിച്ചു നടക്കുന്ന പ്രായത്തില്‍ വീട് വൃത്തിയായി സൂക്ഷിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞെന്നു വരികയില്ല. അവര്‍ക്കു സ്വാതന്ത്ര്യമായി പെരുമാറുവാന്‍ കഴിയുന്ന ഒരിടം അവരുടെ ഭവനമാണ്. വ്യക്തിപരമായി എന്റെ വീട് വളരെ വൃത്തി ആയി മറ്റുള്ളവര്‍ കാണണമെന്ന വിചാരം എനിക്കില്ല. എന്നാല്‍ എന്റെ ഭാര്യയും മക്കളും ഭവനത്തില്‍ വളരെ സന്തോഷമായി ഇരിക്കണമെന്നും അവരുമായി നല്ല കൂട്ടായ്മ വേണമെന്നും എനിക്കുണ്ട്. അതാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളത്. വൃത്തിയും വെടിപ്പും ഉള്ള ഭവനത്തേക്കാള്‍ കൂട്ടായ്മയെ എപ്പോഴും വിലമതിക്കുക.

തുടര്‍ന്നു എഫെസ്യര്‍ 5ല്‍ ഒരു ഭാര്യ തന്റെ തലയെന്ന പോലെ ഭര്‍ത്താവിന്റെ അധികാരത്തെ തിരിച്ചറിയണം എന്നു പറയുന്നു. ദൈവം ഭര്‍ത്താവിനെ തലയായി വച്ചിരിക്കുന്നു. – ശരീരത്തില്‍ തലച്ചോറ് എന്നതു പോലെ. തല (തലച്ചോറ്) ശരീരത്തിലെ എല്ലാ അവയവങ്ങളേയും കരുതുന്നു (5:28). ഇങ്ങനെ തന്നെ ഭര്‍ത്താക്കന്മാരും ഭാര്യമാരെ കരുതണം. തലയായിരിക്കുകയെന്നാല്‍ ചില ഉത്തരവുകള്‍ നല്‍കുക എന്നു മാത്രമല്ല. തല ശരീരത്തിനു കല്പനകള്‍ നല്‍കുന്നുണ്ട്. അതു കാലിനോടും കൈകളോടും നാവിനോടും പല കാര്യങ്ങള്‍ ചെയ്യാന്‍ പറയുന്നുണ്ട്. എന്നാല്‍ തല അവയവങ്ങളെ കരുതുകയും ചെയ്യുന്നു. ശരീരത്തില്‍ എവിടെയെങ്കിലും ഒരു ചെറിയ മുറിവുണ്ടായാല്‍ തല അതറിഞ്ഞ് ഉടനെ എന്തെങ്കിലും ചെയ്യുന്നു. അതുപോലെ തന്നെ ഒരു ഭര്‍ത്താവും തന്റെ ഭാര്യ വ്രണപ്പെട്ടാല്‍ അത് അറിയാന്‍ തക്ക ബോധമുള്ളവനായിരിക്കണം. അങ്ങനെയാണ് തലയാകുന്ന ക്രിസ്തു നമ്മോട് ഇടപെടുന്നത്. കേവലം ശരീരത്തിലുണ്ടാകുന്ന മുറിവുകളെക്കുറിച്ച് മാത്രമല്ല ഞാന്‍ പറയുന്നത്. എന്നാല്‍ വികാരപരമായി വ്രണപ്പെടുന്നതു കൂടി ചേര്‍ന്നാണ്. ഭാര്യ എന്തിനെക്കുറിച്ചെങ്കിലും ദുഃഖിച്ചു നിരാശപ്പെട്ടും വ്രണപ്പെട്ടും ഇരിക്കുകയാണെങ്കില്‍ ഭര്‍ത്താവ് അവളോട് സഹതപിച്ച് അവളെ സൗഖ്യമാക്കണം. അങ്ങനെ അവളെ കരുതുവാന്‍ താല്പര്യമില്ലാത്ത ഭര്‍ത്താവ് ഒരു തല ആയിരിക്കുവാന്‍ യോഗ്യനല്ല. കല്പനകള്‍ മാത്രം കൊടുക്കുന്ന ഒരു തല ഏകാധിപതിയാണ്. വിവേചനമുള്ള ഭര്‍ത്താവും കീഴടങ്ങിയിരിക്കുന്ന ഭാര്യയും ഒരുമിച്ചുള്ളതാണ് ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തെ ഈ ലോകത്തിനു കാണിച്ചു കൊടുക്കുവാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ ചിത്രം. അങ്ങനെ ആയിരിക്കണം എല്ലാ ഭവനങ്ങളും പണിയപ്പെടേണ്ടത്. അതിനു സമയം എടുക്കും. എന്നാല്‍ നാം അതിനു മുഴുവന്‍ ഹൃദയവും വച്ച് ശ്രമിച്ചു കൊണ്ടിരിക്കണം.

കുഞ്ഞുങ്ങളെ മാതാപിതാക്കന്മാര്‍ അനുസരണമുള്ളവരായി വളര്‍ത്തണം (6:1-4). നാം നമ്മുടെ മക്കളെ പഠിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം മാതാപിതാക്കളോടുള്ള അനുസരണമാണ്. ദാസന്മാര്‍ അവരുടെ യജമാനന്മാരെ ദൃഷ്ടിസേവയാലല്ല ഹൃദയപൂര്‍വ്വം അനുസരിക്കണമെന്നാണ് കല്പിക്കുന്നത്. യജമാനന്മാര്‍ ദാസന്മാരോട് ദയവോടെയും പക്ഷപാതമില്ലാതെയും പെരുമാറണമെന്നു പറയുന്നു (6:5-9).


ആത്മീയ പോരാട്ടം


6:10-18 വാക്യങ്ങളില്‍ സാത്താനുമായുള്ള പോരാട്ടത്തെക്കുറിച്ചു നാം വായിക്കുന്നു. ആത്മീയ പോരാട്ടത്തെക്കുറിച്ചു പറയുന്ന ഭാഗം, ഭവനത്തെക്കുറിച്ചു പറയുന്ന ഭാഗം കഴിഞ്ഞ ഉടനെയാണെന്നുള്ള കാര്യം ശ്രദ്ധിക്കുക. പിശാച് ആദ്യം ആക്രമിക്കുന്നത് ഭവനങ്ങളിലാണ്. നാം സാത്താനോട് എതിര്‍ത്തു നില്‍ക്കണം. അപ്പോള്‍ തന്നെ ജഡരക്തങ്ങളോട് പോരാടുകയുമരുത് (6:12). നിങ്ങള്‍ക്കു സാത്താനോടു ഫലപ്രദമായി പോരാടണമെങ്കില്‍ അതിനുവേണ്ട ആദ്യ യോഗ്യത മനുഷ്യരോടുള്ള പോരാട്ടം അവസാനിപ്പിക്കുകയെന്നതാണ്. പല വിശ്വാസികളേയും സാത്താന്‍ കീഴടക്കിയിരിക്കുന്നതിനു കാരണം അവര്‍ മനുഷ്യരുമായി വളരെ പോരാടുന്നു എന്നതാണ്. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ ഒരു തീരുമാനമെടുത്തു. ഞാന്‍ ഒരിക്കലും ഒരു മനുഷ്യനുമായി ഒരു കാര്യത്തിലും പോരാടുകയില്ല എന്ന്. അപ്പോള്‍ എനിക്കു സാത്താനോടു കൂടുതല്‍ ഫലപ്രദമായി പോരാടുവാന്‍ കഴിയുന്നു എന്നു ഞാന്‍ കണ്ടു. നിങ്ങള്‍ കേവലം ഒരു തീരുമാനമെടുത്താല്‍ പോരാ. ഇനി ഒരിക്കലും ഒരു മനുഷ്യനുമായി പോരാടുകയില്ല എന്ന് ഉറയ്ക്കണം. എങ്കില്‍ നിങ്ങള്‍ക്കു സാത്താനെ നിരന്തരം ജയിക്കുവാനും ദൈവത്തിനും സഭയ്ക്കും പ്രയോജനമുള്ള ഒരു ജീവിതം ജീവിക്കുവാനും സാധിക്കും.

‘സര്‍വ്വായുധ വര്‍ഗ്ഗം’ ദൈവം നമുക്കു നല്‍കിയിട്ടുള്ള പലവിധ ആത്മീയ ഉപകരണങ്ങളാണ്. ഒന്നാമത് സത്യമെന്ന അരപ്പട്ട. സത്യമെന്നാല്‍ ആത്മാര്‍ത്ഥത, കാപട്യമില്ലായ്മ, ഭോഷ്‌ക്കു പറയാതിരിക്കുക എന്നിവയാണ്. ഈ പാപങ്ങളില്‍ നിന്നു സ്വതന്ത്രമായില്ലെങ്കില്‍ സാത്താനോട് പോരാടുവാന്‍ ചിലപ്പോള്‍ നാം മറന്നു പോകും. പിശാച് ഭോഷ്‌ക്കു പറയുന്നവനാണ്. നിങ്ങളുടെ ആന്തരിക ജീവിതത്തില്‍ ഭോഷ്‌ക്കുണ്ടെങ്കില്‍ പിശാച് നിങ്ങളോടും നിങ്ങളുടെ അകത്തെ മനുഷ്യനോടും കൂട്ടായ്മയുണ്ടാക്കുകയാണ്. അപ്പോള്‍ നിങ്ങള്‍ക്കു സാത്താനെ ജയിക്കുവാന്‍ കഴിയുകയില്ല. അതിനാല്‍ നിങ്ങളുടെ ജീവിതം എപ്പോഴും സുതാര്യവും യാതൊരു കപടവും ഇല്ലാത്തതുമാകണം എന്ന് ഉറപ്പു വരുത്തുക.

കവചം നീതിയെന്നതാണ്. ഇവിടെ രണ്ടു തരത്തിലുള്ള നീതിയുണ്ട്. 1) നമ്മുടെ ഉള്ളിലാക്കപ്പെട്ട ക്രിസ്തുവിന്റെ നീതി. അതിന്റെ അടിസ്ഥാനത്തിലാണ് നമ്മെ നീതിയുള്ളവരായി ദൈവം പ്രഖ്യാപിക്കുന്നത്. 2) നാം ആത്മീയമായി വളരുമ്പോള്‍ അല്പാല്പമായി പരിശുദ്ധാത്മാവിനാല്‍ നമ്മുടെ മേല്‍ പകരപ്പെടുന്ന ക്രിസ്തുവിന്റെ നീതി. എപ്പോഴും നല്ല മനസ്സാക്ഷി സൂക്ഷിക്കുക. ദൈവം കാണിച്ചു തരുന്ന കാര്യങ്ങള്‍ അപ്പഴപ്പോള്‍ അനുസരിക്കുകയും ചെയ്യുന്നതാണത്.

അടുത്തത് സുവിശേഷത്തിനുള്ള ഒരുക്കമെന്ന ചെരുപ്പാണ്. മറ്റുള്ളവരോട് സുവിശേഷം പറയുകയെന്നത് സാത്താനെ തോല്പിക്കുന്നതിനുള്ള ഒരു വഴിയാണെന്നു നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ? മടിയന്മാരും മറ്റുള്ളവരോട് സുവിശേഷം പറയുന്നതില്‍ താല്പര്യമില്ലാത്തവരും ആയവരെ പിശാച് വേഗം കീഴ്‌പ്പെടുത്തും. എന്നാല്‍ ദൈവത്തെ സേവിക്കുന്നതില്‍ ഉത്സാഹമുള്ളവരെ ദൈവം സംരക്ഷിക്കും. ഞാന്‍ ഓര്‍ക്കുന്നു, എന്റെ ചെറുപ്പകാലത്ത് ഞാന്‍ എന്റെ ഒഴിവു സമയത്തിലധികവും വചനം പഠിക്കുന്നതിനും മറ്റു വിശ്വാസികളുമായി കൂട്ടായ്മ ആചരിക്കുന്നതിനുമാണ് ചെലവഴിച്ചിരുന്നത്. അത് ഒരു ചെറുപ്പക്കാരനെന്ന നിലയില്‍ എനിക്കു നേരിടേണ്ടി വന്ന പലവിധ പ്രലോഭനങ്ങളില്‍ നിന്നും എന്നെ രക്ഷിച്ചതും ഞാന്‍ ഓര്‍ക്കുന്നു. എനിക്കൊരു ജോലിയുണ്ടായിരുന്നു എന്നാലും ഞാന്‍ ആഴ്ചയില്‍ രണ്ടു ദിവസം വീതം ചില മണിക്കൂറുകള്‍ കൊച്ചി പട്ടണത്തിന്റെ (ഞാന്‍ താമസിച്ചിരുന്ന പട്ടണം) തെരുവുകളില്‍ സുവിശേഷം പ്രസംഗിക്കുമായിരുന്നു. ഞാന്‍ അവിടെ നാവിക കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന രണ്ടു വര്‍ഷം കൊണ്ട് ആ പട്ടണത്തില്‍ ഭൂരിഭാഗം തെരുവുകളിലും പ്രസംഗിച്ചിട്ടുണ്ട്. ലഘുലേഖകള്‍ വിതരണം ചെയ്യുക, നാലോ അഞ്ചോ പേരുടെ കൂട്ടത്തോട് ഭവനങ്ങളില്‍ പോയി സുവിശേഷം പങ്കു വയ്ക്കുക തുടങ്ങിയ സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തുക വഴി ഞാന്‍ തിരക്കുള്ളവനായിരുന്നു. അതെന്നെ പല പ്രലോഭനങ്ങളില്‍ നിന്നും സംരക്ഷിച്ചു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ധാരാളം ഒഴിവു സമയം ലഭിക്കുമ്പോളാണ് പല പ്രലോഭനങ്ങളും വരുന്നത്. പ്രവര്‍ത്തനരഹിതമായിരിക്കുന്ന ഒരു മനസ്സ് പിശാചിന്റെ പണിസ്ഥലമാണ്. ദൈവത്തില്‍ നിന്നുള്ള സമാധാനത്തിന്റെ സുവിശേഷം അറിയിക്കുവാന്‍ നമ്മുടെ കാലുകള്‍ എപ്പോഴും ഒരുക്കമുള്ളതായിരിക്കണം. ശ്രമിച്ചു നോക്കുക. അത് സാത്താനോടുള്ള പോരാട്ടത്തില്‍ നിങ്ങളെ സഹായിക്കുന്നത് കാണുക.

സര്‍വ്വായുധ വര്‍ഗ്ഗത്തിലെ അടുത്ത ഇനം വിശ്വാസമെന്ന പരിചയാണ്. നമ്മോടുള്ള ദൈവസ്‌നേഹത്തിന്മേല്‍ സംശയം ഉണ്ടാക്കുക എന്നതാണ് സത്താന്റെ മുഖ്യ ആയുധങ്ങളില്‍ ഒന്ന്. ഏദന്‍ തോട്ടത്തില്‍ ഹവ്വയ്ക്കു നേരെ അവന്‍ തൊടുത്തത് ഈ മിസൈല്‍ ആയിരുന്നു. ദൈവം നിന്നെ വാസ്തവമായി സ്‌നേഹിക്കുന്നുവെങ്കില്‍ മനോഹരമായ ഈ പഴം ഭക്ഷിക്കുന്നതില്‍ നിന്നും വിലക്കുകയില്ലായിരുന്നു എന്നു പറഞ്ഞു സംശയത്തിന്റെ ഒരു വിത്ത് അവളുടെ മനസ്സില്‍ ഇട്ടു. ആ മിസൈല്‍ അവളെ വീഴ്ത്തി. വിശ്വാസമെന്നാല്‍ എല്ലാ സാഹചര്യത്തിലും ദൈവം നമ്മെ തീവ്രമായി സ്‌നേഹിക്കുന്നു എന്നും അവിടുന്നു നമുക്കായി ഏറ്റവും നല്ലത് ആഗ്രഹിക്കുന്നുവെന്നും വിശ്വസിക്കുന്നതാണ്. നാം പരാജയപ്പെടുമ്പോഴും അവിടുന്നു നമ്മെ സ്‌നേഹിക്കുന്നുവെന്നു നാം അറിയണം. അപ്പോള്‍ സാത്താന്റെ എത്ര ഘോരമായ മിസൈലും തകര്‍ക്കപ്പെടും!

അഞ്ചാമത്തെ ഇനമാണ് ആത്മാവിന്റെ വാള്‍. യേശു എപ്പോഴും ദൈവവചനം എടുത്തു പറഞ്ഞുകൊണ്ടാണ് സാത്താനെ ജയിച്ചത്. അവിടുന്നു ഹവ്വയെ പോലെ സാത്താനുമായി ഒരു ചര്‍ച്ചയ്ക്കു തുനിഞ്ഞില്ല. സാത്താനോടു ദൈവം എന്താണ് പറഞ്ഞിരിക്കുന്നതെന്നു പറയുക മാത്രം ചെയ്തു. അങ്ങനെ അവിടുന്ന് എപ്പോഴും ജയാളി ആയി. പ്രലോഭനങ്ങളുടെ സമയത്തു നാം ഈ വചനങ്ങള്‍ ഏറ്റു പറയണം. ”നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടുന്ന് അനുവദിക്കുകയില്ല” (1 കൊരി. 10:13). ”പാപത്തിന് എന്റെ മേല്‍ അധികാരമില്ല”(റോമ. 6:14). ”വീഴാതെവണ്ണം കാത്തു സൂക്ഷിക്കുവാന്‍ യേശുവിനു കഴിവുണ്ട്” (യൂദാ 24). സാത്താനോട് ദൈവവചനം ഏറ്റു പറയുക. അപ്പോള്‍ അവന്‍ യേശുവിനെ വിട്ട് ഓടി പോയതുപോലെ നിങ്ങളേയും വിട്ട് ഓടി പോകും (യാക്കോ. 4:7).

ഒടുവില്‍ നാം നമ്മുടെ സര്‍വ്വായുധ വര്‍ഗ്ഗത്തെ എണ്ണയിട്ട് സൂക്ഷിക്കേണ്ടതുണ്ട്. എങ്ങനെയാണ് നാം അതു ചെയ്യുന്നത്? ”ഏതു സമയത്തും ആത്മാവില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിപ്പിന്‍”(6:18). ആത്മാവില്‍ പ്രാര്‍ത്ഥിക്കുക എന്നാല്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുക എന്നല്ല. അന്യഭാഷയിലുള്ള പ്രാര്‍ത്ഥനയെ ആത്മാവു കൊണ്ടുള്ള പ്രാര്‍ത്ഥന എന്നാണ് വിളിക്കുന്നത്. ആത്മാവില്‍ പ്രാര്‍ത്ഥിക്കുകയെന്നാല്‍ പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ പ്രാര്‍ത്ഥിക്കുന്നതാണ്. അതു ജഡത്തില്‍ നിന്നുള്ളതല്ല. ആത്മാവിനാല്‍ നമ്മുടെ മനസ്സ് പുതുക്കുകയും നാവിനെ അവിടുത്തെ നിയന്ത്രണത്തില്‍ ആക്കുകയും ചെയ്യുമ്പോള്‍ നാം പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിക്കും. പൗലൊസ് പറയുന്നു – ”എനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുവിന്‍.” ദൈവത്തിനായി മുന്‍നിരയില്‍ നിന്നു പോരാടുന്ന ദൈവദാസന്മാര്‍ക്കായി നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്.

ദൈവത്തിന്റെ മുഴുവന്‍ സര്‍വ്വായുധ വര്‍ഗ്ഗവും ഉപയോഗിച്ചു പാതാള ഗോപുരങ്ങള്‍ ജയിക്കാത്ത ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ നമുക്കു പണിയാന്‍ കഴിയും.

What’s New?