രണ്ടുതരത്തിലുള്ള ശുശ്രൂഷകള്‍ – WFTW 1 ഓഗസ്റ്റ് 2021

സാക് പുന്നന്‍

ദാനിയേലിന്റെ തലമുറയില്‍ ദൈവത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞ പുരുഷന്മാരില്‍ ഒരുവനായിരുന്നു ദാനിയേല്‍. 17 വയസ്സുള്ള ഒരു യുവാവ് ആയിരുന്നപ്പോള്‍, ‘തന്നെത്താന്‍ അശുദ്ധമാക്കുകയില്ലെന്ന് അവന്‍ തന്റെ ഹൃദയത്തില്‍ നിശ്ചയിച്ചു’ (ദാനി. 1:8). ദാനിയേല്‍ യഹോവയ്ക്കുവേണ്ടി ഒരു നിലപാട് എടുക്കുന്നത് ഹനന്യാവ്, മിശായേല്‍, അസര്യാവ് എന്നിവര്‍ കണ്ടപ്പോള്‍, അവര്‍ക്കും യഹോവയ്ക്കു വേണ്ടി നില്‍ക്കാനുള്ള ധൈര്യം ലഭിച്ചു (ദാനി. 1:11). അവര്‍ക്കു സ്വന്തമായി ഒരു നിലപാട് എടുക്കാനുള്ള ധൈര്യമില്ലായിരുന്നു. എന്നാല്‍ ദാനിയേലിന്റെ നിലപാടു കണ്ടപ്പോള്‍ അവര്‍ ധൈര്യശാലികളായി തീര്‍ന്നു. ഇന്ന് അതുപോലെ അനേകര്‍ ഉണ്ട്, തനിയെ കര്‍ത്താവിനു വേണ്ടി നില്‍ക്കാനുള്ള ധൈര്യമില്ലാത്തവര്‍, എന്നാല്‍ ഒരു നിലപാട് എടുക്കേണ്ടതിന് ഒരു ദാനിയേലിന് വേണ്ടി കാത്തിരിക്കുന്നവര്‍. അപ്പോള്‍ അവര്‍ അവനോടു ചേരും. നിങ്ങള്‍ അങ്ങനെയൊരു ദാനിയേല്‍ ആയിരിക്കുമോ? നിങ്ങള്‍ ഇപ്രകാരം പറയുമോ, ‘ഞാന്‍ എന്നെത്തന്നെ അശുദ്ധനാക്കുകയില്ല. ഞാന്‍ രാജാവിനെയോ, സൈന്യാധിപനെയോ, പിന്മാറ്റത്തിലായ ഏതെങ്കിലും മൂപ്പനെയോ അല്ലെങ്കില്‍ മറ്റ് ആരെയെങ്കിലുമോ പ്രസാദിപ്പിക്കുന്ന കാര്യം ഞാന്‍ അന്വേഷിക്കുകയില്ല. ദൈവവചനം എന്തുപറയുന്നുവോ അതിനുവേണ്ടി ഞാന്‍ 100% നിലകൊള്ളും’. ഇന്നു നമ്മുടെ ദേശത്ത് ദാനിയേല്‍ ശുശ്രൂഷയുടെ വലിയ ഒരു ആവശ്യമുണ്ട്- ‘അനേകരെ നീതിയിലേക്കു നടത്തുന്നവരായ’ പുരുഷന്മാരുടെയും സ്ത്രീകളുടെയും (ദാനി. 12:3). ആ വാക്യം സൂചിപ്പിക്കുന്നത് നീതിയെക്കുറിച്ചു പ്രസംഗിക്കുന്ന പ്രാസംഗികരെയല്ല, എന്നാല്‍ വാക്കിനാലും മാതൃകയാലും മറ്റുള്ളവരെ നീതിയിലേക്കു നടത്തുത്തുന്നവരെയാണ്.


തിരുവചനത്തില്‍ നാം മറ്റൊരു ശുശ്രൂഷയെ കുറിച്ച് വായിക്കുന്നു – അത് ഈ ദാനിയേല്‍ ശുശ്രൂഷയ്ക്ക് നേര്‍വിപരീതമായ ഒരു ശുശ്രൂഷയാണ് – ഒരു ‘ലൂസിഫര്‍ ശുശ്രൂഷ’ വെളിപ്പാട് 12 :4 ല്‍, ദൈവത്തിന് എതിരായുള്ള മത്സരത്തില്‍, തന്നെ അനുഗമിക്കേണ്ടതിന് ലക്ഷക്കണക്കിനു ദൂതന്മാരെ നേടുന്നതില്‍ ലൂസിഫര്‍ വിജയിച്ചതിനെക്കുറിച്ചു നാം വായിക്കുന്നു. ഇത്രയധികം ദൂതന്മാരെ വഴിതെറ്റിക്കുവാന്‍ ദൈവം എന്തുകൊണ്ടാണ് ലൂസിഫറിനെ അനുവദിച്ചത്? അത് അസംതൃപ്തരും മത്സരികളുമായ എല്ലാ ദൂതന്മാരില്‍ നിന്നും സ്വര്‍ഗ്ഗം വിശുദ്ധീകരിക്കപ്പെടേണ്ടതിനായിരുന്നു. ദൈവത്തിന് എതിരെയുള്ള അവരുടെ മത്സരത്തില്‍ അവരെ നയിക്കുവാന്‍ ഒരു ലൂസിഫര്‍ എഴുന്നേറ്റില്ലായിരുന്നെങ്കില്‍ അവരുടെ ദുഷ്ടഹൃദയം തുറന്നു കാട്ടപ്പെടുകയില്ലായിരുന്നു.


അതുകൊണ്ട് ഇന്നും, സഭയില്‍ ഒരു ലൂസിഫര്‍ ശുശ്രൂഷ ചെയ്യുന്നതിന് ദൈവം സഹോദരന്മാരെയും സഹോദരിമാരെയും അനുവദിക്കും. വീടുകള്‍തോറും ചുറ്റിനടന്ന് ദൂഷണം പറയുവാനും, കുറ്റപ്പെടുത്തുവാനും, നുണപറയുവാനും, തിന്മ പറയുവാനും ദൈവം അവരെ അനുവദിക്കുന്നു, അതിലൂടെ അസംതൃപ്തരും മത്സരികളും, ലൗകികന്മാരുമായ എല്ലാവരെയും തിരിച്ചറിഞ്ഞ്, തുറന്നുകാട്ടി, ഒരുമിച്ചുകൂട്ടി അവരെ സഭയ്ക്ക് പുറത്താക്കുന്നു- അതിലൂടെ ക്രിസ്തുവിന്റെ ശരീരം ശുദ്ധീകരിക്കപ്പെടുവാന്‍ ഇടയാകുന്നു. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒന്നാമത്തെ ലൂസിഫറിനെ സ്വര്‍ഗത്തില്‍ വിലക്കിയതിനെക്കാള്‍ കൂടുതല്‍, ഇത്തരം ലൂസിഫര്‍ ശുശ്രൂഷയില്‍ വ്യാപൃതരായവരെ സഭയില്‍ ചുറ്റി നടക്കു ന്നതില്‍ നിന്ന് ദൈവം വിലക്കുകയില്ല. അതാണ് ദിവ്യ പരിജ്ഞാനം.


നാം ഒരിക്കലും അത്തരം സഹോദരന്മാരോടും സഹോദരിമാരോടും പോരാടുകയുമില്ല. ദൈവം തന്നെ സഭയെ സംരക്ഷിക്കും, തന്നെയുമല്ല തക്കസമയത്ത്, സഭയെ മലിനമാക്കുന്നവരെ അവിടുന്ന് നശിപ്പിക്കും (1 കൊരി. 3:17). എന്നാല്‍ ദൈവം ദീര്‍ഘക്ഷമയുള്ളവനാണ്. അതുകൊണ്ട് ന്യായം വിധിക്കുന്നതിനു മുമ്പ് അനേകം വര്‍ഷങ്ങള്‍ അവിടുന്ന് കാത്തിരിക്കുന്നു- കാരണം ആരും നശിച്ചു പോകുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല, എന്നാല്‍ എല്ലാവരും മാനസാന്തരപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നോഹയുടെ കാലത്ത്, അവിടുന്ന് 120 വര്‍ഷങ്ങള്‍ കാത്തിരുന്നു, എന്നാല്‍ ദൈവം ന്യായം വിധിക്കുമ്പോള്‍, അവിടുത്തെ ന്യായവിധി കഠിനമായിരിക്കും. ഒരു സഭ ഒരിക്കലും പിളര്‍ന്നിട്ടില്ല എന്നു പ്രശംസിക്കുന്നതു ഭോഷത്തമാണ്. സ്വര്‍ഗ്ഗത്തില്‍ തന്നെ, ദൂതന്മാരുടെ ഇടയില്‍, ആരംഭത്തില്‍ തന്നെ ഒരു പിളര്‍പ്പ് ഉണ്ടായിരുന്നു. അത്തരം പിളര്‍പ്പുകള്‍ ആവശ്യമാണ്, കാരണം ‘നിങ്ങളില്‍ കൊള്ളാകുന്നവര്‍ (ദൈവത്താല്‍ അംഗീകരിക്കപ്പെട്ടവര്‍) വെളിവാകേണ്ടതിന്, നിങ്ങളുടെ ഇടയില്‍ ഭിന്ന പക്ഷങ്ങളും ഉണ്ടാകേണ്ടതു തന്നെ (1കൊരി. 11:19) . വെളിച്ചം ഇരുളില്‍ നിന്ന് വേര്‍തിരിക്കപ്പെടേണ്ടതുണ്ട്. അതൊരു പിളര്‍പ്പ് അല്ല. അതൊരു വെടിപ്പാക്കലാണ്. അതിനെ കൂടാതെ, ഭൂമിയിലെ ദൈവത്തിന്റെ സാക്ഷ്യം ദൂഷിതമായിരിക്കും.


നമുക്കെല്ലാവര്‍ക്കും ഒന്നുകില്‍ ഒരു ദാനിയേല്‍ ശുശ്രൂഷ- സഭയില്‍ ഐക്യതയും കൂട്ടായ്മയും പണിയുന്നത്- അല്ലെങ്കില്‍ ഒരു ലൂസിഫര്‍ ശുശ്രൂഷ- ഭിന്നത വിതയ്ക്കുന്ന ശുശ്രൂഷ- ഉണ്ടായിരിക്കും. നമുക്ക് നിഷ്പക്ഷരായിരിക്കാന്‍ കഴിയില്ല. തന്നോടു കൂടെ ചേര്‍ക്കാത്തവന്‍ ആളുകളെ തന്നില്‍ നിന്നു ചിതറിക്കുന്നു എന്ന് യേശു പറഞ്ഞു. സഭയില്‍ രണ്ടു ശുശ്രൂഷകള്‍ മാത്രമാണുള്ളത്- ഒരുമിച്ചു ചേര്‍ക്കുന്നതും ചിതറിക്കുന്നതും (മത്താ. 12:30).

ഈ അന്ത്യനാളുകളില്‍ ജീവിക്കാന്‍ ആവശ്യമായ കൃപയും വിവേകവും നമുക്കുണ്ടാകട്ടെ, കാരണം ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത് എല്ലായിടത്തും ദൈവനാമ മഹത്വത്തിനായി ഒരു നിര്‍മ്മല സാക്ഷ്യമായി സഭ പണിയപ്പെടുവാന്‍ കഴിയത്തക്കവിധം നാം ജീവിക്കണമെന്നാണ്.