സഭയിലുള്ള ഐക്യത്തിൻ്റെ ശക്തി – WFTW 8 ഓഗസ്റ്റ് 2021

സാക് പുന്നന്‍

“ഒരാൾക്കു ചെയ്യാൻ കഴിയുന്നതിൻ്റെ ഇരട്ടി രണ്ടുപേർക്കു പൂർത്തീകരിക്കാൻ കഴിയും, കാരണം അതിൻ്റെ ഫലം അധികം നല്ലതായിരിക്കും. ഒരുവൻ വീണാൽ മറ്റവൻ അവനെ എഴുന്നേല്പിക്കും, എന്നാൽ ഒരുവൻ ഏകാകി ആയിരിക്കുമ്പോൾ വീണാൽ അവൻ കഷ്ടത്തിലാകും…. ഒറ്റയ്ക്കു നിൽക്കുന്ന ഒരുവനെ ആക്രമിച്ചു പരാജയപ്പെടുത്താം, എന്നാൽ രണ്ടുപേർക്ക് തിരിഞ്ഞുനിന്ന് അവനോട് എതിർത്ത് കീഴടക്കാം, മൂന്നു പേർ അതിലും നല്ലത്, കാരണം മുപ്പിരി ചരട് വേഗത്തിൽ അറ്റുപോകയില്ല” (സഭാപ്ര 4:9-12 ടിഎൽബി). ഈസോപ്പ് കഥകളിൽ ഒരു വൃദ്ധ കർഷകൻ, നിരന്തരം തമ്മിൽ വഴക്കടിച്ചു കൊണ്ടിരുന്ന തൻ്റെ മൂന്നുമക്കളെ, ഐക്യമത്യത്തിൻ്റെ ഗുണപാഠം പഠിപ്പിക്കുന്ന ആ കഥ നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കാം. ബലമില്ലാത്ത കുറേ കമ്പുകൾ എടുത്തിട്ട്, അവ ഓരോന്നായി ഒടിച്ചാൽ എത്ര എളുപ്പത്തിൽ അവയെ ഒടിക്കാൻ കഴിയും എന്ന് അവരെ കാണിച്ചു, എന്നാൽ ആ കമ്പുകൾ ഒരുമിച്ചു കെട്ടി ഒരു കെട്ടാക്കിയപ്പോൾ അവയെ ഒടിക്കുവാൻ ഏറെക്കുറെ അസാധ്യമാണ് എന്നും കാണിച്ചു. ഈ ലോകത്തിൻ്റെ കുട്ടികൾ പോലും ഒരുമയിലും കൂട്ടായ്മയിലും ശക്തിയുണ്ട് എന്നു മനസ്സിലാക്കുന്നു. വേദപുസ്തകം പറയുന്നു “വെട്ടുക്കിളികൾ ചെറുതെങ്കിലും അസാധാരണ ബുദ്ധിയുള്ളവയാണ , കാരണം അവയ്ക്കു നേതാവില്ലെങ്കിലും, അവ ഒരുമിച്ച് അണിയണിയായി പുറപ്പെടുന്നു (സദൃശ. 30: 27 ടിഎൽബി). അതിലാണ് അവരുടെ സുരക്ഷിതത്വവും ശക്തിയും ഉള്ളത്. യേശുക്രിസ്തുവിൻ്റെ സഭയിൽ, നാം ഈ പാഠം വീണ്ടും പഠിക്കേണ്ട ആവശ്യമുണ്ട്.

പുതിയ നിയമം പറയുന്ന ഐക്യത, ക്രിസ്തു എന്ന തലയുടെ പരമാധികാരത്തിൻ്റെ കീഴിൽ ക്രിസ്തുവിൻ്റെ ശരീരമാകുന്ന സഭയുടെ അംഗങ്ങൾക്കു തമ്മിൽ തമ്മിലുള്ള ഐക്യമാണ്- അതു നൈസർഗികമായ ഒരു ഐക്യമാണ് സംഘടിപ്പിക്കപ്പെട്ട ഒന്നല്ല. അത് ക്രിസ്തുവിൻ്റെ ശരീരത്തിനു പുറത്തുള്ളവരെ ഒഴിവാക്കുന്നു, അവർക്ക് ‘ക്രിസ്ത്യാനി’ എന്ന ലേബൽ ഉണ്ടെങ്കിൽ പോലും, ജീവനുള്ളവരും മരിച്ചവരും തമ്മിൽ ഒരു ഐക്യവും ഉണ്ടാക്കാൻ കഴിയില്ല. പുതുജനനത്തിലൂടെ ക്രിസ്തുവിൽ ജീവിക്കപ്പെട്ടവർക്ക് അതേപോലെ ദൈവത്താൽ വീണ്ടും ജനിപ്പിക്കപ്പെട്ടവരോടുകൂടെ മാത്രമേ തങ്ങളുടെ ആത്മീയ ഐക്യം കണ്ടെത്താൻ കഴിയൂ. നമ്മെ ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ അവയവങ്ങളാക്കുന്നത് പരിശുദ്ധാത്മാവ് മാത്രമാണ്. ആ പരിശുദ്ധാത്മാവാണ് ക്രിസ്തീയ ഐക്യം രൂപപ്പെടുത്തുന്നത്. “ആത്മാവിനാൽ ഉൽപാദിതമാകുന്ന ഐക്യത കാത്തുസൂക്ഷിക്കുവാൻ ആത്മാർത്ഥമായി പ്രയത്നിക്കുവാൻ വേദപുസ്തകം പ്രബോധിപ്പിക്കുന്നു. (എഫെ. 4:3 ആംപ്ലി ഫൈഡ്) മനുഷ്യനാൽ രൂപീകരിക്കപ്പെടുന്ന ഏത് ഐക്യവും വിലയില്ലാത്തതാണ്.

സാത്താൻ കൗശലക്കാരനായ ഒരു ശത്രു ആണ്. തന്നെയുമല്ല ക്രിസ്തുവിൻ്റെയും അവിടുത്തെ വചനത്തിൻ്റെയും അധികാരത്തിൻ കീഴ് ജീവിക്കുന്ന ഒരുമയുള്ള ഒരു ക്രിസ്തീയ കൂട്ടായ്മയെ ജയിക്കുവാൻ അവനു കഴിയുകയില്ല എന്ന് അവൻ മനസ്സിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു കൂട്ടായ്മയിലുള്ള അംഗങ്ങളുടെ ഇടയിൽ ഭിന്നത, സംശയം, തെറ്റിദ്ധാരണ മുതലായവ വിതച്ച്, അതിലൂടെ അവരെ ഓരോരുത്തരെ ആയി തളർത്തിക്കളയുക എന്നതാണ് അവൻ്റെ യുദ്ധതന്ത്രം. തൻ്റെ സഭയെ പാതാള ഗോപുരങ്ങൾക്കു ജയിക്കാൻ കഴിയുകയില്ല എന്ന് യേശു പറഞ്ഞു (മത്താ. 16: 18). കർത്താവിൻ്റെ ശരീരമായ സഭയ്ക്കാണ്, സാത്താനെതിരെയുള്ള പോരാട്ടത്തിൽ വിജയം വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നത് . മറ്റു വിശ്വാസികളിൽ നിന്നകന്ന് ഒറ്റയ്ക്കു നിൽക്കുന്ന വിശ്വാസി അവനെതന്നെ പരാജിതനായി കണ്ടെത്തും. ക്രിസ്തുവിൻ്റെ ഭൂമിയിലെ ജീവിതകാലത്ത് സാത്താൻ സ്ഥിരമായി ക്രിസ്തുവിനെ ആക്രമിച്ചു, എന്നാൽ ജയിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ക്രൂശിൽ വച്ച്, മനുഷ്യൻ്റെ മേലുള്ള സാത്താൻ്റെ ശക്തി ക്രിസ്തുവിനാൽ എടുത്തുമാറ്റപ്പെട്ടു (എബ്രാ. 2:14 , കൊലൊ. 2 :15). ഇന്ന് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ആക്രമിക്കുവാൻ സാത്താനു കഴിയില്ല, അതുകൊണ്ട് അവൻ്റെ ആക്രമണങ്ങളെല്ലാം ക്രിസ്തുവിൻ്റെ ശരീരത്തിനു നേരെയാണ്. നമ്മുടെ കർത്താവിൻ്റെ മുഖ്യ അധികാരത്തിന് കീഴിൽ ഉള്ള ഒരു ശരീരമായി, പിശാചിനെതിരായി നാം ഒന്നിച്ചു നിന്നാൽ മാത്രമെ സാത്താൻ്റെ മേൽ വിജയം സാധ്യമാകൂ. ക്രിസ്ത്യാനികളുടെ ഒരു കൂട്ടായ്മയിൽ, ഒരംഗമെങ്കിലും അവൻ്റെ ധർമ്മം നിറവേറ്റുന്നില്ലെങ്കിൽ ശരീരത്തിൻ്റെ ശക്തി, ആ അളവിൽ ദുർബലമാക്കപ്പെടുന്നു. സാത്താൻ ഇതറിഞ്ഞ്, ഒരു കൂട്ടത്തിലുള്ള അംഗങ്ങളെ വ്യക്തിപരമായി ഒറ്റപ്പെടുത്താനോ, അല്ലെങ്കിൽ ആ കൂട്ടത്തെ (സഭയെ) ചെറുസംഘങ്ങളായി വിഭജിക്കുവാനോ തുടർമാനം ശ്രമിക്കുന്നു. രണ്ടു മാർഗ്ഗങ്ങളിലും അവൻ തൻ്റെ ലക്ഷ്യത്തിൽ വിജയം നേടുന്നു. ഇതുകൊണ്ടാണ് സാത്താൻ്റെ തന്ത്രങ്ങൾക്കെതിരെ നാം നിരന്തരം ജാഗ്രതയുള്ളവരായിരിക്കേണ്ടത്, അല്ലെങ്കിൽ നമുക്കും ക്രിസ്തുവിൻ്റെ ശരീരത്തിലെ മറ്റ് അംഗങ്ങൾക്കും ഇടയിലുള്ള കണ്ണി അവൻ ദുർബലമാക്കും.

വിശ്വാസികൾ വ്യക്തികളായി പ്രാർത്ഥിക്കുന്നതുമായുള്ള ബന്ധത്തിൽ യേശു വളരെയധികം വാഗ്ദത്തങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ മത്തായി 18:18,19 വാക്യങ്ങളിൽ ക്രിസ്തുവിൻ്റെ ശരീരം ഐകമത്യപ്പെട്ട് പ്രാർത്ഥിക്കുന്നതിനെ സംബന്ധിച്ച് ഒരു വാഗ്ദത്തം നമുക്കുണ്ട്. യേശു പറഞ്ഞു “ഭൂമിയിൽ നിങ്ങൾ കെട്ടുന്നതെല്ലാം, സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം, സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും. ഭൂമിയിൽ വച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ, അത് സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിങ്കൽ നിന്ന് നിങ്ങൾക്ക് ലഭിക്കും” (ടിഎൽബി). പത്തൊമ്പതാം വാക്യത്തിലെ ‘യോജിക്കുക’ എന്ന പദം ‘സുഫോണിയോ’ എന്ന ഗ്രീക്ക് വാക്ക് തർജ്ജമ ചെയ്യപ്പെട്ടതാണ്. അതിൽ നിന്നാണ് സിംഫണി എന്ന ഇംഗ്ലീഷ് വാക്ക് ഉത്ഭവിച്ചത്. ഈ വാക്യങ്ങളിൽ യേശു സൂചിപ്പിക്കുന്നത്, അവിടുത്തെ രണ്ടു മക്കൾക്കിടയിലുള്ള ഐക്യം സംഗീത സ്വരലയം പോലെ ആയിരിക്കണമെന്നാണ്. മറ്റെയാളിൻ്റെ പ്രാർത്ഥനയുടെ അവസാനം കേവലം ‘ആമേൻ’ പറയുന്നതിനേക്കാൾ അധികമായ കാര്യമാണ് ഇത് അർത്ഥമാക്കുന്നത്. സ്വരലയം അർത്ഥമാക്കുന്നത് ഒരുമിച്ചു പ്രാർത്ഥിക്കുന്നവർ തമ്മിലുള്ള ആത്മാവിൻ്റെ ഐക്യമാണ്. ഒരു ചെറിയ കൂട്ടം ക്രിസ്ത്യാനികളുടെ കൂട്ടായ്മയാണെങ്കിൽ പോലും അതു നന്നായി നടത്തപ്പെടുന്ന ഒരു വാദ്യ വൃന്ദം പുറപ്പെടുവിക്കുന്ന സ്വരലയം പോലെ ആണെങ്കിൽ, അപ്പോൾ (യേശു പറഞ്ഞു) അവർ ചോദിക്കുന്നതെന്തും നല്കപ്പെടുവാൻ തക്കവണ്ണം, അവരുടെ പ്രാർത്ഥനകൾക്ക് അധികാരം ഉണ്ടായിരിക്കും. അങ്ങനെയുള്ള ഒരു കൂട്ടം ക്രിസ്ത്യാനികൾക്ക് സാത്താൻ്റെ ശക്തിയെ ബന്ധിപ്പിക്കുവാനും സാത്താൻ്റെ ബന്ധികളെ സ്വതന്ത്രരാക്കി വിടുവിക്കാനുള്ള അധികാരമുണ്ടായിരിക്കും. അത്തരം ഒരു കൂട്ടായ്മയ്ക്ക് ആ അധികാരം പ്രയോഗിക്കാൻ കഴിയുന്നതിൻ്റെ കാരണം യേശു വിശദീകരിച്ചത് ഇങ്ങനെയാണ്: “കാരണം” അവിടുന്ന് പറഞ്ഞു, “രണ്ടോ മൂന്നോ പേർ എൻ്റെ നാമത്തിൽ ഒരുമിച്ചുകൂട്ടി വരുത്തപ്പെടുന്ന ഇടങ്ങളിലെല്ലാം ഞാൻ അവരുടെ മധ്യത്തിൽ ഉണ്ടായിരിക്കും” (വാക്യം 20 – ആംപ്ലിഫൈഡ്). തലയായ ക്രിസ്തു അവിടുത്തെ സർവ്വാധികാരത്തോടും കൂടെ അത്തരമൊരു കൂട്ടത്തിൻ്റെ നടുവിൽ ഉണ്ടായിരിക്കും, അതുകൊണ്ട് പാതാളത്തിൻ്റെ ശക്തിക്ക് ഒരിക്കലും അതിനു നേരെ നിൽക്കാൻ കഴിയില്ല. “അപ്പോസ്തല പ്രവൃത്തിയിൽ” വിവരിച്ചിരിക്കുന്ന സഭ, അവരുടെ കൂട്ടായ്മയിൽ ഐക്യമുള്ളതാണ് അധികാരത്തിൻ്റെ യാഥാർത്ഥ്യം എന്നറിഞ്ഞു. “ഇവരെല്ലാവരും (11 അപ്പൊസ്തലന്മാർ) ഒരുമനപ്പെട്ടു പ്രാർത്ഥിച്ചു പോന്നു.… “വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു” …ഒരു മനപ്പെട്ട് ദിനംപ്രതി ദൈവാലയത്തിൽ കൂടി വന്നു…. “അവർ അപ്പൊസ്തലന്മാരും മറ്റ് വിശ്വാസികളും…. ഒരുമനപ്പെട്ട് തങ്ങളുടെ ശബ്ദം ഒരുമിച്ച് ഉയർത്തി ദൈവത്തോടു നിലവിളിച്ചു”…… (അപ്പൊപ്ര. 1:14; 2:44, 46; 4: 24 – ആംപ്ലിഫൈഡ്). അവർ ക്രിസ്തുവിൻ്റെ അധികാരത്തിനു കീഴിൽ ഒരു ശരീരമായി ഒന്നിച്ചു ചേർന്നു നിന്നതു കൊണ്ട്, അവർക്കു പ്രാർത്ഥനയിൽ കർത്താവിൻ്റെ അധികാരം പ്രയോഗിക്കാൻ കഴിഞ്ഞു. അവർ ഉന്നത വിദ്യാഭ്യാസമുള്ളവരായിരുന്നില്ല, അവർക്ക് സമൂഹത്തിൽ സ്വാധീനവും, സാമ്പത്തിക പിൻബലവും ഉണ്ടായിരുന്നില്ല എന്നിട്ടും അന്ന് അറിയപ്പെട്ടിരുന്ന ലോകത്തെ ക്രിസ്തുവിനു വേണ്ടി അവർ കീഴ്മേൽ മറിച്ചു. പത്രൊസ് തടവിൽ അടയ്ക്കപ്പെട്ടപ്പോൾ, ദൈവ മുമ്പാകെ മുട്ടിന്മേൽ നിന്ന ആ പ്രാരംഭ സഭയ്ക്കെതിരെ നിൽക്കുവാൻ ഹെരോദാവിൻ്റെ മുഴുവൻ സൈന്യത്തിനു പോലും കഴിഞ്ഞില്ല (പ്രവൃത്തി.12:5-11). റോമൻ സാമ്രാജ്യത്തിലെമ്പാടും ഉണ്ടായിരുന്ന മനുഷ്യ ജീവിതങ്ങളിൽ ക്രിസ്തുവിൻ്റെ വിജയവും അധികാരവും രേഖപ്പെടുത്തിക്കൊണ്ട്, ആ സഭ ഒരു ശരീരമായി മുന്നോട്ടു നീങ്ങിയതു കൊണ്ടാണ് അതിന് സാത്താൻ്റെ രാജ്യത്തിൻ്റെ അടിത്തറ ഇളക്കുവാൻ കഴിഞ്ഞത് (ഇതിൻ്റെ ഒരു ഉദാഹരണം കാണുവാൻ പ്രവൃത്തി 19:11-20 വരെയുള്ള വാക്യങ്ങൾ കാണുക).

ഇന്ന് ഐക്യമില്ലാതെ ഭിന്നിച്ചു നിൽക്കുന്ന ഒരു സഭ, തന്ത്രങ്ങൾ, സംഗീത ഉപകരണങ്ങൾ, കോൺഫറൻസുകൾ, വേദശാസ്ത്ര പരിജ്ഞാനം, വാചാലത, പരിശീലനം ലഭിച്ച ഗായക സംഘങ്ങൾ മുതലായവയാൽ സാത്താനെ അവൻ്റെ ശക്തി കേന്ദ്രത്തിൽ നിന്നു പുറത്താക്കാൻ ചെയ്യുന്ന പ്രയത്നങ്ങളെ സാത്താൻ പരിഹസിക്കുകയാണ്. ഇവയൊന്നും സാത്താനെതിരെ ഒട്ടും പ്രയോജനപ്പെടുകയില്ല. ക്രിസ്തു എന്ന തലയ്ക്കു കീഴിൽ ഒരു മനപ്പെട്ടു നിൽക്കുന്ന ഒരു ശരീരമായിരിക്കുന്നതിൻ്റെ യാഥാർത്ഥ്യം സഭ വീണ്ടും അറിയേണ്ടിയിരിക്കുന്നു. അന്യോന്യം ശരിയായ വിധത്തിൽ ബന്ധപ്പെട്ട്, തമ്മിൽ തമ്മിലുള്ള സ്നേഹത്തിൽ വളരുകയും ക്രിസ്തുവിനോടും അവിടുത്തെ വചനത്തോടും ഉള്ള അനുസരണയിൽ ജീവിക്കയും ചെയ്യുന്ന ക്രിസ്ത്യാനികളുടെ ഒരു കൂട്ടായ്മ ഭൂമിയിൽ പിശാചിൻ്റെ രാജ്യത്തിന് ഒരു വലിയ ഭീഷണിയാണ്. സാത്താൻ മറ്റൊന്നിനെയും അതിനോളം ഭയപ്പെടുന്നില്ല. ക്രിസ്തുവിൽ ഏക ശരീരമായിരിക്കുക എന്ന മഹത്തരമായ സത്യത്തിൻ്റെ വെളിച്ചത്തിൽ ഓരോ ദിവസവും ജീവിക്കുവാൻ കർത്താവ് നമ്മെ സഹായിക്കണമേ എന്നത് നമ്മുടെ പ്രാർത്ഥന ആയിരിക്കട്ടെ. ലോകമെമ്പാടുമുള്ള കൂടുതൽ കൂടുതൽ ക്രിസ്ത്യാനികൾ ഈ സത്യം മനസ്സിലാക്കി ഇതിനാൽ ജീവിക്കാൻ തുടങ്ങുമ്പോൾ, എണ്ണത്തിൽ കുറവാണെങ്കിലും ആ സഭ, അവളുടെ പൂർവ്വകാല മഹത്വത്തിലേക്ക് യഥാസ്ഥാനപ്പെട്ട് അന്ധകാരത്തിൻ്റെ ശക്തികളെ പരാജയപ്പെടുത്തുവാൻ ദൈവകരങ്ങളിൽ ഒരായുധമായും ആവശ്യത്തിലിരിക്കുന്ന ലോകത്തിന് അനുഗ്രഹത്തിൻ്റെ ഒരു നീർച്ചാലായും തീരുന്നത് തീർച്ചയായും നാം കാണും.