സ്‌നേഹവാനായ സ്വര്‍ഗ്ഗീയ പിതാവ് നമുക്കുണ്ട് – WFTW 05 ഏപ്രിൽ 2015

സാക് പുന്നന്‍

   

പിതാവായ ദൈവം വിട്ടുവീഴ്ചയില്ലാത്ത ഒരാളാണെന്നും യേശു മാത്രമാണ് തങ്ങളെ സ്‌നേഹിക്കുന്നതെന്നും ഉള്ള തെറ്റായ ഒരാശയം അനേകര്‍ക്കുണ്ട്. ഇത് സത്യത്തിന്റെ സാത്താന്യമായ ഒരു വളച്ചൊടിക്കല്‍ ആണ്. നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുവാനായി യേശുവിനെ അയച്ചത് പിതാവിന്റെ സ്‌നേഹമാണ്. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. “പിതാവു തന്നെ നിങ്ങളെ സ്‌നേഹിക്കുന്നു” (യോഹ. 16:27). അവരുടെ സ്വര്‍ഗ്ഗസ്ഥ പിതാവ് പറവകള്‍ക്ക് ഭക്ഷണം നല്‍കുകയും പൂക്കളെ അണിയിച്ചൊരുക്കുകയും ചെയ്യുന്നെങ്കില്‍, അവിടുന്ന് നിങ്ങളെ തീര്‍ച്ചയായും കരുതും എന്നും യേശു ശിഷ്യന്മാരോടു പറഞ്ഞു. സ്വര്‍ഗ്ഗസ്ഥപിതാവ് അവരുടെ ആവശ്യങ്ങളെല്ലാം അറിയുന്നതുകൊണ്ട് വ്യാകുല ചിത്തരാകേണ്ട ആവശ്യം ഇല്ല (മത്താ. 6:26-34).

ഭൌമികരായ പിതാക്കന്മാര്‍ തങ്ങളുടെ മക്കള്‍ക്ക് നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്റെ മക്കള്‍ക്കും തീര്‍ച്ചയായും നല്ല ദാനങ്ങളെ കൊടുക്കും എന്നു കൂടി അവിടുന്നു അവരോടു പറഞ്ഞു (മത്താ. 7:11).

ഇതെല്ലാം വളരെ പ്രാഥമികമായ കാര്യങ്ങളാണെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാലും മിക്ക സമയങ്ങളിലും നാം പ്രാര്‍ത്ഥനയില്‍ ദൈവത്തിന്റെ അടുത്തു വരുമ്പോള്‍ ദൈവം നമ്മുടെ അപേക്ഷ അനുവദിച്ചു തരുമെന്ന് യഥാര്‍ത്ഥമായി നാം വിശ്വസിക്കുന്നില്ല. കാരണം നമ്മോടുള്ള അവിടുത്തെ ആര്‍ദ്രതയും സ്‌നേഹവമുള്ള പിതൃനിര്‍വിശേഷമായ കരുതലിനെ കുറിച്ച് നമുക്ക് നിശ്ചയമില്ല. അങ്ങനെ നാം നമ്മുടെ അവിശ്വാസത്താല്‍ ദൈവത്തെ പരിമിതപ്പെടുത്തുന്നു. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളെ കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നവനും നിങ്ങള്‍ക്കു വേണ്ടി കരുതുന്നവനുമായ സ്‌നേഹവാനായ ഒരു പിതാവിനോട് സംസാരിക്കുകയാണെന്ന് യഥാര്‍ത്ഥമായി നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ.

പക്വമതികളായ വിശുദ്ധന്മാരാണെങ്കില്‍ മാത്രമേ ദൈവം തങ്ങളെ കേള്‍ക്കുകയുള്ളു എന്ന തോന്നല്‍ ചിലര്‍ക്കുണ്ടായേക്കാം. ഭൂമിയിലെ പിതാക്കന്മാരുടെ കാര്യത്തില്‍ ഇതെങ്ങനെയാണ്? അയാള്‍ക്ക് അനേകം മക്കള്‍ ഉണ്ടെങ്കില്‍, തന്റെ മൂന്നു വയസ്സു പ്രായമുള്ള മകനെ ശ്രദ്ധിച്ചു കേള്‍ക്കുമോ? അയാള്‍ തന്റെ കൊച്ചു മക്കളോട് “നീ തീരെ ചെറുപ്പമായതിനാല്‍ എന്നോട് സംസാരിക്കാന്‍ പറ്റില്ല, എനിക്ക് നീ പറയുന്നത് ശ്രദ്ധിക്കുവാന്‍ കഴിയുകയില്ല” എന്നു പറയുമോ? തീര്‍ച്ചയായും ഇല്ല. വാസ്തവത്തില്‍, ഒരു പിതാവ് തന്റെ മുതിര്‍ന്ന മക്കളെ ശ്രദ്ധിക്കുന്നതിനേക്കാള്‍ ഏറ്റവും ഇളയ കുഞ്ഞിനെ ശ്രദ്ധിക്കാനാണു കൂടുതല്‍ സാധ്യത. ദൈവത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്.

അവിടുന്നു പറയുന്നു: “അവരില്‍ ചെറിയവന്‍ (ഏറ്റവും ഇളയവന്‍) മുതല്‍ വലിയവന്‍ (ഏറ്റവും മുതിര്‍ന്നവന്‍) വരെ എല്ലാവരും എന്നെ (പിതാവായി) അറിയും” (എബ്രാ. 8:11). ഏറ്റവും ഇളയവനെയാണ് ആദ്യം എടുത്തു പറഞ്ഞിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക.

നിങ്ങള്‍ ഇന്നലെ മാത്രം വീണ്ടും ജനിച്ച ഒരാളാണെങ്കില്‍ പോലും നിങ്ങള്‍ക്കും ധൈര്യത്തോടെ ഇങ്ങനെ പറഞ്ഞുകൊണ്ട് ദൈവത്തിന്റെ അടുത്തു വരാം: “അല്ലയോ ദൈവമേ, അവിടുന്ന് എന്റെ പിതാവാണ്, ഞാന്‍ അവിടുത്തെ പൈതല്‍ ആണ്. അതുകൊണ്ട് അങ്ങയോട് സംസാരിക്കാനുള്ള ഒരവകാശം എനിക്കുണ്ട്! ഈ വിധത്തിലാണ് പ്രാര്‍ത്ഥനയില്‍ ദൈവത്തിന്റെ അടുത്തേക്കു ചെല്ലുവാന്‍ യേശു തന്റെ ശിഷ്യന്മാരെ പ്രോല്‍സാഹിപ്പിച്ചത്.

നാം പ്രാര്‍ത്ഥിക്കുന്ന ഓരോ സമയവും നാം ദൈവത്തെ സമീപിക്കേണ്ടത്, നമ്മെ സ്‌നേഹിക്കുകയും, കരുതുകയും നമ്മില്‍ താല്‍പര്യപ്പെടുകയും ചെയ്യുന്ന ഒരു പിതാവിന്റെ അടുത്തു ചെല്ലുന്നതു പോലെയാണ്. അങ്ങനെ മാത്രമേ വിശ്വാസം ഉരുവാകുകയുള്ളു. വിശ്വാസം കൂടാതെ പ്രാര്‍ത്ഥിക്കുന്നതില്‍ ഒരു പ്രയോജനവും ഇല്ല.

ദൈവം നല്ല ദൈവമാണ്. അവിടുന്ന് തന്റെ മക്കള്‍ക്ക് നല്ല ദാനങ്ങള്‍ കൊടുക്കാന്‍ ഇഷ്ടപ്പെടുന്നു. സങ്കീ. 84:11ല്‍ വേദപുസ്തകം ഇങ്ങനെ പറയുന്നു “നേരായി നടക്കുന്നവര്‍ക്ക് അവിടുന്ന് ഒരു നന്മയും മുടക്കുന്നില്ല.” സങ്കീ. 37:4ല്‍ ഇങ്ങനെ പറയുന്നു “യഹോവയില്‍ തന്നെ ആനന്ദിക്കുക, അപ്പോള്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങള്‍ അവിടുന്നു സാധിച്ചു തരും.” പഴയ നിയമത്തിലെ ഈ വാഗ്ദാനങ്ങളെല്ലാം പുതിയനിയമത്തില്‍ യേശുവിനാല്‍, മറ്റനേകം വാഗ്ദാനങ്ങളോട് ചേര്‍ത്ത്, അംഗീകരിക്കപ്പെടുകയും സ്ഥിരീകരിക്കപ്പെടുകയും വര്‍ദ്ധമാനമാക്കപ്പെടുകയും ചെയ്തിരിക്കുന്നു.

ഇതാണ് നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ – ദൈവത്തെ നമ്മുടെ സ്‌നേഹവാനായ പിതാവായുള്ള ബോധപൂര്‍വ്വമായ ഏറ്റു പറച്ചില്‍.

What’s New?


Top Posts