സാക് പുന്നന്‍
കനാനിലെ ജനങ്ങളെ കൊല്ലുവാന്‍ ദൈവം കല്‍പ്പിച്ചപ്പോള്‍, അവരെ സോദോമിലേയും ഗോമോറയിലെയും ജനങ്ങളെ ശിക്ഷിച്ചതുപോലെ ശിക്ഷിക്കുകയായിരുന്നു. നോഹയുടെ സമയത്തുള്ള ലോകത്തെ ശിക്ഷിച്ചതും ഇതുപോലെയായിരുന്നു. നോഹയുടെ കാലത്ത് ലോകം മുഴുവന്‍ ലൈംഗീക പാപത്താല്‍ ദുഷിച്ചിരുന്നു (ഉത്പ: 6:11). കനാന്യരും മ്ലേച്ഛകരമായ ലൈംഗീക പാപങ്ങളിലും, സാത്താന്‍ സേവയിലും ഏര്‍പ്പെട്ടിരുന്നു. “ദേശം അതിലെ നിവാസികളെ തള്ളിക്കളഞ്ഞു” (ലേവ്യ. 18: 24,25). ആവര്‍ത്തനം 9:4 ലും, 18:10-12 ലും ദൈവം കനാന്യരെ നശിപ്പിക്കുവാനുള്ള കാരണം നാം വ്യക്തമായി കാണുന്നു. ദേശത്തെ മലിനമാക്കുകയും ദുഷിപ്പിക്കുകയും ചെയ്യുന്ന ദുഷിച്ച സ്വാധീനം ഏതെങ്കിലും രാജ്യത്തുണ്ടെങ്കില്‍ ചെയ്യാനുള്ള ഒരേ ഒരു കാര്യം, അത്തരക്കാരെ പുറത്താക്കി ആ രാജ്യത്തെ ശിക്ഷിക്കുക എന്നതാണ്. അങ്ങനെയെങ്കില്‍, അവരുടെ ദുഷ്സ്വാധീനം മറ്റുള്ളവരിലേക്ക് പടരാതെയെങ്കിലും ഇരിക്കും.
ഒരു മനുഷ്യന്റെ കാലിലെ പഴുപ്പ് ശരീരം മുഴുവന്‍ വ്യാപിച്ച്, അവന്റെ ജീവന് ഭീഷണിയാകുമ്പോള്‍ ആ കാലു മുറിച്ചുകളയുന്ന കരുണയുള്ള ഒരു ഭിഷഗ്വരനെ പോലെയാണ്, സ്നേഹവാനായ ദൈവം ചില ആളുകളെ നശിപ്പിക്കുന്നത്. ഒരു ഭിഷഗ്വരന്‍ ഒരാളുടെ കാലു മുറിച്ച് മാറ്റുമ്പോള്‍ നിങ്ങള്‍ക്ക് വൈദ്യശാസ്ത്രം അറിയാത്തതുകൊണ്ട് കരുതും, ആ ഭിഷഗ്വരന് അയാളോട് വെറുപ്പാണെന്ന്. എന്നാല്‍ വാസ്തവത്തില്‍ അത് സത്യമല്ല. ആ ഭിഷഗ്വരന്‍ സ്നേഹത്തിലാണ് അത് ചെയ്യുന്നത്. ഈ ലോകത്തോടുള്ള ദൈവ സ്നേഹത്തിന്റെ ഫലമായിട്ടാണ്, അവിടുന്ന് ചിലരെ ഈ ലോകത്തില്‍ നിന്നു തള്ളിക്കളയുന്നത്. അങ്ങനെ പൈശാചിക ശക്തികളുടെ നിയന്ത്രണത്തില്‍ നിന്നും മനുഷ്യവര്‍ഗ്ഗത്തെ സംരക്ഷിക്കുന്നു (ഉത്പ.6:2 ല്‍ പറയുന്ന ദൈവ പുത്രന്മാര്‍, ദൈവത്തിന്റെ സൃഷ്ടിയായ വീണുപോയ മാലാഖമാരാണ്.
ഒരിക്കല്‍ ഒരു മനുഷ്യനെ, അയാള്‍ മറ്റൊരാളെ വഴിതെറ്റിക്കുന്നത് കണ്ട് പൌലോസ് ശിക്ഷിച്ചു. (അപ്പോ.പ്ര വൃ. 13:8-12). ഒരു ഉണര്‍വിനു തടസ്സമായി നിന്ന ചിലരെ ദൈവം മരണത്തിനു എല്പ്പിച്ചുകൊടുത്തതായി ഞാന്‍ കേട്ടിട്ടുണ്ട്. അതിനാല്‍ യോശുവയുടെ പുസ്തകത്തില്‍ നാം വായിക്കുന്നത് കനാന്യരുടെ കൊലപാതകമായിരുന്നില്ല. അത് ലോകത്തിന്റെ രക്ഷയ്ക്കുള്ള ഒരു ശസ്ത്രക്രിയ ആയിരുന്നു. പല വര്‍ഷങ്ങള്‍ക്കു മുമ്പ് അബ്രാഹാം കനാനില്‍ ജീവിച്ചപ്പോള്‍ അവിടെ കനാന്യര്‍ ഉണ്ടായിരുന്നു. എന്നാല്‍ ദൈവം അവരെ അപ്പോള്‍ നശിപ്പിച്ചില്ല. ദൈവം നാനൂറു വര്‍ഷം കാത്തിരുന്നു കാരണം, അവിടുന്ന് അബ്രഹാമിനോട് പറഞ്ഞതുപോലെ കനാന്യര്‍ ആ സമയത്ത് ന്യായവിധിക്കു പാകമായിരുന്നില്ല. (ഉത്പ. 15:16). മാങ്ങാ പറിക്കുന്നത് അത് വിളഞ്ഞു പാകമാകുമ്പോഴാണ്. ദൈവവും അതുപോലെ മനുഷ്യരുടെ പാപം ന്യായവിധിക്കു പാകമാകുന്നതുവരെ കാത്തിരിക്കുന്നു. അവിടുന്ന് സോദോമിനെയും ഗോമോറായെയും അവരുടെ പാപം ന്യായവിധിക്കു പാകമായപ്പോഴാണ് ന്യായവിധി അയച്ചത്. അങ്ങനെ തന്നെയാണ് കനാന്യരുടെ കാര്യത്തിലും.
യിസ്രായേല്യരും കനാന്‍ അവകാശമാക്കി 700 വര്‍ഷങ്ങള്‍ക്കു ശേഷം കനാന്യരെപോലെ പാപം ചെയ്തപ്പോള്‍ ദൈവം അവരെ ആ ദേശത്തുനിന്നും പുറത്താക്കി. അസീറിയക്കാര്‍ വന്നു അവരെ കീഴടക്കി. 125 വര്‍ഷങ്ങള്‍ക്കു ശേഷം തെക്കേ രാജ്യമായ യൂദായും ദൈവത്തിന്റെ പ്രവാചകന്മാരുടെ സന്ദേശങ്ങളെ തള്ളിക്കളഞ്ഞു. അങ്ങനെ അവരും ന്യായവിധിക്കു പാകമായി. അപ്പോള്‍ ദൈവം ബാബിലോണ്യരെ അയച്ചു അവരെയും നശിപ്പിച്ചു. “ദൈവത്തിനു മുഖപക്ഷമില്ല”, അത് കനാന്യരായാലും,യിസ്രായെല്യരായാലും, യൂദായായാലും അവിടുത്തെ പ്രമാണം ഒന്നുതന്നെയാണ്. തന്റെ ജനം തന്റെ പ്രമാണങ്ങള്‍ ലംഘിക്കുകയും തന്റെ പ്രവാചകന്മാരുടെ വാക്കുകള്‍ തള്ളിക്കളയുകയും ചെയ്യുമ്പോള്‍ ദൈവം ഇതേ ശസ്ത്രക്രിയ അവരുടെ മേലും നടത്തും. നമ്മളോടും ദൈവം അങ്ങനെ തന്നെ ചെയ്യും. ദൈവം നമ്മുടെ പാപങ്ങളെ കാര്യമാക്കാതെ വിട്ടുകളയുന്നുവെങ്കില്‍, ദൈവം നമ്മെ സ്നേഹിക്കുന്നില്ല എന്നാണ് അത് തെളിയിക്കുന്നത്. ഒരു പിതാവ് തന്റെ കുഞ്ഞുങ്ങള്‍ രോഗികളായി ജീവിക്കുവാന്‍ അനുവദിക്കുന്നുവെങ്കില്‍ അത് തെളിയിക്കുന്നത്, ആ പിതാവ് ആ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നില്ല എന്ന് തന്നെയാണ്.
(മൊഴിമാറ്റം: സാജു ജോസഫ്, ആലപ്പുഴ)