സാക് പുന്നന്‍
Read PDF version
2 കൊരിന്ത്യര്‍ 5:20ല്‍ നാം ഇപ്രകാരം വായിക്കുന്നു: ‘ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിനു വേണ്ടി സ്ഥാനപതികളായി നിങ്ങളോട് അപേക്ഷിക്കുന്നു.’ യേശുക്രിസ്തുവിനു വേണ്ടി സ്ഥാനപതികളാകുക എന്നത് അതി മഹത്തായ ഒരു വിളിയാണ്. ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ പൈതലിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ അന്തസ്സുണ്ട്. വളരെ ദരിദ്രമായ ഒരു രാജ്യത്തിന്റെ സ്ഥാനപതിയെ സംബന്ധിച്ചാണെങ്കില്‍ പോലും അയാള്‍ക്കൊരു അന്തസ്സുണ്ട്. ഒരു രാജ്യം എതമാത്രം വലിയതും ശക്തവുമാണോ അത്ര കണ്ട് കൂടുതല്‍ മഹത്വം ഉണ്ടായിരിക്കും അതിന്റെ സ്ഥാനപതിക്ക്. ഇന്തിയിലെ അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാനപതിയെക്കുറിച്ചു ചിന്തിക്കുക അദ്ദേഹം പെരുമാറുന്നത് എത്ര അന്തസ്സോടെയാണ് എന്നു നിങ്ങള്‍ക്കു സങ്കല്പിക്കാന്‍ കഴിയുമോ? കാരണം താന്‍ ഈ ലകത്തിലെ വന്‍ശക്തികളില്‍ ഏറ്റവും വലിയ ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരുവനാണെന്ന് അയാള്‍ക്കറിയാം. വിലകുറഞ്ഞതോ അന്തസ്സില്ലാത്തതോ ആയ യാതൊന്നും അയാള്‍ ചെയ്യുകയില്ല. അയാള്‍ ആളുകളോട് പണം ആവശ്യപ്പെട്ടു കൊണ്ട് പോകുകയില്ല. അതുപോലെ തന്റെ രാജ്യത്തിന്റെ പേരിന് അപമാനം ഉണ്ടാക്കുന്നതൊന്നും അയാള്‍ ചെയ്യുകയില്ല. അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാനപതി നിങ്ങളുടെ വീട്ടില്‍ വന്നിട്ടു തന്റെ രാജ്യത്തെ സഹായിക്കാനായി കുറച്ചു പണത്തിനു വേണ്ടി നിങ്ങളോടു ചോദിക്കുന്നത് നിങ്ങള്‍ക്കു സങ്കല്പിക്കുവാന്‍ കഴിയുമോ?
സ്യൂട്ട് ധരിച്ച് ഒരു മനുഷ്യന്‍ നിങ്ങളുടെ വാതില്‍ക്കല്‍ (അല്ലെങ്കില്‍ ടെലിവഷനില്‍) പ്രത്യക്ഷപ്പെട്ടിട്ട് ഇപ്രകാരം പറയുന്നു എന്നു കരുതുക: ‘ഞാന്‍ അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാനപതിയാണ്. ഞങ്ങളുടെ രാജ്യത്തിനു കുറച്ചു പണത്തിന്റെ വലിയ ഒരു ആവശ്യമുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തനത്തിനായി ഒരു നൂറു രൂപ സംഭാവന ചെയ്യുവാന്‍ നിങ്ങള്‍ക്കു കഴിയുമോ?’ നിങ്ങള്‍ എന്തു പറയും? നിങ്ങള്‍ ഇപ്രകാരം പറയും: ‘നിങ്ങള്‍ വഞ്ചകനാണ്. നിങ്ങള്‍ അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാനപതി അല്ല. അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാനപതിക്ക് ഒ രിക്കലും ഇതുപോലെ പണത്തിനു വേണ്ടി ഇരക്കാന്‍ കഴിയുകയില്ല.’ ഇപ്പോള്‍ മറ്റൊരു മനുഷ്യന്‍ നിങ്ങളുടെ വാതില്‍ക്കല്‍ (അല്ലെങ്കില്‍ ടെലിവിഷനില്‍) പ്രത്യക്ഷപ്പെട്ടിട്ട് ഇപ്രകാരം പറയുന്നു എന്നു കരുതുക: ‘ഞാന്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സ്ഥാനപതിയാണ്. ഞങ്ങളുടെ വേലയ്ക്കു വേണ്ടി കുറച്ചു പണത്തിന്റെ വലിയ ആവശ്യത്തിലാണ് ഞങ്ങള്‍. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറു രൂപ സംഭാവന ചെയ്യുവാന്‍ നിങ്ങള്‍ക്കു കഴിയുമോ?’ നിങ്ങള്‍ അയാളെ വിശ്വസിക്കുകയും അയാള്‍ക്കു പണം നല്‍കുകയും ചെയ്യും. എന്തുകൊണ്ട്? കാരണം അമേരിക്കയുടെ സ്ഥാനപതി അന്തസ്സുള്ള ഒരു വ്യക്തിയാണെന്നും അതേസമയം കര്‍ത്താവായ യേശുക്രിസ്തുവിന്റെ സ്ഥാനപതി ഒരു യാചകനാണെന്നും നിങ്ങള്‍ വിശ്വസിക്കുന്നു!
ഈ പ്രപഞ്ചത്തില്‍ പരമോന്നത ശക്തി ഒന്നേയുള്ളു അതു സര്‍വ്വശക്തനായ ദൈവത്തിന്റെ രാജ്യമാണ്. അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാനപതി പ്രതിനിധീകരിക്കുന്നത് ഈ ഭൂമിയിലിലെ ഏറ്റവും വലിയ പരമോന്നത ശക്തിയെ ആയിരിക്കും. എന്നാല്‍ ഞാന്‍ ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പരമോന്നത ശക്തിയുടെ സ്ഥാനപതിയാണെന്നു സര്‍വ്വ വിനയത്തോടും കൂടെ എനിക്കു പറയാന്‍ കഴിയും. യേശുവിന്റെ ഒരു യഥാര്‍ത്ഥ ശിഷ്യന്‍ എന്നാല്‍ അതാണ്. അത്തരം ഒരു സ്ഥാനപതിയുടെ മാന്യതയോടെയാണോ നിങ്ങള്‍ നിങ്ങളെത്തന്നെ കാണിക്കുന്നത്? ക്രിസ്തീയ പ്രവര്‍ത്തകര്‍, അന്തസ്സില്ലാത്ത വിലകുറഞ്ഞ രീതിയില്‍ ടെലിവിഷനിലും, അവരുടെ സഭായോഗങ്ങളിലും പ്രാര്‍ത്ഥനാ കത്തുകളിലൂടെയും പണത്തിനായി യാചിക്കുക വഴി യേശുക്രിസ്തുവിന്റെ നാമം അപമാനിക്കപ്പെടുന്നതു കാണുമ്പോള്‍ അതെന്റെ ഹൃദയത്തെ ദുഃഖിപ്പിക്കുന്നു. സങ്കീര്‍ത്തനം 50:12ല്‍ യഹോവ അരുളിച്ചെയ്യുന്നു: ‘എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറകയില്ല, കാരണം ഭൂലോകവും അതിന്റെ നിറവും എന്റെതത്രേ.’ അതു തന്നയാണ് ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ദാസനും പറയുന്നത്: ‘എനിക്കു വിശക്കുകയോ അല്ലെങ്കില്‍ ആവശ്യത്തിലാകുകയോ ചെയ്താല്‍, ഞാന്‍ നിന്നോടു പറയുകയില്ല.സര്‍വ്വ ഭൂമിയുടെയും ഉടയവനായ, സ്വര്‍ഗ്ഗസ്ഥനായ എന്റെ യജമാനനോടു ഞാന്‍ പറയും.’
ഒരു സ്ഥാനപതി എല്ലായ്‌പോഴും തന്റെ മാതൃദേശവുമായി ബന്ധത്തിലായിരിക്കണം. അവന്റെ സ്വന്ത രാജ്യവുമായി ബന്ധപ്പെടാത്ത ഒരു ദിവസംപോലും അവന് ഉണ്ടായിരിക്കുവാന്‍ കഴിയുകയില്ല. അങ്ങനെ ജീവിക്കുവാനാണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്. ഇന്‍ഡ്യയില്‍ ദൈവത്തിന്റെ ദാസന്മാര്‍ ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പരമോന്നത ശക്തിയുടെ സ്ഥാനപതി എന്ന മാന്യതയോടെ തന്നത്താല്‍ പെരുമാറുന്ന ദിവസം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു അവര്‍ പാവങ്ങളും സൈക്കിളില്‍ മാത്രം യാത്ര ചെയ്യുന്നവരും ആയാല്‍ പോലും. അങ്ങനെയുള്ള എത്ര ക്രിസ്തീയ വേലക്കാരെ നിങ്ങള്‍ കണ്ടു മുട്ടിയിട്ടുണ്ട്? എല്ലായ്‌പോഴും ആളുകളോട് പണം ചോദിക്കുകയും, പണക്കാരുടെ പുറകേ പോകുകയും ചെയ്യുന്ന ‘മാന്യതയുള്ള യാചക’രാണ് മിക്ക ക്രിസ്തീയ പ്രവര്‍ത്തകരും. അത് ദുഃഖകരമാണ്. നിങ്ങള്‍ യേശുക്രിസ്തുവിന്റെ ഒരു സ്ഥാനപതിയാണെന്ന് എപ്പോഴും ഓര്‍ക്കുക. നിങ്ങള്‍ എവിടെ പോയാലും ട്രെയിനിലോ ബസ്സിലോ യാത്ര ചെയ്യുമ്പോളോ അല്ലെങ്കില്‍, എവിടെ ആയാലും.
2 കൊരിന്ത്യര്‍ 6:310ല്‍ യേശുക്രിസ്തുവിന്റെ സ്ഥാനപതിയായി താന്‍ തന്നെ എങ്ങനെ പെരുമാറി എന്നതിനെക്കുറിച്ചു പൗലൊസ് സംസാരിക്കുന്നു: ‘ശുശ്രൂഷ്യ്ക്ക് ആക്ഷേപം വരാതിരിക്കേണ്ടതിന് ഞങ്ങള്‍ ഒന്നിലും ഇടര്‍ച്ചയ്ക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെ തന്നെ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു. ബഹു സഹിഷ്ണുത, കഷ്ടം, ബുദ്ധിമുട്ട്, സങ്കടം, തല്ല്, തടവ്, കലഹം, അധ്വാനം, ഉറക്കിളപ്പ്, പട്ടിണി എന്നിവയിലും, നിര്‍മ്മലത, പരിജ്ഞാനം, ദീര്‍ഘക്ഷമ, ദയ, പരിശുദ്ധാത്മാവ്, നിര്‍വ്യാജ സ്‌നേഹം, സത്യവചനം, ദൈവശക്തി എന്നവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങള്‍ ധരിച്ചുകൊണ്ട് ഞങ്ങള്‍ പെരുമാറുന്നു. ചില സമയത്തു മറ്റുള്ളവരില്‍ നിന്നു ഞങ്ങള്‍ക്കു മാനം ലഭിക്കുന്നു. ചിലപ്പോള്‍ അപമാനം, ചിലര്‍ ഞങ്ങളെ പ്രശംസിക്കുന്നു മറ്റു ചിലര്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നു. ചിലര്‍ ഞങ്ങളെക്കുറിച്ചു നന്മ പറയുന്നു. മറ്റു ചിലര്‍ ഞങ്ങളെക്കുറിച്ചു തിന്മ പറയുന്നു. എന്നാല്‍ എല്ലാത്തിലും ഞങ്ങള്‍ ഞങ്ങളെത്തന്നെ യേശുക്രിസ്തുവിന്റെ സ്ഥാനപതി എന്നു കാണിക്കുന്നു. ചിലര്‍ ഞങ്ങളെ ചതിയന്മാരെന്നു വിളിക്കുമ്പോള്‍ മറ്റു ചിലര്‍ ഞങ്ങളെ ദൈവത്തിന്റ യഥാര്‍ത്ഥ ദാസന്മാര്‍ എന്നു വിളിക്കുന്നു. ഞങ്ങള്‍ ഈ ലോകത്തില്‍ അറിയപ്പെടാത്തവര്‍ ആണ്. എന്നാല്‍ ദൈവജനത്തിന്റെ ഇടയില്‍ നന്നായി അറിയപ്പെടുന്നു. ഞങ്ങള്‍ മരിക്കുന്നവര്‍ എങ്കിലും ജീവിക്കുന്നു. ഞങ്ങള്‍ അനേകം കഷ്ടങ്ങളിലൂടെ കടന്നു പോകുന്നു എന്നാല്‍ ദൈവത്തിന്റെ സമയം ആകുന്നതു വരെ ഞങ്ങള്‍ മരിക്കയില്ല എന്നു ഞങ്ങള്‍ അറിയുന്നു. ഞങ്ങള്‍ ദൈവത്താല്‍ ശിക്ഷണം ചെയ്യപ്പെടുന്നു. എന്നാല്‍ ഞങ്ങള്‍ ഇപ്പോഴും മരിച്ചവര്‍ അല്ല. ഞങ്ങള്‍ മിക്കപ്പോഴും ദുഃഖിതരാണ്. അത് ആളുകള്‍ ഞങ്ങളെ ഉപദ്രവിക്കുന്നു എന്ന കാരണത്താലല്ല, എന്നാല്‍ അനേകര്‍ പാപത്തില്‍ നഷ്ടപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള ഭാരത്തിലും അനേക വിശ്വാസികള്‍ ജഡികരാണ് എന്നതിനെക്കുറിച്ചുമാണ്. എങ്കിലും ഞങ്ങള്‍ എല്ലായ്‌പോഴും സന്തോഷിക്കുന്നു. കാരണം ഞങ്ങളുടെ സന്തോഷം ക്രിസ്തുവിലാണ്. ഭൗതികമായി ഞങ്ങള്‍ ദരിദ്രരാണ്. എന്നാല്‍ ഞങ്ങള്‍ അനേകരെ ആത്മീയമായി സമ്പന്നരാക്കുന്നു. ഒരു അര്‍ത്ഥത്തില്‍ ഞങ്ങള്‍ക്കൊന്നുമില്ല. എങ്കിലും മറ്റൊരര്‍ത്ഥത്തില്‍ ഞങ്ങള്‍ എല്ലാം കൈവശം ഉള്ളവരാണ്. കാരണം സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ളതെല്ലാം ഞങ്ങളുടെ കൈവശമാണ്. എല്ലാം ഞങ്ങളുടെ നിശ്ചയപ്രകാരമാണ് നടക്കുന്നത്. ദൈവം ഞങ്ങള്‍ക്കാവശ്യമുള്ളതെല്ലാം നല്‍കുന്നു. ബാങ്ക് അക്കൊണ്ടിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് അധികമൊന്നും ഉണ്ടായിരിക്കുകയില്ല. ഞങ്ങള്‍ മിക്കപ്പോഴും അന്നന്നത്തേക്കു ജീവിക്കുന്നവരാണ്. എന്നാല്‍ ദൈവം ഞങ്ങളെ കരുതുന്നു.’ ഇങ്ങനെയാണ് പൗലൊസ് ജീവിച്ചത്. അദ്ദേഹം ഒരിക്കലും ‘സമൃദ്ധിയുടെ സുവിശേഷ’ത്തില്‍ വിശ്വസിച്ചിരുന്നില്ല.