സാക് പുന്നന്‍
സദൃശവാക്യങ്ങള്‍ 10:12 “സ്നേഹം സകല ലംഘനങ്ങളെയും മൂടുന്നു” പത്രൊസ് തന്‍റെലേഖനത്തില്‍ ഇത് ഉദ്ധരിച്ചിരിക്കുന്നു. (1 പത്രൊസ് 4:8). നിങ്ങള്‍ യഥാര്‍ത്ഥമായി ഒരു മനുഷ്യനെ സ്നേഹിക്കുന്നെങ്കില്‍ അവന്‍റെ ബലഹീനതകളെ പുറത്തു പറയാതെ അതിനെ മൂടിവയ്ക്കും. അങ്ങനെയാണു ദൈവം നമ്മോട് പെരുമാറിയിട്ടുളളത്. നിങ്ങള്‍ക്കു ജ്ഞാനിയായിരിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍,നിങ്ങളുടെ യൗവ്വനത്തില്‍, ഒരല്പം ഉപദേശം ഞാന്‍ തരട്ടെ. ആരെക്കുറിച്ചെങ്കിലും മോശമായ ഒരു കഥ നിങ്ങള്‍ക്കറിയാമെങ്കില്‍, അതു നിങ്ങളോടുകൂടെ മരിക്കട്ടെ. അതിനെക്കുറിച്ചു സംസാരിച്ചു കൊണ്ട് ചുറ്റിനടക്കരുത്. അതു നിങ്ങള്‍ ചെയ്താല്‍ ദൈവം നിങ്ങളെ മാനിക്കും, പ്രത്യേകിച്ച് അത് അവിടുത്തെ മക്കളില്‍ ഒരാളിനെക്കുറിച്ചുളള കഥയാണെങ്കില്‍, അവിടുന്നു നിങ്ങളെ വിശേഷാല്‍ സ്നേഹിക്കും. തെറ്റായ ചില കാര്യങ്ങള്‍ ചെയ്തിട്ടുളള ഒരു മകന്‍റെ പിതാവിനെക്കുറിച്ചു ചിന്തിക്കുക; ആ കാര്യത്തെക്കുറിച്ച് ചിലത് എനിക്കറിയാം എന്നാല്‍ ഞാന്‍ ഒരിക്കലും അയാളുടെ മകന്‍ ചെയ്തത് ആരോടും പറയുന്നില്ല. അതിന്‍റെ പേരില്‍ ആ പിതാവ് എന്നെ വളരെയധികം സ്നേഹിക്കും എന്നു നിങ്ങള്‍ ചിന്തിക്കുന്നില്ലേ? തന്‍റെ മക്കളെ സ്നേഹത്തോടെ കൈകാര്യം ചെയ്യുന്നു എന്നു കാണുമ്പോള്‍, ദൈവവും അങ്ങനെ തന്നെയാണ്.
സദൃശവാക്യങ്ങള്‍ 11:24: ഒരുത്തന്‍ വാരി വിതറിയിട്ടും വര്‍ദ്ധിച്ചു വരുന്നു” കൊടുക്കുന്നവനു, ദൈവം അവനെ അനുഗ്രഹിക്കുന്നതു കൊണ്ട് ഏറെ ലഭിക്കുന്നു എന്നത് ക്രിസ്തീയ ജീവിതത്തിലെ ഒരു വിരോധാഭാസമാണ്. എന്നാല്‍ പിശുക്കനായവന്‍ ദരിദ്രനായി തീരുന്നു. ഒരു പിശുക്കന്‍ മാനസാന്തരപ്പെടുമ്പോള്‍, അവന്‍ വിശാലമനസ്കനായി തീരുന്നു. യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “സൗജന്യമായി നിങ്ങള്‍ക്കുലഭിച്ചിരിക്കുന്നു. സൗജന്യമായി കൊടുപ്പിന്‍” (മത്തായി 10:8).ധാരാളം കാര്യങ്ങള്‍ ദൈവം നമുക്കു സൗജന്യമായി തന്നിരിക്കുന്നു. നാമും മറ്റുളളവര്‍ക്കു സൗജന്യമായി കൊടുക്കണം. സുവിശേഷങ്ങളില്‍ പറഞ്ഞിരിക്കുന്ന വിധവയ്ക്ക് രണ്ടു ചില്ലിക്കാശ് മാത്രമെ ഉണ്ടായിരുന്നുളളൂ. അവള്‍ക്കുളളത് അവള്‍ കൊടുത്തു അതുകൊണ്ട് ദൈവം അവളെ മാനിച്ചുഎന്നും അവള്‍ ഒരു കുറവും അനുഭവിച്ചില്ല എന്നും എനിക്ക് ഉറപ്പുണ്ട്. ” മറ്റുളളവരെ നനയ്ക്കുന്നവന്‍ നനയ്ക്കപ്പെടും” (സദൃശ :11.25). ദൈവം നിങ്ങളെ നനച്ചു നിങ്ങളെ ഉന്മേഷവാന്മാരാക്കി നിര്‍ത്തണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ മറ്റുളളവരെ നനയ്ക്കണം. എന്തുകൊണ്ടാണ് അനേകം ക്രിസ്ത്യാനികള്‍ പുതുക്കം നഷ്ടപ്പെട്ടവരും വരള്‍ച്ചയുളളവരും ആയിരിക്കുന്നത്? കാരണം ദൈവം അവരെ നനയ്ക്കുന്നില്ല. ദൈവം അവരെ നനയ്ക്കാത്തതെന്തുകൊണ്ട്? കാരണം അവര്‍ മറ്റുളളവരെ നനയ്ക്കുന്നില്ല. മറ്റുളളവരുടെ ആവശ്യങ്ങളെക്കുറിച്ചു ചിന്തിക്കുവാനും നിങ്ങള്‍ക്കു മറ്റുളളവരെ എങ്ങനെ അനുഗ്രഹിക്കുവാന്‍ കഴിയും എന്നു കാണുവാനും തുടങ്ങുക. അപ്പോള്‍ ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കുന്നതു നിങ്ങള്‍ കാണും.
സദൃശവാക്യങ്ങള്‍ 15:13 : “സന്തോഷമുളള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു”നമ്മുടെ ഹൃദയത്തിലുളള സന്തോഷമാണ് നമ്മുടെ മുഖത്തു പ്രകാശം വരുത്തുന്നത്. “സന്തുഷ്ട ഹൃദയനു നിത്യംഉത്സവം ( സദൃശ 15:15) നമ്മുടെ ജീവിതത്തില്‍ സന്തോഷം ഉണ്ടാകുന്നതിനു സദൃശവാക്യങ്ങളില്‍ ഒരു വലിയ ഊന്നല്‍ ഉണ്ട്. ” സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു” (സദൃശ: 17:22). അതു കൊണ്ടു സന്തോഷം നമ്മെ ആരോഗ്യമുളളവരാക്കുകയും കൂടെ ചെയ്യുന്നു. ദൈവരാജ്യം നീതി മാത്രമല്ല, എന്നാല്‍ പരിശുദ്ധാത്മാവിലുളള സന്തോഷത്തോടു കൂടിയുളള നീതിയാണ്. പഴയ നിയമത്തില്‍ അവര്‍ക്കുണ്ടായിരുന്നതു സന്തോഷം കൂടാതെയുളള നീതി ആയിരുന്നു. ഇപ്പോള്‍ നമുക്കു സന്തോഷത്തോടു കൂടിയ നീതിയാണ് ഉളളത്. യേശുവിനെ അനുഗമിക്കുന്നതു കൊണ്ട് നമ്മുടെ ചുവടുകളില്‍ ഒരു കുതിപ്പുണ്ട്, ഹൃദയങ്ങളില്‍ ഒരു പാട്ടുണ്ട്, മുഖങ്ങളില്‍ ഒരു പ്രകാശവുമുണ്ട്.
സദൃശ വാക്യങ്ങള്‍ 18:16: ഒരു മനുഷ്യന്‍റെ ദാനം അവനു ഒരിടം ഉണ്ടാക്കുകയും അവന്‍ മഹാന്മാരുടെ സന്നിധിയിലേക്കു ആനയിക്കപ്പെടുകയും ചെയ്യും. ദൈവം നമുക്കു തരുന്ന വരങ്ങളിലൂടെ (ദാനത്തിലൂടെ) ആണ് സഭയില്‍ ശുശ്രൂഷിക്കുവാനുളള ഇടം നമുക്കു ലഭിക്കുന്നത്. ദൈവത്താല്‍ നല്‍കപ്പെട്ട ഒരു വരവും ഇല്ലാത്തവരും സ്ഥാനവും മാനവും അന്വേഷിക്കുന്നവരും ആയ അനേകരെ ഇന്നു സഭയില്‍ കാണുന്നതു വളരെ പരിതാപകരമാണ്. “ആത്മീയവരങ്ങളും വിശേഷാല്‍ പ്രവചനവരവും വാഞ്ചിപ്പിന്‍” (1 കൊരി 14:1). പ്രവചിക്കുക എന്നാല്‍ വെല്ലുവിളിക്കുന്നതും, വിധിക്കുന്നതും, ആശ്വസിപ്പിക്കുന്നതും, പ്രോത്സാഹിപ്പിക്കുന്നതും, പണിയുന്നതുമായ വിധത്തില്‍ ദൈവവചനം സംസാരിക്കുക എന്നാണ് (1കൊരി 14:3). ദൈവം തന്‍റെ ദാനങ്ങള്‍ അവയെ വിലമതിക്കാത്തവര്‍ക്കു നല്‍കുന്നില്ല. ദൈവത്തില്‍ നിന്നു ഒരു സന്ദേശമുളള ഒരുവനെ കേള്‍ക്കുവാന്‍ ആളുകള്‍ നൂറുകണക്കിനു മൈലുകള്‍ യാത്ര ചെയ്തു വരും. സ്റ്റാപകയോഹന്നാന്‍ മരുഭൂമിയിലായിരുന്നു, യഹൂദിയായുടെ എല്ലാ സ്ഥലങ്ങളില്‍ നിന്നുമുളള ജനങ്ങള്‍ അദ്ദേഹത്തെ കേള്‍ക്കുവാനായി ഇറങ്ങി പുറപ്പെട്ടു കാരണം അദ്ദേഹത്തിനു സ്വര്‍ഗ്ഗത്തില്‍ നിന്നൊരു സന്ദേശമുണ്ടായിരുന്നു.
സദൃശവാക്യങ്ങള്‍ 18:21: ” മരണവും ജീവനും നാവിന്‍റെ അധികാരത്തില്‍ ഇരിക്കുന്നു”. പെന്തക്കൊസ്തുനാളില്‍, ശിഷ്യന്മാരുടെ മീതെ അഗ്നിനാവുകള്‍ പ്രത്യക്ഷപ്പെട്ടു, അതു പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ അവരുടെ നാവുകള്‍ക്കു തീ പിടിപ്പിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു എന്നു കാണിക്കുന്നവാനാണ്. നരകത്തിലെ അഗ്നിയാലും നാവിനു തീ കൊളുത്താം എന്ന് യാക്കോബ് 3:6 പറയുന്നു. നമ്മുടെ ജഡത്തിന്‍റെ ദുഷിച്ച അവസ്ഥ പരിഗണിക്കുമ്പോള്‍, നമ്മുടെ നാവ് പരിശുദ്ധാത്മാവിനാല്‍ നിയന്ത്രിക്കപ്പെട്ടാല്‍ മാത്രമെ നമ്മുടെ നാവിലൂടെ മരണം വ്യാപിക്കുന്നതില്‍ നിന്നു നമുക്കു രക്ഷിക്കപ്പെടാന്‍ കഴിയുകയുളളൂ.
സദൃശ വാക്യങ്ങള്‍ 22:4. “താഴ്മയ്ക്കും ദൈവഭയത്തിനുമുളള പ്രതിഫലം ധനവും,മാനവും, ജീവനുമാകുന്നു”ആത്മീയധനവും ആത്മീയ മാനവും ആത്മീയജീവനും ദൈവത്തില്‍ നിന്നു വരുന്നതും അവിടുന്നു മനുഷ്യനില്‍ അന്വേഷിക്കുന്ന രണ്ടു ഗുണവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ക്കു നല്‍കപ്പെടുന്നതുമാണ്, ആ ഗുണവിശേഷങ്ങളാണ് താഴ്മയും, ദൈവഭയവും. സഭയിലെ നേതൃസ്ഥാനത്തേക്കു ആരെയെങ്കിലും പരിഗണിക്കുമ്പോള്‍ നാമും അന്വേഷിക്കേണ്ട പ്രധാന ഗുണവിശേഷങ്ങള്‍ ഇവയാണ്.