ദൈവസ്വരം കേൾക്കുക

ദൈവസ്വരം ദൈനംദിനജീവിതത്തിലെ നിത്യസാധാരണമായ സംഭവങ്ങളിൽ നമുക്കു കേൾക്കാൻ കഴിയുമോ? ഒരു സംഭവകഥ കേൾക്കുക. അസ്സീസിയിലെ ഫ്രാൻസിസ് തന്റെ ശിഷ്യനായ ലിയോയോടൊത്ത് ഒരു വയൽവരമ്പിലൂടെ നടന്നു പോകുകയായിരുന്നു. പൊടുന്നനെ വയലിലെ ചെളിയിൽ പണിയെടുത്തുകൊണ്ടിരുന്ന ആ നാട്ടുകാരനായ ഒരു കർഷകൻ ചെളിയിൽ നിന്നു പൊന്തിവന്നു വരമ്പിലേക്കു കയറി. ഫ്രാൻസിസ് അടുത്തു വരുന്നതു കണ്ടപ്പോൾ കർഷകൻ ചോദിച്ചു.
“അസ്സീസിയിലെ ഫ്രാൻസിസല്ലേ?”

“അതെ” ഫ്രാൻസിസ്സിന്റെ വിനയാന്വിതമായ മറുപടി.

കർഷകൻ വീണ്ടും “എല്ലാവരും താങ്കളെ ഒരു വിശുദ്ധനായിട്ടാണു കണക്കാക്കുന്നത് അല്ലേ?”

ഫ്രാൻസിസ് എന്തു മറുപടി പറയണമെന്നറിയാതെ ഒന്നു പരുങ്ങി. പിന്നെ നേർത്ത സ്വരത്തിൽ സമ്മതിച്ചു.

ഭാവഭേദമൊന്നും കൂടാതെ കർഷകൻ ഇങ്ങനെ പറഞ്ഞു: “ശരി. അങ്ങനെതന്നെയായിരിക്കണം കേട്ടോ”

അതു പറഞ്ഞ് കർഷകൻ വീണ്ടും പാടത്തിലെ ചെളിയുടെ അടരുകൾക്കിടയിലേക്ക് ഇറങ്ങിപ്പോയി.

ഫ്രാൻസിസ് അസ്സീസി പെട്ടെന്നു പൊട്ടിക്കരഞ്ഞുകൊണ്ട് തിരിഞ്ഞു ലിയോയോടു പറഞ്ഞു: “നീ കേട്ടോ, എന്നെ ദൈവം ചെളിക്കിടയിൽ നിന്ന് കയറി വന്നു ശാസിച്ചിട്ട് വീണ്ടും അങ്ങോട്ടേക്കു തന്നെ പോയത്”.

ലിയോയ്ക്കു മനസ്സിലായി പാവപ്പെട്ട അപക്വതയുള്ള ആ കർഷകൻ “എന്നു വിശുദ്ധനായി തന്നെ ജീവിച്ചുകൊള്ളണം” എന്നു പറഞ്ഞ വാക്കുകളെ തന്റെ ഗുരു ദൈവത്തിൽ നിന്നുള്ള അരുളപ്പാടായി തന്നെ സ്വീകരിച്ചിരിക്കുന്നു.

“കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ”. നമുക്കു കേൾപ്പാൻ ഒരു ചെവിയുണ്ടോ?

What’s New?