സത്യസന്ധതയാണ് ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്ന ആദ്യ കാര്യം – WFTW 20 ഒക്ടോബര്‍ 2013

pexels-photo-2249528.jpeg

സാക് പുന്നന്‍

 1 യോഹന്നാന്‍ 1:7ല്‍ വേദപുസ്തകം പറയുന്നു, നാം വെളിച്ചത്തില്‍ നടക്കുന്നില്ലെങ്കില്‍ നമുക്ക് ദൈവത്തോട് കൂട്ടായ്മ ഉണ്ടാവുകയില്ലെന്ന്. നാം വെളിച്ചത്തില്‍ നടക്കുന്‌പോള്‍ തീര്‍ച്ചയായും നമുക്ക് യാതൊന്നും മറച്ചുവെക്കാന്‍ കഴിയുകയില്ല. കാരണം വെളിച്ചം എല്ലാം തുറന്നു കാണിക്കുന്നു. തന്റെ ജീവിതത്തില്‍ എന്തെങ്കിലും മറച്ചുവെക്കണമെന്നുള്ള മനുഷ്യനാണ് ഇരുട്ടില്‍ നടക്കുന്നത്.

നാം വെളിച്ചത്തില്‍ നടന്നാല്‍ നമ്മുടെ ജീവിതം ഒരു തുറന്ന പുസ്തകമായിരിക്കും. അപ്പോള്‍ നമ്മുടെ സ്വകാര്യജീവിതവും കണക്കുപുസ്തകവുമൊക്കെ പരിശോധിക്കുന്നതിന് ആരെയും കാണിക്കുവാന്‍ സാധിക്കും.നമുക്ക് ഒളിക്കേണ്ടതായി ഒന്നുമില്ല.അതിന്റെ അര്‍ത്ഥം നാം തികഞ്ഞവരാണെന്നല്ല. സത്യസന്ധരാണെന്നു  മാത്രമാണ് അതിന്റെ അര്‍ത്ഥം

ദൈവം നമ്മില്‍ നിന്ന് ഒന്നാമതായി ആഗ്രഹിക്കുന്നത് സത്യസന്ധതയാണ്. തികഞ്ഞ സത്യസന്ധത. ആദ്യം സത്യസന്ധരാകുവാന്‍ നാം തയ്യാറാണെങ്കില്‍ നമ്മുടെ പല പ്രശ്‌നങ്ങളും വളരെ വേഗം പരിഹരിക്കപ്പെടും. ദൈവത്തിന്റെയും മനുഷ്യരുടെയും മുന്പാകെ സത്യസന്ധരായിരിക്കുകയെന്ന ഈ അടിസ്ഥാന പ്രമാണം അനുസരിച്ച് ജീവിച്ചാല്‍ നമ്മുടെ ആത്മീയ ജീവിതത്തിന്റെ പുരോഗതി വളരെ വേഗത്തിലായിരിക്കും

എന്നാല്‍ ഇതൊരു പോരാട്ടമാണെന്ന് നിങ്ങള്‍ കാണും.നിങ്ങളിങ്ങനെ പറഞ്ഞേക്കാം ,’ഞാന്‍ വളരെ ഗൗരവത്തോടെ ഈ പ്രബോധനം ഏറ്റെടുക്കുവാന്‍ പോവുകയാണ് . ഇപ്പോള്‍ മുതല്‍ ഞാന്‍ സത്യസന്ധനാകുവാന്‍ പോവുകയാണ്.’ എന്നാല്‍ ഒരാഴ്ച തികയുന്നതിനു മുന്‍പ് തന്നെ ദൈവത്തില്‍ നിന്നുള്ള പ്രശംസയേക്കാള്‍ മനുഷ്യരുടെ പ്രശംസ ആഗ്രഹിച്ച് ഒരു അഭിനേതാവാകുവാന്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതായി നിങ്ങള്‍ അറിയും. അപ്പോള്‍ ഒരു പോരാട്ടം നടത്തി ജയിക്കണമെന്ന് നിങ്ങള്‍ നിശ്ചയിക്കണം.

ഇന്നുള്ള പല ക്രിസ്ത്യാനികളും വീണ്ടും ജനിച്ചിട്ട് ഇരുപതും, മുപ്പതും , നാല്പതും വര്‍ഷമായിട്ടും സത്യസന്ധതയെന്ന ഈ അടിസ്ഥാന പാഠം പഠിക്കാത്തതിനാല്‍ ആത്മീയ പുരോഗതി പ്രാപിക്കുന്നില്ല. ഇത് ദൈവത്തിനു വളരെ ദുഃഖമുളവാക്കുന്ന കാര്യമാണ്. കാപട്യം നമ്മുടെ ജീവിതത്തിലുണ്ടെങ്കില്‍ നാം പുരോഗതി പ്രാപിക്കുകയില്ല. നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുകയില്ല. നമുക്ക് രാത്രി മുഴുവനുമുള്ള പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്താം. പക്ഷെ നമ്മുടെ സമയം പാഴാക്കുക മാത്രമായിരിക്കും ചെയ്യുക. കാപട്യത്തെ ആദ്യം ഒഴിവാക്കിയില്ലെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുകയില്ല.

നാം ദൈവത്തിന്റെ മുന്‍പില്‍ എന്താണോ അതാണ് നമ്മുടെ ആത്മീയ മൂല്യമെന്ന് നാം തിരിച്ചറിയണം. നമ്മുടെ വചന പരിജ്ഞാനമോ നാം എത്രമാത്രം പ്രാര്‍ത്ഥിക്കുന്നു എന്നതോ എത്ര സഭായോഗങ്ങളില്‍ പങ്കെടുക്കുന്നു എന്നതോ മൂപ്പന്മാരും സഭയിലെ മറ്റുള്ളവരും എന്തു കരുതുന്നു എന്നതോ ഒന്നുമല്ല നമ്മുടെ ആത്മീയ നിലവാരം നിശ്ചയിക്കുന്നത്. അതിനു പകരം നിങ്ങളോട് തന്നെ ചോദിക്കുക ‘എന്റെ ജീവിതത്തിന്റെ എല്ലാ മേഖലയും കാണുന്ന ദൈവം എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് ?’.  ഇതിനുള്ള ഉത്തരമാണ് നിങ്ങളുടെ ആത്മീയതയുടെ യഥാര്‍ത്ഥ അളവ്. ഇത് നാം ദിനം തോറും ഓര്‍ക്കേണ്ടതുണ്ട് . അല്ലെങ്കില്‍ നാം വീണ്ടും അഭിനേതാക്കളായി തീരും.

നഥാനയേലിനെക്കുറിച്ച് യേശു പറഞ്ഞ വാക്കുകള്‍ ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു, ‘ഇതാ ഒരു യഥാര്‍ത്ഥ ഇസ്രായേല്യന്‍ , ഇയാളില്‍ ഒരു കാപട്യവും ഇല്ല.( യോഹ 1:42). നിങ്ങളെയും എന്നെയും കുറിച്ച് യേശു ഇങ്ങനെ പറയുകയാണെങ്കില്‍ അതായിരിക്കും മറ്റെന്തിനേക്കാളും വലിയ പ്രശംസ. നഥാനയേല്‍ തികഞ്ഞവനായിരുന്നില്ല. അവന്‍ കുറവുകളുള്ളവനായിരുന്നു. എന്നാല്‍ തന്റെ കുറവുകളെക്കുറിച്ച്  അവന്‍
സത്യസന്ധനായിരുന്നു. താന്‍ എന്തായിരിക്കുന്നുവോ അത് അല്ല എന്ന തരത്തില്‍ അവന്‍ ഭാവിച്ചില്ല. അതാണ് അവനെ അനന്യാസില്‍ നിന്നും സഫൈറയില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.