സാക് പുന്നൻ
(കഴിഞ്ഞ ആഴ്ചയിൽ നിന്നുള്ള തുടർച്ച)
എബ്രായർക്കെഴുതിയ ലേഖനത്തിലെ ഏറ്റവും ആദ്യത്തെ വാചകം പറയുന്നത്, പണ്ട് ദൈവം പ്രവാചകന്മാരിലൂടെയാണ് സംസാരിച്ചത്, എന്നാൽ ഇന്ന് അവിടുന്ന് തൻ്റെ പുത്രനിലൂടെ സംസാരിക്കുന്നു എന്നാണ്. പഴയ ഉടമ്പടി അധികവും ദൈവത്തിൽ നിന്നുള്ള കല്പനകളുടെ ഒരു അറിയിപ്പ് ആയിരുന്നു, “നിങ്ങൾ അതു ചെയ്യണം”, “നിങ്ങൾ അതു ചെയ്യരുത്” എന്നിങ്ങനെയുള്ളവ. എന്നാൽ പുതിയ ഉടമ്പടി, ദൈവത്തിൽ നിന്നുള്ള ജീവൻ അവിടുത്തെ പുത്രനിലൂടെ പകർന്നു നൽകുന്നതാണ്.
അതുകൊണ്ടാണ് പിതാവ് യേശുവിനെ ഒരു ശിശുവായി ഭൂമിയിലേക്കയച്ചത്. യേശുവിനെ പൂർണ്ണ വളർച്ചയെത്തിയ ഒരു മനുഷ്യനായി ഭൂമിയിലേയ്ക്ക് അയക്കുന്നത് ദൈവത്തിന് ഒരു പ്രശ്നമാവുകയില്ലായിരുന്നു. എന്നാൽ ശൈശവം മുതൽ അങ്ങോട്ട് നമുക്കുള്ള അതേ അനുഭവങ്ങൾ അവിടുത്തേക്ക് ഉണ്ടാകേണ്ടതിനും, നാം നേരിടുന്ന അതേ പ്രലോഭനങ്ങൾ അവിടുത്തേക്കും നേരിടാൻ കഴിയേണ്ടതിനുമാണ് അവിടുന്ന് ഒരു ശിശുവായി വന്നത്.
എന്നാൽ മിക്ക ക്രിസ്ത്യാനികളും യേശുവിനെ കുറിച്ചു ചിന്തിക്കുന്നത്, അവിടുത്തെ മൂന്നര വർഷക്കാലത്തെ ശുശ്രൂഷയെയും അവിടുത്തെ കാൽവറിയിലെ മരണത്തെയും പറ്റി മാത്രമാണ്. യേശു നസ്രേത്തിലായിരുന്ന 30 വർഷങ്ങൾ അവിടുന്ന് എങ്ങനെ ജീവിച്ചു എന്നതിനെ കുറിച്ച് 99% വിശ്വാസികളും ഒരിക്കലും ചിന്തിക്കുന്നില്ല എന്നു പറയുന്നത് ശരിയായിരിക്കും എന്നു ഞാൻ കരുതുന്നു. അവർ അവിടുത്തെ ജനനത്തെ കുറിച്ചു ചിന്തിക്കുന്നു. അത് എല്ലാ വർഷവും ആഘോഷിക്കപ്പെടുന്നു. അവിടുത്തെ മരണത്തെയും പുനരുത്ഥാനത്തെയും പറ്റി അവർ ചിന്തിക്കുന്നു. അതും എല്ലാ വർഷവും അവർ ആഘോഷിക്കുന്നു. കൂടാതെ അവിടുന്നു ചെയ്ത അത്ഭുതങ്ങളെ കുറിച്ച് അവർ ചിന്തിക്കുന്നു. അത്രമാത്രം.
യേശുവിൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗത്തെ കുറിച്ച് ആരും തന്നെ ചിന്തിക്കുന്നില്ല. അവിടുത്തെ ശുശ്രൂഷ തൻ്റെ ഭൗമിക ജീവിതത്തിൻ്റെ 10% മാത്രമായിരുന്നു – മുപ്പത്തി മൂന്നര വർഷത്തിൽ മൂന്നര വർഷങ്ങൾ. അവിടുത്തെ ജനനവും അവിടുത്തെ മരണവും ഏകദിന സംഭവങ്ങൾ മാത്രമായിരുന്നു. നസ്രേത്തിൽ ചിലവഴിച്ച 30 വർഷങ്ങളാണ് അവിടുത്തെ ജീവിതത്തിൻ്റെ ഭൂരിഭാഗം. അവിടുത്തെ മുഴുവൻ ശുശ്രൂഷയും ആ 30 വർഷങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. തൻ്റെ ശുശ്രൂഷയുടെ കാലയളവിൽ അവിടുന്നു പ്രസംഗിച്ച സന്ദേശങ്ങൾ തയ്യാറാക്കാൻ അവിടുന്ന് 30 വർഷങ്ങളെടുത്തു. ഈ നാളുകളിൽ പ്രാസംഗികർ തങ്ങളുടെ സന്ദേശം തയ്യാറാക്കുന്ന രീതിയിലല്ല അവിടുന്ന് ഗിരിപ്രഭാഷണം പ്രസംഗിച്ചത് – തങ്ങളുടെ പഠന മുറിയിലിരുന്ന് പുസ്തകങ്ങളും ഒത്തുവാക്യ ഗ്രന്ഥങ്ങളും പഠിച്ച് നോട്ട് എഴുതി അക്ഷരമാലയിലെ ഒരേ അക്ഷരങ്ങൾ കൊണ്ടു തുടങ്ങുന്ന 3 ചെറിയ പോയിൻ്റുകൾ തയ്യാറാക്കി!! അങ്ങനെയല്ല. ആ പ്രഭാഷണം അവിടുത്തെ ജീവിതത്തിൽ നിന്നാണ് പുറത്തു വന്നത്. അതു തയ്യാറാക്കാൻ അവിടുന്നു 30 വർഷങ്ങൾ എടുത്തു. അതുകൊണ്ടാണ് അത് അത്ര ശക്തിയുള്ളതായത്. തന്നെയുമല്ല അതുകൊണ്ടാണ് അവിടുന്നു അധികാരത്തോടെ സംസാരിച്ചതു കണ്ട് ആളുകൾ വിസ്മയിച്ചത് (മത്താ. 7:28, 29).
പഴയ ഉടമ്പടിയിൽ, നാം വായിക്കുന്നത് ദൈവം യിരെമ്യാവിനോട് ഏതാനും ദിവസങ്ങളിൽ മാത്രം സംസാരിച്ചു എന്നാണ്. ദൈവം സംസാരിച്ചത്, യിരെമ്യാവ് തൻ്റെ ശാസ്ത്രിയായ ബാരൂക്കിനു പറഞ്ഞു കൊടുത്തു. അദ്ദേഹം അത് കൃത്യമായി എഴുതിയെടുത്തു. അതുപോലെ തന്നെ, യെഹെസ്കേലിനോട് ദൈവം ചില പ്രത്യേക സമയങ്ങളിൽ മാത്രം സംസാരിച്ചിട്ട് യഹൂദായിലെ ജനങ്ങളോട് എന്തു പറയണമെന്ന് അരുളിചെയ്തു. അപ്പോൾ യെഹെസ്കെൽ ചെന്ന് ജനങ്ങളോട് അത് കൃത്യമായി പറഞ്ഞു. അത് നല്ലതായിരുന്നു. ഇന്ന് നമുക്ക് അതു പോലെയെങ്കിലും പ്രസംഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ, അത് മഹത്തരമാകുമായിരുന്നു!
എന്നാൽ പുതിയ ഉടമ്പടി ശുശ്രൂഷ അതിലും നല്ലതാണ്! പഴയ നിയമ പ്രവാചകന്മാരോടു സംസാരിച്ചതു പോലെ ചില ദിവസങ്ങളിൽ മാത്രമല്ല ദൈവം യേശുവിനോടു സംസാരിച്ചത്. ദൈവം യേശുവിനോട് എല്ലാ ദിവസവും സംസാരിച്ചു, യേശുവും എല്ലാ ദിവസവും തൻ്റെ ജീവനിൽ നിന്ന് ജനങ്ങളോടു സംസാരിച്ചു. അവിടുത്തെ ശുശ്രൂഷ അവിടുത്തെ ജീവനിൽ നിന്നാണ് ഒഴുകിയത്. “ഉള്ളിൽ നിന്ന് ജീവജലത്തിൻ്റെ നദികൾ ഒഴുകുന്നു” എന്നതിൻ്റെ അർത്ഥം അതാണ് (യോഹ. 7:38).
പഴയ നിയമ പ്രവാചകൻ ഒരു സന്ദേശവാഹകൻ മാത്രമാണ്. ഒരു സന്ദേശം നൽകുവാൻ, നിങ്ങൾക്കാവശ്യമുള്ളത് ഒരു നല്ല ഓർമ്മ ശക്തി മാത്രമാണ്. എന്നാൽ പുതിയ ഉടമ്പടിയിൽ, മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ ദൈവം ഒരു സന്ദേശമല്ല നൽകുന്നത് എന്നാൽ അവിടുത്തെ ജീവനാണ്! അപ്പോൾ നിങ്ങൾക്ക് ആവശ്യമുള്ളത് ഒരു നല്ല ഓർമ്മശക്തി അല്ല, എന്നാൽ ഒരു നല്ല ജീവൻ -ദിവ്യജീവൻ.
ഈ വ്യത്യാസം ഞാൻ ഒരു ഉദാഹരണം കൊണ്ട് വിശദമാക്കട്ടെ: നിങ്ങൾ ഒരു ടാപ്പിൽ നിന്ന് അല്പം വെള്ളം ശേഖരിച്ചിട്ട് (ദൈവത്തിൽ നിന്നു ഒരു സന്ദേശം ലഭിക്കുന്നത്) – അതു നിങ്ങൾ പുറത്തേയ്ക്ക് ഒഴിക്കുന്നെങ്കിൽ – അത് പഴയ ഉടമ്പടി ശുശ്രൂഷയുടെ ഒരു ചിത്രമാണ്. അതിനുശേഷം വീണ്ടും തിരിച്ചു ചെന്ന് നിങ്ങൾക്ക് ആ ടാപ്പിൽ നിന്ന് കുറച്ചു വെള്ളം കൂടി ശേഖരിക്കാൻ കഴിയും (ദൈവത്തിൽ നിന്നും മറ്റൊരു സന്ദേശം നേടുന്നു). അതു കൂടി നിങ്ങൾക്ക് വെളിയിലേക്ക് ഒഴിച്ചു കൊടുക്കാൻ കഴിയും.
എന്നാൽ പുതിയ ഉടമ്പടിയിൽ, നമുക്ക് നമ്മുടെ ഉള്ളിൽ തന്നെ ഒരു നീരുറവ നൽകപ്പെട്ടിരിക്കുന്നു (യേശുവിൻ്റെ തന്നെ ജീവൻ) അത് ഉള്ളിൽ നിന്ന് നിരന്തരമായി പുറത്തേക്ക് ഒഴുകുന്നു. അതുകൊണ്ട് ഓരോ സമയത്തും നമുക്ക് ദൈവത്തിൻ്റെ അടുത്തേക്ക് ഒരു സന്ദേശം പ്രാപിക്കാനായി പോകുന്നതു തുടരേണ്ട ആവശ്യമില്ല. അവിടുന്നു നമ്മെ സന്ദേശമാക്കി തീർക്കുന്നു. നമ്മുടെ ജീവിതം തന്നെയാണ് ആ സന്ദേശം. നാം അതിൽ നിന്നു സംസാരിക്കുകയും ചെയ്യുന്നു!
മിക്ക ആളുകൾക്കും, പകർന്നുകൊടുക്കുന്ന ഒരു ശുശ്രൂഷയുണ്ട്. ചിലർ പകരുമ്പോൾ അവർക്ക് കൊടുക്കാനൊന്നും ഉണ്ടായിരിക്കില്ല, അതേസമയം മറ്റു ചിലർക്ക് കൊടുക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കും. എന്നാൽ രണ്ടുകൂട്ടരും ഇപ്പോഴും ഒഴിച്ചുകൊണ്ടിരിക്കുന്നു. അവർ രണ്ടു കൂട്ടരും വരണ്ടു പോകുന്നു.
എന്നാൽ ശമര്യക്കാരി സ്ത്രീയോട് യേശു പറഞ്ഞത് അവിടുന്ന് നിത്യജീവന്റെ ഉറവ അവളുടെ ഉള്ളിൽ തന്നെ തുറക്കുകയും അവളിൽ നിന്ന് അത് നിരന്തരം ഒഴുകുകയും ചെയ്യും എന്നാണ് (നിത്യജീവൻ എന്നാൽ ദൈവത്തിൻ്റെ തന്നെ ജീവൻ എന്നാണ് അർത്ഥം).
നമ്മുടെ ഉള്ളിൽ നിന്നും ഒഴുകണമെന്ന് കർത്താവ് ആഗ്രഹിക്കുന്നതും ഈ ജീവൻ തന്നെയാണ് – ഒരു സന്ദേശമല്ല. ഇതാണ് പുതിയ ഉടമ്പടി ശുശ്രൂഷ.