ബൈബിളിലൂടെ : റോമര്‍


ദൈവത്തിന്റെ പൂര്‍ണ സുവിശേഷം


റോമര്‍ക്കെഴുതിയ ലേഖനത്തിലെ പ്രതിപാദ്യവിഷയം ദൈവത്തിന്റെ സുവിശേഷമാണെന്നത് അതിന്റെ പ്രഥമ വാക്യത്തില്‍ത്തന്നെ നാം കണ്ടെത്തുന്നു. സര്‍വ്വലോകത്തിലുമുള്ള സകലമാനവരും അറിഞ്ഞിരിക്കേണ്ട ദൈവത്തിന്റെ സുവാര്‍ത്തയാണിത്.

റോമര്‍ക്കെഴുതിയ ലേഖനത്തിലൂടെ കടന്നു പോകുമ്പോള്‍ ദൈവം വച്ചിരിക്കുന്ന അന്തിമ ലക്ഷ്യത്തിലേക്കെത്താതെവണ്ണം വിശ്വാസികള്‍ തടയപ്പെട്ടു പോകുന്ന ചില ഇടങ്ങള്‍ നാം കണ്ടെത്തുന്നു. വളരെക്കുറച്ചു പേര്‍ മാത്രമേ അന്തിമ ലക്ഷ്യത്തിലെത്തിച്ചേരുന്നുള്ളു.അധികം വിശ്വാസികളും പൂര്‍ണ്ണസുവിശേഷമെന്തെന്നു ഗ്രഹിച്ചിട്ടുള്ളവരല്ല. ”പൂര്‍ണ്ണ സുവിശേഷ സഭ”കളെന്നു സ്വയം വിശേഷിപ്പിക്കുന്ന സഭകളുണ്ട്.അങ്ങനെയുള്ള പല സഭകളിലും ഞാന്‍ പോയിട്ടുണ്ട്. എന്നാല്‍ റോമാലേഖനത്തില്‍ പ്രതിപാദിക്കുന്ന പൂര്‍ണ്ണ സുവിശേഷം അവിടെ കേള്‍ക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല.

വേദപുസ്തകത്തിലുള്ളതില്‍ ഏറ്റവും ക്രമമായും യുക്തിസഹമായും പടിപടിയായും സുവിശേഷസന്ദേശം അവതരിപ്പിക്കുന്ന ലേഖനമാണ് റോമര്‍. എഫെസ്യര്‍ക്കുള്ള ലേഖനം, റോമര്‍ എന്നിവ ഒഴികെ മറ്റു ലേഖനങ്ങളില്‍ പല പ്രബോധനങ്ങളും മറ്റു പല കാര്യങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങളും ഇട കലര്‍ന്നു വരുന്നതു കാണാം. എന്നാല്‍ റോമാ ലേഖനത്തില്‍ ഉപദേശങ്ങള്‍ പടിപടിയായും സുവ്യക്തമായും നാം കാണുന്നു.

ഈ പടികളില്‍ എവിടെ വേണമെങ്കിലും നമുക്ക് നില്ക്കാം. ക്രിസ്തീയജീവിതം അവിടംകൊണ്ട് അവസാനിപ്പിക്കാം. പാപക്ഷമ മാത്രം ആവശ്യമുള്ളര്‍ക്ക് മൂന്നാം അദ്ധ്യായം കൊണ്ടു തൃപ്തിപ്പെടാം. അല്പം കൂടി മുമ്പോട്ടുപോയി വിശ്വാസത്താലുള്ള നീതീകരണം കൂടി വേണ്ടവര്‍ക്ക് നാലാമദ്ധ്യായത്തില്‍ നില്ക്കാം. അല്പം കൂടികടന്ന് ദൈവത്തോടു സമാധാനവും കഷ്ടങ്ങളില്‍ സന്തോഷവും വേണ്ടവര്‍ക്ക് അഞ്ചാം അദ്ധ്യായത്തില്‍ നില്ക്കാം. മറ്റു ചിലര്‍ കുറച്ചുകൂടി മുമ്പോട്ട് ആറാമദ്ധ്യായത്തിലെത്തി പാപത്തിന്മേല്‍ ജയം നേടുന്ന നിയമാനുസാരികളും പരീശന്മാരുമാണ്. ഇനിയും ചിലര്‍ വീണ്ടും മുമ്പോട്ടു പോയി 7-ാം അദ്ധ്യായത്തിലെത്തി നിയമാനുസരണത്തില്‍ നിന്നു മോചനം പ്രാപിച്ചവരാണ്. ഒട്ടനവധിപ്പേര്‍ 8-ാം അദ്ധ്യായത്തിലെ ജയജീവിതത്തിലും ആത്മനിറവിലും സായുജ്യം കണ്ടെത്തി അവിടെ നില്‍ക്കുന്നവരാണ്. വളരെ ചുരുക്കം പേര്‍ മാത്രമേ 12 മുതല്‍ 15 വരെയുള്ള അദ്ധ്യായങ്ങളില്‍ കണ്ടെത്തുന്ന ക്രിസ്തുവിന്റെ ശരീരം എന്ന ദൈവത്തിന്റെ സമ്പൂര്‍ണ്ണ ലക്ഷ്യത്തെ മനസ്സിലാക്കി അതിനുവേണ്ടി അര്‍പ്പിക്കുകയും 16-ാം അദ്ധ്യായത്തില്‍ സാത്താനെ കാല്‍ക്കീഴിലാക്കുന്ന സുവിശേഷത്തിന്റെ പരമ ലക്ഷ്യം സാദ്ധ്യമാക്കുകയും ചെയ്യുന്നുള്ളു. ഈ ലേഖനം വായിക്കുമ്പോള്‍ നിങ്ങള്‍ വഴിയിലെങ്ങോ തടഞ്ഞു പോയിരിക്കുന്നു എന്നു കണ്ടെത്തുന്നുവെങ്കില്‍ പൂര്‍ണ്ണ സുവിശേഷത്തിന്റെ സന്തോഷത്തിലേക്കു നിങ്ങള്‍ക്കു യാത്രതുടരാം.

റോമാ ലേഖനത്തില്‍ പറയുന്നു: സുവിശേഷം പാപികള്‍ക്കു വേണ്ടിയുള്ളതാണ്. തങ്ങള്‍ നീതിമാന്മാരെന്നു സ്വയം കരുതുന്നവര്‍ക്കുവേണ്ടിയുള്ളതല്ല. യേശുക്രിസ്തു വന്നത് നീതിമാന്മാരെ വിളിക്കാന്‍ വേണ്ടിയല്ല. മറിച്ചു പാപികളെ മാനസാന്തരത്തിലേക്കു വിളിക്കാന്‍ വേണ്ടിയാണ്. അതുകൊണ്ടു തന്നെ നാം പാപികളാണ് എന്ന വസ്തുത ആദ്യമേ തന്നെ വ്യക്തമായി നാം ഗ്രഹിക്കണം. റോമാ ലേഖനത്തിന്റെ ആദ്യത്തെ രണ്ടര അദ്ധ്യായത്തിലും സ്ഥാപിക്കുവാന്‍ പൗലൊസ് ശ്രമിക്കുന്നത് ഇതാണ്.

രണ്ടു തരത്തിലുള്ള പാപികളുണ്ട്. ഒന്നാമദ്ധ്യായത്തില്‍ വിവരിക്കുന്ന വിധത്തിലുള്ള ദൈവമില്ലാത്ത അഭക്തരായ ലോകമനുഷ്യരാണ് ഒരു കൂട്ടര്‍. രണ്ടാമത്തെ കൂട്ടര്‍ രണ്ടാമദ്ധ്യായത്തില്‍ വിവരിക്കുന്ന തരത്തിലുള്ള മതഭക്തര്‍. അവര്‍ വിശുദ്ധരെന്നു സ്വയം കരുതുന്നു. ഈ രണ്ടു കൂട്ടരെക്കുറിച്ചും യേശു വരച്ചുകാട്ടുന്ന ഉപമയാണ് ലൂക്കൊസ് 15:11-32-ലെ രണ്ടു പുത്രന്മാരുള്ള പിതാവിന്റെ ഉപമ. അതിലെ ഇളയപുത്രന്‍ ലോകമയനും ദുഷ്ടനും മത്സരിയും ദൈവമില്ലാത്തവനും ദുര്‍വൃത്തനുമായിരുന്നു. മൂത്തപുത്രനോ താന്‍ യാതൊരു ദോഷവും ചെയ്തിട്ടില്ലാത്ത വിശുദ്ധനും നീതിമാനുമെന്നു തന്നെക്കുറിച്ചു തന്നെ മതിച്ചിരുന്നു. താനൊരു പാപിയാണെന്ന സത്യം അംഗീകരിക്കാന്‍ ഒരിക്കലും അവനു കഴിഞ്ഞിരുന്നില്ല. അതുപോലെ മതഭക്തിയുടെ അന്തരീക്ഷമുള്ള കുടുംബങ്ങളില്‍ വളര്‍ന്നുവന്ന വ്യക്തികള്‍ക്ക് തങ്ങള്‍ പാപികളെന്ന സത്യം അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകും. ”നീതിമാന്‍ പ്രയാസേന രക്ഷ പ്രാപിക്കുന്നു…” (1 പത്രൊ. 4:18). യേശു ലോകത്തിലായിരുന്നപ്പോള്‍ വേശ്യമാര്‍ക്കും കള്ളന്മാര്‍ക്കുമൊക്കെ രക്ഷയുടെ അനുഭവം പ്രാപിക്കുവാന്‍ എളുപ്പമായിരുന്നു. എന്നാല്‍ അക്കാലത്തെ ”മൂത്ത പുത്രന്മാര്‍ക്ക്” — പരീശന്മാര്‍ക്ക്, സ്വന്ത നീതിയില്‍ അഭിമാനിച്ചിരുന്ന പാപികള്‍ക്ക് — ഒരിക്കലും യേശുവിനടുത്തേക്ക് രക്ഷയ്ക്കു വേണ്ടി കടന്നു വരാന്‍ കഴിഞ്ഞില്ല. മത്തായി 21:31-ല്‍ യേശു പറഞ്ഞു: ‘അഭക്തരായ പാപികള്‍ മതഭക്തരെക്കാള്‍ മുമ്പെ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നു’. റോമര്‍ 1 – 3 വരെയുള്ള അദ്ധ്യായങ്ങളിലൂടെ പരിശുദ്ധാത്മാവു നമുക്ക് ഒരു സത്യം വ്യക്തമാക്കിത്തരുന്നു: മതഭക്തനും അഭക്തനും തമ്മില്‍ ദൈവദൃഷ്ടിയില്‍ ഒരു വ്യത്യാസവുമില്ല.

നമുക്ക് റോമര്‍ ഒന്നാം അധ്യായം നോക്കാം.1:5-ല്‍ ഇപ്രകാരം പറയുന്നു: ‘ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയില്‍ നിന്നു ജനിച്ച തന്റെ പുത്രനെ’ക്കുറിച്ചുള്ളതാണ് ദൈവത്തിന്റെ സുവിശേഷം. യേശുവിന്റെ മനുഷ്യത്വത്തെക്കുറിച്ചാണ് റോമാ ലേഖനത്തിന്റെ തുടക്കത്തിലെ ഈ ഊന്നല്‍. ഏലിയുടെ മകള്‍ മറിയയില്‍ നിന്ന് യേശു ജനിച്ചു (ലൂക്കൊ. 3:23). അവരുടെ പാരമ്പര്യം ദാവീദിന്റെ മകനായ നാഥാനിലെത്തി നില്‍ക്കുന്നതും നാം കാണുന്നു (ലൂക്കൊ. 3. 31). യേശുവിന്റെ ശരീരം മറിയയുടെ ഗര്‍ഭപാത്രത്തിലുള്ള ഘടകങ്ങളില്‍ നിന്നല്ല ഉത്പാദിതമായത് എന്നല്ല. ദൈവത്തിന് അതും സാദ്ധ്യമായിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ യേശുവിന് ആദാമ്യ വര്‍ഗ്ഗവുമായി ബന്ധമുണ്ടാവുമായിരുന്നില്ല. എന്നാല്‍ നമ്മുടെ വീണ്ടെടുപ്പിന് അത് അനിവാര്യമായിരുന്നു. മറിയയുടെ അണ്ഡത്തില്‍ നിന്നു തന്നെയാണ് യേശുവിന്റെ ശരീരം ഉത്പാദിതമായത്. അതിനോടു ചേര്‍ന്ന ബീജം പരിശുദ്ധാത്മാവിനാല്‍ നല്‍കപ്പെടുകയും അങ്ങനെ രൂപംകൊണ്ട വിശുദ്ധ ശരീരത്തിലേക്ക് യേശു പ്രവേശിക്കുകയും ചെയ്തു. ആ ശരീരത്തിന് മറിയയുടെ ശരീരവുമായി പൊക്കിള്‍ക്കൊടി ബന്ധമുണ്ടായിരുന്നു. ജനനസമയത്ത് അതു മുറിച്ചുമാറ്റേണ്ട ആവശ്യമുണ്ടായിരുന്നു. ഇതു വിശ്വസിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ യേശു മറിയയില്‍ നിന്നു ജനിച്ചു എന്ന വസ്തുതയും നിങ്ങള്‍ വിശ്വസിക്കുന്നില്ല എന്നര്‍ത്ഥം.

യേശു പൂര്‍ണ്ണ ദൈവമാണ് എന്നു നാമറിയുന്നു. എന്നാല്‍ അവിടുന്നു പൂര്‍ണ്ണ മനുഷ്യനുമാണ് എന്ന വസ്തുത നാം വിശ്വസിക്കുന്നില്ലെങ്കില്‍ സുവിശേഷത്തിന്റെ പൂര്‍ണ്ണത നമുക്ക് അനുഭവിക്കാന്‍ കഴിയുകയില്ല. എല്ലാറ്റിലും നമുക്കു തുല്യനായിത്തീര്‍ന്ന ദൈവപുത്രനെക്കുറിച്ചാണ് ദൈവത്തിന്റെ സുവിശേഷം. അങ്ങനെയാണ് അവിടുന്നു നമുക്ക് മാതൃകയായിത്തീര്‍ന്നതും അവിടുന്നു നമ്മുടെ രക്ഷാമാര്‍ഗ്ഗമായിത്തീര്‍ന്നതും. യേശുവും നാമും തമ്മിലുള്ള വ്യത്യാസം യേശു ജന്മനാ പാപസ്വഭാവമുള്ള (പഴയ മനുഷ്യന്‍)വനായിരുന്നില്ല എന്നതാണ്. കാരണം അവിടുന്നു പരിശുദ്ധാത്മാവിനാലായിരുന്നു ജനിച്ചത്.

സുവിശേഷത്തെക്കുറിച്ചുള്ള വിവരണത്തിന്റെ തുടക്കത്തില്‍ത്തന്നെ യേശുവിന്റെ മനുഷ്യത്വത്തെക്കുറിച്ചു പൗലൊസ് പ്രതിപാദിക്കുന്നതു ശ്രദ്ധേയമാണ്. തന്റെ അന്ത്യത്തിനു തൊട്ടു മുമ്പെങ്ങോ പൗലൊസ് തിമൊഥെയോസിന് എഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു: ”ഞാന്‍ പറയുന്നതു ചിന്തിച്ചുകൊള്ളുക. കര്‍ത്താവു സകലത്തിലും നിനക്കു ബുദ്ധി നല്‍കുമല്ലോ. ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓര്‍ത്തുകൊള്ളുക. അതാകുന്നു എന്റെ സുവിശേഷം”(2 തിമൊ. 2:7, 8). പൗലൊസ് സുവിശേഷത്തെ എപ്പോഴും കാണുന്നത് മനുഷ്യനായി ഭൂമിയില്‍ ജീവിച്ച യേശുവുമായി ബന്ധപ്പെടുത്തിയാണ്. ”സകലത്തിലും നമുക്കു സദൃശനായിത്തീര്‍ന്നു” ”സകലത്തിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു” (എബ്രാ. 2:17; 4:15) എന്നൊക്കെയുള്ള അത്ഭുത സത്യങ്ങള്‍ യേശുവിനെക്കുറിച്ചു നാം വായിക്കുമ്പോള്‍ സുവിശേഷത്തെ സംബന്ധിച്ച് അതു നമുക്ക് തികെച്ചും പുതിയൊരു വെളിച്ചം നല്‍കും. പാപത്തില്‍ നിന്നു വിടുതല്‍ നല്‍കുന്നതിനെക്കുറിച്ചാണ് റോമാ ലേഖനത്തിലെ സുവിശേഷം. അതുകൊണ്ടുതന്നെ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്ത യേശു ഒരു പൂര്‍ണ്ണ മനുഷ്യന്‍ കൂടി ആയിരുന്നു എന്ന സൂചനയോടെയാണ് പൗലൊസ് ലേഖനം ആരംഭിക്കുന്നത്.

”മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേല്‍ക്കയാല്‍ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രന്‍ എന്നു ശക്തിയോടെ നിര്‍ണ്ണയിക്കപ്പെടുകയും ചെയ്തവന്‍” (റോമ. 1:5). ദാവീദിന്റെ സന്തതിയായിരുന്നു എങ്കിലും അതേ സമയം തന്നെ ത്രിത്വത്തില്‍ രണ്ടാമനായ പുത്രന്‍ ആയിരുന്നു യേശു. യേശു ദൈവപുത്രനെന്ന കാര്യം യേശുവിനെ മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിച്ചുകൊണ്ടാണ് ദൈവം ലോകത്തിനു വെളിപ്പെടുത്തിയത്. വീണ്ടും മരണത്തിലേക്കു പോകാതെ പുനരുത്ഥാനം ചെയ്ത ആദ്യ വ്യക്തിയാണ് യേശുക്രിസ്തു. തനിക്കു മുമ്പ് ജീവിതത്തിലേക്കു തിരികെ വന്നവരെല്ലാം തന്നെ വീണ്ടും മരണത്തിലേക്കു തന്നെ മടങ്ങിപ്പോയി. എന്നാല്‍ ഇവിടെ ഇതാ ഒരു പുതിയ മനുഷ്യവര്‍ഗ്ഗത്തിന്റെ ആരംഭമായിത്തീര്‍ന്നുകൊണ്ട്, നമുക്കും കൂടി അതില്‍ പങ്കാളിയാകുവാനുള്ള സാദ്ധ്യത തുറന്നു നല്‍കിക്കൊണ്ട് ഒരുവന്‍!! പഴയ മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നു തന്നെ ഇതാ ഒരു പുതിയ മനുഷ്യ വര്‍ഗ്ഗം ഉടലെടുക്കുന്നു — അതാണു സുവിശേഷം. അത് അനേക വ്യക്തികളുടെയും ഹൃദയങ്ങളില്‍ ഒരു പ്രവൃത്തിയായി തുടങ്ങിക്കഴിഞ്ഞു — ഒരു ദിവസം മുഴുലോകത്തിനും വെളിപ്പെടുവാന്‍ തക്കവണ്ണം. നാം ദൈവത്തോടു സഹകരിക്കുമെങ്കില്‍ അവിടുന്ന് അന്ത്യനാളില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഈ അത്ഭുത പ്രവൃത്തിയുടെ ഒരു ഭാഗമായിത്തീരുവാന്‍ നമുക്കു കഴിയും. സുവിശേഷം എന്നത് അതാണ്.

1:6-ല്‍ പൗലൊസ് ദൈവം തനിക്കു നല്‍കിയ അപ്പൊസ്തലത്വത്തെക്കുറിച്ചു പറയുന്നു: ”ഞങ്ങള്‍ അവന്റെ നാമത്തിനായ് സകല ജാതികളുടെയും ഇടയില്‍ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന്ന് കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചു.” ഈ സുവിശേഷം ലോകമെങ്ങും പ്രചരിപ്പിക്കുവാനായി ദൈവം ചിലരെ വിളിച്ചു വേര്‍തിരിച്ചിരിക്കുന്നു. സുവിശേഷം പ്രചരിപ്പിച്ചുകൊണ്ട് ദൈവം ഉണ്ടാക്കുന്ന ഈ പുതിയ മനുഷ്യവര്‍ഗ്ഗത്തിന്റെ ഭാഗമായിത്തീരുവാന്‍ ആളുകളെ ക്ഷണിക്കുന്നതാണ് ഒരു വ്യക്തിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ ശുശ്രൂഷ. ഈ ശുശ്രൂഷയുടെ മഹത്വം എത്ര വലുതാണെന്നു കാണുവാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍ സുവിശേഷം പ്രസംഗിക്കുന്നത് എത്ര മാന്യമായ ഒരു കാര്യമാണെന്നു ഗ്രഹിക്കുവാന്‍ നിങ്ങള്‍ക്കു പ്രയാസമുണ്ടാവില്ല. സുവിശേഷമറിയിക്കുവാനുള്ള വിളി നമുക്കേവര്‍ക്കുമുള്ളതാണ്. എങ്കിലും ചിലരെ മുഴുവന്‍ സമയവും സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെ ആ വേലയിലായിരിക്കുവാന്‍ ദൈവം വിളിച്ചിരിക്കുന്നു. എനിക്ക് 24 വയസ്സുള്ളപ്പോള്‍ എന്നെ ദൈവം ഒരു മുഴുസമയ ശുശ്രൂഷയ്ക്കായി വിളിച്ചു. ഇതിലും വലിയ ഒരു ബഹുമതി ഈ ജീവിതത്തില്‍ എനിക്കു ലഭിക്കാനില്ല. ഭൂമിയിലെ മറ്റെല്ലാ പദവികളും ഉദ്യോഗങ്ങളും ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും ചവറാണ്. ഒരു അപ്പൊസ്തലന്‍ എന്ന നിലയിലുള്ള തന്റെ വിളിയുടെ മഹത്വം പൗലൊസ് മനസ്സിലാക്കിയിരുന്നു. ദൈവം തന്റെ സുവിശേഷം പ്രഖ്യാപിക്കുവാന്‍ വിളിച്ചു വേര്‍തിരിച്ചിരിക്കുന്ന അപ്പൊസ്തലന്മാരോടും സുവിശേഷകന്മാരോടും താരതമ്യം ചെയ്യുമ്പോള്‍ ഈ ലോകത്തിലെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞന്‍മാരുമൊക്കെ എന്തുമാത്രമുള്ളു? അവര്‍ കൂടുതല്‍ ധനം സമ്പാദിക്കുകയും സുഖകരമായ ജീവിതം നയിക്കയും ചെയ്യുന്നു. എന്നാല്‍ അവരുടെ വിളി എത്രയോ താണതാണ്. കാലം കഴിയുന്തോറും സര്‍വ്വശക്തനായ ദൈവത്തിന്റെ ദാസന്‍ എന്ന നിലയില്‍ എന്റെ വിളിയുടെ മഹത്വം ഏറിവരുന്നതു ഞാന്‍ കാണുന്നു. യുവസ്‌നേഹിതന്മാര്‍ക്ക് ഈ ദര്‍ശനം ലഭിക്കണമെന്നതാണ് എന്റെ പ്രാര്‍ത്ഥന. എന്നാല്‍ നിങ്ങള്‍ക്ക് അങ്ങനെയൊരു വിളി ലഭിച്ചിട്ടില്ലെങ്കില്‍ ആ ശുശ്രൂഷ ചെയ്യുവാനും സാദ്ധ്യമല്ല. എന്നാല്‍ നിങ്ങളെ ദൈവം വിളിച്ചിട്ടുണ്ടെങ്കില്‍ അത്രയും ശ്രേഷ്ഠമായി ഈ ഭൂമുഖത്ത് വേറൊന്നും തന്നെയില്ല എന്നോര്‍ക്കുക.

ചില മുഴുസമയ വേലക്കാര്‍ ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ”വലിയ ശമ്പളമുള്ള എന്റെ ഉദ്യോഗം വിട്ടിട്ടാണ് ഞാന്‍ കര്‍ത്താവിന്റെ വേലയ്ക്കിറങ്ങിയത്” എന്ന്. കര്‍ത്താവിന്റെ വേലയുടെ മഹത്വം അവര്‍ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് തങ്ങള്‍ എന്തോ വലിയ ത്യാഗം ചെയ്തതായി അവര്‍ക്കു തോന്നുന്നത്. ‘ഈ ഇരുപതിനായിരം രൂപ ശമ്പളമുള്ള ജോലിക്കുവേണ്ടി ഞാനെന്റെ അഞ്ഞൂറു രൂപ ശമ്പളമുള്ള ജോലിയാണ് ത്യജിക്കേണ്ടി വന്നതെ’ന്നു പറയുമ്പോലെ വിചിത്രമായിരിക്കും അപ്രകാരമുള്ള ഒരു പ്രസ്താവന. തന്നെ കര്‍ത്താവ് ഒരു അപ്പൊസ്തലനായി വിളിച്ചതോടെ തര്‍സൊസിലെ വലിയ വ്യവസായി എന്ന നിലയില്‍ സമയം കളയാനൊന്നും പൗലൊസ് മിനക്കെട്ടില്ല.

റോമര്‍ 1:14-16-ല്‍ പൗലൊസ് ഇങ്ങനെ പറയുന്നതു നമുക്കു കാണാം. ”ഞാന്‍ കടമ്പെട്ടിരിക്കുന്നു…” ”ഞാന്‍ ഒരുങ്ങിയിരിക്കുന്നു…” ”എനിക്കു ലജ്ജയില്ല…” കടമ്പെട്ടിരിക്കുന്നു എന്നതുകൊണ്ട് താന്‍ അര്‍ത്ഥമാക്കിയത് ദൈവം ഒരിക്കല്‍ തന്റെ കണ്ണു തുറന്നതോടെ ദൈവത്തിന്റെ ഈ സ്‌നേഹം ലോകത്തെ മുഴുവന്‍ അറിയിക്കുവാന്‍ താന്‍ കടമ്പെട്ടിരിക്കുന്നു എന്ന ബോദ്ധ്യം പൗലൊസിനുണ്ടായി എന്നത്രെ. അങ്ങനെ ആ കടം തീര്‍ക്കുവാനുള്ള ഒരു ദാഹത്തോടെ താന്‍ ഓടി. നിങ്ങളുടെ പട്ടണത്തിലോ ഗ്രാമത്തിലോ ഉള്ള മുഴുവന്‍ ആളുകള്‍ക്കും വിതരണം ചെയ്യുവാന്‍ ദൈവം ഒരു വലിയ തുക നിങ്ങളെ ഏല്പിച്ചു. നിങ്ങള്‍ അതു വിതരണം ചെയ്യാതെ നിങ്ങള്‍ക്കുവേണ്ടിത്തന്നെ സൂക്ഷിക്കുന്നു എങ്കില്‍ നിങ്ങള്‍ എങ്ങനെയുള്ള ഒരു ക്രിസ്ത്യാനി ആയിരിക്കും? നിങ്ങളെ ”കള്ളന്‍” എന്നു വിളിച്ചാലും അതിനോടു വിയോജിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല. നാം മറ്റുള്ളവരോടു സുവിശേഷം അറിയിക്കുന്നില്ലെങ്കില്‍ അത് അങ്ങനെ തന്നെയുള്ള ഒരു കാര്യമാണ്. എത്ര വലിയ ഉത്തരവാദിത്തമാണ് നമ്മുടെ ചുറ്റിലുമുള്ള ജനത്തോടു നമുക്കുള്ളത്! അതിനുവേണ്ടി വലിയ സുവിശേഷ പരിപാടിയൊന്നും നമുക്കാവശ്യമില്ല. നാം എന്നും കാണുകയും അറിയുകയും ചെയ്യുന്ന ആളുകള്‍ നിരവധിയുണ്ടല്ലോ. അവരോടുള്ള നമ്മുടെ കടപ്പാട് ആദ്യമേ തന്നെ തീര്‍ക്കുവാന്‍ നമുക്ക് ശ്രമിക്കാം.


സുവിശേഷം ദൈവശക്തി


സുവിശേഷം രക്ഷയ്ക്കായുള്ള ദൈവത്തിന്റെ ശക്തിയാണ് — എല്ലാവര്‍ക്കുമല്ല, വിശ്വസിക്കുന്നവര്‍ക്കു മാത്രം (1:16). നിങ്ങള്‍ വിശ്വസിക്കുന്ന അളവില്‍ മാത്രമേ സുവിശേഷത്തിന്റെ ശക്തി നിങ്ങള്‍ക്കനുഭവിക്കാന്‍ കഴിയൂ. റോമര്‍ നാലു വരെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്കു വിശ്വസിക്കുവാന്‍ കഴിയുമെങ്കില്‍ അത്രവരെ നിങ്ങള്‍ക്കനുഭവവേദ്യമാക്കുവാന്‍ കഴിയും. എന്നാല്‍ റോമര്‍ 16 വരെയുള്ള മുഴുവന്‍ കാര്യങ്ങളും നിങ്ങള്‍ക്കു വിശ്വസിക്കുവാന്‍ കഴിയുമെങ്കില്‍ സുവിശേഷത്തിന്റെ മുഴുവന്‍ ശക്തിയും നിങ്ങള്‍ക്കനുഭവിക്കാന്‍ കഴിയും.


പൗലൊസ് പറയുന്നു: ”സുവിശേഷത്തെക്കുറിച്ച് എനിക്കു ലജ്ജയില്ല. കാരണം അതു വിശ്വാസത്തില്‍നിന്നു വിശ്വാസത്തിനായി വെളിപ്പെടുത്തുന്ന ദൈവ നീതിയാണ്. ‘നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും’ എന്ന് എഴുതിയിരിക്കുന്നുവല്ലോ”(1:17). ‘വിശ്വാസത്തില്‍ നിന്നു വിശ്വാസത്തിലേക്ക്’ എന്നതുകൊണ്ടു കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലേക്കു വളര്‍ച്ച പ്രാപിക്കുന്ന വിശ്വാസത്തെ കാണിക്കുന്നു. ഒന്നാമതായി, പാപത്തിന്റെ കുറ്റബോധത്തില്‍ നിന്നു നമ്മെ വിടുവിച്ച് ദൈവസന്നിധിയില്‍ നമ്മെ നീതിമാന്മാര്‍ ആക്കുന്ന വിശ്വാസം (റോമ. 6-8). തുടര്‍ന്ന് ദൈവസന്നിധിയില്‍ പുരോഹിതന്മാരായി സമര്‍പ്പണത്തിലേക്കു നടത്തുന്ന വിശ്വാസം (റോമാ: 12). തുടര്‍ന്ന് ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായിത്തീര്‍ന്നുകൊണ്ട് ശരീരത്തിന്റെ കൂട്ടായ്മയ്ക്കായി നമ്മെ സമര്‍പ്പിക്കുന്ന വിശ്വാസം (റോമ: 14, 15). തുടര്‍ന്ന് ആ വിശ്വാസം സാത്താനെ നമ്മുടെ കാല്‍ക്കീഴില്‍ ചതച്ചുകളയുന്നതിലേക്കു നടത്തുന്നു (റോമാ. 16). ഈ പ്രയാണത്തിന്നിടയില്‍ ഏതു തലത്തില്‍ വേണമെങ്കിലും നമുക്കു യാത്ര അവസാനിപ്പിച്ച് ”ഇവിടെയിരിക്കുന്നത് നല്ലത്” എന്ന നിലയില്‍ തൃപ്തിയടയാന്‍ കഴിയും. അതൊരു പാഠശാലയില്‍ പഠിക്കുന്നതുപോലെയാണെന്നു നമുക്കു വേണമെങ്കില്‍ പറയാം. ചിലര്‍ നാലാം ക്ലാസിലും മറ്റു ചിലര്‍ എട്ടാം ക്ലാസിലും ഇനിയും ചിലര്‍ 12 ലും പഠനം നിര്‍ത്തുന്നതുപോലെ. എന്നാല്‍ പി എച്ച് ഡി തലം കഴിഞ്ഞശേഷവും പഠനം തുടരുന്നവര്‍ ഉണ്ട്. ആത്മീയ വിഷയങ്ങളില്‍ നാം അങ്ങനെയാകുന്നതു നല്ലതെന്നാണ് എന്റെ അഭിപ്രായം. ദൈവത്തെ അറിയുന്നതില്‍ ഒരിക്കലും തൃപ്തരാകാതെ എത്ര ആഴമുള്ള തലങ്ങളിലേക്കും പോകുവാനുള്ള നിരന്തരമായ വാഞ്ഛ. ദൈവം നമ്മെ എന്താക്കിത്തീര്‍ക്കുവാനാഗ്രഹിക്കുന്നുവോ അതിലേക്കു തന്നെ നാം വളരുക.

ഞാന്‍ ദൈവത്തോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ”പിതാവേ, ഒരു മനുഷ്യന്‍ എന്ന നിലയില്‍ അങ്ങയുടെ സുവിശേഷത്തിന്റെ ശക്തി എനിക്കെത്രമാത്രം അനുഭവിക്കാന്‍ കഴിയുമോ അത്രതന്നെ എന്റെ മരണത്തിനു മുമ്പ് എനിക്കനുഭവിക്കാന്‍ കഴിയണം. ക്രിസ്തുവിന്റെ കഷ്ടങ്ങളുടെ പൂര്‍ണ്ണ അളവിലുള്ള കൂട്ടായ്മ എന്റെ ശരീരത്തില്‍ എനിക്കനുഭവിക്കാന്‍ കഴിയണം — ഈ ശരീരം വിട്ടു പോകും മുമ്പെ.” എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ എനിക്കിത്ര താത്പര്യം? കാരണം ഇതു സ്വര്‍ഗ്ഗത്തില്‍ എത്തിക്കഴിഞ്ഞശേഷം എനിക്കൊരിക്കലും അനുഭവിക്കാന്‍ കഴിയില്ല എന്നു ഞാന്‍ അറിയുന്നു. സ്വര്‍ഗ്ഗത്തില്‍ നമുക്കു മര്‍ദ്ദനമേല്‍ക്കുക സാദ്ധ്യമാണോ? അല്ല. സ്വര്‍ഗ്ഗത്തില്‍ ക്രിസ്തു നിമിത്തം ആരെങ്കിലും നമ്മെ വ്യവഹാരത്തിലേക്കു വലിച്ചിഴയ്ക്കുമോ? ഇല്ല. ക്രിസ്തു നിമിത്തം സ്വര്‍ഗ്ഗത്തില്‍ ആരെങ്കിലും നമ്മെക്കുറിച്ചു അപവാദമോ ദൂഷണമോ പ്രചരിപ്പിക്കുമോ? ഇല്ല. ക്രിസ്തു നിമിത്തം പീഡനങ്ങള്‍ സഹിക്കാനും അവിടുത്തെ കഷ്ടങ്ങളുടെ കൂട്ടായ്മ അനുഭവിക്കാനും കഴിയുന്നതെവിടെയാണ്? ഇവിടെ ഭൂമിയില്‍ മാത്രം.

പൂര്‍ണ്ണ സുവിശേഷത്തില്‍ നിന്നു നമ്മില്‍ പലരും യഥാര്‍ത്ഥത്തില്‍ വളരെ അകലെയാണ്. പാപക്ഷമ ലഭിക്കുന്നതും പരിശുദ്ധാത്മസ്‌നാനം പ്രാപിക്കുന്നതും മാത്രമല്ല സുവിശേഷം. ”പൂര്‍ണ്ണ സുവിശേഷ സഭകളെ”ന്നു സ്വയം വിശേഷിപ്പിക്കുന്ന അധികം സഭകളും യഥാര്‍ത്ഥമായ പൂര്‍ണ്ണ സുവിശേഷത്തില്‍ നിന്നും എത്രയോ കാതം അകലെയാണ്! പാപക്ഷമയും പരിശുദ്ധാത്മ സ്‌നാനവും വെറും നഴ്‌സറി ക്ലാസാണ്. സുവിശേഷത്തില്‍ പ്രാഥമികാക്ഷരങ്ങള്‍ മാത്രമാണവ. അവ ആരംഭം മാത്രമാണ്, പൂര്‍ണ്ണ സുവിശേഷമല്ല.

റോമര്‍ 1-ല്‍ പാപിയുടെ കുറ്റത്തെക്കുറിച്ചു പൗലൊസ് വിവരിക്കുന്നു. പാപം ആരംഭിക്കുന്നതു ദൈവത്തെ മഹത്വപ്പെടുത്താതിരിക്കുന്നതിലൂടെയും അവിടുത്തേക്കു നന്ദി കരേറ്റാതിരിക്കുന്നതിലൂടെയുമാണ് (1:21). ദൈവം നല്‍കിയ നന്മകള്‍ക്കു നന്ദി കരേറ്റാതിരിക്കുന്നതാണ് ഒരു വ്യക്തിയുടെ ആത്മീയ അധഃപതനത്തിന്റെ ആദ്യ പടി. ദൈവം നല്‍കിയ ജീവിതത്തിനും ആരോഗ്യത്തിനും ഭക്ഷണത്തിനും മറ്റുമൊക്കെ നന്ദിയില്ലാതാകുന്നതോടെ ഒരു വ്യക്തിയില്‍ പിന്മാറ്റം ആരംഭിക്കുന്നു. നന്ദികേടിലൂടെയാണു പാപം ആരംഭിക്കുന്നതെങ്കിലും അതവിടെ അവസാനിക്കുന്നില്ല. അതു അപവാദം പറയുന്നതിലേക്കും ദൈവത്തെ ദുഷിക്കുന്നതിലേക്കും വെറുക്കുന്നതിലേക്കും അഹങ്കാരത്തിലേക്കും ആത്മപ്രശംസയിലേക്കും ഹൃദയ കാഠിന്യത്തിലേക്കും മറ്റു പലതിലേക്കുമായി താണുതാണങ്ങനെ പോകും (1:29-30). ”ദൈവം അവരെ ഏല്പിച്ചു” എന്നൊരു പ്രയോഗം മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചിരിക്കുന്നതു നമുക്കു കണ്ടെത്താന്‍ കഴിയും (1:24, 26, 28). വിശ്വാസത്തില്‍ നിന്നും വിശ്വാസത്തിലേക്ക് എന്ന മട്ടില്‍ വളര്‍ച്ചയുടെ പാതയില്‍ പല തലങ്ങളുള്ളതുപോലെതന്നെ അധഃപതനത്തിന്റെ പാതയും പടിപടിയായിട്ടാണ്. സ്വന്തം മനസ്സാക്ഷിയുടെ ഉണര്‍ത്തലുകള്‍ക്കു ചെവികൊടുക്കാത്ത ഒരുവനെ ദൈവവും കൈവിട്ടുകളയുന്നു. ദൈവം അവരെ സ്രഷ്ടാവിനു പകരം സൃഷ്ടിയെ ആരാധിക്കുവാന്‍ കൈവിടുകയും അവര്‍ ലൈംഗിക വൈകൃതങ്ങളില്‍ ബന്ധനസ്ഥരാവുകയും ചെയ്യുന്നു. സ്രഷ്ടാവിനുപകരം സൃഷ്ടിയെ ആരാധിക്കുന്നിടത്താണ് എല്ലാ പാപത്തിന്റെയും വേരുകള്‍ നാം കണ്ടെത്തുന്നത്.


മതഭക്തന്റെ കുറ്റം



രണ്ടാമദ്ധ്യായത്തില്‍ മതഭക്തനായ മനുഷ്യന്റെ തെറ്റുകളെക്കുറിച്ച് പൗലൊസ് പറയുന്നു. അവര്‍ ഒന്നാമദ്ധ്യായത്തില്‍ പറയുന്ന പാപികളെ വിധിക്കുകയത്രേ ചെയ്യുന്നത്. ”മറ്റുള്ളവരെ വിധിക്കുന്നതിലൂടെ നിങ്ങള്‍ സ്വയം വിധിക്കുകയാണ്. കാരണം അന്യനെ വിധിക്കുന്നതിലൂടെ നീ നിനക്കു സ്വയം ശിക്ഷാവിധി കല്പിക്കുന്നു”(2:1). അന്യരില്‍ നീ കണ്ടെത്തുന്ന അതേ കുറ്റം തന്നെ നിന്റെ സ്വന്ത ഹൃദയത്തിലും ഇരിക്കുന്നു. പരീശന്മാരെയും കര്‍ത്താവ് ഗ്രഹിപ്പിക്കുവാന്‍ ആഗ്രഹിച്ച കാര്യം ഇതു തന്നെ ആയിരുന്നു. ”ഈ സ്ത്രീയെ നിങ്ങള്‍ വ്യഭിചാരക്കുറ്റത്തില്‍ പിടിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളിലെത്രപേര്‍ ഹൃദയത്തില്‍ വ്യഭിചാരം ചെയ്യാത്തവരായിട്ടുണ്ട്? അങ്ങനെ ചെയ്തിട്ടില്ലാത്തവരാരെങ്കിലുമുണ്ടെങ്കില്‍ ആ വ്യക്തി ഈ സ്ത്രീയെ ആദ്യം കല്ലെറിയട്ടെ” (യോഹ. 8:1-11). യേശുവിന്റെ മുമ്പില്‍ നില്ക്കുവാന്‍ ധൈര്യമില്ലാതെ അവര്‍ ഓരോരുത്തരായി എല്ലാവരും അവിടെ നിന്നും പോയി. ദൈവ പ്രകാശത്തില്‍ നില്‍ക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

”അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ മേല്‍ ദൈവന്യായവിധി വരുമെന്നു നാമറിയുന്നു. എന്നാല്‍ ആ വക പ്രവര്‍ത്തിക്കുന്നവരെ വിധിക്കയും രഹസ്യത്തില്‍ അതുതന്നെ പ്രവര്‍ത്തിക്കയും ചെയ്യുന്നവര്‍ ദൈവന്യായവിധി തെറ്റി ഒഴിയുമോ?” (2:2, 3). അവര്‍ പരസ്യമായി പാപം ചെയ്യുന്നു. നീയോ രഹസ്യമായും. ആളുകള്‍ക്ക് നിന്റെ പാപം മറഞ്ഞിരിക്കുന്നതിനാല്‍ അവര്‍ നിന്നെ വിശുദ്ധനെന്നും മറ്റവനെ പാപി എന്നും വിളിക്കുന്നു. എന്നാല്‍ ദൈവം അവനോടു നിന്നെക്കാളധികം കരുണ കാണിക്കും കാരണം നിന്റെ കാപട്യം എന്ന മഹാപാപം — അത് അവനിലില്ലല്ലോ.

കൊലപാതകത്തെക്കാളും വ്യഭിചാരത്തെക്കാളും ദൈവദൃഷ്ടിയില്‍ വലിയ രണ്ടു പാപങ്ങളാണ് കാപട്യവും ആത്മീയ നിഗളവും. മുടിയനായ പുത്രന്റെ ദൃഷ്ടാന്തത്തില്‍ ജ്യേഷ്ഠ സഹോദരനാണ് അനുജനെക്കാളും വലിയ പാപി എന്ന് അതു പഠിക്കുമ്പോള്‍ നിങ്ങള്‍ക്കു വ്യക്തമാകും. എന്നാല്‍ പരീശന്മാര്‍ക്ക് അക്കാര്യം മനസ്സിലായില്ല. അധികം ക്രിസ്ത്യാനികള്‍ക്കും ഇക്കാര്യം മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നാണെനിക്കു തോന്നുന്നത്. അവരും പരീശന്മാരെപ്പോലെ അന്ധരായിരിക്കുന്നു. അവര്‍ വിചാരിക്കുന്നത് അഭക്തരായ മനുഷ്യരാണ് ഏറ്റവും വലിയ പാപികള്‍ എന്നാണ്. എന്നാല്‍ രഹസ്യ ജീവിതത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ — തങ്ങള്‍ വിശുദ്ധരും ഉദാരമനസ്‌കരും പ്രാര്‍ത്ഥനാ ജീവിതമുള്ളവരെന്നും — മറ്റുള്ളവരുടെ മുമ്പാകെ നടിച്ചു കൊണ്ട് തങ്ങള്‍ ഭക്തരെന്നു പുറമെ കാണിക്കുന്ന കാപട്യത്തെയും നിഗളത്തെയും ദൈവം കാണുന്നു എന്ന കാര്യം അവര്‍ ഗ്രഹിക്കുന്നില്ല. ഇതു കൊലപാതകത്തെക്കാളും വ്യഭിചാരത്തെക്കാളും വലിയ പാപം തന്നെ. അതു നിങ്ങള്‍ക്കു കാണുവാന്‍ കഴിഞ്ഞിട്ടുണ്ടോ? സ്വയം വിശുദ്ധരെന്നു കരുതുകയും വ്യഭിചാരികളെയും കൊലപാതകികളെയും മദ്യപരെയും മയക്കു മരുന്നുപയോഗിക്കുന്നവരെയും ഒക്കെ പാപികളായി പുച്ഛത്തോടെ നോക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് റോമര്‍ രണ്ടാമദ്ധ്യായം.

ക്രൈസ്തവ സഭകളൊക്കെ ഇത്തരക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. സമുദായങ്ങളില്‍ നിന്നും എത്രയധികം അവര്‍ വേര്‍പെട്ടു എന്നവകാശപ്പെടുന്നുവോ അത്രയധികം പരീശത്വവും അവരില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഉപദേശം എത്രയധികം ശുദ്ധമാകുന്നുവോ അത്രയധികം പരീശത്വവും കൂടുന്നു. കാരണം കാപട്യത്തിന്റെ മറ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു എന്നതുതന്നെ. മറ്റു വിഭാഗങ്ങളെക്കാള്‍ അധികം നല്ല ക്രിസ്ത്യാനിയാണ് നിങ്ങള്‍ എന്നു കരുതുന്നു എങ്കില്‍ ക്രിസ്തുതുല്യമായ സ്വഭാവം നിങ്ങളുടെ ജീവിതത്തില്‍ അധികം വെളിപ്പെടുത്തുവാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ട്. അത്തരം നിര്‍ജ്ജീവ വിഭാഗങ്ങളിലൊന്നില്‍ നിങ്ങളെക്കാള്‍ ക്രിസ്തു തുല്യമായ ജീവിതം നയിക്കുന്ന ഒരു ക്രിസ്ത്യാനിയെ നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ലജ്ജയോടെ തലകുമ്പിട്ടുകൊണ്ട് ദൈവത്തോട് ഇപ്രകാരം പറയുക: ”കര്‍ത്താവേ, മെച്ചപ്പെട്ട ഉപദേശം കൊണ്ട് എന്റെ ജീവിതത്തെ മെച്ചപ്പെടുത്താമെന്ന അബദ്ധ ധാരണയാല്‍ ഞാന്‍ വഞ്ചിക്കപ്പെട്ടു പോകുവാനിടയാകരുതേ.”

”ആകയാല്‍ നാം എന്തു പറയേണ്ടു? നാം അവരെക്കാള്‍ മെച്ചമാണോ? ഒരിക്കലുമല്ല. എല്ലാവരും പാപത്തിന്‍ കീഴാകുന്നു”(3:9).

നിങ്ങള്‍ ദൈവത്തെയാണ് അന്വേഷിക്കുന്നതെന്നു കരുതുന്നുവോ? 3:11-ല്‍ നാം വായിക്കുന്നു. ”ദൈവത്തെ അന്വേഷിക്കുന്നവന്‍ ആരുമില്ല.” എന്നാല്‍ നിങ്ങള്‍ പറയുന്നു: ”അതു സത്യമല്ല, ഞാന്‍ ദൈവത്തെയാണല്ലോ അന്വേഷിക്കുന്നത്.” അങ്ങനെയെങ്കില്‍ ഇതു ശ്രദ്ധിക്കുക. ‘ദൈവം സത്യവാന്‍. സകലമനുഷ്യരും ഭോഷ്‌ക്കു പറയുന്നു'(3:4). തന്നെയല്ല ആരും യഥാര്‍ത്ഥത്തില്‍ വേണ്ടതല്ല അന്വേഷിക്കുന്നതെന്നാണ് ദൈവം പറയുന്നതെന്നാണ് ഞാന്‍ കരുതുന്നത്. അവിടുന്ന് ആദ്യം നമ്മെ അന്വേഷിക്കുകയും നാം അവിടുത്തെ അന്വേഷിക്കാനുള്ള ആഗ്രഹം നമ്മില്‍ വയ്ക്കുകയും ചെയ്യുന്നു. ഇന്നു നമുക്ക് അവിടുത്തെക്കുറിച്ചുള്ള എല്ലാ അറിവും ലഭ്യമായത് അവിടുന്നു നമ്മുടെ മേല്‍ ചൊരിഞ്ഞ ഈ കരുണകൊണ്ടാണ്. അല്ലാതെ നാം അവിടുത്തെ അന്വേഷിച്ചതുകൊണ്ടല്ല. നമ്മിലാരും തന്നെ മറ്റു മനുഷ്യരേക്കാള്‍ മെച്ചപ്പെട്ടവരോ ഉന്നതരോ അല്ല. ഇന്നു നമുക്കുള്ളതെല്ലാം കൃപയാലാണ് — ആരംഭം മുതല്‍ അവസാനം വരെ എല്ലാം. ഇതു നാം ഗ്രഹിച്ചിട്ടില്ലെങ്കില്‍ സുവിശേഷമെന്തെന്നു നാം ഗ്രഹിച്ചിട്ടില്ല എന്നതാണ് സത്യം. സുവിശേഷമെന്തെന്നു ഗ്രഹിച്ചിട്ടുള്ള ഒരുവനും ആത്മീയമായി നിഗളിക്കാന്‍ കഴിയില്ല. നാം മറ്റാരെയെങ്കിലും നമ്മെക്കാള്‍ ചെറിയവരായി കാണുന്നു എങ്കില്‍ കൃപയെന്തെന്നു നമുക്കു ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടില്ല. വീണ്ടും ജനിച്ച അധികം ക്രിസ്ത്യാനികള്‍ക്കും സുവിശേഷം എന്തെന്നു വ്യക്തമായി ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടില്ല — കാരണം അവര്‍ മറ്റുള്ളവരെ തങ്ങളേക്കാള്‍ ചെറിയവരായി കാണുന്നു. സുവിശേഷം പൂര്‍ണ്ണമായും ഗ്രഹിച്ച ഒരുവന്‍ തന്റെ മുഖത്തെ എന്നും പൊടിയില്‍ തന്നെ താഴ്ത്തി വയ്ക്കും. ഒട്ടേറെ വിശ്വാസികളും കൃപയെക്കുറിച്ചു വാചാലമായി സംസാരിക്കുമെങ്കിലും കൃപയെന്തെന്നു യഥാര്‍ത്ഥമായി അറിഞ്ഞിട്ടില്ല. തങ്ങളുടെ രക്ഷയ്ക്കുവേണ്ടി തങ്ങള്‍ എന്തോ ചെയ്തു എന്ന് തങ്ങളുടെ ഉള്ളിന്റെയുള്ളില്‍ അവര്‍ കരുതുന്നു. സുവിശേഷം പൂര്‍ണ്ണമായും അനുഭവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങള്‍ ഇക്കാര്യം ദൈവത്തോടു സമ്മതിച്ചേറ്റുപറയുക: ”കര്‍ത്താവേ, ഞാന്‍ നീതിമാനല്ല. ആത്മീയ സത്യങ്ങളൊന്നും ഗ്രഹിക്കാന്‍ എനിക്കു കഴിവില്ല.ഞാന്‍ സ്വയം അങ്ങയെ അന്വേഷിച്ചതല്ല.ഞാന്‍ അങ്ങയില്‍ നിന്നും അകന്ന് പാഴായിപ്പോയി. എന്റെ ജീവിതത്തില്‍ നിന്നും ഒരു നന്മയും ഉണ്ടായിട്ടില്ല. എന്റെ തൊണ്ട തുറന്ന ഒരു ശവക്കുഴി തന്നെ. എന്റെ വായില്‍ നിന്നു കയ്പും ശാപവും മാത്രമേ ഉണ്ടായിട്ടുള്ളു. സമാധാനത്തിന്റെ വഴി ഞാന്‍ അറിഞ്ഞിട്ടില്ല”(3:10-18). ഈ വസ്തുതകള്‍ അഭക്തരായ പാപികളെ സംബന്ധിച്ചും (ഉദാ: മുടിയനായ പുത്രന്‍ – ലൂക്കൊ. 15:11-24) മതഭക്തരായ പാപികളെ സംബന്ധിച്ചും (ജ്യേഷ്ഠസഹോദരന്‍ – ലൂക്കൊ. 15:25-32) ഒരു പോലെ സത്യമാണ്. അതുകൊണ്ട് ദൈവസന്നിധിയില്‍ ഏതു വായും അടയും. കാരണം എല്ലാവരും ഒരുപോലെ കുറ്റക്കാരായിത്തീര്‍ന്നു (3:19).

അനേക വര്‍ഷങ്ങളായി തങ്ങള്‍ക്ക് അംഗീകരിച്ചുതരുവാന്‍ വളരെ വിഷമമുള്ള ഒരു കാര്യം വിശ്വാസികള്‍ക്കു ബോദ്ധ്യം വരുത്തുവാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു-തങ്ങള്‍ പാഴും പ്രയോജന ശൂന്യരുമായ പാപികളാണ് എന്ന കാര്യം. പൂര്‍ണ്ണ രക്ഷ അനുഭവിക്കാന്‍ പ്രാഥമികമായി നാം ചവിട്ടേണ്ട പടിയും ഇതു തന്നെ എന്നു ഞാന്‍ എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും പഠിച്ചിരിക്കുന്നു. അല്ലെങ്കില്‍ നാം എല്ലാവരും തന്നെ സ്വയം നീതിമാന്മാരായ പരീശന്മാരായിത്തീരും. ആദാമ്യ സ്വഭാവത്താല്‍ നമ്മിലേക്കു സ്വഭാവികമായി വന്ന നമ്മുടെ ജഡത്തിന്റെ കറയും ദ്രവത്വവും കാണാത്തതുമൂലം ആത്മീയ വളര്‍ച്ച മുരടിച്ചുപോയ അനേകം വിശ്വാസികളെ കഴിഞ്ഞനാളുകളില്‍ ഞാന്‍ കണ്ടിരിക്കുന്നു. റോമാ ലേഖനത്തിന്റെ ആദ്യ മൂന്ന് അദ്ധ്യായങ്ങളിലൂടെ പൗലൊസ് ഇങ്ങനെയാണ് സുവിശേഷത്തിന് അടിസ്ഥാനമിട്ടിരിക്കുന്നത്. ഈ സത്യം ഊന്നിപ്പറയുവാന്‍ പൗലൊസ് മൂന്ന് നീണ്ട അദ്ധ്യായങ്ങള്‍ തന്നെ ചെലവഴിച്ചു. അതുകൊണ്ട് ഞാനും എന്റെ ശുശ്രൂഷയില്‍ ഈ സത്യം വിശ്വാസികളോട് ആവര്‍ത്തിച്ചു പറയുവാന്‍ തീരുമാനിച്ചു. ഈ സത്യം കൂടുതല്‍ വ്യക്തമാകുന്നതിലൂടെ മാത്രമേ താഴ്മയും ക്രിസ്തു സ്വഭാവവും നമ്മില്‍ അധികമായി വളരുകയുള്ളു.

തന്റെ കാലഘട്ടത്തില്‍ ഭൂമിയിലെ ഏറ്റവും വിശുദ്ധനായ വ്യക്തിയായിരുന്നു പൗലൊസ്. ദൈവത്തിന്റെ മുമ്പില്‍ തന്റെ ജീവിതകാലമത്രയും ഒരു നല്ല മനസ്സാക്ഷിയോടെ ജീവിച്ചു (അ.പ്ര: 23:1). ന്യായപ്രമാണപ്രകാരവും കുറ്റമില്ലാത്തവനായിരുന്നു (ഫിലി. 3:6). എങ്കിലും താന്‍ തന്നെത്തന്നെ ”പാപിയില്‍ പ്രധാനിയായി” പരിഗണിച്ചിരുന്നു (1 തിമൊ. 1:15). അതിന്റെ കാരണം താന്‍ ദൈവത്തിന്റെ വിശുദ്ധിയെ കണ്ടിരുന്നു എന്നതാണ്. നാം ദൈവമുഖത്തിനു മുന്നില്‍ ജീവിക്കുകയാണെങ്കില്‍ അക്കാര്യം നമുക്കും നമ്മുടെ ജീവിതത്തിലുടനീളം കാണുവാന്‍ കഴിയും. എന്നാല്‍ നമുക്ക് എല്ലായ്‌പ്പോഴും ആ ബോധത്തില്‍ ജീവിക്കുവാന്‍ കഴികയില്ല. നാം അധൈര്യപ്പെട്ടു പോകും. എന്നാല്‍ ദൈവം ഇടയ്ക്കിടെ തന്റെ തേജസ്സും മഹത്വവും തന്റെ മക്കളെ കാട്ടിക്കൊടുത്തുകൊണ്ട് തങ്ങളുടെ വെറുമയും സ്വാര്‍ത്ഥതയും നിഗളവും ഒക്കെ അവര്‍ക്കു ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കും. ഇക്കാര്യം ഒരിക്കല്‍ പോലും നിങ്ങള്‍ക്കു ബോദ്ധ്യപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ ദൈവത്തെ അറിഞ്ഞിട്ടുണ്ടോ എന്ന കാര്യം ഗൗരവമായി ചിന്തിക്കേണ്ടതത്രേ. നിങ്ങള്‍ ഒരു പക്ഷേ ക്രിസ്തീയ ഉപദേശങ്ങള്‍ മാത്രമേ ഗ്രഹിച്ചിട്ടുണ്ടാവൂ. ദൈവത്തെ അറിഞ്ഞിട്ടുണ്ടാവില്ല.

ഒരു ധൂര്‍ത്ത പുത്രനെ വളരെ എളുപ്പത്തില്‍ നമുക്ക് ഈ സത്യം ഗ്രഹിപ്പിക്കാന്‍ കഴിയും. ജ്യേഷ്ഠ സഹോദരനെ ഗ്രഹിപ്പിക്കുക പ്രയാസമാണ്-പഴയ കെട്ടിടം ഇടിച്ചുകളഞ്ഞിട്ട് പുതിയതൊന്നു പണിയുന്നതിനേക്കാള്‍ തരിശു നിലത്ത് ഒരു കെട്ടിടം പണിയുന്നത് എളുപ്പമായിരിക്കുന്നതുപോലെ. പ്രശംസിക്കുവാന്‍ സ്വയമായി നീതി ഒന്നുമില്ലാത്ത ഒരുവനെപ്പോലെയാണ് തരിശായികിടക്കുന്ന ഒരു സ്ഥലം. ഒരു നല്ല കുടുംബത്തില്‍ ജനിച്ച് നല്ല ഒരു ജീവിതത്തിനുടമയായിരുന്ന് ക്രിസ്തുവിങ്കലേക്കു വരുന്ന ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഇടിച്ചു കളയേണ്ട ധാരാളം പ്രശംസകളുണ്ടാകും. സ്വന്തനീതിയുടെയും നന്മകളുടെയും പ്രശംസകള്‍. അവയെ ഇടിച്ചു കളയാതെ കര്‍ത്താവിന് മൂല്യമുള്ളതൊന്നും അതില്‍ പണിയുവാന്‍ കഴിയില്ല. അതുകൊണ്ടാണ് യേശു ഭൂമിയിലായിരുന്നപ്പോള്‍ പാപികള്‍ ധാരാളമായി തന്റെ അടുക്കലേക്കുവന്നതും പരീശന്മാര്‍ തന്നില്‍ നിന്നകന്നു പോയതും. സ്വയനീതിക്കാരുടെ നിഗളത്തെയും പ്രശംസയെയും ഇടിച്ചുകളയുവാന്‍ ഡയനാമിറ്റും ബുള്‍ഡോസറും ഉപയോഗിച്ച് വലിയ കൂറ്റന്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്നതുപോലെ തകര്‍ക്കേണ്ടി വരും. വളരെ സമയമെടുത്തു ചെയ്യേണ്ട ഒരു ജോലിയാണത്. പല വിശ്വാസികളും ഈ ഇടിച്ചുകളയലിനെ പ്രതിരോധിക്കും. അതുകൊണ്ടാണ് അങ്ങനെയുള്ളവരില്‍ പഴയതു ധാരാളമായി തുടര്‍ന്നും നില്ക്കുന്നത്. അവര്‍ക്ക് തങ്ങളുടെ ആത്മീയ ജീവിതത്തിലുടനീളം പ്രശ്‌നങ്ങളുണ്ടായിക്കൊണ്ടിരിക്കും.


ഒരു നല്ല ജീവിതത്തിനുടമയായിരുന്ന എല്ലാവരോടും ഞാന്‍ പറയുന്നത്: ഇടിച്ചു കളയലിന്റേതായ ഒരു ശരിയായ പ്രവൃത്തി ദൈവം നിങ്ങളുെട ജീവിതത്തില്‍ ചെയ്യുവാനനുവദിക്കുക. മതഭക്തിയും നിഗളവുമൊക്കെ ഇല്ലാതെയാകട്ടെ. എങ്കില്‍ മാത്രമേ സുവിശേഷത്തിന്റെ പൂര്‍ണ്ണ ശക്തി നിങ്ങള്‍ക്കനുഭവവേദ്യമാകൂ. നിങ്ങള്‍ പോയി പാപം ചെയ്യണമെന്നല്ല ഞാനീ പറയുന്നതിന്നര്‍ത്ഥം. ഒരിക്കലും അങ്ങനെയല്ല. ദൈവ സന്നിധിയിലേക്കു നിങ്ങള്‍ വരണമെന്നത്രേ.

തന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഏറ്റവും വിശുദ്ധനായ വ്യക്തിയായിരുന്നിരിക്കാം യെശയ്യാവ്. പക്ഷേ ദൈവതേജസ്സ് കണ്ടപ്പോള്‍ താന്‍ ഏറ്റവും അശുദ്ധനായ വ്യക്തിയാണെന്ന് അവന്‍ ഗ്രഹിച്ചു (യെശ. 6:5). ഒന്നാം നൂറ്റാണ്ടിന്റെ ഒടുവിലേക്കു വരുമ്പോള്‍ ഏറ്റവും വിശുദ്ധനായ വ്യക്തി ആയിരുന്നു യോഹന്നാന്‍ അപ്പൊസ്തലന്‍. എന്നാല്‍ കര്‍ത്താവിന്റെ തേജസ്സു കണ്ട താന്‍ മരിച്ചവനെപ്പോലെ അവിടുത്തെ കാല്‍ക്കല്‍ വീണു. രക്ഷയുടെ പൂര്‍ണ്ണമഹത്വമെന്തെന്ന് അധികം വിശ്വാസികളും കണ്ടിട്ടില്ല. കാരണം റോമാ ലേഖനത്തിന്റെ ആദ്യ മൂന്നദ്ധ്യായങ്ങളും തങ്ങളുടെ ജീവിതത്തിലേക്ക് അവര്‍ കൊണ്ടുവന്നിട്ടില്ല. അവ അവിശ്വാസികള്‍ക്കുള്ള വചനമായിട്ടാണ് അവര്‍ കണ്ടിരിക്കുന്നത്. എന്നാല്‍ ഇത് സുവിശേഷത്തിന് അവശ്യമായ അടിസ്ഥാനമാണ്.

റോമാ ലേഖനം ഒന്നാമദ്ധ്യായം വായിക്കുമ്പോള്‍ നിങ്ങള്‍ക്കു തോന്നും അവിടെ വിവരിച്ചിരിക്കുന്ന ആളുകളെപ്പോലെ അധഃപതിച്ച ഒരു വ്യക്തിയൊന്നുമല്ല നിങ്ങളെന്ന്. മുടിയനായ പുത്രന്റെ കഥയിലെ ജ്യേഷ്ഠ സഹോദരനും എല്ലാം നശിപ്പിച്ച തന്റെ അനുജനോടുള്ള താരതമ്യത്തില്‍ തന്നെക്കുറിച്ചു തോന്നിയതങ്ങനെയാണ്. അതുകൊണ്ടാണ് അവനു തന്റെ പിതാവിന്റെ വലതുഭാഗത്ത് ഇരിക്കാന്‍ കഴിയാതെ പോയത്. അതുകൊണ്ടാണ് പരിശുദ്ധാത്മശക്തിയും നിറവും ജീവന്റെ പുതുമയും നിങ്ങള്‍ക്കില്ലാത്തത്. എന്തുകൊണ്ടാണ് നിങ്ങള്‍ക്കീ വരണ്ട അനുഭവം? നിങ്ങളുടെ സ്വയനീതിയെ ഇടിച്ചു കളയുവാന്‍ നിങ്ങള്‍ പരിശുദ്ധാത്മാവില്‍ ആശ്രയിച്ചിട്ടില്ലാത്തതുകൊണ്ടു തന്നെ. നിങ്ങളുടെ നീതി പ്രവൃത്തികളൊക്കെ ദൈവദൃഷ്ടിയില്‍ കറപുരണ്ട തുണിയാണെന്നു നിങ്ങള്‍ കണ്ടിട്ടില്ലാത്തതുകൊണ്ടു തന്നെ. നിങ്ങളില്‍ ഒരു ഇടിച്ചു നിരത്തലിന്റെ വേല ചെയ്‌വാന്‍ നിങ്ങള്‍ ദൈവത്തെ അനുവദിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ഈ വരള്‍ച്ചയും ശൂന്യതയും നിലനില്ക്കും. കഴിഞ്ഞ 30 വര്‍ഷങ്ങളായി ഞാനിത് പ്രസംഗിക്കുന്നു എങ്കിലും ഈ നിലയിലേക്കു എത്താത്ത പലരും ഞങ്ങളുടെ സഭയില്‍ ഇന്നുമുണ്ട്. നോക്കുക, സ്വയനീതിയെ ഇടിച്ചുകളയുവാന്‍ ദൈവത്തിന് എത്ര പ്രയാസമാണ്!


പാപത്തിന്റെ വ്യക്തമായ നിര്‍വചനം


ഈ പറഞ്ഞുവന്നതിന്റെയൊക്കെ സാരാംശം നാം മൂന്നാമദ്ധ്യായം 23-ാം വാക്യത്തില്‍ കണ്ടെത്തുന്നു. ”എല്ലാവരും പാപം ചെയ്ത് ഒരുപോലെ ദൈവതേജസ്സില്ലാത്തവരായിത്തീര്‍ന്നു.” ദൈവമില്ലാത്ത പാപികളും മതഭക്തരും ഒരുപോലെ കുറ്റക്കാരായിത്തീര്‍ന്നിരിക്കുന്നു. ആരും മറ്റൊരുവനെക്കാള്‍ മെച്ചമല്ല.

പാപത്തിന്റെ ഏറ്റവും വ്യക്തമായ വിശദീകരണം എന്തായിരിക്കും? 1 യോഹ. 3:4-ല്‍ പറയുന്നു: ”എല്ലാ അധര്‍മ്മവും (നിയമലംഘനം) പാപംതന്നെ”യെന്ന്. ഇത് പ്രവൃത്തികളാല്‍ വെളിപ്പെടുന്ന പാപത്തെക്കുറിച്ചു പറയുന്നതാണ്. യാക്കോബ് 4:17-ല്‍ ഇങ്ങനെ പറയുന്നു: ”നന്മ ചെയ്‌വാനറിഞ്ഞിട്ടും ചെയ്യാത്തവന് അതു പാപം തന്നെ” എന്ന്. ഇത് അവഗണന അല്ലെങ്കില്‍ ഉപേക്ഷണം എന്ന പാപമാണ്. എന്നാല്‍ പാപത്തെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ വിശദീകരണം നാം കാണുന്നത് ഇവിടെ റോമര്‍ 3:23 ലാണ്. പാപം എന്നാല്‍ ”ദൈവതേജസ്സില്ലാതാവുക” എന്നാണ്. അതു പത്തു കല്പനകളുടെ ലംഘനമല്ല. ഗിരിപ്രഭാഷണത്തില്‍ യേശു വച്ച നിലവാരത്തിന്റെ ഒപ്പം വരാത്തതുമല്ല (മത്താ. 5-7). അത് അതിലൊക്കെ ഉന്നതമാണ്. ദൈവതേജസ്സ് ഇല്ലാതാകുന്നതാണ്.
എന്താണ് ദൈവതേജസ്സ്? ”വചനം ജഡമായിത്തീര്‍ന്നു. കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്നുള്ള ഏകജാതനായവന്റെ തേജസ്സായി കണ്ടു”(യോഹ. 1:14). യേശുവിന്റെ ജീവിതത്തിലാണ് ദൈവതേജസ്സ് എന്തെന്നു കണ്ടത്. അങ്ങനെ നാം ഈ രണ്ടു വാക്യങ്ങളെയും ചേര്‍ത്തു (യോഹ 1:14, റോമ. 3:23) വായിക്കുമ്പോള്‍ ക്രിസ്തു തുല്യമല്ലാത്തതെല്ലാം പാപമാണ് എന്നു നാം കണ്ടെത്തുന്നു. അങ്ങനെ വരുമ്പോള്‍ പാപമില്ലാത്തവര്‍ ആരാണ്? ആരുമില്ല. കാരണം ആരും പൂര്‍ണ്ണമായും യേശുവിനെപ്പോലെ ആയിട്ടില്ല.

പാപത്തെ വളരെ താഴ്ന്ന പടിയില്‍ നിര്‍വചിക്കുന്നവരാണ് തങ്ങള്‍ പാപത്തില്‍ നിന്നു സ്വാതന്ത്ര്യം പ്രാപിച്ചു എന്നു സ്വയം സങ്കല്പിക്കുന്നത്. ദൈവരാജ്യത്തിലേക്കുളള പാസ്മാര്‍ക്ക് 40 ശതമാനമല്ല 100 ശതമാനമാണ്. ക്രിസ്തുതുല്യമല്ലാത്തതെന്തും പാപമാണ്. ചില വിശ്വാസികള്‍ തങ്ങള്‍ മറ്റുളളവരുടെയത്ര മോശമല്ല എന്നു കരുതുന്നവരാണ്. എന്നാലത് ഒരു ശതമാനം മാര്‍ക്കു വാങ്ങുന്നവനോട് രണ്ടു ശതമാനക്കാരന്‍ സ്വയം താരതമ്യം ചെയ്യുന്നതുപോലെ മാത്രമാണ്. യാഥാര്‍ത്ഥ്യമെന്താണ്? രണ്ടുപേരും പരാജിതരാണ് എന്നതത്രേ. 99% മാര്‍ക്കു വാങ്ങിയിട്ടുണ്ട് താങ്കളെങ്കിലും ദൈവരാജ്യത്തില്‍ താങ്കള്‍ 0% മാര്‍ക്കു വാങ്ങിയ ഒരുവനെക്കാള്‍ വിശേഷതയുളളവനല്ല. ഒരുവന്‍ ദൈവത്തിന്റെ ന്യായപ്രമാണം മുഴുവന്‍ അനുസരിച്ചാലും ഒരു ചെറിയ പിഴ അവനെ മുഴുവന്‍ പ്രമാണവും തെറ്റിച്ചവനെപ്പോലെ കുറ്റക്കാരനാക്കിത്തീര്‍ക്കുന്നു (യാക്കോ.2:10 ലിവിങ്). ആയിരക്കണക്കിനു ക്രിസ്ത്യാനികളെ എനിക്കറിയാം. അവരുടെ പൊതുവായ പ്രശ്‌നം തങ്ങള്‍ ദൈവദൃഷ്ടിയില്‍ മലിനരും പ്രയോജനശൂന്യരുമായ പാപികളാണെന്ന യാഥാര്‍ത്ഥ്യം അവര്‍ ഗ്രഹിച്ചിട്ടില്ല എന്നതത്രേ. തങ്ങള്‍ പാപികളാണെന്ന് അവര്‍ ഏറ്റു പറയുന്നുണ്ടെങ്കിലും മറ്റുളളവരുടെയത്രത്തോളം പാപികളല്ല എന്നാണവര്‍ ചിന്തിക്കുന്നത്. ഇതു തങ്ങളുടെ ജീവിതത്തില്‍ പൂര്‍ണ്ണരക്ഷ അനുഭവവേദ്യമാക്കുന്ന പരിശുദ്ധാത്മാവിന്റെ പൂര്‍ണ്ണ ശക്തി ആസ്വദിക്കുന്നതില്‍ നിന്ന് അവരെ തടയുന്നു.

അധികം ആളുകളും ന്യായവിധിയെ ഭയന്ന് പാപത്തെ ഒഴിവാക്കുന്നവരാണ്. എന്നാല്‍ ഒരുവന്‍ പാപം ചെയ്യുന്നതു കാണുമ്പോള്‍ ദൈവം ചിന്തിക്കുന്നത് അവന്‍ നഷ്ടമാക്കുന്ന തേജസ്സിനെക്കുറിച്ചാണ്. ഏതെങ്കിലും ഒരു പാപം നിങ്ങള്‍ കൂടെക്കൂട്ടുമ്പോള്‍ നിത്യതയില്‍ അത്രയും തേജസ്സ് നിങ്ങള്‍ക്കു നഷ്ടമാകും. ദൈവം എങ്ങനെയാണ് നമ്മെ നീതികരിക്കുന്നത്? നമുക്കു നമ്മെ നീതിമാന്മാരാക്കുവാന്‍ കഴിയുകയില്ല. അതുകൊണ്ടു ദൈവം നമ്മെ സൗജന്യമായി നീതീകരിക്കുന്നു (3:24). നമ്മുടെ പാപങ്ങള്‍ ക്രിസ്തുവിന്റെ രക്തത്താല്‍ സൗജന്യമായി ക്ഷമിക്കപ്പെടുന്നു (3:25). നാം സൗജന്യമായി നീതികരിക്കപ്പെടുന്നു. നമുക്കു പരിശുദ്ധാത്മാവിനെ സൗജന്യമായി ലഭിക്കുന്നു. ദൈവം തന്റെ പ്രമാണം നമ്മുടെ മനസ്സിലും ഹൃദയത്തിലും സൗജന്യമായി എഴുതുന്നു (എബ്രാ. 8:10). എന്നിരുന്നാലും അധികം വിശ്വാസികളും കരുതുന്നത് ഇതൊക്കെ തങ്ങളുടെ വിശ്വസ്തത കാരണമായി ലഭിച്ചു എന്നാണ്. എന്തുകൊണ്ടാണങ്ങനെ? കാരണം അവര്‍ സുവിശേഷത്തിന്റെ രണ്ടാം ഭാഗം ഗ്രഹിച്ചിട്ടില്ല എന്നതുതന്നെ.

സുവിശേഷത്തിന്റെ ഒന്നാം ഭാഗം നിങ്ങള്‍ ഹീനനും പ്രയോജനശൂന്യനും മലിനനുമായി ലോകത്തില്‍ കാണുന്ന മറ്റേതൊരു പാപിയെക്കാളും ഒട്ടും മെച്ചമല്ലെന്ന കാര്യം നിങ്ങള്‍ തിരിച്ചറിയുക എന്നതാണ്. സുവിശേഷത്തിന്റെ രണ്ടാം ഭാഗം ദൈവത്തില്‍ നിന്നു നമുക്കു ലഭിക്കുന്നതെല്ലാം തികച്ചും സൗജന്യമാണെന്നതാണ്.ദാനമായിട്ടല്ലാതെ ഇന്നു നിങ്ങള്‍ക്കെന്താണ് ലഭിച്ചത്? നിങ്ങളുടെ ബുദ്ധിയും ആരോഗ്യവും ദൈവം സൗജന്യമായി നിങ്ങള്‍ക്കു നല്‍കിയതാണ്. അതിലുപരി ആത്മീയവരങ്ങളും. തങ്ങള്‍ക്കു ലഭിച്ച പരിശുദ്ധാത്മ സ്‌നാനത്തെക്കുറിച്ചു പൊങ്ങച്ചം പറയുന്നവര്‍ ഒരിക്കലും ക്രിസ്തുവിലെ ജീവന്റെ പൂര്‍ണ്ണത അനുഭവിക്കയില്ല. കാരണം ദൈവം നിഗളികളോട് എതിര്‍ത്തുനില്‍ക്കുന്നു (1 പത്രൊ. 5:5). പകരമായി നന്ദി നിറഞ്ഞ ഹൃദയത്തോടെ താഴ്മയില്‍ നടക്കുകയാണു വേണ്ടത്.

പൗലൊസ് പറയുന്ന അടിസ്ഥാനപരമായ രണ്ടു പ്രമാണങ്ങള്‍ ഇവയത്രേ. ഇവ്വിധം നിങ്ങള്‍ സുവിശേഷം ഗ്രഹിച്ചിട്ടില്ലെങ്കില്‍ യഥാര്‍ത്ഥ സത്യം നിങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കുവാന്‍ വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. കര്‍ത്താവിനോടു ഇപ്രകാരം പറയുക. ”കര്‍ത്താവേ, ഞാന്‍ ആരെക്കാളും മെച്ചപ്പെട്ടവനല്ല. നിന്റെ രക്ഷ പൂര്‍ണ്ണമായും സൗജന്യമാണ്.”


നീതീകരണം


അടുത്തതായി നാം പഠിക്കാനാഗ്രഹിക്കുന്നതു നീതീകരണത്തെക്കുറിച്ചാണ്. നീതികരിക്കുക എന്നാല്‍ ദൈവം നമ്മെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നു എന്നാണ്. നാലാമദ്ധ്യായം മുഴുവനായും ഈ ഒരു വിഷയത്തില്‍ത്തന്നെ പരിശുദ്ധാത്മാവു കേന്ദ്രീകരിച്ചരിക്കുന്നു. നീതീകരണത്തെ മനസ്സിലാക്കാന്‍ ഞാനൊരു ഉദാഹരണം പറയട്ടെ. പത്രമാസികകളുടെയോ പുസ്തകങ്ങളുടെയോ താളുകളെ ക്രമപ്പെടുത്തുന്ന കംപ്യൂട്ടറിലെ വേഡ് പ്രോസസിംഗ് പ്രോഗ്രാമില്‍ ജസ്റ്റിഫൈ എന്നൊരു ആജ്ഞയുണ്ട്. സാധാരണ രീതിയില്‍ നാം ടൈപ്പു ചെയ്യുമ്പോള്‍ വരികളുടെ നീളം ഏറിയും കുറഞ്ഞും പേജിന്റെ വലത്തെ മാര്‍ജിന്‍ നേര്‍ രേഖയിലവസാനിക്കുന്നില്ലെന്നു കാണാം. അതേ സമയം ഇടത്തെ മാര്‍ജിന്‍ എപ്പോഴും നേര്‍ രേഖയിലായിരിക്കും. ഈ വലത്തെ മാര്‍ജിന്‍ നേര്‍രേഖയിലായിരിക്കാനുളള കംപ്യൂട്ടറിലെ സംവിധാനമാണ് ജസ്റ്റിഫൈ എന്ന കമാന്‍ഡ്. ജസ്റ്റിഫൈ എന്ന കമാന്‍ഡില്‍ ക്ലിക്കു ചെയ്യുമ്പോള്‍ നാം തയ്യാറാക്കുന്ന പേജിലെ വരികളെ കംപ്യൂട്ടര്‍ ക്രമപ്പെടുത്തി വലത്തേ മാര്‍ജിന്‍ പൊടുന്നവെ തന്നെ നേര്‍ രേഖയിലാകുന്നു. ഇതു നീതീകരണത്തിന് നല്ല ഒരു ഉദാഹരണമാണ്. നമ്മുടെ ജീവിതത്തിലെ ഓരോ ചെയ്തികളും ഓരോ ദിനങ്ങളും പല തരത്തിലുമുളള ക്രമക്കേടുകള്‍ നിറഞ്ഞതാണ്. എന്നാല്‍ നാം ക്രിസ്തുവിലാകുമ്പോള്‍ ഈ ചെയ്തികളെ ഒക്കെയും ഹൈലൈറ്റ് ചെയ്തു ദൈവം ജസ്റ്റിഫൈ എന്ന കമാന്‍ഡില്‍ ക്ലിക്ക് ചെയ്യുന്നു. അതോടെ ക്രമമില്ലാതിരുന്ന ഓരോ വരിയും ക്രമത്തിലായിത്തീരുന്നു. നമ്മുടെ പ്രായം പത്താണോ അന്‍പതാണോ എന്നതു പ്രസക്തമല്ല, നാം ക്രമമുളളവരായി, നീതിമാന്മാരായിത്തീരുന്നു. ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തിലേക്കു നോക്കി അത് ഒരിക്കല്‍ ക്രമമില്ലാത്ത അനീതി നിറഞ്ഞതായിരുന്നു എന്നു വിശ്വസിക്കാന്‍ പ്രയാസമായിത്തീരുന്നു. നീതീകരിക്കപ്പെടുന്നത് എത്ര മനോഹരമായ വിസ്മയകരമായ കാര്യമാണ്. കാരണം ഞാന്‍ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തവനെപ്പോലെ ആയിത്തീരുകയാണത്. നാം ക്രിസ്തുവിലാകുമ്പോള്‍ ദൈവം നമ്മെ അങ്ങനെയാണ് കാണുക. നമ്മുടെ പാപങ്ങള്‍ ഒപ്പു കടലാസ്സിലെന്നപോലെ ഒപ്പിയെടുത്തു യേശുവിനെ സ്വീകരിച്ചതുപോലെ നമ്മെയും സ്വീകരിക്കുന്നു.

വിശ്വാസത്താലാണ് നീതീകരണം സംഭവിക്കുന്നത്. അതുകൊണ്ടാണ് നാലാമദ്ധ്യായത്തില്‍ പൗലൊസ് അബ്രാഹാമിന്റെ ദൃഷ്ടാന്തം പറയുന്നത്. അബ്രഹാമിന് എങ്ങനെയാണ് ഒരു പുത്രന്‍ ജനിച്ചത്? തന്റെ അര്‍ഹത കാരണമായിട്ടാണോ? താന്‍ അതിനുവേണ്ടി അദ്ധ്വാനിച്ചിട്ടാണോ? അല്ല. അനേക വര്‍ഷങ്ങള്‍ അവന്‍ ഒരു പുത്രനുവേണ്ടി ആഗ്രഹിച്ചു. പക്ഷേ കാത്തിരിപ്പു വൃഥാവായിക്കൊണ്ടിരുന്നു. എന്നാല്‍ ഒടുവില്‍ ദൈവം ദാനമായിത്തന്നു എന്നു മാത്രം പറയാന്‍ കഴിയുന്ന ഒരു സമയത്ത് ഒരു മകനെ ലഭിച്ചു. നീതീകരണവും ഇപ്രകാരം തന്നെയാണ്. അതു തികെച്ചും സൗജന്യമാണ്, ദാനമാണ്.

‘വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടിട്ടു നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്'(5:1). നാം നീതീകരിക്കപ്പെട്ടിരിക്കുന്നു എന്ന് ഒരിക്കല്‍ കണ്ടെത്തുന്നതോടെ നാം ഒരു അത്ഭുതകരമായ പുതിയ ലോകത്തിലായിത്തീരുന്നു. ദൈവത്തോടു പൂര്‍ണ്ണമായും സമാധാനത്തിലായ ഒരു ജീവിതം.
നാം നില്‍ക്കുന്ന ഈ കൃപയിലേക്കു നമുക്ക് അവന്‍ മൂലം വിശ്വാസത്താല്‍ പ്രവേശനം ലഭിച്ചിരിക്കയാല്‍ നാം ദൈവതേജസ്സിന്റെ പ്രത്യാശയില്‍ പ്രശംസിക്കുന്നു (5:2). ഒരിക്കല്‍ നമുക്കു നഷ്ടം സംഭവിച്ച ആ തേജസ്സ് (3:23) ഇതാ നമ്മുടെ ഭാഗമായിത്തീര്‍ന്നു കൊണ്ട് അനുദിനം നമ്മില്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇതിലും നമുക്കു പ്രശംസിക്കാനൊന്നുമില്ല. കാരണം അതും ദാനം തന്നെ, നമുക്ക് അഹങ്കരിക്കാനൊന്നുമില്ല.

ഇത് ഒരു ദൃഷ്ടാന്തത്തിലൂടെ നമുക്കു മനസ്സിലാക്കാന്‍ ശ്രമിക്കാം. പ്രശസ്തനായ ഒരു പാചകക്കാരന്‍ പാചകം ചെയ്ത ഒരു കേക്ക് ഞാനിവിടെ കൊണ്ടുവന്നു എന്നു കരുതുക. അതു ഞാന്‍ പാചകം ചെയ്തതല്ല, മുറിച്ചു വിതരണം ചെയ്യാന്‍ എന്നെ ഏല്പിച്ചതാണ്.നിങ്ങളതു തിന്നിട്ട് എന്നോടു പറയുന്നു. ”ബ്രദര്‍ സാക,് ഈ കേക്ക് വളരെ സ്വാദിഷ്ഠമായിരിക്കുന്നു.” ഇതു കേട്ട് എനിക്ക് ഒരു തരിമ്പുപോലും അഭിമാനം തോന്നേണ്ടതില്ല. കാരണം അതു ഞാനുണ്ടാക്കിയതല്ല. ഞാനുണ്ടാക്കിയതായിരുന്നെങ്കില്‍ എനിക്ക് തീര്‍ച്ചയായും അഭിമാനിക്കാന്‍ കാര്യമുണ്ടായിരുന്നു.അല്ലെങ്കില്‍ അതിനുളള പരീക്ഷയുണ്ടാകുമായിരുന്നു.

‘നിങ്ങളൊരു താഴ്മയുളള സഹോദരനാണ്’ എന്ന് ആരെങ്കിലും പറയുമ്പോള്‍ നിങ്ങളതില്‍ അഭിമാനിക്കുന്നു എങ്കില്‍ തീര്‍ച്ചയായും നിങ്ങളിലെ താഴ്മ നിങ്ങളുണ്ടാക്കിയതായിരിക്കും. എന്നാല്‍ അതു ദൈവത്തിന്റെ ദാനമാണെങ്കില്‍ ആളുകള്‍ പ്രശംസിച്ചാലും നിങ്ങള്‍ക്കതില്‍ അഭിമാനമുണ്ടാവില്ല. നാം പാകം ചെയ്യാത്ത ഒരു കേക്കിനെക്കുറിച്ചു നമുക്കു പ്രശംസിക്കാനൊന്നുമില്ലാത്തതുപോലെ നാമുണ്ടാക്കാത്ത വിശുദ്ധിയെക്കുറിച്ച് ആരു പ്രശംസിച്ചാലും നമുക്കതില്‍ അഭിമാനിക്കാനും ഒന്നുമില്ല. ദൈവം നമ്മില്‍ ദാനമായി നല്‍കിയിരിക്കുന്ന വിശുദ്ധിയെക്കുറിച്ച് നമുക്ക് അഭിമാനിക്കാനൊന്നുമില്ല. നിങ്ങള്‍ പ്രസംഗിക്കുമ്പോള്‍ ആളുകള്‍ അതെക്കുറിച്ചു പ്രശംസിക്കുന്നു. ആ പ്രസംഗം നിങ്ങള്‍ സ്വയം ഉത്പ്പാദിപ്പിച്ചതാണെങ്കില്‍ നിങ്ങള്‍ക്കു പ്രശംസിക്കുവാന്‍ വകയുണ്ട്. എന്നാല്‍ അതു ദൈവം നല്‍കിയതാണെങ്കില്‍ നിങ്ങളുടെ പ്രശംസ പാപമായിത്തീരും.

കാനാവില്‍ യേശു വിളമ്പിക്കൊടുക്കുവാനായി നല്‍കിയ പുതിയ വീഞ്ഞിനെക്കുറിച്ച് ആ പരിചാരകര്‍ക്ക് എന്തെങ്കിലും അഭിമാനം തോന്നിയതായി നിങ്ങള്‍ കരുതുന്നുണ്ടോ?തീര്‍ച്ചയായും അതെക്കുറിച്ച് ചോദിച്ചവരോട് അവര്‍ ഇങ്ങനെ വിളിച്ചു പറഞ്ഞിരിക്കാം- ‘ഇതു ഞങ്ങളുണ്ടാക്കിയതല്ല, ഞങ്ങള്‍ വിളമ്പുന്നതു മാത്രമേ ഉള്ളു.’ അവര്‍ ഉത്പാദന വിഭാഗത്തിലല്ല വിതരണ വിഭാഗത്തിലായിരുന്നു പ്രവര്‍ത്തിച്ചത്. നമ്മെക്കുറിച്ചും അക്കാര്യം അങ്ങനെതന്നെ ആയിരിക്കയാല്‍ കര്‍ത്താവിനു നന്ദി പറയുന്നു. നമ്മെ ഉത്പാദന പ്രക്രിയയിലേക്കല്ല അവിടുന്ന് വിളിച്ചത്, വിതരണ പ്രക്രിയയിലേക്കാണ്. താന്‍ നല്‍കിയതു വിളമ്പുന്ന പരിചാരകരായി.

നാം വിചാരിക്കുന്നതിലധികം ആത്മീയ നിഗളം നമുക്കുണ്ട്. അതിനൊരു കാരണം ഇന്നു നമ്മിലുള്ള പലതും നാം തന്നെ ഉണ്ടാക്കിയെടുത്തതാണെന്ന ചിന്തയാണ്. രണ്ടു കാര്യങ്ങളെക്കുറിച്ച് നമുക്ക് തികഞ്ഞ വ്യക്തത ഉണ്ടായിരിക്കണം. (1) നമ്മിലുള്ള പാപത്തിന്റെ ആഴത്തിലുള്ള വേരുകളെക്കുറിച്ച് – (2) നമ്മിലുള്ള നിഗളത്തിന്റെ ഉയരത്തെക്കുറിച്ച്. – പ്രത്യേകിച്ചും നമ്മിലുള്ള വിശുദ്ധിയും ഗുണങ്ങളും ദൈവത്തിന്റെ ദാനമാണെന്നു നമുക്ക് അംഗീകരിക്കാന്‍ ഉള്ളുകൊണ്ട് കഴിയാതെ വരുമ്പോള്‍.

നാലാമദ്ധ്യായം 21-ാം വാക്യത്തില്‍ ദൈവം വാഗ്ദാനം ചെയ്തതിനെക്കുറിച്ച് അബ്രഹാമിന്റെ ഉറപ്പും ബോദ്ധ്യവും നാം കാണുന്നു. അവിടുന്ന് അത് നിവര്‍ത്തിക്കുവാന്‍ ശക്തനെന്നുള്ള കാര്യത്തിലുള്ള ഉറപ്പ്. അതത്രേ യഥാര്‍ത്ഥ വിശ്വാസം. – ദൈവം വാഗ്ദാനം ചെയ്തത് നിവര്‍ത്തിക്കും എന്ന ഉറപ്പ്.

ഉള്ളിലേക്കു നോക്കി ഇതു പ്രാപിക്കുവാനുള്ള വിശ്വാസം എനിക്കുണ്ടോ എന്നു സ്വയം ചോദിക്കുവാന്‍ പഠിപ്പിക്കുന്ന പല ഉപദേശങ്ങള്‍ ഇന്നു നിലവിലുണ്ട്.തങ്ങള്‍ക്കുവേണ്ടുന്നത് കിട്ടുന്നില്ലെങ്കില്‍ അതു വിശ്വാസത്തിന്റെ കുറവുകൊണ്ടാണെന്നു പറഞ്ഞു വിശ്വസിപ്പിക്കുക. എന്നാല്‍ നമ്മുടെ ശ്രദ്ധ എത്രയധികം നമ്മുടെ ഉള്ളിലേക്കാവുന്നുവോ അത്രയധികം നാം ബന്ധനത്തിലായിത്തീരും. അബ്രഹാം സ്വന്തം ഉള്ളിലേക്ക് നോക്കിയില്ല. അവന്‍ ദൈവത്തിങ്കലേക്ക് നോക്കി. അവിടുന്നു വാഗ്ദാനം ചെയ്തതു നിവര്‍ത്തിപ്പാന്‍ ശക്തനെന്ന ബോധ്യമുണ്ടായി. വിശ്വാസം എന്നത് ദൈവത്തിങ്കലേക്കു നോക്കുന്നതാണ്. വിശ്വാസത്തിന്റെ സുദീര്‍ഘമായ വിവരണങ്ങള്‍ക്കു (എബ്രായര്‍ 11) ശേഷം നമ്മോടു പറയുന്നതു വിശ്വാസത്തിന്റെ നായകനും പൂര്‍ത്തി വരുത്തുന്നവനുമായ യേശുവിങ്കലേക്ക് നോക്കുക (എബ്രായര്‍ 12:2) എന്നാണ്. യഥാര്‍ത്ഥ പുതിയനിയമ വിശ്വാസം നമ്മില്‍ നിന്നും യേശുവിങ്കലേക്കു നമ്മുടെ ശ്രദ്ധയെ മാറ്റുക എന്നതാണ്-നമ്മുടെ ഹൃദയത്തില്‍ വിശ്വാസം എഴുതുന്നവനിലേക്ക്.

നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം നമ്മില്‍ത്തന്നെയല്ല കണ്ടെത്തുന്നത്. നമുക്കു പുറത്തു നാം എന്തിലേക്കാണു നോക്കുന്നത് എന്നതാണ് നമ്മുടെ വിശ്വാസം എത്ര ശക്തമാണ് അല്ലെങ്കില്‍ ദുര്‍ബ്ബലമാണ് എന്നു നിശ്ചയിക്കുന്ന കാര്യം. ഒരു കോണ്‍ക്രീറ്റ് പാലത്തിലൂടെ നദി കുറുകെ കടക്കുവാന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങളുടെ വിശ്വാസം വളരെ ശക്തമായിരിക്കും. അതേ സമയം കോണ്‍ക്രീറ്റ് പാലത്തിനു പകരം ഏതാനും ദുര്‍ബ്ബലമായ ഇല്ലിമുളകള്‍ ചേര്‍ത്തു കെട്ടിയ ഒരു പാലത്തിലൂടെയാണു കടക്കേണ്ടതെങ്കില്‍ ഒരു പക്ഷേ നിങ്ങളുടെ വിശ്വാസം മുഴുവനും ചോര്‍ന്നു പോയെന്നു വരാം. അതായത് നിങ്ങളുടെ ഉളളിലുളള ഒരു കാര്യത്തിലല്ല നിങ്ങളുടെ വിശ്വാസം അടിസ്ഥാനപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം നിങ്ങളുടെ പുറത്ത് പാലം കോണ്‍ക്രീറ്റാണോ മുളയാണോ എന്നതിലാണ്. മറ്റൊരു ഉദാഹരണം ചിന്തിക്കുക. അത്ര വിശ്വാസ്യതയും ഭദ്രതയുമില്ലാത്ത ഒരു ബാങ്കില്‍ നിങ്ങളുടെ പണം ഡിപ്പോസിറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് അത്രവിശ്വാസം ഉണ്ടായില്ലെന്നു വരാം. എന്നാല്‍ സര്‍ക്കാരിന്റെ പിന്‍ ബലമുളളതും വര്‍ഷങ്ങളായി വിശ്വസ്തമായ ഇടപാടുകളും ഭദ്രതയുമുളള ഒരു ബാങ്കില്‍ നിങ്ങള്‍ക്ക് തികഞ്ഞ വിശ്വാസം ഉണ്ടാകും. ബൈബിളിലെ വാഗ്ദാനങ്ങള്‍ വായിക്കുമ്പോള്‍ ഈ ഉദാഹരണങ്ങള്‍ ഓര്‍മ്മിക്കുക. ആരെങ്കിലും നിങ്ങള്‍ക്ക് അതിനുളള വിശ്വാസം ഉണ്ടോ എന്നു ചോദിച്ച് നിങ്ങളുടെ ഉളളിലേക്കു നോക്കുവാന്‍ നിങ്ങളെ അനുവദിക്കാതിരിക്കുക. ‘എനിക്കിതു കഴിയുമോ?’ എന്നതിനു പകരം ‘എനിക്കുവേണ്ടി ദൈവം ഇതു ചെയ്തു തരുമോ?’ എന്നായിരിക്കട്ടെ നമ്മുടെ ചോദ്യം. ദൈവം വാഗ്ദാനം ചെയ്തത് അവിടുന്നു നിവര്‍ത്തിക്കും എന്ന് അബ്രഹാം വിശ്വസിച്ചു.

ഇത്തരം വിശ്വാസത്തിനാണ് പുതിയ നിയമം പ്രാധാന്യം നല്‍കുന്നത്. വിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്ക് എന്നാണു നാം വായിക്കുന്നത്. നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടും എന്ന കാര്യത്തില്‍ അധികം പേര്‍ക്കും വിശ്വാസമുണ്ട്. അങ്ങനെ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്ന അതേദൈവം നമ്മെ നീതികരിക്കയും ചെയ്യുന്നു. ക്രിസ്തുവിന്റെ നീതി നമ്മുടെ മേല്‍ അവിടുന്ന് കണക്കിടുന്നു. അബ്രഹാമിനു വിശ്വാസം നീതിയായ് കണക്കിട്ടു എന്നു പറയുന്നു (വാ. 22). ക്രിസ്തുവിന്റെ നീതി സൗജന്യമായി നമ്മുടെ കണക്കിലേക്ക് ദൈവം ഇട്ടു. നാം അതിനു പുറമേ ചെയ്ത പ്രവൃത്തികള്‍ കൂടാതെതന്നെ (വാ. 6). ആരെങ്കിലും എന്റെ അക്കൗണ്ടിലേക്ക് പത്തുലക്ഷം രൂപാ സംഭാവനയായി ഇട്ടാല്‍ അതു ഞാന്‍ ജോലി ചെയ്തുണ്ടാക്കി എന്നു പറയാന്‍ എനിക്കു കഴിയില്ല. ഞാന്‍ അതിനുവേണ്ടി അദ്ധ്വാനിച്ചിട്ടില്ല. ആ പണം ബാങ്കിലിട്ട ആള്‍ വിശ്വസ്തനെങ്കില്‍ ഞാന്‍ അതു സത്യമോ എന്നു നോക്കാന്‍ ബാങ്കില്‍ പോയി അന്വേഷിക്കുക പോലുമില്ല.

അങ്ങനെ ക്രിസ്തുവിന്റെ നീതി നമ്മുടെ മേല്‍ കണക്കിട്ടു എന്നു ദൈവം പറയുമ്പോള്‍ നാമതു വിശ്വസിക്കുന്നു. എനിക്കതു വിശ്വാസമല്ല എന്നു നാം പറയുമ്പോള്‍ നാം ദൈവത്തെ അപമാനിക്കുന്നു. നിങ്ങളുടെ പിതാവു നിങ്ങളോട്, ‘ഞാന്‍ നിന്റെ ബാങ്ക് അക്കൗണ്ടില്‍ കുറച്ചു പണം ഇട്ടിട്ടുണ്ട്’ എന്നു പറയുന്നു എന്നിരിക്കട്ടെ. നിങ്ങള്‍ അതിനു മറുപടിയായി ‘എനിക്കതു വിശ്വാസമില്ല’ എന്നു പറയുന്നു എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പിതാവിനെ അപമാനിക്കുകയാണ്-പ്രത്യേകിച്ചും അദ്ദേഹം വിശ്വസ്തനായ ഒരു വ്യക്തിയെങ്കില്‍. അതുകൊണ്ടാണ് പുതിയ നിയമത്തില്‍ അവിശ്വാസം വളരെ ഗൗരവമേറിയ ഒരു പാപമാകുന്നത്.

ദൈവം തന്റെ വചനത്തിലൂടെ നമുക്കു നല്‍കിയിരിക്കുന്ന നിരവധി കാര്യങ്ങള്‍ നമുക്കു നഷ്ടപ്പെടാനുമിടയാകും. മത്തായി 13:58 ല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു- ഒരുസ്ഥലത്തെ ആളുകളുടെ അവിശ്വാസം കാരണമായി യേശുവിന് അധികം വീര്യപ്രവൃത്തികള്‍ ചെയ്‌വാന്‍ കഴിഞ്ഞില്ല എന്ന്. അവര്‍ക്കു സഹായം ആവശ്യമായിരുന്നു. യേശുവിനു സഹായിക്കാന്‍ മനസ്സുണ്ടായിരുന്നു. എന്നിട്ടും യേശുവിനു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. കാരണം അവര്‍ അവനില്‍ വിശ്വസിച്ചില്ല.


നീതീകരണത്തിന്റെ അനുഗ്രഹങ്ങള്‍

റോമര്‍ അഞ്ചാം അദ്ധ്യായത്തിലേക്കു വരുമ്പോള്‍ നീതീകരണത്തിന്റെ അനുഗ്രഹങ്ങള്‍ നാം കാണുന്നു. ആദമില്‍ നമുക്കു ലഭിച്ചതും ക്രിസ്തുവില്‍ നമുക്ക് ലഭിച്ചതും തമ്മിലുള്ള ഒരു താരതമ്യം പല പ്രാവശ്യം നാം കാണുന്നു. ”ഒരുവന്‍ നിമിത്തം പാപം ലോകത്തില്‍ പ്രവേശിച്ചു” (വാ. 12). അപ്രകാരം ”യേശുക്രിസ്തു എന്ന ഒരുവന്‍ നിമിത്തം കൃപ അനേകര്‍ക്കുവേണ്ടി അധികം കവിഞ്ഞിരിക്കുന്നു” (വാ. 15). ആദമില്‍ നാം മരിക്കുന്നു. ക്രിസ്തുവില്‍ നമുക്കു ജീവന്‍ പ്രാപിക്കാന്‍ കഴിയുന്നു. ആദമില്‍ നാമെല്ലാം തിന്മയായുള്ള കാര്യങ്ങളെ പ്രാപിച്ചു. തിന്മ പ്രവൃത്തിക്കാന്‍ ആര്‍ക്കും പരിശീലനം നല്‍കേണ്ടതില്ല. അതു ജന്മനാ നമുക്കു ലഭിച്ചിരിക്കുന്നു. കുഞ്ഞുങ്ങളെ ആരും പഠിപ്പിച്ചിട്ടില്ല അവര്‍ കള്ളം പറയുന്നതും തമ്മിലടിക്കുന്നതും സ്വാര്‍ത്ഥരാകുന്നതും. എല്ലാം അവരില്‍ത്തന്നെയുണ്ട്. ആദമും ക്രിസ്തുവും തമ്മിലുള്ള താരതമ്യത്തില്‍നിന്നും നാം ഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇതാണ്. ആദമില്‍ നിന്നു ലഭിച്ച പൈതൃകം എത്ര പൂര്‍ണ്ണമായിരുന്നോ അതുപോലെ പൂര്‍ണ്ണമാണ് ക്രിസ്തുവില്‍ ലഭിക്കുന്ന അവകാശങ്ങളും. എങ്ങനെയാണ് നാം നമ്മിലെ ആദാമ്യ പ്രകൃതി വെളിപ്പെടുത്തുന്നത്? ആദമിനെ അനുകരിച്ചു കൊണ്ടാണോ? അല്ല. ആദമിന്റെ സ്വഭാവം നമുക്കു പൈതൃകമായി ലഭിച്ചിരിക്കുന്നു. നാം എങ്ങനെയാണ് യേശുവിനെ അനുഗമിക്കുന്നത്? അതു യേശുവിനെ അനുകരിച്ചുകൊണ്ടാണോ? യേശുവിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന ധാരാളം ആളുകള്‍ ഈ ലോകത്തില്‍ ഉണ്ട്. പലരും ക്രിസ്ത്യാനികള്‍ പോലുമല്ല. യേശുവിനെ അനുകരിക്കുവാന്‍ ശ്രമിക്കുന്ന ക്രിസ്ത്യാനികളുമുണ്ട്. ആദമിനെ അനുകരിക്കാന്‍ നാം ശ്രമിക്കാതിരുന്നതുപോലെ യേശുവിനെയും അനുകരിക്കാന്‍ ശ്രമിക്കേണ്ടതില്ല. ആദമിന്റെ സ്വഭാവത്തില്‍ പങ്കാളികളായിരുന്നതുപോലെ നമുക്കു ക്രിസ്തുവിന്റെ സ്വഭാവത്തില്‍ പങ്കാളികളാകാം. ആദം തന്റെ സ്വഭാവം മുഴുവനായും നമ്മിലേക്കു പകര്‍ന്നു തന്നതുപോലെ യേശുവും തന്റെ സ്വഭാവം പൂര്‍ണ്ണമായും നമ്മിലേക്കു പകരും- നാം അങ്ങനെ ആഗ്രഹിക്കുന്നുവെങ്കില്‍,നാം നമ്മെ നല്‍കുന്ന അളവില്‍. ക്രിസ്തീയജീവിതം വിശ്വാസത്തിന്റെ ജീവിതമാണ.്‌ദൈവത്തിലുള്ള ആശ്രയത്തിന്റെ ജീവിതം. അവിടുന്ന് തന്റെ സ്വഭാവം നമുക്കു നല്‍കുന്നു എന്നതാണ് പുതിയ നിയമത്തിന്റെ സന്ദേശം.

ഇവിടെയാണ് അനേകരും തെറ്റിപ്പോകുന്നത്. അധികം പേരും കരുതുന്നത് സ്വന്ത പരിശ്രമത്താലുള്ള നേട്ടമാണ് വിശുദ്ധി എന്നാണ്. ക്രിസ്തീയ ജീവിതത്തിന് ഒരു അദ്ധ്വാനം ഉണ്ട്. മോഹങ്ങളെ മരിപ്പിക്കേണ്ടതുണ്ട്. അതു ദൈവസ്വഭാവത്തിന്റെ പ്രതിഫലനമെന്ന നിലയിലാണ്. അല്ലാതെ ദൈവ സ്വഭാവത്തിലെത്താനുള്ള മാര്‍ഗ്ഗമായിട്ടല്ല.നമുക്കു സ്വയം പരിശ്രമിച്ചു ദൈവസ്വഭാവം ഉത്പാദിപ്പിക്കാം എന്നു വിചാരിച്ച് നാം അദ്ധ്വാനിക്കുന്നുവെങ്കില്‍ നമുക്കു ബുദ്ധിഭ്രമം ഉണ്ട് എന്നത്രേ നാം മനസ്സിലാക്കേണ്ടത്.ആദാമ്യ സ്വഭാവം പോലും നാം അദ്ധ്വാനിച്ചുണ്ടാക്കിയതല്ല, പകര്‍ന്ന് കിട്ടിയതാണ്,നമ്മുടെ ഇഷ്ടപ്രകാരമല്ലാതെ.

റോമര്‍ 5:10-ല്‍ നാം വായിക്കുന്നു: ”ശത്രുക്കള്‍ ആയിരിക്കുമ്പോള്‍ തന്നെ നമുക്ക് അവന്റെ പുത്രന്റെ മരണത്താല്‍ ദൈവത്തോടു നിരപ്പു വന്നു എങ്കില്‍ നിരന്നശേഷം നാം അവന്റെ ജീവനാല്‍ എത്ര അധികമായി രക്ഷിക്കപ്പെടും.” ദൈവത്തോടു നിരപ്പു വന്ന ശേഷം നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടശേഷം, നമുക്കു നീതീകരണം ലഭിച്ച ശേഷം, തന്റെ ജീവനാല്‍ നാം രക്ഷിക്കപ്പെടുന്നു. തന്റെ മരണത്താല്‍ നാം രക്ഷിക്കപ്പെട്ടു, എന്നാല്‍ ഇപ്പോള്‍ തന്റെ ജീവനാല്‍ നാം രക്ഷിക്കപ്പെടേണ്ടതുണ്ട്.

രണ്ടു വിധത്തിലുള്ള രക്ഷ ദൈവം നമുക്ക് ഈ ഭൂമിയില്‍ നല്‍കിയിരിക്കുന്നു.ഒന്ന്, ക്രിസ്തുവിന്റെ മരണത്തിലൂടെ. അതെക്കുറിച്ച് നാം ചിന്തിച്ചു. എന്നാല്‍ ഇവിടെ ഇതാ, തന്റെ ജീവനാലുള്ള രക്ഷയെക്കുറിച്ചു പറയുന്നു. ഈ രക്ഷ എന്തിനെക്കുറിച്ചുള്ളതാണ്? ക്രിസ്തുവിന്റെ മരണം നമുക്കു ശിക്ഷാവിധിയില്‍ നിന്നുള്ള വിടുതല്‍ നല്‍കിത്തരുന്നു. പരിശുദ്ധാത്മാവിനാല്‍ നമ്മിലേക്കു പകരുന്ന ജീവനാല്‍ പാപത്തിന്റെ ശക്തിയില്‍ നിന്നുള്ള മോചനവും നമുക്കു സാദ്ധ്യമാക്കിത്തരുന്നു.


നാം കൃപയ്ക്കു കീഴിലേക്കു വരുമ്പോള്‍

അങ്ങനെ നാം ആറാം അദ്ധ്യായത്തിലേക്ക് വരുന്നു. ഇപ്പോഴിതാ ദൈവത്തിന്റെ കൃപ വര്‍ദ്ധമാനമായി കവിഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നു. അത് അധികം കവിഞ്ഞു വരേണ്ടതിനു നാം പാപം ചെയ്തു തുടരുക എന്നാണോ? ഏറ്റവും അധമരായ പാപികളെ രക്ഷിപ്പാന്‍ യേശുവന്നു എന്നും ആ രക്ഷ വിലകൊടുത്തു വാങ്ങാന്‍ കഴിയില്ല, മറിച്ചു സൗജന്യ ദാനമാണ് എന്നുമാണ് സുവിശേഷം. അങ്ങനെയെങ്കില്‍ നാം എങ്ങനെ ജീവിക്കുന്നതു കൊണ്ടും തെറ്റില്ല എന്നു ചില ആളുകള്‍ പറയുന്നു. ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികള്‍, ശുശ്രൂഷകന്മാര്‍ പോലും, ആ നിലയില്‍ ജീവിക്കുന്നവരാണ്.കാരണം അവര്‍ കൃപയെ തെറ്റായ അര്‍ത്ഥത്തില്‍ ഗ്രഹിച്ചിരിക്കുന്നു. അതുകൊണ്ടാണ് അവര്‍ പഴയനിയമ പ്രവാചകന്മാര്‍ പോലും വീണിട്ടില്ലാത്ത പാപങ്ങളിലേക്കും വ്യഭിചാരത്തിലേക്കും ദ്രവ്യാഗ്രഹത്തിലേക്കുമൊക്കെ വീഴുന്നത്. ഏലിയാവ്, വ്യഭിചാരത്തില്‍ വീണിട്ടുണ്ടോ? ഏലിശയോ യോഹന്നാന്‍ സ്‌നാപകനോ ധനത്തിന്റെ പിന്നാലെ ഓടിയിട്ടുണ്ടോ? ഇവരൊക്കെ ന്യായപ്രമാണകാലത്തുള്ളവരായിരുന്നു എന്നോര്‍ക്കുക. എന്നിട്ടും കൃപയുടെ ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ക്രൈസ്തവനേതാക്കന്മാര്‍ അവരെക്കാള്‍ താണനിലയിലുള്ള ആത്മീയ ജീവിതമാണു നയിക്കുന്നത്. എന്തുകൊണ്ടാണത്? കാരണം അവര്‍ കൃപയെ തെറ്റായി ഗ്രഹിച്ചിരിക്കുന്നു.

ന്യായപ്രമാണ കാലത്തുള്ള യിസ്രായേല്‍ക്കാര്‍ പാപത്തെ ഗൗരവമായി കണ്ടിരുന്നു എങ്കില്‍ കൃപാകാലത്തുള്ള നാം പാപത്തെ എത്രയധികം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു! കൃപയിലേക്കുവന്നവരായ നമ്മുടെ മനോഭാവം ”പാപത്തിനു മരിച്ചവരായ നാം ഇനി പാപത്തില്‍ ജീവിക്കുന്നതെങ്ങനെ?”(വാ. 2) എന്നതായിരിക്കണം.

യേശുവിന്റെ മരണത്തിലേക്കു നാം സ്‌നാനമേറ്റിരിക്കുന്നു (വാ.3). സ്‌നാനം ഒരു കുഴിച്ചിടല്‍ കൂടിയാണ് (വാ.4). അതൊരു തളിക്കലല്ല, കുഴിച്ചിടലാണ്. നാം ഒരു ശരീരത്തെ കുഴിച്ചു മൂടുമ്പോള്‍ മണ്ണു വിതറിയല്ല അതു ചെയ്യുന്നത്. കുഴിയെടുത്ത് അതിലിട്ടു മൂടുകയാണ്. സ്‌നാനത്തിലൂടെ ഒരു വ്യക്തി വെള്ളത്തില്‍ കുഴിച്ചിടപ്പെടുകയും എഴുന്നേല്‍പ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ പഴയ ജീവിതത്തിനു മരിച്ചു പുതിയ ഒന്നിലേക്കു പുനരുത്ഥാനം ചെയ്തതിനു സാക്ഷ്യം പറയുകയാണ് അയാള്‍ ചെയ്യുന്നത്. പഴയ മനുഷ്യന്‍ (പാപത്തിനു വിധേയപ്പെട്ടു കൊണ്ടിരുന്ന ഇച്ഛ) ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെടുകയും കുഴിച്ചിടപ്പെടുകയും നീക്കം വരികയും ചെയ്തിരിക്കുന്നു. ഇപ്പോഴുള്ള പുതിയ മനുഷ്യന്‍ പാപം ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ല. ജഡത്തിലെ മോഹങ്ങള്‍ അവിടെ നില്ക്കുന്നതുകൊണ്ട് അവനു വീഴ്ച സംഭവിച്ചേക്കാം. എന്നാല്‍ അവന്‍ പാപത്തിന് വേണ്ടി ഇച്ഛിക്കുന്നില്ല.

യേശു ക്രൂശില്‍ മരിച്ചപ്പോള്‍ നമ്മുടെ പഴയ മനുഷ്യന്‍ അവനോടുകൂടെ മരിച്ചു (വാ. 6). എങ്ങനെയാണു നാം അതറിയുന്നത്? നമ്മുടെ പാപങ്ങള്‍ വഹിച്ചുകൊണ്ടാണ് യേശു ക്രൂശില്‍ മരിച്ചതെന്ന് അറിയുന്ന അതേ നിലയില്‍ത്തന്നെ. ദൈവത്തിന്റെ വചനം പറയുന്നു, നാമതു വിശ്വസിക്കുന്നു. തുടര്‍ന്ന് നാമത് അനുഭവമാക്കുന്നു. ക്രിസ്തു മരിച്ചപ്പോള്‍, നാം അനുഭവിക്കേണ്ട നമ്മുടെ പാപത്തിന്റെ ശിക്ഷ മുഴുവന്‍ അവിടുന്ന് ഏറ്റെടുത്തു. യേശു മരിച്ചതു നമ്മിലാരും തന്നെ കണ്ടിട്ടില്ല. എങ്കിലും അവന്‍ മരിച്ചെന്നു നാം വിശ്വസിക്കുന്നു. അവന്‍ നമ്മോടു ക്ഷമിച്ച പാപക്ഷമ നാം അനുഭവിക്കയും ചെയ്യുന്നു. നമ്മുടെ പഴയ മനുഷ്യന്‍ (പാപം ചെയ്തുകൊണ്ടിരുന്ന നമ്മുടെ ഇച്ഛ) ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്ന് അതേ വചനം തന്നെ നമ്മോടു പറയുന്നു, അതു നാം വിശ്വസിക്കുന്നു. നമ്മുടെ പാപങ്ങള്‍, ക്രൂശില്‍ മരിച്ച ക്രിസ്തുവിന്മേല്‍ ചുമത്തപ്പെട്ടു എന്നു നാം വിശ്വസിക്കുന്നതു നമ്മുടെ പാപക്ഷമയ്ക്ക് ആവശ്യമാകുന്നതുപോലെ പാപത്തിന് മരിക്കുന്നത് ഒരു യഥാര്‍ത്ഥ്യമായി അനുഭവമാകണമെങ്കില്‍ നാം അതു വിശ്വസിക്കണം. അതു സത്യമാണെന്ന് അംഗീകരിക്കണം. ദൈവം നമ്മുടെ പഴയ മനുഷ്യനെ ക്രൂശില്‍ തറച്ച് മരണത്തിനു വിധേയമാക്കിക്കഴിഞ്ഞിരിക്കുന്നു. ഇതു നാം ചെയ്യേണ്ട ഒരു പ്രവൃത്തിയല്ല.

പഴയമനുഷ്യനും ജഡവും തമ്മില്‍ വ്യത്യാസമുണ്ട്. പലരും ഇവ തമ്മില്‍ കൂട്ടിക്കുഴയ്ക്കാറുണ്ട്. ജഡമോഹങ്ങള്‍ ഹൃദയമാകുന്ന വീട്ടിനുള്ളിലേക്കു അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്ന ഒരുപറ്റം കവര്‍ച്ചക്കാരെപ്പോലെയാണ്. ഹൃദയമാണു നമ്മുടെ ഭവനം. മാനസാന്തരപ്പെടാത്ത മനുഷ്യഹൃദയത്തില്‍ അവിശ്വസ്തനായ ഒരു പരിചാരകന്‍ വസിക്കുന്നു. അതാണു പഴയ മനുഷ്യന്‍. വിശുദ്ധിയെയും സ്‌നേഹത്തെയുമൊക്കെ കൊള്ളയടിക്കാന്‍ കടന്നു വരുന്ന ജഡമോഹങ്ങള്‍ക്ക് ഈ പരിചാരകന്‍ എപ്പോഴും വാതില്‍ തുറന്നു കൊടുക്കുന്നു. ദൈവം എന്താണു ചെയ്തത്? ദൈവം ആ കൊള്ളക്കാരെ നിഗ്രഹിച്ചില്ല. പകരം അവിശ്വസ്തനായ ആ പരിചാരകനെ നിഗ്രഹിച്ചു. അതുകൊണ്ടാണു സ്‌നാനത്തിനു ശേഷവും പഴയതുപോലെ തന്നെ മോഹങ്ങള്‍ അനുഭവപ്പെടുന്നത്-കൊള്ളക്കാര്‍ ജീവിച്ചിരിക്കുന്നു! ജഡത്തിലെ മോഹങ്ങള്‍ മരിച്ചിട്ടില്ല. എന്നാല്‍ പഴയ മനുഷ്യന്‍ മരിച്ചിരിക്കുന്നു. വീണ്ടും ജനനം പ്രാപിച്ചിരിക്കുന്ന ഓരോ വിശ്വാസിയിലും വാതില്‍ തുറന്നു കൊടുക്കുന്ന അവിശ്വസ്തനായ പരിചാരകന്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. ആരാണു വീണ്ടും ജനിച്ചവര്‍? ”നിങ്ങള്‍ക്കിപ്പോഴും പാപം ചെയ്യുവാനുള്ള ആഗ്രഹമുണ്ടോ?” ”ഇല്ല” എന്നാണു നിങ്ങളുടെ ഉള്ളിലെ ഉത്തരമെങ്കില്‍ നിങ്ങള്‍ക്കു പറയാന്‍ കഴിയും നിങ്ങളുടെ പഴയ മനുഷ്യന്‍ മരിച്ചു എന്ന്. എന്നാല്‍ കൊള്ളക്കാര്‍ ഇപ്പോഴും കടന്നു വരുന്നുണ്ട്. എല്ലാ ദിവസവും. നാം വീണ്ടു ജനിച്ചശേഷം നമ്മുടെ ഹൃദയത്തില്‍ കയറിക്കൂടാനുള്ള അവരുടെ ആവേശം വളരെക്കൂടുതലാണ്. വര്‍ദ്ധിച്ച വീറോടും വാശിയോടെയുമാണ് അവര്‍ കടന്നു വരുന്നത്.

എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഒരു വിശ്വാസി പാപത്തില്‍ വീഴുന്നത്? അതിന്റെ കാരണം കൊള്ളക്കാരെ ചെറുക്കാന്‍ തക്കവണ്ണം പുതിയ മനുഷ്യന്‍ ശക്തിപ്രാപിച്ചിട്ടില്ല എന്നതത്രേ. പുതിയ മനുഷ്യന്‍ നന്നായി ഭക്ഷണം കഴിച്ച് നന്നായി വ്യായാമം ചെയ്ത് വളര്‍ന്നു ശക്തിപ്രാപിക്കേണ്ടതുണ്ട്. എങ്കിലേ വാതില്‍ അടച്ചു സൂക്ഷിക്കാന്‍ കഴിയൂ. ദൈവവചനം ശ്രദ്ധയോടെ വായിച്ച് അത് ധ്യാനിക്കുന്നതു ശീലമാക്കുമ്പോള്‍മാത്രമേ ദൈവവചനം നിങ്ങളില്‍ വസിക്കൂ. പരിശുദ്ധാത്മാവില്‍ നിങ്ങള്‍ നിറഞ്ഞിട്ടില്ലെങ്കില്‍ ജഡത്തിന്റെ മോഹങ്ങള്‍ ഹൃദയത്തിലേക്കു കയറാതെ തടയുവാന്‍ നിങ്ങള്‍ക്കു കഴിയില്ല. ദൈവത്തിന്റെ വചനത്താലും പരിശുദ്ധാത്മ ശക്തിയാലും ജഡമോഹങ്ങളെ ഹൃദയത്തിനു പുറത്തു നിര്‍ത്തുവാന്‍ നിങ്ങള്‍ക്കുകഴിയും. അവിടെ ഇപ്രകാരം പറയുന്നു. ”നിങ്ങളെത്തന്നെ പാപത്തിനു മരിച്ചവര്‍ എന്ന് എണ്ണുവീന്‍” (വാ.11). നിങ്ങളുടെ ജീവിതത്തിന്മേല്‍ പാപത്തിന് ഇനി അധികാരം ഉണ്ടാവുകയില്ല.

”നിങ്ങളുടെ പഴയമനുഷ്യന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു” എന്നു ദൈവം പറയുമ്പോള്‍ നിങ്ങളതു വിശ്വസിക്കുന്നു. നിങ്ങളതു കൈക്കൊള്ളുന്നു. നിങ്ങള്‍ ഇപ്രകാരം പറയുന്നു. ”കര്‍ത്താവേ, ക്രിസ്തു എന്റെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു എന്ന സത്യം ഞാന്‍ കൈക്കൊണ്ടതുപോലെ എന്റെ പഴയമനുഷ്യനും ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നും അങ്ങനെ ഞാന്‍ പാപത്തിനു മരിച്ചു എന്ന സത്യവും ഞാന്‍ കൈക്കൊള്ളുന്നു. ഇന്നു മുതല്‍ ഞാന്‍ എന്നെത്തന്നെ പാപത്തിനു മരിച്ചവനായും ക്രിസ്തുവിനു ജീവിക്കുന്നവനായും എണ്ണുന്നു.” ഇപ്രകാരം നിത്യവും നമുക്കു ജീവിക്കുവാന്‍ പരിശുദ്ധാത്മശക്തി ആവശ്യമുണ്ട്. അങ്ങനെ ആത്മാവു നിരന്തരം നമ്മില്‍ പകരുന്ന കൃപയെക്കുറിച്ച് നാം തുടര്‍ന്നും വായിക്കുന്നു:
”നിങ്ങള്‍ ന്യായപ്രമാണത്തിലല്ല കൃപയില്‍ ആയിരിക്കയാല്‍ പാപം ഇനിമേല്‍ നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ല” (വാക്യം 14).

ന്യായപ്രമാണവും കൃപയും തമ്മിലുള്ള വ്യത്യാസം എന്താണ്? ലളിതമായ രണ്ടു വാചകങ്ങളിലൂടെ ഞാനത് ഇങ്ങനെ പറയട്ടെ. ന്യായപ്രമാണമെന്നാല്‍ നാം ദൈവത്തിനു വേണ്ടി ചിലതു ചെയ്യുന്നു. കൃപ എന്നാല്‍ ദൈവം എനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. എന്തൊരു വ്യത്യാസം! ഒരു മൂന്നു വയസ്സുകാരന്‍ തെറ്റുകൂടാതെ സ്വയം അക്ഷരമാല മുഴുവന്‍ എഴുതുവാന്‍ ശ്രമിക്കുന്നതുപോലെയാണ് ന്യായപ്രമാണം. അതൊരിക്കലും പൂര്‍ണ്ണമാവില്ല. കൃപ എന്നാല്‍ അവന്റെ പിതാവ് അവന്റെ കൈപിടിച്ച് അക്ഷരങ്ങള്‍ മുഴുവന്‍ തെറ്റുകൂടാതെ എഴുതിപ്പിക്കുന്നതാണ്. ഇല്ല, എനിക്ക് തന്നെ എഴുതണമെന്നു കുട്ടി ശഠിച്ചാല്‍ അവന്‍ തെറ്റുകള്‍ വരുത്തുക തന്നെ ചെയ്യും. പഴയ നിയമകാലത്ത് ആളുകള്‍ എല്ലാം സ്വന്തം കഴിവിലൂന്നി ചെയ്യുകയായിരുന്നു. അതുകൊണ്ട് അവര്‍ എല്ലായ്‌പ്പോഴും തെറ്റിപ്പോവുകയും പാപത്തില്‍ തുടരുകയും ചെയ്തു,അവരില്‍ ഏറ്റവും നല്ല ജീവിതം നയിച്ചവര്‍പോലും. കൃപയിന്‍ കീഴില്‍ ദൈവത്തിന്റെ സഹായം നമുക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ ദൈവം നമ്മുടെ കൈപിടിക്കാന്‍ അനുവദിക്കാതെവണ്ണം നാം സ്വയംപര്യാപ്തരും നിഗളികളുമായിരിക്കുന്നു. സ്വര്‍ഗ്ഗീയ പിതാവു നിങ്ങളുടെ കരം പിടിക്കുന്നു എങ്കില്‍ തെറ്റുകളും വീഴ്ചകളും കൂടാതെ നിങ്ങള്‍ക്കു മുമ്പോട്ടു പോകുവാന്‍ കഴിയും. ദൈവത്തിനു കീഴടങ്ങുകയും വിധേയപ്പെടുകയും ചെയ്യുക. പാപം നമ്മുടെ മേല്‍ വാഴുകയില്ല. പാപം തുടര്‍ന്നും നമ്മുടെ ജഡത്തില്‍ വസിച്ചേക്കാം. പക്ഷേ അതിനു നമ്മുടെ മേല്‍ ഭരണം നടത്താന്‍ കഴിയില്ല. അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയും അടിമയാക്കപ്പെടുകയും ചെയ്ത ഒരു രാജാവിനെപ്പോലെ ആയിത്തീരും അത്. ദൈവനാമം വാഴ്ത്തപ്പെടട്ടെ


മൂന്ന് ആത്മിക വിവാഹങ്ങള്‍

റോമര്‍ ഏഴാമദ്ധ്യായം തുടക്കത്തില്‍ പറയുന്നത് പാപത്തിന്മേല്‍ ജയവും വിശുദ്ധജീവിതവും വാഞ്ഛിക്കുകയും എന്നാല്‍ അതിലേക്കുള്ള വഴി തെറ്റായി ഗ്രഹിക്കയും ചെയ്ത ഒരുവന്റെ കഥയാണ്. പരിശുദ്ധാത്മാവ് ഒരു വൈവാഹിക ജീവിതത്തിന്റെ ദൃഷ്ടാന്തമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് (വാക്യം 4). നാം വീണ്ടും ജനിക്കും മുന്‍പേ പഴയ മനുഷ്യനുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ മാനസാന്തരപ്പെട്ട ശേഷം ക്രിസ്തുവിനെ വിവാഹം കഴിക്കുന്നതിനുപകരം ന്യായപ്രമാണത്തെ വിവാഹം ചെയ്തു തെറ്റായ ബന്ധത്തില്‍ ജീവിച്ചു. പാപത്തിന്മേല്‍ ജയം പ്രാപിച്ച, ഒരു നല്ല ജീവിതം ആഗ്രഹിക്കുന്ന, ഏതു ദൈവപൈതലും ഇത്തരം ഒരു തെറ്റിലേക്കു വീണുപോകാറുണ്ട്. പാപത്തിന്മേല്‍ ജയം സ്വന്തശക്തിയാല്‍ സാദ്ധ്യമാക്കാന്‍ ശ്രമിച്ചു തളര്‍ന്നു പരാജയമടയുന്ന അവര്‍- ഇതാണു ന്യായപ്രമാണത്തെ വിവാഹം കഴിക്കുക എന്നാല്‍.

ഇങ്ങനെ ആറും ഏഴും അദ്ധ്യായങ്ങളില്‍ മൂന്നുതരം ആത്മീയ വിവാഹങ്ങള്‍ നാം കണ്ടെത്തുന്നു. ഒന്ന്, പഴയ മനുഷ്യനുമായുള്ള ദാമ്പത്യബന്ധം. രണ്ട്, ന്യായപ്രമാണവുമായും മൂന്ന് ക്രിസ്തുവുമായും ഉള്ള വിവാഹങ്ങള്‍.

പഴയ മനുഷ്യന്‍, ഭാര്യയെ ഉപദ്രവിക്കയും അവളെ വ്യഭിചാരത്തിലേക്കുനയിച്ച് അവളുടെ സന്തോഷവും സമാധാനവും നഷ്ടമാക്കുകയും ചെയ്യുന്ന ഒരു ദുഷ്ടമനുഷ്യനെപ്പോലെയാണ്. പീഡിതയായ ആ സ്ത്രീ അയാളില്‍ നിന്ന് എവ്വിധവും മോചനം ആഗ്രഹിക്കുന്നു. ഒരു ദിവസം ദുഷ്ട ഭര്‍ത്താവായ ആ പഴയ മനുഷ്യന്‍ മരിക്കുന്നു. അവള്‍ വീണ്ടും ജനിക്കുന്നു! വീണ്ടും വിവാഹം കഴിക്കുവാന്‍ തക്കവണ്ണം അവള്‍ സ്വതന്ത്രയാകുന്നു. എന്നാല്‍ ക്രിസ്തുവിനെപ്പോലെ കാഴ്ചയില്‍ തോന്നിപ്പിക്കുന്ന ഒരുവനെയാണ് ഇക്കുറി അവള്‍ വിവാഹം കഴിക്കുന്നത്- അതാണു ന്യായപ്രമാണം.

ന്യായപ്രമാണം പൂര്‍ണ്ണതയുള്ളതാണ്. അതുകൊണ്ടാണ് പ്രത്യക്ഷത്തില്‍ ക്രിസ്തുവിനെപ്പോലെ തോന്നിപ്പിക്കുന്നത്. അത് സമ്പൂര്‍ണ്ണ നീതിയാണ് ആവശ്യപ്പെടുന്നത്. അതു പഴയ മനുഷ്യനെപ്പോലെയുള്ള ഭര്‍ത്താവല്ല. മര്‍ദ്ദനമോ പീഡനമോ അപമാനമോ ഒന്നുമില്ല. പക്ഷേ അദ്ദേഹം വലിയ കര്‍ക്കശക്കാരനാണ്. എല്ലാം കൃത്യമായും പൂര്‍ണ്ണമായും ഇരിക്കണം. കാലത്തെ ആറു മണിക്കുതന്നെ എഴുന്നേല്‍ക്കണം. എട്ടു മണിക്ക് പ്രഭാതഭക്ഷണം തയ്യാറാക്കണം. ഒരു മിനിട്ടു വൈകാന്‍ പാടില്ല. കൃത്യം എട്ടു മണിക്കുതന്നെ വേണം. അതാണു പൂര്‍ണ്ണത. വീടിന്റെ ഓരോ മുക്കും മൂലയും വെടിപ്പായും വൃത്തിയായും ഇരിക്കണം. ഷൂസും ചെരുപ്പും ഒക്കെ കൃത്യസ്ഥലത്ത് അടുക്കി വയ്ക്കണം. വസ്ത്രങ്ങള്‍ അല്പം പോലും അഴുക്കോ കറയോ ഇല്ലാതെ അലക്കി ഇസ്തിരിയിട്ട് അടുക്കി വയ്ക്കണം. ഒരു തിന്മയും പ്രവര്‍ത്തിക്കാന്‍ ന്യായപ്രമാണം നിങ്ങളോട് ആവശ്യപ്പെടുന്നില്ല. എന്നാല്‍ ഇത്രയും കൃത്യതയും പൂര്‍ണ്ണതയും ആവശ്യപ്പെടുന്ന ഒരു വ്യക്തിയെ വിവാഹം ചെയ്യാന്‍ എത്ര യുവ സഹോദരിമാര്‍ തയ്യാറാകും? പഴയ മനുഷ്യനോടൊത്തുള്ള വിവാഹത്തിനുശേഷം ന്യായപ്രമാണത്തെ വിവാഹം ചെയ്യുന്നത് വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് ചാടിയതുപോലെയുള്ള ഒരു അനുഭവമാകും. അയാള്‍ നല്ല മനുഷ്യനാണ്. പക്ഷേ വളരെ കൂടുതല്‍ നമ്മില്‍ നിന്നും ആവശ്യപ്പെടുന്നവനാണ്. തിന്മയായതൊന്നും അയാള്‍ ആവശ്യപ്പെടില്ല. പക്ഷേ അയാളുടെ നിലവാരം നമുക്കൊരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്തതാണ്. അപ്പോഴാണ് നിങ്ങള്‍ തിരിച്ചറിയുന്നത് നിങ്ങളൊരു തെറ്റായ മനുഷ്യനെത്തന്നെയാണ് വിവാഹം ചെയ്തിരിക്കുന്നതെന്ന്.

ഇനി നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും? ന്യായപ്രമാണം – ദൈവത്തിന്റെ ന്യായപ്രമാണം – ഒരിക്കലും മരിക്കുന്നില്ല. അതിനു നീക്കം വരുന്നില്ല. ഇതാ മരണമില്ലാത്തവണ്ണം ആരോഗ്യം ക്ഷയിക്കാത്ത ശക്തനായ ഒരു ഭര്‍ത്താവ്. ”ഭര്‍ത്താവുള്ള സ്ത്രീ അവന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഭര്‍ത്തൃ ന്യായപ്രമാണത്താല്‍ അവനോടു ബന്ധിക്കപ്പെട്ടിരിക്കുന്നു”(7:2). അങ്ങനെ തന്റെ ജീവിതത്തില്‍ സന്തോഷമെന്നത് ഒരു വൃഥാ സ്വപ്നമായി ആ സ്ത്രീയില്‍ അവശേഷിക്കുന്നു. അപ്പോള്‍ ദൈവം അത്ഭുതകരമായ ഒരു കാര്യം ചെയ്തു. ദൈവം ആ സ്ത്രീയെ മരണത്തിലേക്കു നടത്തി. അത് ആ വിവാഹബന്ധം റദ്ദാകുന്നതിന് കാരണമായിത്തീര്‍ന്നു. ആദ്യബന്ധത്തില്‍ ഭര്‍ത്താവായിരുന്നു മരിച്ചത്. പഴയ മനുഷ്യന്‍ മരിച്ചു. രണ്ടാം ബന്ധത്തില്‍ ഭാര്യ മരിച്ചു.അതായതു നാം മരിക്കുന്നു. ” നാം മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ഒരുവന് ആകേണ്ടതിനു ന്യായപ്രമാണ സംബന്ധമായി നാം മരിച്ചിരിക്കുന്നു”(7:4). ക്രിസ്തുവിനോടുകൂടെ മരിച്ചവരായ നാം ന്യായപ്രമാണത്തോടുള്ള ബന്ധത്തില്‍ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ വധു ആകേണ്ടതിനു ദൈവം നിങ്ങളെ മരണത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ചിരിക്കുന്നു. അതാണ് മഹത്വകരമായ മൂന്നാം വിവാഹം!

എന്നാല്‍ ക്രിസ്തുവും വളരെയേറെ നമ്മില്‍ നിന്നും ആവശ്യപ്പെടുന്ന ഭര്‍ത്താവാണ്. ന്യായ പ്രമാണം പറയുന്നതുപോലെ പൂര്‍ണ്ണതയുള്ള ഒരു ഭര്‍ത്താവുതന്നെയാണ് ക്രിസ്തുവും. കൃത്യം എട്ടുമണിക്കു തന്നെ പ്രഭാതഭക്ഷണം ആവശ്യപ്പെടുന്ന ഭര്‍ത്താവ്. ഒരു മിനിട്ടുപോലും വൈകാന്‍ പാടില്ല. എല്ലാം കിറുകൃത്യം. വീടു മുഴുവന്‍ ഒരു പൊടിയുടെ കണിക പോലുമില്ലാതെ വെട്ടിത്തിളങ്ങണം. ന്യായ പ്രമാണത്തിന്റെ നിലവാരത്തില്‍ നിന്നും വരവണ്ണം പോലും താഴെയല്ലാത്ത നിലവാരം. മാത്രമല്ല അതിനെക്കാള്‍ വളരെ ഉയര്‍ന്ന തലത്തിലുള്ള നിലവാരം. ”വ്യഭിചാരം ചെയ്യരുതെ”ന്നു മാത്രമെ ന്യായപ്രമാണം പറയുന്നുള്ളൂ. യേശു പറയുന്നത് ”അന്യസ്ത്രീയെ ഹൃദയത്തില്‍ ആഗ്രഹിക്കപോലും അരുതെ”ന്നാണ്.

എന്നാല്‍ ക്രിസ്തുവും ന്യായപ്രമാണവും തമ്മില്‍ വലിയ ഒരു വ്യത്യാസം ഉണ്ട്. ക്രിസ്തു പറയുന്നു: ”നമുക്കൊരുമിച്ചു പ്രഭാത ഭക്ഷണം തയ്യാറാക്കാം.” എല്ലാക്കാര്യങ്ങളും തന്റെ കൂടെ സഹായത്തോടെ നാം ചെയ്യണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

എത്ര ഉത്സാഹിച്ചാലും ഉച്ചയ്ക്ക് ഒരു മണിയാകുമ്പോഴേക്കു മാത്രം പ്രഭാതഭക്ഷണം തയ്യാറാക്കാന്‍ കഴിയുന്ന കഴിവു കുറഞ്ഞ ഒരു വ്യക്തിയാണു നിങ്ങളെന്നു കരുതുക. ന്യായപ്രമാണം ചെയ്യുന്നതുപോലെ കര്‍ത്താവു നിങ്ങളെ കുറ്റം വിധിക്കുകയോ ശിക്ഷ നടത്തുകയോ ചെയ്യുകയില്ല. തിരസ്‌ക്കരിക്കയുമില്ല. അവിടുന്ന് ഇങ്ങനെ പറയും: ”സാരമില്ല, നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാം. ഞാന്‍ സഹായിച്ചു കാര്യങ്ങള്‍ മെച്ചപ്പെടുത്താം.” അങ്ങനെ കര്‍ത്താവു കൂടി സഹായിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പതിനൊന്ന് മണിക്ക് പ്രഭാത ഭക്ഷണം തയ്യാറാകുന്ന നിലയിലേക്കു കാര്യങ്ങള്‍ പുരോഗമിക്കുന്നു. കര്‍ത്താവു പറഞ്ഞു ”എത്ര അത്ഭുതം! ഇതാ നീ ഒരു മണിയില്‍ നിന്നു പതിനൊന്നു മണിയിലേക്കു വലിയ ഒരു ചുവടു വയ്പു നടത്തിയിരിക്കുന്നു. നാം പൂര്‍ണ്ണതയിലേക്ക് മുന്നേറുകയാണ്. ചില ദിവസങ്ങള്‍ക്കുള്ളില്‍ എട്ടുമണിയിലേക്കു തന്നെ നാം നടന്നു കയറും. നാം മുമ്പോട്ടു തന്നെ പോകും.” തുണി അലക്കാന്‍ നിങ്ങള്‍ക്കറിയില്ല എന്നു കരുതുക. കറയും ചെളിയും ഒന്നും നീക്കാന്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാ. കര്‍ത്താവു പറയുന്നു: ”സാരമില്ല, ഞാന്‍ സഹായിക്കാം.” അടുത്ത പ്രാവശ്യം കര്‍ത്താവിന്റെ സഹായം ഇക്കാര്യത്തില്‍ നിങ്ങള്‍ക്കു ലഭിക്കുന്നു. കറയും അഴുക്കും ഒക്കെ നീങ്ങിത്തുടങ്ങുന്നതു നിങ്ങള്‍ കാണുന്നു. അല്പം പോലും കറയോ അഴുക്കോ ഇല്ലാതെ വസ്ത്രങ്ങള്‍ വെണ്മയാക്കുവാന്‍ തക്കവണ്ണം നിങ്ങളെ പരിശീലിപ്പിക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ പൂര്‍ണ്ണതയിലെത്തുവോളം അവിടുന്ന് നിങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

എങ്ങനെയാണു തന്റെ വധുവിനോടൊപ്പം കര്‍ത്താവു പ്രവര്‍ത്തിക്കുന്നതെന്നു നിങ്ങള്‍ക്ക് മനസ്സിലായോ? ന്യായപ്രമാണം ചെയ്യുന്നതുപോലെ വെറുതെ ആജ്ഞകള്‍ നല്‍കുകയല്ല യേശു ചെയ്യുന്നത്. അവിടുന്നു നമ്മോടൊപ്പം പ്രവര്‍ത്തിക്കുന്നു. നാം അവിടുത്തെ സഹപ്രവര്‍ത്തകരാണ്. അങ്ങനെയുള്ള ഒരു ഭര്‍ത്താവാണ് യേശു.

നിയമാനുസാരികളായ ക്രിസ്ത്യാനികള്‍ നിയമങ്ങളും ചട്ടങ്ങളും ഒക്കെ അനുവര്‍ത്തിച്ച് ജീവിതം പൂര്‍ണ്ണതയുള്ളതാക്കാന്‍ ശ്രമിക്കയും കുറ്റബോധത്തിലും അരിഷ്ടതയിലും ബന്ധനത്തിലും കാലം കഴിക്കുകയും ചെയ്യുന്നു. അവര്‍ തങ്ങള്‍ വച്ചിരിക്കുന്ന പ്രമാണങ്ങളും ചട്ടങ്ങളും മറ്റുള്ളവരുടെ മേലും അടിച്ചേല്‍പ്പിച്ച് അവരെയും കുറ്റബോധത്തിലും അരിഷ്ടതയിലും ആക്കിത്തീര്‍ക്കുന്നു. ദൈവത്തിന്റെ മക്കളായ നാം മഹത്വകരമായ സ്വാതന്ത്ര്യത്തില്‍ ജീവിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു (റോമ. 8:21).

ഏഴാം അദ്ധ്യായത്തിന്റെ അവസാനത്തില്‍ വീണ്ടും ജനിച്ച ഒരു വ്യക്തി തന്റെ ആന്തരിക സംഘര്‍ഷത്തെക്കുറിച്ച് പറയുന്നത് പൗലൊസിന്റെ വാക്കുകളില്‍ ”ദൈവത്തിന്റെ ന്യായപ്രമാണം നല്ലത് എന്നു ഞാന്‍ സമ്മതിക്കുന്നു. എങ്കിലും ഞാന്‍ ഇച്ഛിക്കുന്നതു പ്രവര്‍ത്തിക്കാന്‍ എനിക്കു കഴിയുന്നില്ല”(വാ. 16). ”ഞാന്‍ ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയത്രെ പ്രവര്‍ത്തിക്കുന്നത്”(വാ. 19)എന്നാണ്. മനഃപൂര്‍വ്വമായ പാപത്തെക്കുറിച്ചല്ല പൗലൊസ് ഇവിടെ പറയുന്നത്. എനിക്കു വ്യഭിചാരം ചെയ്യണമെന്ന് ആഗ്രഹമില്ല, എങ്കിലും ഞാന്‍ ചെയ്തു പോകുന്നു എന്നുമല്ല ഇവിടെ പറയുന്നത്. കൊല ചെയ്യണമെന്നു ഞാന്‍ ഇച്ഛിക്കുന്നില്ല, എങ്കിലും ഞാന്‍ അറിയാതെ കൊന്നു പോകുന്നു എന്നുമല്ല ഇവിടെ പറയുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ചൊന്നുമല്ല പൗലൊസ് പറയുന്നത്. ”ഞാന്‍ ചെയ്യുന്നതു ഞാന്‍ അറിയുന്നില്ല” (വാ. 15). തനിക്കു മനസ്സിലാക്കുവാന്‍ കഴിയാത്ത കാര്യങ്ങള്‍. വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാത്ത, ഇടറുകയും വീഴുകയും ചെയ്യുന്ന, എല്ലാ ശ്രമങ്ങളും പാളുന്ന, ഇടങ്ങളെക്കുറിച്ചാണ് 7:15-25 വരെയുള്ള വേദഭാഗം മുഴുവനും പറയുന്നത്. ദൈവത്തിന്റെ പൂര്‍ണ്ണഹിതമെന്തെന്നു നമുക്കു വ്യക്തമായി വെളിച്ചമില്ലാത്ത നമ്മുടെ ജീവിതത്തിലെ നിരവധി മേഖലകളിലുണ്ടാകുന്ന പരാജയങ്ങള്‍.

നിങ്ങള്‍ കോപിക്കുന്ന സ്വഭാവമുള്ള ഒരു വ്യക്തിയാണെന്നു കരുതുക. ഒരു പ്രഭാതത്തില്‍ നിങ്ങളിങ്ങനെ ചിന്തിക്കുന്നു: ”ഞാന്‍ എന്റെ ഭാര്യയോടും മക്കളോടും എല്ലാ ദിവസവും കോപിക്കുന്നു. എന്നാല്‍ ഇന്ന് ഞാന്‍ അങ്ങനെ ചെയ്യുകയില്ല.” ഇതു നിങ്ങള്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ എടുത്ത തീരുമാനമാണ്. പക്ഷേ നിങ്ങളെ പ്രകോപിപ്പിക്കുന്ന ഒരു കാര്യം ഉടനെ സംഭവിക്കുന്നു. നിങ്ങള്‍ കോപിച്ചു പോകുന്നു. പെട്ടെന്നു തന്നെ നിങ്ങള്‍ അതെക്കുറിച്ചു ദുഃഖിക്കുന്നു. അതു നിങ്ങള്‍ മനഃപൂര്‍വ്വം ചെയ്ത ഒരു പാപമല്ല. നിങ്ങള്‍ വീഴാന്‍ ആഗ്രഹിച്ചില്ല. പക്ഷേ വീണു. അതു നിങ്ങളുടെ പഴയ മനുഷ്യനല്ല, മറിച്ച് ശക്തി പ്രാപിക്കാത്ത പുതിയ മനുഷ്യനാണ് ജഡമോഹങ്ങള്‍ക്കുനേരെ വാതിലടയ്ക്കാതിരുന്നത്. ധാരാളം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ നമുക്കാഗ്രഹമുണ്ട്, എന്നാല്‍ ചെയ്യാന്‍ കഴിയുന്നില്ല. അതിനാല്‍ ദിനാന്ത്യത്തില്‍ നാം അതോര്‍ത്ത് ഖേദിക്കുന്നു. പക്ഷേ ഒരു ദുര്‍ബല നിമിഷത്തില്‍ നാം വീണു. എങ്ങനെയാണ് അരിഷ്ടമായ ഈ ജീവിതത്തില്‍ നിന്നും നാം മുക്തി നേടുക?(വാ. 24). ഒരു വഴിയുണ്ടോ? ഉണ്ട്. അതിനായി നമുക്കു ദൈവത്തിനു സ്‌ത്രോതം ചെയ്യാം. ജഡം കൊണ്ടു നാം പാപത്തില്‍ രസിക്കുന്നു. എന്നാല്‍ നമ്മുടെ മനസ്സും ഇച്ഛയും ദൈവത്തെ മാത്രം അനുസരിക്കുവാന്‍ നാം വച്ചിരിക്കുന്നു(വാ. 25).


ആത്മാവിന്റെ പ്രമാണം


റോമര്‍ എട്ടാമദ്ധ്യായത്തില്‍ പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് മൂന്നു കാലങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നു. പാപത്തിന്റെ ശിക്ഷയില്‍ നിന്നും ഒന്നാമതായി നാം സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു- ഒരു ശിക്ഷാ വിധിയും ഇല്ല. (വാ. 1). രണ്ടാമതായി നാം പാപത്തിന്റെ ശക്തിയില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു കൊണ്ടിരിക്കുന്നു (വാ. 2-17). മൂന്നാമതായി, ഒരു നാള്‍ നാം പാപത്തിന്റെ സാന്നിദ്ധ്യത്തില്‍ നിന്നു തന്നെ സ്വാതന്ത്ര്യം പ്രാപിക്കും (വാ. 18-25).

രണ്ടാം വാക്യത്തില്‍ രണ്ടു പ്രമാണങ്ങളെക്കുറിച്ചു നാം വായിക്കുന്നു. ‘പാപത്തിന്റെയും മരണത്തിന്റെയും പ്രമാണം,’ ഗുരുത്വാകര്‍ഷണ നിയമം പോലെ, എപ്പോഴും നമ്മെ താഴേക്കു വലിച്ചു കൊണ്ടിരിക്കുന്നു. ഇതില്‍ നിന്നു നമ്മെ മോചിപ്പിക്കുന്നതു ‘ആത്മാവിന്റെ പ്രമാണ’മാണ്. ആത്മാവിന്റെ പ്രമാണം മോശെയുടെ ന്യായപ്രമാണം പോലെ ”നീ… ചെയ്യണം” ”നീ… ചെയ്യരുത്” എന്ന മട്ടിലുള്ള ഒരു നിര കല്പനകളല്ല. അത് യേശു ക്രിസ്തുവിന്റെ ജീവനാണ്.

ഞാനൊരു ദൃഷ്ടാന്തം പറയട്ടെ. ഞാന്‍ എന്റെ കയ്യില്‍ ഒരു പുസ്തകം പിടിച്ചിരിക്കുന്നു. അതു നിലത്തു വീഴാന്‍ സാദ്ധ്യതയില്ല. എന്നാല്‍ ഞാന്‍ പിടി വിട്ടാല്‍ അതു താഴെ വീഴും. ഗുരുത്വാകര്‍ഷണനിയമത്തിനെതിരെ പ്രവര്‍ത്തിച്ചതെന്താണ്?എന്റെ ശരീരത്തിലെ ജീവന്റെ ശക്തി. എന്റെ ശക്തി ആ പുസ്തകം താഴെ വീഴാതിരിക്കുവാന്‍ തക്കവണ്ണം ഗുരുത്വാകര്‍ഷണ ശക്തിയെ പ്രതിരോധിച്ചു. ഇപ്രകാരമാണ് വീഴാതെവണ്ണം കര്‍ത്താവ് നമ്മെയും സൂക്ഷിക്കുന്നത് (യൂദാ. 24)- പരിശുദ്ധാത്മാവിലൂടെ തന്റെ ജീവന്‍ നമ്മില്‍ പകര്‍ന്നുകൊണ്ട്. ക്രിസ്തുയേശുവിലെ ജീവന്റെ പ്രമാണം പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്താലുള്ള വീഴ്ചകളില്‍ നിന്നും നമ്മെ സൂക്ഷിക്കും,എത്രത്തോളം നമ്മെ പിടിക്കുവാന്‍ നാം അവിടുത്തെ അനുവദിക്കുമോ അത്രത്തോളം.അങ്ങനെ മാത്രമേ നമുക്കു ജയാളികളായിത്തീരുവാന്‍ കഴിയൂ.ദൈവം നമ്മെ താങ്ങുന്നതുകൊണ്ടുമാത്രം നാം പാപത്തില്‍ വീഴാതെയിരിക്കുന്നു എങ്കില്‍ നമ്മുടെ ജയത്തില്‍ നമുക്കെത്രമാത്രം പ്രശംസിക്കാന്‍ കഴിയും? ഞാന്‍ പിടിച്ചിരിക്കുന്നതുകൊണ്ടു വീഴാതിരിക്കുന്ന ഒരു പുസ്തകത്തിനു താന്‍ വീഴാതിരിക്കുന്നതിലുള്ള പ്രശംസ എത്രയുണ്ടോ അത്രമാത്രം. എന്നാല്‍ ഒരു പുസ്തകത്തിനു സ്വയം തെരഞ്ഞെടുപ്പിനുള്ള കഴിവില്ല. നമുക്ക് സ്വതന്ത്രമായ ഒരു ഇച്ഛാശക്തിയുണ്ട്. നമുക്കു കര്‍ത്താവിന്റെ കരങ്ങളിലിരിക്കുകയോ ചാടിപ്പോവുകയോ ചെയ്യാം. ചാടിപ്പോയാല്‍ നാം വീഴുക തന്നെ ചെയ്യും. എന്നാല്‍ നാം കര്‍ത്താവിനു വിധേയപ്പെടുന്നു എങ്കില്‍ അവിടുന്നു നമ്മെ വീഴാതെ സൂക്ഷിക്കും. ഒരു വിശ്വാസി വീഴുകയില്ല എന്നു പറയുവാന്‍ ഞാന്‍ ഒരുക്കമല്ല.എന്നാല്‍ ഒരു കാര്യം ഞാന്‍ പറയട്ടെ, ഒരു വിശ്വാസിക്ക് വീഴേണ്ട ആവശ്യമില്ല; വീഴേണ്ട കാര്യമില്ല. 8:28-ല്‍ ഇപ്രകാരം പറയുന്നു: ”ദൈവം തന്റെ ഉദ്ദേശ്യത്തിനായി വിളിച്ചവര്‍ക്ക്, താന്‍ സ്‌നേഹിക്കുന്നവര്‍ക്ക്,സകലവും കൂടിച്ചേര്‍ന്ന് നന്മയിലേക്ക് വ്യാപരിക്കുന്നു.” സുവിശേഷം നമ്മെ ക്രിസ്തുവില്‍ അത്ഭുതകരമായ ഒരു പദവിയിലേക്കാണു കൊണ്ടു വന്നിരിക്കുന്നത്. പാപികള്‍ എന്ന നിലയില്‍ നിന്നാണു നമ്മുടെ തുടക്കമെങ്കിലും ആരംഭത്തില്‍ത്തന്നെ നമുക്കു പാപക്ഷമ ലഭിച്ചു. തുടര്‍ന്നു ദൈവം നമ്മെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നു. അവിടെ നിന്നും നാം പാപത്തിന്മേല്‍ ജയം പ്രാപിക്കുന്ന ഒരു ജീവിതം ആരംഭിക്കുന്നു. അങ്ങനെ ന്യായപ്രമാണത്തില്‍ നിന്നും അതിന്റെ ആത്മാവില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുകയും പരിശുദ്ധാത്മാവിലുള്ള ഒരു ജീവിതത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു.

ഏഴാമദ്ധ്യായത്തില്‍ ”ഞാന്‍” ”എനിക്ക്” ”എന്റെ” എന്ന പ്രയോഗങ്ങള്‍ പലതവണ നാം കാണുന്നു. അത് പാപത്തിനെതിരായ ”എന്റെ” പോരാട്ടങ്ങളെ കുറിക്കുന്നു. എന്നാല്‍ എട്ടാമദ്ധ്യായത്തില്‍ 19 പ്രാവശ്യം ‘പരിശുദ്ധാത്മാവ് ‘എന്ന പദം ആവര്‍ത്തിക്കുന്നു. അത് ആത്മാവിലുള്ള ജീവനെക്കുറിച്ചാണ്. അതായത് നാം ഈ ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും പരിശുദ്ധാത്മാവിനു വിധേയപ്പെട്ടു ജീവിക്കുമ്പോള്‍ പിതാവായ ദൈവം എല്ലാ കാര്യങ്ങളെയും നമ്മുടെ നിത്യമായ നന്മയ്ക്കാക്കിത്തീര്‍ക്കും. ആരെങ്കിലും നമ്മെ ഉപദ്രവിക്കാന്‍ ആഗ്രഹിച്ചാലും അതു നമ്മുടെ നന്മയ്ക്കുവേണ്ടി ദൈവം ഉപയോഗപ്പെടുത്തും (8:28). ഈ സുവിശേഷം അത്ഭുതകരം തന്നെയാണ്! റോമര്‍ 8:28 നാം വിശ്വസിക്കുന്നു എങ്കില്‍ നമ്മുടെ ജീവിതകാലത്തൊരിക്കലും ആളുകളെയോ സാഹചര്യങ്ങളെയോ നമുക്കു ഭയപ്പെടേണ്ടി വരികയില്ല.നമുക്കു അപകടങ്ങളുണ്ടാകുമെന്നോ, അര്‍ബുദവ്യാധി പിടിപെടുമെന്നോ, സുവിശേഷ വിരോധികള്‍ നമ്മെ ഉപദ്രവിക്കുമെന്നോ മറ്റെന്തെങ്കിലും ദോഷങ്ങള്‍ നമുക്കുണ്ടാകുമെന്നോ നാം ഭയപ്പെടേണ്ടതില്ല. കാരണം നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് എല്ലാ വ്യക്തികളുടെയും സാഹചര്യങ്ങളുടെയും മേല്‍ അധികാരമുള്ളവനാണ്. അവിടുന്ന് എല്ലാറ്റെയും നിയന്ത്രിക്കുന്നു. എല്ലാം എന്നു വച്ചാല്‍ സര്‍വ്വതും എന്നു തന്നെ. അതുകൊണ്ട് നമുക്ക് എല്ലാറ്റിനുവേണ്ടിയും എല്ലായ്‌പ്പോഴും നന്ദിയുള്ളവരായിരിക്കാം(എഫെ. 5:20). റോമര്‍ 8:28 ല്‍ ”മിക്ക കാര്യങ്ങളും നന്മയ്ക്കായ് കൂടി വ്യാപരിപ്പിക്കുന്നു” എന്നായിരുന്നു എങ്കില്‍ എഫെ. 5:20ല്‍ ”മിക്ക കാര്യങ്ങള്‍ക്കുവേണ്ടിയും നന്ദിയുള്ളവരായിരിക്കാം” എന്നാകുമായിരുന്നു. 1 തെസ്സ. 5:18-ല്‍ ”മിക്ക കാര്യങ്ങള്‍ക്കു വേണ്ടിയും സ്‌തോത്രം ചെയ്‌വീന്‍” എന്നാകുമായിരുന്നു. എന്നാല്‍ റോമര്‍ 8:28-ല്‍ ”ദൈവം സകലവും നന്മയ്ക്കായി കൂടിവ്യാപരിപ്പിക്കുന്നു” എന്ന് എഴുതിയിരിക്കുന്നതുകൊണ്ട് നാം സകലത്തിനും വേണ്ടി സ്‌തോത്രം ചെയ്യുന്നവരാകണം.നാം നമ്മുടെ ജീവിതത്തിന്റെ 90% മാത്രമാണ് കര്‍ത്താവിനു നല്‍കുന്നതെങ്കില്‍ നമുക്കു ഭവിക്കുന്ന 90% കാര്യങ്ങള്‍ക്കു മാത്രമേ സ്‌തോത്രം ചെയ്യുവാന്‍ നമുക്കു കഴിയൂ. കാരണം ബാക്കി 10% ജീവിതത്തെ നാം തന്നെയോ അല്ലെങ്കില്‍ സാത്താനോ ആയിരിക്കും നിയന്ത്രിക്കുന്നത്.

റോമര്‍ 8:28 പുതിയ നിയമത്തിലെ ഏറ്റവും മനോഹരമായ വാഗ്ദാനമാണ്. കാരണം നമ്മുടെ ജീവിതത്തില്‍ നാം അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ സാഹചര്യങ്ങളെയും വ്യക്തികളെയും അത് ഉള്‍ക്കൊള്ളുന്നു- ഓരോന്നായും മൊത്തത്തിലും.ഞാന്‍ വ്യക്തിപരമായി അതു വിശ്വസിക്കുകയും അതിലെ നന്മയെ നോക്കിക്കൊണ്ട് ആ നന്മയില്‍ പല വര്‍ഷങ്ങളായി ജീവിക്കുകയും ചെയ്യുന്നു. ഈ വാക്യം വെള്ളം ശുദ്ധീകരിക്കുന്ന ഒരു വാട്ടര്‍ ഫില്‍ട്ടര്‍ പോലെയാണ്. നിങ്ങള്‍ ഒഴിക്കുന്നതു കലങ്ങിയ വെള്ളമായിരുന്നാല്‍ പുറത്തേക്കു വരുന്നതു ശുദ്ധജലമായിരിക്കും. അതുപോലെ ആരെങ്കിലും നമ്മെ ഉപദ്രവിക്കാന്‍ ശ്രമിച്ചാലും ദൈവം ആ തിന്മയെ നന്മയാക്കി രൂപാന്തരപ്പെടുത്തുന്നു. ഒരു വാട്ടര്‍ ഫില്‍ട്ടറിനു കലക്കവെള്ളത്തെ നിര്‍മ്മലമാക്കാന്‍ കഴിയുമെങ്കില്‍ ദൈവത്തിനു നമ്മുടെ സാഹചര്യങ്ങളെ എത്രയധികം വ്യത്യാസപ്പെടുത്താന്‍ കഴിയും! അതു നാം വിശ്വസിക്കുന്നു എങ്കില്‍ റോമ. 8:28 എന്ന ശുദ്ധീകരണ വഴിയില്‍ നമ്മുടെ ജീവിതകാലം മുഴുവന്‍ നമുക്കു ജീവിക്കുവാന്‍ കഴിയും. ആളുകള്‍ നമുക്കു നന്മ ചെയ്താലും തിന്മ ചെയ്താലും എല്ലാം എല്ലായ്‌പോഴും ആത്യന്തികമായി നന്മയില്‍ കലാശിക്കും.

1959-ല്‍ ഞാന്‍ വീണ്ടും ജനിച്ചതുമുതല്‍ ഇന്നയോളം എനിക്കു തിന്മ വരുത്തുവാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പലരും എന്നെ ഉപദ്രവിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ആളുകള്‍ നുണക്കഥകളും അപവാദങ്ങളും എന്നെക്കുറിച്ചു പ്രചരിപ്പിച്ചിട്ടുണ്ട്. എന്നെ കുടുക്കുവാനും കെണിയിലകപ്പെടുത്തുവാനും പലയിടത്തും ശ്രമിച്ചിട്ടുണ്ട്. ഞാന്‍ സുവിശേഷത്തിലെ സത്യത്തിനുവേണ്ടി ഉറച്ചു നിന്നതിന്റെ പേരില്‍ അനേകര്‍ എന്നെ വെറുത്തു. പക്ഷേ അവര്‍ക്കാര്‍ക്കും യഥാര്‍ത്ഥത്തില്‍ എനിക്ക് ഒരു ദോഷവും വരുത്തുവാന്‍ കഴിഞ്ഞിട്ടില്ല. കാരണം റോമര്‍ 8:28-ലെ ദൈവ വാഗ്ദാനത്തിന്റെ ശുദ്ധീകരണ വഴിയിലാണ് ഞാന്‍ ജീവിച്ചത്.

അതുകൊണ്ടു കര്‍ത്താവിനോടു പറയുക: ”കര്‍ത്താവേ, എനിക്കു ഭൂമിയില്‍ സ്വന്തമായി ലക്ഷ്യങ്ങളൊന്നുമില്ല. അങ്ങു ജീവിച്ചതുപോലെ ദൈവഹിതം തികെയ്ക്കണമെന്നുമാത്രം. പണമോ, സ്ഥാന മാനങ്ങളോ ജീവിതസുഖമോ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കുവേണ്ടി ഒന്നും ഞാനാഗ്രഹിക്കുന്നില്ല. അങ്ങയെ പ്രസാദിപ്പിക്കണമെന്നു മാത്രമാണെന്റെ ദിനം തോറുമുള്ള ആഗ്രഹം. അതില്‍ ഞാന്‍ എന്നെ നിരന്തരം വിധിച്ചുകൊണ്ടിരിക്കും.” അങ്ങനെയെങ്കില്‍ സകലവും നിങ്ങള്‍ക്കു നന്മയ്ക്കായി കൂടി വ്യാപരിക്കും. ആ നന്മയെക്കുറിച്ചാണ് റോമര്‍ 8:29-ല്‍ നാം കാണുന്നത്. നിങ്ങള്‍ കൂടുതല്‍ യേശുവിന്റെ രൂപത്തോടു അനുരൂപരായിക്കൊണ്ടിരിക്കും. അതിലും വലിയ ഒരു നന്മ സര്‍വ്വശക്തനായ ദൈവത്തിനു നിങ്ങള്‍ക്കു നല്‍കാന്‍ കഴിയുകയില്ല.

അതല്ല, നിങ്ങള്‍ക്കു സ്വകാര്യമായ ലക്ഷ്യങ്ങളും പദ്ധതികളും നിങ്ങളെക്കുറിച്ചുണ്ടെങ്കില്‍ റോമര്‍ 8:28-ലെ വാഗ്ദാനം നിങ്ങള്‍ക്കുവേണ്ടി ഉള്ളതല്ല. റോമര്‍ 8:28-ലെ നന്മയിലല്ല ഭൂരിപക്ഷം ക്രിസ്ത്യാനികളും ജീവിക്കുന്നത്. അവര്‍ക്ക് തങ്ങളുടെ ജീവിതത്തെക്കുറിച്ചു സ്വന്തമായ ലക്ഷ്യങ്ങളും പദ്ധതികളുമുണ്ട്. ദൈവം അവരെ അനുഗ്രഹിക്കണമെന്നുമാത്രമേ അവര്‍ ആഗ്രഹിക്കുന്നുള്ളു.

എന്നാല്‍ ദൈവഹിതം മാത്രമന്വേഷിക്കുന്നവര്‍ക്ക്, അവര്‍ക്കുമാത്രം ഇപ്രകാരം പറയുവാന്‍ കഴിയും: ”ദൈവം നമുക്ക് അനുകൂലമെങ്കില്‍ പ്രതികൂലം ആര്‍?” (വാ. 31). ദൈവം തങ്ങളുടെ പക്ഷത്തുള്ളവര്‍ക്ക് എതിരെ നിലകൊള്ളുവാന്‍ ആര്‍ക്കും കഴിയുകയില്ല. ദൈവം അവര്‍ക്ക് എല്ലാം സൗജന്യമായി നല്‍കും(വാ. 32). ആളുകള്‍ അവരെകുറ്റപ്പെടുത്തുമ്പോള്‍ കര്‍ത്താവ് അവര്‍ക്കു വേണ്ടി പക്ഷവാദം ചെയ്യും(വാ.34). ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്നും അവരെ അകറ്റാന്‍ ആര്‍ക്കും കഴിയുകയില്ല. അതെത്ര അത്ഭുതകരമാണ്! അവര്‍ എല്ലാ സാഹചര്യങ്ങളിലും ജയാളികളെക്കാള്‍ ഉന്നതമായ അവസ്ഥയിലാണ് (വാക്യം 37).


ദൈവത്തിന്റെ പരമാധികാരം, നീതി, വിശ്വസ്തത


റോമര്‍ 9 മുതല്‍ 11 വരെയുളള അദ്ധ്യായങ്ങളില്‍ യിസ്രായേലിനോടും സഭയോടുമുളള ദൈവത്തിന്റെ ഇടപാടുകളെക്കുറിച്ചു നാം വായിക്കുന്നു. 9-ാം അദ്ധ്യായത്തില്‍ ദൈവത്തിന്റെ പരമാധികാരത്തെ നാം കാണുന്നു. 10-ാം അദ്ധ്യായത്തില്‍ ദൈവത്തിന്റെ നീതിയേയും 11-ാം അദ്ധ്യായത്തില്‍ അവിടുത്തെ വിശ്വസ്തതയെയും.

ഈ മൂന്നദ്ധ്യായങ്ങളും യിസ്രായേലിനോടു ദൈവം ഇടപെട്ടതെങ്ങെനെയെന്നുള്ളതിനു നമുക്കൊരു ദൃഷ്ടാന്തമായി കാണിച്ചിരിക്കുന്നു. പ്രധാന ഉദ്ദേശ്യം നമ്മെ താഴ്മയിലേക്കു നയിക്കുവാനാണ്-പ്രത്യേകിച്ചും 8-ാം അദ്ധ്യായം 31 – 39 വാക്യങ്ങള്‍ നമുക്കു നല്‍കുന്ന വലിയ വിശ്വാസത്തിനും അതിധൈര്യത്തിനും ശക്തിക്കും ശേഷം. അതു നമ്മെ ചീര്‍പ്പിക്കുവാന്‍ സാദ്ധ്യതയുണ്ട്.

അതുകൊണ്ടു 12-ാം അദ്ധ്യായത്തിലേക്കു കടക്കും മുന്‍പെ നമുക്ക് 9 -11 അദ്ധ്യായങ്ങളിലെ പ്രബോധനം ആവശ്യമുണ്ട്-നമ്മെ താഴ്ത്തുവാന്‍.

9-ാം അദ്ധ്യായത്തില്‍ ദൈവത്തിന്റെ പരമാധികാരത്തെ നാം കാണുന്നു. നാം തെരഞ്ഞെടുക്കപ്പെട്ടതു നമ്മിലെ നന്മ കാരണമായിട്ടല്ല എന്ന തിരിച്ചറിവു നമ്മെ താഴ്മയുളളവരാക്കുന്നു. സ്വതന്ത്രമായ തെരഞ്ഞെടുപ്പിനു കഴിവുള്ളവരായിട്ടും ദൈവത്തിന്റെ പരമാധികാരത്തോടു നിരന്നു കൊള്‍വാനുളള വലിപ്പം നമ്മുടെ ബുദ്ധിക്ക് ഇല്ലാതെ പോയതും നമ്മെ വിനയാന്വിതരാക്കുന്നു.

10-ാം അദ്ധ്യായത്തില്‍ ദൈവം നീതിമാനാണെന്നു നാം കണ്ടെത്തുന്നു. നമുക്കൊരിക്കലും ആ നീതി പ്രാപിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവു നമ്മെ താഴ്മയിലേക്കു നടത്തുന്നു. എങ്കിലും ഇന്നു വിശ്വാസത്താല്‍ അതു പ്രാപിക്കുവാന്‍ തക്കവണ്ണം ദൈവം കരുണ ചെയ്തു.

11-ാം അദ്ധ്യായത്തില്‍ വിശ്വസ്തനായ ദൈവത്തെ നാം കാണുന്നു.നാം വീഴാതിരിക്കുന്നതു നമ്മുടെ വിശ്വസ്തതകൊണ്ടല്ല പകരം നമ്മോടുളള ദയയാലും ഖണ്ഡിതത്താലും വെളിപ്പെടുത്തുന്ന അവിടുത്തെ വിശ്വസ്തതയാലാണ് എന്ന കാര്യവും നമ്മെ താഴ്മയിലേക്കു നയിക്കുന്നു (11:22). അവിടുന്നു നമ്മോടു ദയയുള്ളവനാണ്. നാം അധൈര്യപ്പെട്ടും ക്ഷീണിച്ചും പോകുന്ന സമയങ്ങളില്‍ അവിടുന്നു നമുക്കു ധൈര്യം പകരുന്നു. എന്നാല്‍ നാം പാപത്തെക്കുറിച്ചു സൂക്ഷ്മതയില്ലാത്തവരായി വഴിവിട്ടു പോകുമ്പോള്‍ അവിടുന്നു ഖണ്ഡിതം പ്രയോഗിക്കയും നമ്മെ ശിക്ഷണം ചെയ്യുകയും ചെയ്യുന്നു. ഈ രണ്ടു കാര്യങ്ങളാലുമാണ് (കൃപയാലും സത്യത്താലും) നാം പരിപാലിക്കപ്പെടുന്നത്.

എന്താണീപ്പറഞ്ഞതിന്റെയൊക്കെ ഉപസംഹാരം? 8:31 – 39 ലെ ഉപസംഹാരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണിവിടെ.അവിടെ സുവിശേഷത്താല്‍ നമുക്കു ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ചു പറയുന്നു. ഇവിടെ ആത്യന്തികമായി ദൈവത്തിനു ലഭിക്കുന്ന എല്ലാ മഹത്വത്തെയും കുറിച്ചു പറയുന്നു. ”എല്ലാം അവനില്‍ നിന്നും അവനാലും അവങ്കലേക്കും ആകുന്നു”(11:36).

നമുക്ക് ഈ അദ്ധ്യായങ്ങളിലേക്ക് ഒന്നു ശ്രദ്ധിക്കാം. 9-ാം അദ്ധ്യായത്തില്‍ യിസ്രായേലിന്റെ തെരഞ്ഞെടുപ്പിനെക്കുറിച്ചു നാം വായിക്കുന്നു.

ദൈവം ചിലരെ നരകത്തിനായും മറ്റു ചിലരെ നിത്യജീവനായും മുന്‍ നിയമിച്ചിരിക്കുന്നു എന്ന മട്ടിലുളള മുന്‍ വിധിയോടെയും തെറ്റിദ്ധാരണയോടെയും നാം ദൈവത്തിന്റെ തെരഞ്ഞെടുപ്പിനെ കാണരുത്. അത്തരം ഉപദേശങ്ങള്‍ തീര്‍ത്തും തെറ്റാണ്.എല്ലാ മനുഷ്യരും മാനസാന്തരപ്പെട്ടു രക്ഷിക്കപ്പെട്ട് തന്നോടൊപ്പം സ്വര്‍ഗ്ഗത്തില്‍ വസിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍ അവിടുന്ന് ആരെയും നിര്‍ബന്ധിക്കുന്നില്ല. ആരൊക്കെ മാനസാന്തരപ്പെട്ട് ക്രിസ്തുവിനെ സ്വീകരിക്കുമെന്നുളള ദൈവത്തിന്റെ മുന്നറിവില്‍ നിന്നാണു ദൈവത്തിന്റെ തെരഞ്ഞെടുപ്പ്. 1 പത്രൊസ് 1:1,2 വാക്യങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. യിസ്രായേലിന്റെ തെരഞ്ഞെടുപ്പ് സ്വര്‍ഗ്ഗം അവകാശമാക്കുവാന്‍ വേണ്ടി ആയിരുന്നില്ല. ഭൂമിയിലെ ചില പ്രത്യേക ശുശ്രൂഷകള്‍ നിറവേറ്റുവാനായിരുന്നു അവരുടെ വിളി.

ദൈവത്തിന്റെ എല്ലാ തെരഞ്ഞെടുപ്പുകളും സ്വര്‍ഗ്ഗത്തിലേക്കുളള ലക്ഷ്യത്തിനുവേണ്ടിയല്ല. ഭൂമിയിലെ പ്രത്യേക ശുശ്രൂഷകള്‍ക്കു വേണ്ടിയാണ് ദൈവം വ്യക്തികളെ തെരഞ്ഞെടുക്കുന്നത്. നാം ആഗ്രഹിക്കുന്ന ശുശ്രൂഷകളല്ല ദൈവം സഭയില്‍ നമുക്കു നല്‍കുന്നത്. ദൈവം യിസ്രായേലിനെ ഒരു പ്രത്യേക ശുശ്രൂഷയ്ക്കായി തെരഞ്ഞെടുത്തു. എന്തുകൊണ്ടു ദൈവം ഇന്ത്യയെയോ ചൈനയെയോ തെരഞ്ഞെടുത്തില്ല? ദൈവത്തിന്റെ അധികാരത്തെ നമുക്കു ചോദ്യം ചെയ്തുകൂടാ. എന്തുകൊണ്ടാണ് ദൈവം ഒരുവനെ ഒരു അപ്പൊസ്തലനായും മറ്റൊരുവളെ വീട്ടമ്മയായും വിളിക്കുന്നത്? നമുക്കു ദൈവത്തെ ചോദ്യം ചെയ്തുകൂടാ. നമുക്കോരോരുത്തര്‍ക്കും നല്‍കേണ്ട വരങ്ങളേതെന്നും നല്‍കേണ്ട ശുശ്രൂഷകളെന്തെന്നും ദൈവം തന്നെ നിശ്ചയിച്ചിരിക്കുന്നു.

നമ്മുടെ എല്ലാ സാഹചര്യങ്ങളെയും ദൈവത്തിന്റെ പരമാധികാരത്തില്‍ നിയന്ത്രിക്കുന്നതായി റോമര്‍ 8:28 ല്‍ നാം കണ്ടു. 9-ാം അദ്ധ്യായത്തില്‍ അതേ പരമാധികാരത്തില്‍ ദൈവം പ്രത്യേക ദൗത്യങ്ങള്‍ക്കായി ആളുകളെ തെരഞ്ഞെടുക്കുന്നതു നാം കണ്ടു. ഭൂമിയിലെ ചില പ്രത്യേക ദൗത്യങ്ങള്‍ക്കായി ആളുകളെ ജനനം മുതല്‍ ഒരുക്കിയെടുക്കുന്നു. ഫറവോനെപ്പോലും ദൈവം തന്റെ പ്രത്യേക പദ്ധതിക്കായി ഉപയോഗിക്കുന്നതു നാം കാണുന്നു (റോമ: 9:17). ഫറവോന്‍ ദൈവത്തോടു നിരന്തരം എതിര്‍ത്തു നിന്നു. ഒരിക്കലും മാനസാന്തരപ്പെട്ടില്ല. അവന്‍ മാനസാന്തരപ്പെടാഞ്ഞതിനാല്‍ ദൈവം അവന്റെ ഹൃദയത്തെ കഠിനമാക്കികൊണ്ടു തന്റെ ശക്തി പ്രകടിപ്പിച്ചു. നിങ്ങള്‍ക്കു ദൈവത്തെ തോല്പിക്കാന്‍ കഴിയില്ല. ദൈവത്തോടു പോരാടിയാല്‍ തീര്‍ച്ചയായും നിങ്ങള്‍ പരാജയപ്പെടും.

പത്താം അദ്ധ്യായത്തില്‍ പൗലൊസ് ദൈവത്തിന്റെ നീതിയെക്കുറിച്ചു സംസാരിക്കുന്നു. യഹുദാജനം നീതിയെ പ്രാപിച്ചില്ല (9:31). കാരണം അവര്‍ തെറ്റായ വഴിയിലൂടെയാണു നീതിയെ അന്വേഷിച്ചത് – ന്യായ പ്രമാണത്തിലൂടെ. ഇന്നും അതേ തെറ്റായ വഴി പിന്തുടരുന്ന ക്രിസ്ത്യാനികള്‍ ഉണ്ട്.എങ്ങനെയാണു നമുക്കു ദൈവത്തിന്റെ നീതി പ്രാപിക്കാന്‍ കഴിയുന്നത്? പത്താമദ്ധ്യായത്തിലെ 6 – 8 വരെയുളള വാക്യങ്ങള്‍ അക്കാര്യം നമുക്കു പറഞ്ഞുതരുന്നു. അതു നമുക്കു പുറത്തുളള ഒരു കാര്യമാണ്.നമ്മുടെ നാവുകൊണ്ട് ഏറ്റു പറയേണ്ട വിശ്വാസത്തിന്റെ വാക്കുകളാണ്. ”ഹൃദയം കൊണ്ടു വിശ്വസിക്കയും വായ്‌കൊണ്ട് ഏറ്റു പറയുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും”(വാ.9). നാം വായ്‌കൊണ്ട് ഏറ്റു പറയണം. എന്നാല്‍ ഇന്ന് അനേകം പ്രസംഗകര്‍ പഠിപ്പിക്കുന്ന കാര്യങ്ങളുമായി ഇതിനെ കൂട്ടിക്കുഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുത്. നിങ്ങള്‍ എന്തെങ്കിലും കാര്യം ദൈവത്തോട് അപേക്ഷിക്കയും നിങ്ങള്‍ക്കതു ലഭിച്ചു എന്ന് വായ്‌കൊണ്ട് ഏറ്റു പറയുകയും ചെയ്താല്‍ നിങ്ങള്‍ക്കതു ലഭിക്കുമെന്ന് അവര്‍ പഠിപ്പിക്കുന്നു. രോഗ സൗഖ്യമോ, പുതിയ വീടോ, കാറോ എന്തു തന്നെ ആയാലും ലഭിക്കും. ഈ ഉപദേശം വചനത്തിനു നിരക്കുന്നതല്ല. ദൈവം തന്റെ വചനത്തില്‍ വാഗ്ദാനം ചെയ്യുന്നകാര്യങ്ങള്‍ മാത്രമേ നാം ഏറ്റു പറയാന്‍ പാടുളളൂ. 17-ാം വാക്യത്തില്‍ പറയുന്നതു ശ്രദ്ധിക്കുക. ”വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്റെ വചനത്താലും ഉണ്ടാകുന്നു.” നിങ്ങള്‍ക്കു വേണ്ടതെന്താണെന്നുളളതിലല്ല നിങ്ങള്‍ തുടങ്ങേണ്ടത.് മറിച്ച് നിങ്ങള്‍ക്കു ദൈവം എന്തു നല്‍കാമെന്ന് തന്റെ വചനത്തില്‍ വാഗ്ദാനം ചെയ്തിരിക്കുന്നുവോ അതിലാണ്. ‘ക്രിസ്തുവിന്റെ വചനം’ എന്ന ആ പ്രയോഗം പ്രത്യേകമായും പുതിയ നിയമത്തെത്തന്നെ കാണിക്കുന്നു. ”പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ല” (റോമ 6:14) എന്നു തുടങ്ങിയ പുതിയനിയമ വാഗ്ദാനങ്ങളെത്തന്നെ നാം വിശ്വസിച്ച് ഏറ്റു പറയണം. അവ നമ്മുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകട്ടെ. നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ അവ ഏറ്റുപറയണം. ഒരു പക്ഷേ പാപത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഒരു തികഞ്ഞ പരാജയമായിരിക്കാം. എന്നാല്‍ വിജയം ഏറ്റു പറയുക. ഒരു കുഞ്ഞു പോലുമില്ലാതിരുന്നപ്പോള്‍ ”ഞാന്‍ ബഹുജാതികളുടെ പിതാവ്” എന്ന് അബ്രഹാം ഏറ്റു പറഞ്ഞതുപോലെ, ഏറ്റു പറഞ്ഞുകൊണ്ടിരിക്കുക-”ഈ നാളുകളിലൊന്നില്‍ പാപത്തിന് എന്റെ മേലുളള കര്‍ത്തൃത്വം ഇല്ലാതെയാകും.” ഇതു വിജയം ലഭിക്കുന്നതുവരെ തുടരുക. ഞാന്‍ അനേക വര്‍ഷങ്ങള്‍ പരാജിതനായിരുന്നു. എന്നാല്‍ ഞാന്‍ ഏറ്റു പറഞ്ഞുകൊണ്ടേയിരുന്നു. ”പാപം ഈ നാളുകളില്‍ എന്റെ മേല്‍ കര്‍ത്തൃത്വം നടത്തുകയില്ല.” ഒരു ദിവസം അതു യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു.

പതിനൊന്നാം അദ്ധ്യായം, ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ചാണു പറയുന്നത്. ദൈവം നമുക്കു നന്മ ചെയ്തിരിക്കുന്നതുകൊണ്ടു നാം പ്രശംസിക്കയും നിഗളിക്കയും ചെയ്യരുതെന്നു നമ്മോടു പറയുന്നു. ”വഞ്ചിക്കപ്പെടരുത് സ്വഭാവിക കൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കില്‍ നിന്നെയും ആദരിക്കാതെ വന്നേക്കും.” (വാ. 20,21). നമുക്കു ദൈവത്തിന്റെ വൃക്ഷത്തിലെ ഒരു ശാഖയായിത്തീര്‍ന്ന ശേഷം വെട്ടിമാറ്റപ്പെടാന്‍ കഴിയും. ഈ മുന്നറിയിപ്പ് തിരുവെഴുത്തുകളിലുടനീളം നാം കാണുന്നു. (ലൂക്കൊ. 11:35; എബ്രാ. 3:12 മുതലായവ കാണുക). നിഗളമാണ് മുറിച്ചു മാറ്റപ്പെടുന്നതിലേക്കു നയിക്കുന്നത്. താഴ്മയിലിരിക്കുന്നവര്‍ക്കു ഭയപ്പെടേണ്ട കാര്യമില്ല.


നമ്മുടെ പ്രതികരണം എന്തായിരിക്കണം?


അധ്യായം 12: ഇത്ര സവിശേഷമായ ഈ സുവിശേഷത്തിനും ദൈവത്തിന്റെ അഗാധമായ മനസ്സലിവിനും മുന്‍പില്‍ നാം എങ്ങനെ പ്രതികരിക്കുന്നു? ഒന്നാമതായി നാം നമ്മുടെ ശരീരങ്ങളെ ജീവനുളള യാഗമായി ദൈവത്തില്‍ സമര്‍പ്പിക്കണം (വാ. 1). ദൈവത്തിനു നമ്മുടെ പണമല്ല ആവശ്യം, നമ്മുടെ ശരീരമാണ്. പഴയ നിയമത്തിലെ ഹോമയാഗം പോലെ അംഗ പ്രത്യംഗമായി ”ദൈവമേ, ഇതാ എന്റെ കണ്ണുകള്‍, ഇതാ എന്റെ നാവ്, എന്റെ കൈകള്‍, എന്റെ കാലുകള്‍, എന്റെ കാതുകള്‍, എന്റെ വികാരങ്ങള്‍ – ഞാന്‍ എല്ലാം ഇതാ യാഗപീഠത്തില്‍ വയ്ക്കുന്നു.” രണ്ടാമതായി നാം നമ്മുടെ മനസ്സുകളെ പുതുക്കുവാനായി ഏല്പിച്ചു കൊടുക്കണം (വാ. 2). ഇതു സാദ്ധ്യമാകുന്നതു നമ്മുടെ മനസ്സ് ദൈവവചനം കൊണ്ടു നിറയുവാന്‍ നാം അനുവദിക്കുന്നതിലൂടെയാണ്. അശുദ്ധ ചിന്തകളാണ് അധികം പേരുടെയും പ്രശ്‌നം. എന്തുകൊണ്ട്? കഴിഞ്ഞകാലത്തില്‍ ലോകപരമായ ചിന്തകള്‍ക്ക് നാം നമ്മുടെ മനസ്സുകളെ വിട്ടുകൊടുത്തിരുന്നതുകൊണ്ട്. ഇന്നു ദൈവം നമ്മുടെ ചിന്തകളെ മാറ്റുവാനായി ആഗ്രഹിക്കുന്നു. ദൈവം ചിന്തിക്കുന്ന വഴിയിലൂടെ നാമും ചിന്തിക്കണമെന്നു ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്നു. അങ്ങനെ നമ്മുടെ മനസ്സിനു ക്രമേണ പുതുക്കം ലഭിക്കുന്നു.

നാം വീണ്ടും ജനനം പ്രാപിക്കുന്നതു മുതല്‍ ദൈവം ചിന്തിക്കുന്നതുപോലെ നാം ചിന്തിച്ചു തുടങ്ങുന്നില്ല. എന്നാല്‍ ദൈവം നമ്മുടെ ചിന്തകളെ വ്യത്യാസപ്പെടുത്താന്‍ തുടങ്ങുന്നതു മുതല്‍ ദൈവം കാര്യങ്ങളെ കാണുന്നതരത്തില്‍ നാം കാണുവാന്‍ തുടങ്ങുന്നു. ദൈവം കാണുന്ന തരത്തിലാണോ നാം പണത്തെ കാണുന്നത്? ദൈവം കാണുന്ന തരത്തിലാണോ നാം സ്ത്രീകളെ കാണുന്നത്? അതോ ലോക മനുഷ്യന്‍ കാണുന്ന തരത്തിലാണോ? ലോകത്തിനു രണ്ടു കാഴ്ചപ്പാടുകളേ സ്ത്രീകളെക്കുറിച്ചുളളൂ- വിലകുറഞ്ഞ നിസ്സാരമായ ഒരു വസ്തു, അല്ലെങ്കില്‍ ലൈംഗിക ദുര്‍മ്മോഹത്തിനുളള ഉപകരണം. ദൈവം ഈ രണ്ടു തരത്തിലുമല്ല സ്ത്രീകളെകാണുന്നത്. നമ്മുടെ ശത്രുക്കളെ യേശു കണ്ടതുപോലെയാണോ നാം കാണുന്നത്? ലോക മനുഷ്യന്‍ തങ്ങളുടെ ശത്രുക്കളെ വെറുക്കുന്നു. യേശു അവരെ സ്‌നേഹിക്കുന്നു. ഇങ്ങനെ ഓരോന്നിലും നമ്മുടെ മനസ്സ് പുതുക്കപ്പെടേണ്ടതുണ്ട്. നാം ദൈവവചനം വായിക്കയും അനുസരിക്കയും ചെയ്യുവാന്‍ തുടങ്ങുന്നതോടെ പരിശുദ്ധാത്മാവു നമ്മുടെ മനസ്സിനെയും ചിന്തകളെയും പുതുക്കിക്കൊണ്ട് യേശുവിന്റെ സ്വരൂപത്തിലേക്കു നമ്മെ രൂപാന്തരപ്പെടുത്തുന്നു.

രൂപാന്തരം നടക്കുന്നത് ആദ്യം അകമേയാണ്. ”ഈ ലോകത്തോടനുരൂപമാകാതെ” (വാ.2). എന്ന പ്രയോഗം നമ്മെ പഠിപ്പിക്കുന്നത് ലോകമയത്വം നമ്മുടെ മനസ്സിലാണ് ബീജാവാപം ചെയ്യുന്നത് എന്നാണ്. അധികം പേരും ധരിച്ചിരിക്കുന്നത് ലോകമയത്വം നമ്മുടെ വേഷധാരണത്തിലും ഒക്കെയാണെന്നാണ്. അത് അങ്ങനെയല്ല. അതു നമ്മുടെ മനസ്സിലാണ് ഇരിക്കുന്നത.് നമുക്ക് ലളിതമായി വസ്ത്രം ധരിക്കുകയും പണത്തെ സ്‌നേഹിക്കയും ചെയ്യുവാന്‍ കഴിയും. മനുഷ്യന്‍ പുറമെയുള്ളതു കാണുന്നു. ദൈവമോ അകമേ നോക്കുന്നു. യേശുവിന്റെ ഒരു യഥാര്‍ത്ഥ ശിഷ്യന്‍ ദൈവത്തിന്റെ അംഗീകാരത്തിനാണു ശ്രമിക്കുക. നാം നമ്മുടെ ശരീരത്തെയും മനസ്സിനെയും ഇപ്രകാരം ദൈവത്തിനു സമര്‍പ്പിക്കുന്നതിലൂടെ മാത്രമേ നമ്മുടെ ജീവിതത്തെക്കുറിച്ചുളള ദൈവത്തിന്റെ പൂര്‍ണ്ണതയുള്ള ഹിതം എന്തെന്നറിയാന്‍ നമുക്കു കഴിയൂ (വാ. 2).

തുടര്‍ന്നു പന്ത്രണ്ടാമദ്ധ്യായത്തില്‍ പൗലൊസ് ക്രിസ്തുവിന്റെ ശരീരം പണിയുന്നതിനെ സംബന്ധിച്ചാണ് തന്റെ പ്രബോധനം തുടരുന്നത്. സുവിശേഷത്തിന്റെ ലക്ഷ്യം വൈയക്തിക രക്ഷ മാത്രമല്ല ഓരോ വ്യക്തിയും ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമായിത്തീരണം – അവിടെയാണ് നമുക്ക് ലഭിച്ചിട്ടുളള ആത്മവരങ്ങളായ പ്രവചനം, ശുശ്രൂഷ മുതലായവ പ്രകാശിപ്പിക്കുവാനുളള ഇടം. 1 കൊരിന്ത്യര്‍ 12-ാം അദ്ധ്യായത്തില്‍ മാത്രമല്ല ഇവിടെയും പരിശുദ്ധാത്മ വരങ്ങളുടെ ഒരു നിര നാം കണ്ടെത്തുന്നു (വാ. 6-8). സാധാരണയായി ക്രിസ്ത്യാനികള്‍ ആഗ്രഹിക്കാത്ത, അന്വേഷിക്കാത്ത ഒരു വരം നാം ഇവിടെ കണ്ടെത്തുന്നു – ഔദാര്യതയുടെ വരം – ദൈവവേലയ്ക്കും സഭയിലെ സാധുക്കള്‍ക്കും സഹായം ചെയ്‌വാനുളള വരം (വാ. 8).

12-ാം അദ്ധ്യായത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ക്രിസ്തുവിന്‍ ശരീരത്തിലുള്ള ഇതര അവയവങ്ങളോട് നമ്മുടെ മനോഭാവവും പെരുമാറ്റവും എങ്ങനെ ആയിരിക്കണമെന്നു പറയുന്നു: ”തമ്മില്‍ വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നു കൊള്‍വീന്‍”(വാ.16). ക്രിസ്തു ശരീരത്തില്‍ എല്ലാവരുമായി നാം ചേര്‍ന്നു നടക്കണം, പ്രത്യേകിച്ചും ദരിദ്രരോട്. കാരണം ദൈവം ഈ ലോകത്തില്‍ ദരിദ്രരായവരെ വിശ്വാസത്തില്‍ സമ്പന്നരായി തെരഞ്ഞടുത്തിരിക്കുന്നു(യാക്കോ.2:5). ആരോടും പ്രതികാരം ചെയ്യാതെ പ്രതികാരം ദൈവത്തിനു കൊടുക്കുവീന്‍(വാ.18). ആരാധനയും മഹത്വവും ദൈവത്തിനു മാത്രമുള്ളതായിരിക്കുന്നതുപോലെ പ്രതികാരവും ദൈവത്തിനുമാത്രമുളളതാണ്. ആരാധനയും മഹത്വവും അന്യരില്‍ നിന്നും നാം സ്വീകരിച്ചു കൂടാത്തതുപോലെ പ്രതികാരവും നാം സ്വയം എടുക്കാന്‍ പാടില്ല.

പതിമൂന്നാം അദ്ധ്യായം നാം അധികാരങ്ങള്‍ക്കു കീഴ്‌പ്പെടേണ്ടതിനെക്കുറിച്ചു പഠിപ്പിക്കുന്നു. സുവിശേഷം നമ്മെ പഠിപ്പിക്കുന്നതു നാം ദൈവത്തിനു പ്രാഥമികമായി കീഴടങ്ങണം(12:1,2). തുടര്‍ന്നു ക്രിസ്തുവിന്‍ ശരീരത്തില്‍ എല്ലാവര്‍ക്കും പരസ്പരം കീഴടങ്ങണം (12:3-21). തുടര്‍ന്ന് രാജ്യത്തിന്റെ അധികാരങ്ങള്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. അവര്‍ ദൈവശുശ്രൂഷകന്മാരാണ്(13:4,6). അതുകൊണ്ടു നാം നികുതി കൊടുക്കുകയും നിയമങ്ങള്‍ അനുസരിക്കയും ചെയ്യുന്നു.


ക്രിസ്തുവിന്റെ ശരീരത്തില്‍ അന്യോന്യം കൈക്കൊള്ളുക


14ഉം 15ഉം അദ്ധ്യായങ്ങളില്‍ ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങള്‍ എന്ന നിലയില്‍ നാം അന്യോന്യം കൈക്കൊള്ളേണ്ടതിനെക്കുറിച്ചു പറയുന്നു. വിശ്വാസികള്‍ എന്ന നിലയില്‍ നാമെല്ലാവരും എല്ലാകാര്യങ്ങളെയും ഒരു പോലെയല്ല കാണുന്നത്. ഒരു ദിവസം കര്‍ത്താവു മടങ്ങിവരും. അന്നു നമ്മുടെ മനസ്സുകള്‍ പൂര്‍ണ്ണത പ്രാപിക്കും.എല്ലാ ഉപദേശങ്ങളിലും നമുക്കു പരസ്പരം 100% യോജിക്കാന്‍ കഴിയും. യഥാര്‍ത്ഥ ആത്മീയതയെയും ദേഹിയുടെ ശക്തിയെയും ലോകത്തെയും ഒക്കെ വ്യക്തമായി തിരിച്ചറിയാനുള്ള കഴിവ് അന്നു നമുക്കുണ്ടാകും. ഇന്ന് ഇത്തരം കാര്യങ്ങളില്‍ നമുക്കു ഭിന്നാഭിപ്രായങ്ങളുണ്ട്. നാം സത്യസന്ധരും പൂര്‍ണ്ണഹൃദയമുള്ളവരുമെങ്കിലും പാപത്തിന്റെ സ്വാധീനം നമ്മുടെ ഹൃദയങ്ങളില്‍ ഉള്ളതുകൊണ്ടാണത്. ആര്‍ക്കും ഒന്നിനെക്കുറിച്ചും വ്യക്തമായ അറിവുകളില്ല. നാം ശരി, അവര്‍ തെറ്റ് എന്ന മട്ടിലുളള വിലയിരുത്തല്‍ ശരിയാവില്ല. അങ്ങനെയാണ് ക്രിസ്തുവിന്‍ശരീരത്തില്‍ ഭിന്നതകള്‍ ഉടലെടുക്കന്നത്. വളരെ പ്രധാനപ്പെട്ടതും വ്യക്തവുമായ ചില സത്യങ്ങള്‍ തിരുവചനത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി യേശുക്രിസ്തുവിന്റെ ആളത്വത്തെയും പ്രവൃത്തിയെയും കുറിച്ചുള്ള സത്യങ്ങള്‍. യേശുക്രിസ്തു പൂര്‍ണ്ണ ദൈവവും പൂര്‍ണ്ണ മനുഷ്യനുമാണ്. അവിടുന്നു ലോകത്തിന്റെ പാപങ്ങള്‍ക്കുവേണ്ടി മരിച്ച് ഉയര്‍ത്തെഴുന്നേറ്റു. പിതാവായ ദൈത്തിലേക്കുളള ഏക വഴിയും അവിടുന്നു മാത്രമാണ്. ഈ ഉപദേശങ്ങളില്‍ നിന്നും നാം അല്പം പോലും വ്യതിചലിക്കില്ല.എന്നാല്‍ അത്രത്തോളം മൗലികമല്ലാത്ത ചില ഉപദേശങ്ങള്‍ ഉണ്ട്.

മുഴുകല്‍ സ്‌നാനം രക്ഷയ്ക്ക് നിര്‍ബന്ധമല്ലെങ്കിലും പ്രാദേശിക സഭകള്‍ക്ക് വളരെ പ്രാധാന്യമുള്ള ഒരു ഉപദേശമാണ്. ശിശുസ്‌നാനം വിശ്വസിക്കുന്നവര്‍ക്കും മുതിര്‍ന്ന സ്‌നാനം വിശ്വസിക്കുന്നവര്‍ക്കും ഒരുമിച്ച് ഒരു സഭയില്‍ കൂട്ടായ്മയില്‍ മുമ്പോട്ടു പോകാന്‍ കഴിയില്ല. അവര്‍ തമ്മില്‍ നിരന്തരം സംഘര്‍ഷമുണ്ടാകും. കാരണം മുതിര്‍ന്ന സ്‌നാനം വിശ്വസിക്കുന്നവര്‍ ശിശു സ്‌നാനത്തെ വചന വിരുദ്ധമായി കാണുന്നു. എന്നാല്‍ ഇരുകൂട്ടര്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാനും സഹോദരരെന്ന നിലയില്‍ അംഗീകരിക്കാനും തടസ്സമൊന്നുമില്ല. കാരണം ദൈവം രണ്ടു കൂട്ടരെയും അംഗീകരിച്ചിരിക്കുന്നു. എന്നാല്‍ ഇന്നത്തെ പ്രശ്‌നം ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെങ്കില്‍ സ്‌നേഹിക്കാനും പാടില്ല എന്നുള്ള ചിന്തയാണ്. അവിടെയാണ് 14 ഉം 15ഉം അദ്ധ്യായങ്ങളുടെ പ്രസക്തി.

വിശ്വാസത്തില്‍ ബലഹീനനായ ഒരു സഹോദരനെ നിങ്ങള്‍ കാണുന്നുവോ? അവനെ സ്വീകരിക്കുക. എങ്ങനെ സ്വീകരിക്കണം? ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ (15:7). നിങ്ങള്‍ പൂര്‍ണ്ണരായതുകൊണ്ടാണോ ക്രിസ്തു നിങ്ങളെ സ്വീകരിച്ചത്? അല്ല, എങ്കില്‍ പിന്നെ നിങ്ങള്‍ സ്വീകരിക്കുന്ന ഒരു സഹോദരന്‍ പൂര്‍ണ്ണനായിരിക്കണമെന്നു നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്തിന്? നാം വീണ്ടും ജനിച്ചപ്പോള്‍ നാം എത്ര ബലഹീനരും അപൂര്‍ണ്ണരുമായിരുന്നു! നാം പാപത്താല്‍ പരാജിതരും ദൈവത്തെ അറിയാത്തവരുമായിരുന്നു. എങ്കിലും കര്‍ത്താവു നമ്മെ ചേര്‍ത്തുകൊണ്ടു. ദൈവം സ്വീകരിച്ചിരിക്കുന്നവരെ നാം സ്വീകരിക്കുന്നില്ലെങ്കില്‍ നാം നിഗളികളും ദൈവത്തെക്കാള്‍ ആത്മീയരെന്നു സ്വയം സങ്കല്പിക്കുന്നവരുമാണ്. അങ്ങനെയാണ് കള്‍ട്ടുകള്‍ രൂപം കൊള്ളുന്നത്. തെറ്റായ ഉപദേശങ്ങള്‍ കൊണ്ടു മാത്രമല്ല. മറ്റു ദൈവമക്കളോടുളള തെറ്റായ മനോഭാവം കൊണ്ടുകൂടിയാണ്. ക്രിസ്തു ശരീരത്തിലെ ഇതര അവയവങ്ങളെ സ്വീകരിക്കുന്നതിനു നമ്മുടെ കൊച്ചു കൊച്ചു നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡമാക്കരുത്.

നീ സഹോദരനെ വിധിക്കുന്നതെന്ത്?(14:10മ). നീ സഹോദരനെ ധിക്കരിക്കുന്നതെന്ത്?(14:10യ). ഇത് ആന്തരികമായ ഒരു മനോഭാവമാണ്. ഈ രണ്ടു കാര്യങ്ങളും നാം ഒഴിവാക്കുകതന്നെ വേണം. ദൈവം സ്വീകരിച്ചവരെ അവരായിരിക്കുന്ന നിലയില്‍ത്തന്നെ സ്വീകരിക്കുവാന്‍ നാം ഹൃദയവിശാലതയുളളവരാകുമ്പോള്‍ സുവിശേഷ സന്ദേശത്തിന്റെ പൂര്‍ണ്ണാവസ്ഥയില്‍ നാം എത്തും. അങ്ങനെ (ക്രിസ്തു ശരീരത്തിലെ ഇതര അവയവങ്ങളോടൊപ്പം) ‘ഒരു മനസ്സോടെ, ഒരു വായിനാല്‍ പിതാവായ ദൈവത്തെ നാം മഹത്വപ്പെടുത്തും'(15:5).

അവസാനത്തെ 16-ാം അദ്ധ്യായം റോമിലുളള വിശ്വാസികള്‍ക്ക് പൗലൊസിന്റെ ആശംസകളാണ്. റോമിലെ സഭയില്‍ അഞ്ച് വീടുകളില്‍ കൂടുന്ന സഭകളുണ്ട് (വാ. 3-15). അവര്‍ ഒരു വലിയ ഹാളില്‍ ഒരു മെഗാ ചര്‍ച്ചായി കൂടുന്നവരല്ല. വളരെ വലിയ ഒരു സഭയായിരുന്നു റോമിലേത്. പക്ഷേ അവര്‍ പല വീടുകളിലായി ചെറിയ കൂട്ടങ്ങളായിട്ടായിരുന്നു കൂടിയിരുന്നത്. പൗലൊസ് ഒരിക്കലും റോമില്‍ പോയിരുന്നില്ലെങ്കിലും അവിടെയുളള വിശ്വാസികളെ ആളാംപ്രതി അറിയുവാന്‍ അദ്ദേഹം താത്പര്യം വയ്ക്കുകയും അവര്‍ക്ക് ആശംസകളറിയിക്കുകയും ചെയ്യുന്നു.

അവസാനമായി, ഈ ലേഖനത്തിന്റെ പ്രാരംഭത്തിലെന്നപോലെ ഇവിടെ അവസാനത്തിലും ഒരു പ്രയോഗം ആവര്‍ത്തിക്കുന്നതു നാം കാണുന്നു. ”വിശ്വാസത്തിന്റെ അനുസരണം”(വാ.24). ആളുകളെ വിശ്വാസത്തിലേക്കു നയിക്കാന്‍ മാത്രമല്ല വിശ്വസിക്കുന്ന കാര്യങ്ങള്‍ അനുസരിപ്പിക്കുവാന്‍ കൂടിയായിരുന്നു പൗലൊസിനു ദൈവം നല്‍കിയ വിളി. പ്രവൃത്തികള്‍ കൂടാതെയുളള വിശ്വാസം, ജീവനില്ലാത്ത ശരീരം പോലെ നിര്‍ജ്ജീവമാണ്. പഴയ ഉടമ്പടിയില്‍ അനുസരണത്തിനായിരുന്നു ഊന്നല്‍. പുതിയ ഉടമ്പടിയില്‍ വിശ്വാസത്തിന്റെ അനുസരണത്തിനും. ഇന്നു നാം ദൈവത്തെ അനുസരിക്കുന്നത് എല്ലാ കല്പനകളും നമ്മുടെ ഏറ്റവും വലിയ നന്മയ്ക്കായി നല്‍കുന്ന നമ്മെ ഏറ്റവും സ്‌നേഹിക്കുന്ന ഒരു പിതാവില്‍ നിന്നാണെന്ന വിശ്വാസത്താലാണ്.

What’s New?