നിശ്ചയപ്രകാരമുളള ഒരു ഭാരത്തിനായി ദൈവത്തെ അന്വേഷിക്കുക- WFTW 21 ജൂലൈ 2019

സാക് പുന്നന്‍

പഴയ നിയമത്തില്‍, നാം കാണുന്നത് ഓരോ പ്രവാചകനും അതുല്യമായ ഒരു ഭാരം ദൈവത്താല്‍ നല്‍കപ്പെട്ടിരുന്നു എന്നാണ് -എന്നാല്‍ അവരെല്ലാവരും ദൈവജനത്തിന്‍റെ ഇടയിലുളള വിശുദ്ധിയുടെ കുറവിനെക്കുറിച്ച് ഉല്‍കണ്ഠയുളളവരായിരുന്നു.

ദൈവം നിങ്ങളുടെ ഹൃദയത്തില്‍ ഇടുന്ന ഭാരം, എപ്പോഴും അവിടുന്നു നിങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ചിട്ടുളള ശുശ്രൂഷയുടെ ഒരു സൂചനയാണ് അതുകൊണ്ട് അവിടുത്തെ പക്കല്‍ നിന്നും ഒരു ഭാരം പ്രാപിക്കുവാന്‍ വേണ്ടി കര്‍ത്താവിനായി കാത്തിരിക്കുക. ഒരു ഭാരം കൂടാതെ നിങ്ങള്‍ കര്‍ത്താവിനെ സേവിക്കുകയാണെങ്കില്‍, കുറച്ചുനാള്‍ കഴിയുമ്പോള്‍ കര്‍ത്താവിന്‍റെ വേലയില്‍ നിങ്ങള്‍ക്കു വിരസത ഉണ്ടാകുകയും പണം, മനുഷ്യന്‍റെ മാനം, ലോക സുഖം ഇവ അന്വേഷിക്കുന്നതില്‍ അവസാനിക്കുകയും ചെയ്യും. ഇന്നു കര്‍ത്താവിനെ സേവിക്കുന്നു എന്നവകാശപ്പെടുന്ന മിക്കവര്‍ക്കും അവരുടെ ശുശ്രൂഷയ്ക്ക് ദൈവത്താല്‍ നല്‍കപ്പെട്ട ഒരു ഭാരം ഇല്ല എന്നതു നിര്‍ഭാഗ്യകരമാണ്.

ദൈവം, ഒരാള്‍ക്കു കുഞ്ഞുങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാനുളള ഒരു ഭാരവും മറ്റൊരാള്‍ക്കു സുവിശേഷീകരണത്തിനുളള ഒരു ഭാരവും നല്‍കിയേക്കാം. അപ്പോള്‍ തന്നെ മറ്റൊരാള്‍ക്കു ദൈവ ജനത്തെ പഠിപ്പിക്കാനുളള ഒരു ഭാരം നല്‍കിയെന്നിരിക്കാം. ക്രിസ്തുവിന്‍റെ ശരീരത്തിലെ വ്യത്യസ്ത അംഗങ്ങള്‍ക്കു ദൈവം വിവിധ ഭാരങ്ങള്‍ നല്‍കുന്നു. നാം മറ്റൊരാളിന്‍റെ ശുശ്രൂഷയെ അനുകരിക്കുകയോ അയാള്‍ക്കുളള ഭാരം നമുക്കുണ്ടാക്കുവാന്‍ നാം ശ്രമിക്കുകയോ ചെയ്യരുത്. നിങ്ങള്‍ക്കുളള ഭാരം മറ്റുളളവര്‍ക്കുണ്ടാകുവാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കരുത്. അതുപോലെ മറ്റൊരാളിന്‍റെ ഭാരം നിങ്ങള്‍ക്കു തരുവാന്‍ മറ്റാരെയും നിങ്ങള്‍ അനുവദിക്കുകയും ചെയ്യരുത്. ദൈവം തന്നെ നിങ്ങള്‍ക്കൊരു ഭാരം തരട്ടെ- അവിടുന്നു നിങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ചിട്ടുളള ഒന്ന്.

അനേകം ആളുകള്‍ അവര്‍ക്കുളള പ്രത്യേക ശുശ്രൂഷ എനിക്കുണ്ടാകേണ്ടതിന് എന്നെ വളരെ ഉത്സാഹിപ്പിച്ചിട്ടുണ്ട് – സാധാരണയായി സുവിശേഷീകരണം. എന്നാല്‍ ഞാന്‍ എപ്പോഴും അത്തരം സന്ദര്‍ഭങ്ങളെ എതിര്‍ത്തിട്ടുണ്ട് . ദൈവം മറ്റൊരാള്‍ക്കു നല്‍കിയിരിക്കുന്ന ഭാരം എനിക്കുണ്ടാകുന്നതില്‍ ഞാന്‍ തല്പരനല്ലായിരുന്നു. ദൈവം എനിക്കു ഒരു പ്രത്യേക ഭാരം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഞാന്‍ പൂര്‍ത്തീകരിക്കേണ്ട ഒരേ ഒരു ശുശ്രൂഷ അതു മാത്രമാണ് എന്നു ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ദൈവം തങ്ങള്‍ക്കു നല്‍കിയ ശുശ്രൂഷയില്‍ നിന്നു അവരെ വഴി തിരിക്കുവാന്‍ പ്രവാചകന്മാര്‍ ഒരിക്കലും ആരെയും അനുവദിച്ചില്ല.

നിങ്ങള്‍ക്ക് ഒരു ഭാരം പോലും ഇല്ലെങ്കില്‍ നിങ്ങള്‍ ദൈവത്തിങ്കലേക്കു ചെന്നിട്ട്, നിങ്ങള്‍ക്ക് ഒരു ഭാരം തരുവാന്‍ അവിടുത്തോടു ചോദിക്കണം. ക്രിസ്തുവിന്‍റെ ശരീരത്തില്‍ നിങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട ഒരു നിശ്ചിത ദൗത്യം നിങ്ങള്‍ക്കുവേണ്ടി അവിടുത്തെ പക്കലുണ്ട്. അതെന്താണെന്നു നിങ്ങള്‍ അറിയുകയും വേണം. അനേകം പ്രസംഗകര്‍ ഒരു ശുശ്രൂഷയില്‍ നിന്നു മറ്റൊന്നിലേക്കു അലഞ്ഞു നടക്കുന്നു – ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കാമെന്നു പറയുന്ന ഏതു സംഘടനയിലും ചേര്‍ന്നു കൊണ്ട്.

ഉദാഹരണത്തിന്, ഒരു റേഡിയോ ശുശ്രൂഷയ്ക്കുളള മിഥ്യയായ ഒരു “ഭാര”വുമായി അവര്‍ ആരഭിച്ചേക്കാം. എന്നാല്‍ കുട്ടികളുടെ സുവിശേഷ സംഘടന അപ്പോള്‍ അവര്‍ക്കു ഒരു ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്താല്‍, പെട്ടെന്നു അവര്‍ കുട്ടികളുടെ സുവിശേഷീകരണത്തിനുളള ഒരു “ഭാരം” വളര്‍ത്തിയെടുക്കുന്നു! കുറച്ചു നാളുകള്‍ കഴിഞ്ഞ് ഒരു ക്രിസ്തീയ സാഹിത്യസംഘടന അവര്‍ക്കു കുറച്ചുകൂടി ഉയര്‍ന്ന ശമ്പളം നല്‍കിയാല്‍ അവരുടെ “ഭാരം”പെട്ടന്നു സാഹിത്യ ശുശ്രൂഷയിലേക്കു മാറുന്നു!! അത്തരം പ്രസംഗകര്‍ കര്‍ത്താവിനെ ശുശ്രൂഷിക്കുകയല്ല. അവര്‍ ബാബിലോണിയന്‍ “വ്യാപാരത്തില്‍”വ്യാപൃതരായിരിക്കുന്ന മതഭക്തരായ ആളുകളാണ്. ദൈവം നിങ്ങള്‍ക്കൊരു ഭാരം നല്‍കുമ്പോള്‍, ഏതെങ്കിലും സംഘടന നിങ്ങള്‍ക്കു കൂടുതല്‍ മെച്ചമായ ഭൗതിക നേട്ടങ്ങള്‍ വാഗ്ദാനം ചെയ്തു എന്ന ഏകകാരണത്താല്‍ അതിനെ വിട്ടുകളയുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.