അടിയനിതാ അടിയനെ അയക്കേണമേ – WFTW 05 ജൂലൈ 2015

സാക് പുന്നന്‍

   Read PDF version

യെശയ്യാവ് ആറാം അധ്യായത്തില്‍, യെശയ്യാവിന് സിംഹാസനത്തിന്റെയും യാഗപീഠത്തിന്റെയും ഒരു ദര്‍ശനം ഉണ്ടായി. അനന്തരം യഹോവ ചോദിച്ചു: ”ഞാന്‍ ആരെ അയക്കേണ്ടു. ആര്‍ നമുക്കു വേണ്ടി പോകും?” (യെശ. 6:8). യെശയ്യാവ് ഇപ്രകാരം മറുപടി പറഞ്ഞു, ‘അടിയന്‍ ഇതാ അടിയനെ അയക്കേണമേ.’

സിംഹാസനവും യാഗപീഠവും, ഇതു രണ്ടിനെയും നാം നിരന്തരമായി കാണേണ്ടതുണ്ട്. ഒന്നാമതായി ദൈവത്തിന്റെ വിശുദ്ധിയുടെ ദര്‍ശനത്താല്‍ നാം പൊടിയിലേക്ക് വീഴ്ത്തപ്പെടേണ്ടതുണ്ട്. അതിനുശേഷം യാഗപീഠത്തില്‍ നിന്നുള്ള രക്തം നമ്മെ ശുദ്ധീകരിച്ചിരിക്കുന്നതിനാല്‍ നാം ഉയര്‍ത്തപ്പെടുകയും വേണം. അപ്പോള്‍ മാത്രമേ നമുക്ക് മുന്നോട്ടു ചെന്നു കര്‍ത്താവിനെ സേവിക്കുവാന്‍ സാധിക്കുകയുള്ളു. ദൈവം നമ്മെ അയയ്ക്കുന്നില്ലെങ്കില്‍ നമുക്കു മുന്നേറുവാന്‍ കഴിയുകയില്ല. ദൈവം നമ്മെ അയക്കാതെ നാം പോയാല്‍, അപ്പോള്‍ നാം വൃഥാ അദ്ധ്വാനിക്കുന്നവരായിരിക്കും.

അനേകം ‘ക്രിസ്തീയ വേലക്കാരും ദൈവത്താല്‍ അയക്കപ്പെട്ടിട്ടില്ല. ഏതെങ്കിലും സംഘടനയോ അല്ലെങ്കില്‍ ഏതെങ്കിലും മനുഷ്യനോ ആയിരിക്കും അവരെ അയച്ചിട്ടുള്ളത്. അല്ലെങ്കില്‍ ചിലപ്പോള്‍ അവരുടെ സ്വന്ത ഇഷ്ടത്തില്‍ പോയിട്ടുള്ളതായിരിക്കാം. ക്രിസ്തീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെ എളുപ്പമാണ്. കാരണം അതിനുള്ള ആവശ്യം അത്രയും വലിയതാണ്. എന്നാല്‍ അതിന്റെ ഫലം നിത്യത മുഴുവന്‍ നിലനില്‍ക്കണമെങ്കില്‍, ദൈവം തന്നെ നമ്മെ അയയ്ക്കണം. ദൈവത്തില്‍ നിന്ന് നാം പ്രാപിച്ച വിളിയെ സ്ഥിരീകരിക്കുവാന്‍ മറ്റു ദൈവപുരുഷന്മാര്‍ക്കു കഴിയും  എന്നാല്‍ അവര്‍ക്കു നമ്മെ വിളിക്കുവാന്‍ കഴിയുകയില്ല.

ദൈവം തന്റെ ശുശ്രൂഷയ്ക്കായി ശൗലിനെയും ബര്‍ണബാസിനെയും വിളിച്ചു. പിന്നീട് ആ വിളിയുടെ സ്ഥിരീകരണം വന്നത് മറ്റു പ്രവാചകന്മാരിലൂടെയാണ് (അപ്പൊ. പ്ര. 13:14). തന്നെയുമല്ല ദൈവം നമ്മെ വിളിക്കുമ്പോള്‍, എന്തുപറയണെന്ന് കൂടെ അവിടുന്ന് നമ്മോടു പറയും. അവിടുന്ന് യെശയ്യാവിനോട് അരുളിച്ചെട്തു ”നീ ചെന്ന് ഈ ജനത്തോട് പറയേണ്ടത്… ” (യെശ. 6:9).

യെശയ്യാവിന്റെ സമയത്ത് അവിടുന്ന് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയാണ് ദൈവം ഇന്നും. പുതിയ ഉടമ്പടിയുടെ കീഴില്‍, പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുന്നതിനാല്‍, യെശയ്യാവ് അന്ന് അവിടുത്തെ കേട്ടതുപോലെ ഇപ്പോള്‍ നാം നമ്മുടെ ശാരീരിക കാതുകള്‍ കൊണ്ട് കേള്‍ക്കുന്നില്ല. ഇന്നു നാം അവിടുത്തെ കേള്‍ക്കുന്നത് നമ്മുടെ ഹൃദയങ്ങളിലാണ്. എന്നാല്‍ അവിടുത്തെ ശബ്ദത്തിന് ഒട്ടും തെറ്റു പറ്റുകയില്ല. ഞാന്‍ ഒരിക്കലും കര്‍ത്താവിന്റെ ശബ്ദം എന്റെ ശാരീരിക കാതുകള്‍ കൊണ്ട് സ്ഫുടമായി കേള്‍ക്കുകയോ, അവിടുത്തെയോ ഒരു മാലാഖയെയോ എന്റെ ശാരീരിക നേത്രങ്ങള്‍ കൊണ്ട് കാണുകയോ ചെയ്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ അഞ്ചു ദശകങ്ങളില്‍ ഞാന്‍ അനേകം തവണ എന്റെ ഹൃദയത്തില്‍ അവിടുത്തെ വ്യക്തമായി കാണുകയും അവിടുത്തെ കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.

തങ്ങളുടെ ശാരീരിക കണ്ണുകള്‍ കൊണ്ട് അവിടുത്തെ കണ്ടു വിശ്വസിച്ചവരെക്കാള്‍, അവിടുത്തേ കാണാതെ വിശ്വസിച്ചവരാണ് കൂടുതല്‍ ഭാഗ്യവാന്മാര്‍ എന്നു യേശു പറഞ്ഞു (യോഹ. 20:29).

കര്‍ത്താവ്, യെശയ്യാവിനെ ഏല്‍പിച്ച നിയോഗം വളരെ പ്രയാസമുള്ള ഒന്നായിരുന്നു. അവിടുന്ന് അദ്ദേഹത്തോട് അരുളിച്ചെയ്തത് ”നീ ചെന്ന് ഈ ജനത്തോട് പറയേണ്ടത് ‘നിങ്ങള്‍ എന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു കേട്ടിട്ടും തിരിച്ചറിയുകയില്ല, നിങ്ങള്‍ കണ്ടിട്ടും ഗ്രഹിക്കുകയില്ല. അവര്‍ കണ്ണുകൊണ്ടു കാണുകയോ, ചെവികൊണ്ട് കേള്‍ക്കുകയോ, ഹൃദയം കൊണ്ട് ഗ്രഹിക്കുകയോ മനസ്സു തിരിഞ്ഞ് സൗഖ്യം പ്രാപിക്കുകയോ ചെയ്യാതെ ഈ ജനത്തിന്റെ ഹൃദയത്തെ ഗ്രഹണ ശക്തി ഇല്ലാത്തതാക്കി തീര്‍ക്കുക; അവരുടെ കാതുകളെ മന്ദമാക്കുക, കണ്ണുകള്‍ക്കു മൂടുലുണ്ടാക്കുക” (യെശ. 6:9,10). യേശു ജനങ്ങളോട് ഉപമകളായി സംസാരിക്കുന്നതെന്തുകൊണ്ടാണ് എന്ന് വിശദീകരിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടുന്ന് ഉദ്ധരിച്ചത് ഈ വാക്യമാണ് (മത്താ. 13:5).

അതുകൊണ്ട് നാം ഇവിടെ എന്താണ് കാണുന്നത്? ദൈവത്തിന്റെ ഒരു ദര്‍ശനം, സ്വയത്തിന്റെ ഒരു ദര്‍ശനം, ക്ഷമിക്കുന്ന കൃപയുടെ ഒരു ദര്‍ശനം, അഭിഷേകം ചെയ്യപ്പെട്ട ശുശ്രൂഷയുടെ ഒരു ദര്‍ശനം, ഒടുവിലായി ഫലത്തിന്റെ ഒരു ദര്‍ശനവും (യെശ. 6:13). നാശത്തിനിരയായ യഹൂദജനതയില്‍ നിന്ന് ഒരു വിശുദ്ധ സന്തതി ഉത്ഭവിക്കും. നമ്മുടെ ശുശ്രൂഷയിലൂടെ കര്‍ത്താവിനായി ഒരു ശേഷിപ്പ് ഉയര്‍ത്തപ്പെടും.