നരകത്തില്‍ യാതൊരു ദയയുമില്ല (WFTW 13 മെയ്‌ 2012)

സാക് പുന്നന്‍
WFTW മലയാളം 13 മെയ്‌, 2012
വിശ്വാസം  എന്നതിന്‍റെ അടിസ്ഥാനം ദൈവം നമ്മെ ഇപ്പോഴും സ്നേഹിക്കുന്നു എന്ന് വിശ്വസിക്കുന്നതാണ്‌. അവിടുന്ന് നമ്മുടെ പാപങ്ങളെ സ്നേഹിക്കുന്നില്ല . നാം പാപത്തില്‍ തുടരണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുമില്ല.

 ദൈവം പാപികളെ  സ്നേഹിക്കുന്നു, എന്നാല്‍ അവരുടെ പാപത്തെ വെറുക്കുന്നു. പാപികളോടുള്ള  ദൈവത്തിന്‍റെ സ്നേഹവും പാപത്തോടുള്ള അവിടുത്തെ വെറുപ്പും കാല്‍വരി ക്രൂശില്‍ നമുക്ക് കാണുവാന്‍ സാധിക്കും. നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി ക്രൂശില്‍ മരിക്കുവാന്‍ അനുവദിക്കുന്നതില്‍ പാപികളോടുള്ള അവിടുത്തെ സ്നേഹമാണ് കാണുന്നത്. അതുപോലെ യേശു  ക്രൂശില്‍  ലോകത്തിന്‍റെ മുഴുവന്‍ പാപവും  തന്‍റെമേല്‍ ഏറ്റെടുത്തപ്പോള്‍ ദൈവം യേശുവില്‍ നിന്ന്  മുഖം തിരിച്ചത് വഴി നാം കാണുന്നത് പാപത്തോടുള്ള   അവിടുത്തെ വെറുപ്പാണ്. 

 സ്നേഹവാനായ ദൈവത്തിനു മനുഷ്യനെ എങ്ങനെ നരകത്തിലേക്ക് അയക്കാന്‍ കഴിയും എന്ന് ചിലര്‍ ചോദിക്കാറുണ്ട്. നരകം എങ്ങനെയുള്ളതാണ്?  ദൈവം സമ്പൂര്‍ണ്ണമായി തള്ളിക്കളഞ്ഞ ഒരു സ്ഥലമാണ് നരകം! ദൈവത്തെ കാണാന്‍ പറ്റാത്ത ഒരു സ്ഥലം! ഈ ഭൂമിയെ ദൈവം ഇനിയും തള്ളിക്കളഞ്ഞിട്ടില്ല; അതിനാലാണ് ഇപ്പോഴും ഭൂമിയില്‍ വളരെയധികം നന്മയും സൌന്ദര്യവും നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് സൃഷ്ടിയിലെ മനോഹാരിത നോക്കുക. അതുപോലെ പല മനുഷ്യരിലും കാണുന്ന നന്മയും മര്യാദയും നോക്കുക. ദുരാത്മാക്കള്‍ക്ക് എല്ലാ മനുഷ്യരെയും പിടിച്ചടക്കുവാന്‍ ആഗ്രഹമുണ്ട്,എന്നാല്‍ അതിനു കഴിയുന്നില്ല കാരണം ദൈവം മനുഷ്യരുടെ ചുറ്റും ഒരു സംരക്ഷണ ഭിത്തി കെട്ടിയിരിക്കുന്നു. അതിനാല്‍ ദുരത്മാക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ല.  ദൈവത്തിന്‍റെ ദയ ഒന്നുകൊണ്ടു മാത്രമാണ് മനുഷ്യന് ആരോഗ്യവും സമ്പത്തും മറ്റു പലസുഖസൌകര്യങ്ങളും ലഭിക്കുന്നത്. ഈ അനുഗ്രഹങ്ങളെല്ലാം ദൈവം നല്ല മനുഷ്യരുടെ മേലും ദുഷ്ട മനുഷ്യരുടെ മേലും ഒരുപോലെയാണ് ചൊരിയുന്നത്. ഇതെല്ലാം തെളിയിക്കുന്നത് ദൈവം ഈ ഭൂമിയെ തള്ളിക്കളഞ്ഞിട്ടില്ല എന്നാണ്. എന്നാല്‍ നരകം അങ്ങനെയല്ല. നരകത്തില്‍ ദയ എന്നൊന്നില്ല, കാരണം നരകം എന്നത് ദൈവം തള്ളിക്കളഞ്ഞ സ്ഥലമാണ്. 

ഈ ലോകത്തില്‍ മാനസാന്തരപെടാത്തവരും എന്നാല്‍ വളരെ നന്മയുള്ളവരുമായ അനേകരുണ്ട്. കാരണം  ദൈവത്തിന്‍റെ സ്വാധീനം അവരുടെമേലുണ്ട്. എന്നാല്‍ ഒരിക്കല്‍ അവര്‍ നരകത്തിലേക്ക് പോയ്ക്കഴിഞ്ഞാല്‍ ഇതേ ആളുകള്‍ പിശാചിനെപോലെ ദുഷ്ടരായി തീരും. കാരണം  ദൈവത്തിന്‍റെ ദയ അവരുടെമേല്‍ പിന്നീട് ഉണ്ടായിരിക്കുകയില്ല. ദൈവത്താല്‍ സമ്പൂര്‍ണമായി കൈവിടപ്പെട്ട അവസ്ഥ ആദ്യമായി മനുഷ്യന്‍ അനുഭവിക്കുന്നത് നരകത്തിലായിരിക്കും. അതാണ്‌ യേശു ക്രൂശില്‍  അനുഭവിച്ചത്. ക്രൂശില്‍ കിടന്ന  അന്ധകാരത്തിെ൯റ ആ മൂന്നു മണിക്കൂറില്‍ ദൈവം വാസ്തവമായി കൈവിട്ടതുകൊണ്ട് യേശു നരകം അനുഭവിച്ചു. ദൈവം പാപത്തെ എത്രമാത്രം വെറുക്കുന്നു എന്നു നാം അവിടെ കാണുന്നു. 

അതിനാല്‍ എന്താണ് ഉത്തരം? സ്നേഹവാനായ ദൈവത്തിനു മനുഷ്യരെ നരകത്തിലേക്ക് വിടുവാന്‍ കഴിയുമോ? ഇതിനുള്ള ഉത്തരം മറ്റൊരു ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്. “സ്നേഹവനായ ദൈവം  തന്‍റെ പുത്രന്‍  ലോകത്തിന്‍റെ പാപം മുഴുവന്‍ വഹിച്ചുകൊണ്ട് ക്രൂശില്‍ കിടന്നപ്പോള്‍ നരകം അനുഭവിക്കുവാന്‍ അനുവദിക്കുമോ?” അവിടുന്ന് അങ്ങിനെ ചെയ്തു എങ്കില്‍ തീര്‍ച്ചയായും മനുഷ്യരെ നരകത്തിലേക്ക് അയക്കുകതന്നെ ചെയ്യും. പാപത്തില്‍ തുടരുകയും ദൈവത്തോട് ഇങ്ങനെ പറയുകയും ചെയ്യുന്നവരില്‍ നിന്നും സ്നേഹവനായ ദൈവം  തന്‍റെ മുഖം തിരിച്ചുകളയും – “ഞാന്‍ നിന്നെ ശ്രദ്ധിക്കുവാന്‍ പോകുന്നില്ല, ഞാന്‍ എന്‍റെ സ്വന്ത വഴി തെരഞ്ഞെടുത്തിരിക്കുന്നു, ഞാന്‍ എന്നും അതില്‍ തുടരുകയുംചെയ്യും”.

സദൃശ്യവാക്യം 29:1ല്‍ വേദപുസ്തകം ഇങ്ങനെ പറയുന്നു (പരാവര്‍ത്തനം ചെയ്തത്) “പല തവണ തിരുത്തപ്പെടുകയും, എന്നാല്‍ തിരുവെഴുത്തുകളെ അംഗീകരിക്കാതെ നിരസിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍ വീണ്ടും ഒരു അവസരം ലഭിക്കാതെ പെട്ടെന്ന് ഒരു ദിവസം നശിച്ചുപോകുന്നു”. ഒരു മനുഷ്യന്‍ സ്നേഹവാനായ  ദൈവത്തിന്‍റെ ക്ഷണം തുടര്‍ച്ചയായി നിരസിച്ചാല്‍ അവര്‍ വാസ്തവമായി അപകടത്തിലാണ്. പെട്ടെന്ന് വികാരഭരിതരാകുന്ന സഹോദരീ സഹോദരന്മാര്‍ ഇത് കേട്ട് സ്വയം കുറ്റംവിധിയില്‍ ആകരുത്. അതിനാല്‍ വ്യക്തമാക്കട്ടെ – ഈ വാക്യങ്ങള്‍ പാപത്തില്‍ വീഴുന്നവരെ കുറിച്ചല്ല എഴുതിയിരിക്കുന്നത്. എന്നാല്‍ പാപത്തെ സ്നേഹിച്ചു അതില്‍ തുടരുന്നവരെ കുറിച്ചാണ്.  ശുദ്ധിയോടെ ജീവിക്കുവാന്‍ ആഗ്രഹിച്ചിട്ടു വീഴുന്നവരെ കുറിച്ചല്ല ഇത് എഴുതിയിരിക്കുന്നത്. ദൈവത്തെ നിന്ദിച്ചു പാപത്തില്‍ തുടരുന്ന മത്സരികളെ കുറിച്ചാണ് ഇത് എഴുതിയിരിക്കുന്നത്. നിങ്ങളൊരു മത്സരിയാണെന്ന് എങ്ങിനെ അറിയാം? അത് കണ്ടെത്തുവാന്‍ വളരെ എളുപ്പമാണ്. അനുതാപത്തോടെ ദൈവത്തിങ്കലേക്കു തിരിയുവാനുള്ള ആഗ്രഹം നിങ്ങളിലുണ്ടോ? ഈ ചോദ്യം സ്വയം ചോദിക്കുക. ദൈവത്തിങ്കലേക്കു തിരിഞ്ഞു അവിടുത്തെ സ്നേഹിക്കുവനുള്ള  ആഗ്രഹത്തിെ൯റ ഒരു കണികയെങ്കിലും നിങ്ങളിലുണ്ടെങ്കില്‍ അത് തെളിയിക്കുന്നത്   പരിശുദ്ധാത്മാവ് ഇപ്പോഴും നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ദൈവം നിങ്ങളെ അവിടുത്തേക്ക്‌ അടുപ്പിക്കുവാന്‍ ശ്രമിക്കുന്നു എന്നുമാണ്. നിങ്ങള്‍ ഒരു പരാജയമയിരിക്കാം, എന്നാല്‍ ഒരു മത്സരിയല്ല. പരാജയപ്പെടുന്ന ഒരുവനും മത്സരിയായ ഒരുവനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.