ദൈവമാണ് എല്ലാം- WFTW 4 ഫെബ്രുവരി 2024

സാക് പുന്നൻ

നിങ്ങളുടെ ജീവിതങ്ങളിൽ ദൈവഹിതം നിറവേറ്റപ്പെടുന്നതിൽ നിന്നു തടയുവാൻ ഒന്നിനും കഴിയുകയില്ല – നിങ്ങൾ മുന്നമെ ദൈവത്തിൻ്റെ രാജ്യം അന്വേഷിക്കുകയും ദൈവത്തെ മാത്രം പ്രസാദിപ്പിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുമെങ്കിൽ, കാരണം ഭൂമിയിലുള്ള എല്ലാ അധികാരവും നമ്മുടെ കർത്താവിൻ്റെ കരങ്ങളിലാണ്.
യേശു പീലാത്തൊസിനു മുമ്പാകെ രണ്ടു പ്രധാന പ്രസ്താവനകൾ നടത്തി:

1. “എൻ്റെ രാജ്യം ഐഹികമല്ല അതുകൊണ്ട് ഞാൻ ഭൗമിക കാര്യങ്ങൾക്കു വേണ്ടി പോരാടുകയില്ല” (യോഹന്നാൻ 18:36).

2. “എൻ്റെ മേൽ അധികാരം പ്രയോഗിക്കുവാൻ എൻ്റെ പിതാവ് അനുവദിക്കുന്നില്ലെങ്കിൽ നിനക്ക് എൻ്റെ മേൽ ഒരധികാരവും ഉണ്ടായിരിക്കുകയില്ല” (യോഹന്നാൻ 19:11).

കർത്താവിനു വേണ്ടി ഒരു നല്ല സാക്ഷി ആയിരിക്കുവാൻ പൗലൊസ് തിമൊഥെയൊസിനോടു പറഞ്ഞപ്പോൾ അവനെ ഓർപ്പിച്ചത് ഈ ഇരട്ട ഏറ്റു പറച്ചിൽ ആയിരുന്നു (1 തിമൊ. 6:13, 14).

പ്രയാസമുള്ള സാഹചര്യങ്ങളെയും ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകളെയും അഭിമുഖീകരിച്ചപ്പോൾ ഞാൻ ദൈവത്തോടും സാത്താനോടും ആളുകളോടും ചെയ്തിരിക്കുന്ന ഏറ്റുപറച്ചിലും ഇതുതന്നെയാണ്.

നിങ്ങളുടെ ജീവിതത്തിൽ ഒരു വിഗ്രഹവും ഇല്ലെങ്കിൽ മാത്രമെ, നിങ്ങൾക്ക് എപ്പോഴും സ്വസ്ഥതയിലായിരിക്കാൻ കഴിയൂ. മിക്ക ക്രിസ്ത്യാനികളെ സംബന്ധിച്ചും നല്ല ജോലികൾ, വീടുകൾ, ഭൗതിക സുഖസൗകര്യങ്ങൾ ഇവയെല്ലാം വിഗ്രഹങ്ങളായി തീർന്നിരിക്കുന്നു. അത് തടികൊണ്ടോ, കല്ലുകൊണ്ടോ ഉണ്ടാക്കിയ ഒരു വിഗ്രഹത്തെ ആരാധിക്കുന്നതിനേക്കാൾ ഒട്ടും മെച്ചമല്ല! എന്നാൽ അനേകം ക്രിസ്ത്യാനികളും ഇതു മനസ്സിലാക്കുന്നില്ല. ദൈവം നൽകുന്ന ആത്മീയ അനുഗ്രഹങ്ങൾക്കു പോലും (ഒരു ശുശ്രൂഷ പോലെ) ഒരു വിഗ്രഹം ആയി തീരാൻ കഴിയും, അബ്രാഹാമിന് ഇസ്ഹാക്ക് ആയി തീർന്നതു പോലെ. ദൈവം മാത്രം നമുക്ക് എല്ലാം ആയിട്ട് നമ്മുടെ ഹൃദയത്തിൽ നിന്ന്, “കർത്താവേ, അങ്ങയെ അല്ലാതെ ഈ ഭൂമിയിൽ മറ്റൊന്നിനെയുമോ മറ്റാരെയുമോ ഞാൻ ആഗ്രഹിക്കുന്നില്ല” (സങ്കീ. 73:25) എന്നു സത്യമായി പറയാൻ കഴിയുമെങ്കിൽ, അപ്പോൾ മാത്രമെ നാം വിഗ്രഹാരാധനയിൽ നിന്നു സ്വതന്ത്രരാണെന്നു പറയാനും കർത്താവിനെ ആരാധിക്കുവാൻ തുടങ്ങാനും കഴിയൂ. നിങ്ങൾ എല്ലാവരും എല്ലാ വിഗ്രഹങ്ങളിൽ നിന്നും വിഛേദിക്കപ്പെട്ട് സ്വതന്ത്രരായി കർത്താവിനെ മാത്രം ആരാധിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

നമ്മുടെ ആശ്രയവും ഉറപ്പും എല്ലായ്പോഴും ദൈവത്തിൽ മാത്രം ആയിരിക്കണം – ഒരിക്കലും മനുഷ്യരിൽ ആയിരിക്കരുത് – യിരെമ്യാവ് 17:5, 6 ൽ പറഞ്ഞിരിക്കുന്ന ശാപം നമ്മെ ഉണക്കിക്കളയാതിരിക്കേണ്ടതിന്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, മനുഷ്യരിൽ ആശ്രയിച്ചു ജഡത്തെ തൻ്റെ ഭുജമാക്കി ഹൃദയം കൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ. അവൻ മരുഭൂമിയിലെ ചൂരചെടി പോലെയാകും; നന്മ വരുമ്പോൾ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികളില്ലാത്ത ഉവർ നിലത്തിലും പാർക്കും”.

നമ്മുടെ യഥാർത്ഥ സമ്പത്ത് കണക്കാക്കപ്പെടുന്നത് പണത്തിലോ വസ്തുവകയിലോ അല്ല, എന്നാൽ പരാജയങ്ങളിലൂടെയും കഠിന ശോധനകളിലൂടെയും ഉണ്ടാകുന്ന കർത്താവിനെ കുറിച്ചുള്ള പരിജ്ഞാനത്തിലാണ്‌. യിരെമ്യാവ് 9:23,24 (ലിവിംഗ്) ഇപ്രകാരം വായിക്കുന്നു: യഹോവ ഇപ്രകാരം അരുളി ചെയ്യുന്നു, “ജ്ഞാനി തൻ്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാൻ തൻ്റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാൻ തൻ്റെ ധനത്തിലും പ്രശംസിക്കരുത്. പ്രശംസിക്കുന്നവനോ യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ. ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളത്” ആത്യന്തികമായി വിലയുള്ളത് അതു മാത്രമാണ്‌. ഇതിനോടു താരതമ്യം ചെയ്യുമ്പോൾ ലൗകിക നേട്ടങ്ങളെല്ലാം ചവറാണ്. ഈ സത്യം എത്ര പെട്ടെന്നു നാം കണ്ടെത്തുമോ, നാം അത്രയധികം വിവേകശാലികൾ ആയി തീരും.