ബൈബിളിലൂടെ (പഴയ നിയമം)


സാക് പുന്നന്‍

ദൈവം നമുക്കു ബൈബിള്‍ തന്നത് എന്തിന്?

ദൈവവചനം പഠിക്കുന്നതിനു മുന്‍പ് എന്തിനാണു ദൈവം നമുക്കതു തന്നത് എന്നു നാം മനസ്സിലാക്കിയിരിക്കണം. തെറ്റായ കാരണങ്ങള്‍ കൊണ്ട് ബൈബിള്‍ പഠിക്കുവാന്‍ കഴിയും – ധാരാളം ക്രിസ്ത്യാനികളും ഇന്ന് അങ്ങനെയാണെന്നു ഞാന്‍ കരുതുന്നു. ദൈവം എന്തു ലക്ഷ്യത്തോടെ ദൈവവചനം നമുക്കു തന്നോ അതേ ലക്ഷ്യത്തോടെ വേണം നാം ഇന്ന് തിരുവെഴുത്തുകള്‍ പഠിക്കുവാന്‍.

മുഴുവന്‍ ബൈബിളിനെക്കുറിച്ചുള്ള ഈ പഠനത്തെക്കുറിച്ചു ചിന്തിച്ചപ്പോള്‍ തന്നെ, എന്റെ മനസ്സിലേക്കു വന്ന വാക്യം ഇതാണ്: ”തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു” (യോഹ. 3:16). ദൈവം അവരെ തീക്ഷ്ണമായി സ്‌നേഹിച്ച് അവരെ പാപത്തിന്റെ പിടിയില്‍ നിന്നു രക്ഷിച്ചു തന്നോടുള്ള കൂട്ടായ്മയില്‍ കൊണ്ടുവരുവാനാണ് അവിടുന്നു തന്റെ പുത്രനെ അയച്ചതെന്നു സകല ജനങ്ങളും അറിയുക – ഇതായിരുന്നു തിരുവെഴുത്തു നമുക്കു നല്‍കിയതിന്റെ പ്രാഥമികമായ ഉദ്ദേശ്യം. ആരും പാപത്താല്‍ മലിനപ്പെട്ടു നശിക്കരുതെന്നാണു ദൈവഹൃദയത്തിന്റെ ഏറ്റവും വലിയ വാഞ്ഛ.

നാം ദൈവവചനം പഠിക്കുമ്പോള്‍ ഈ കാര്യം നമ്മുടെ മനസ്സിലുണ്ടായിരിക്കണം. ദൈവവചനത്തില്‍ നമുക്കു പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍പോലും നാം ഇങ്ങനെ പ്രാര്‍ത്ഥിക്കണം: ”കര്‍ത്താവേ, ഞങ്ങള്‍ക്ക് ഇതിലെ എല്ലാ കാര്യങ്ങളും മനസ്സിലായില്ലെങ്കിലും ഞങ്ങള്‍ക്ക് അവിടുത്തെ ഹൃദയത്തെ അറിയുവാന്‍ ആഗ്രഹമുണ്ട്.”

നാം തിരുവെഴുത്തു പഠിക്കുമ്പോള്‍, ‘ദൈവഹൃദയത്തിലുള്ളതെന്തെന്നു മനസ്സിലാക്കിത്തരണേ’ എന്നു നാം പ്രാര്‍ഥിക്കണം. നാം പഠിക്കുമ്പോള്‍ അതിന്റെ വിശദാംശങ്ങളെല്ലാം മനസ്സിലാക്കുന്നതില്‍ മാത്രം താല്പര്യപ്പെടുകയും ഫലത്തില്‍ ദൈവഹൃദയം കാണുന്നതില്‍ പരാജയപ്പെടുകയും ചെയ്‌തേക്കാം. ദൈവം വാസ്തവത്തില്‍ തന്റെ ഹൃദയമാണു വചനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ദൈവത്തിന്റെ ലക്ഷ്യം അവിടം കൊണ്ട് അവസാനിക്കുന്നില്ല- ഒരു കെട്ടിടത്തിന്റെ നിര്‍മാണം അതിന്റെ അടിസ്ഥാനം ഇടുന്നതുകൊണ്ട് അവസാനിക്കാത്തതുപോലെ. 2 തിമൊഥെയോസ് 3:16,17ല്‍ നാം ഇങ്ങനെ വായിക്കുന്നു: ”എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷ്യന്‍ സകലസല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളതാകുന്നു.”

ആദമില്‍ ജീവശ്വാസം ഊതിയതുപോലെ ഈ പുസ്തകം ദൈവത്തിന്റെ ശ്വാസമേറ്റതാണ്. ദൈവം ആദമിന്റെ മേല്‍ ഉച്ഛ്വസിച്ചില്ലായിരുന്നെങ്കില്‍ ആദം ഒരു മണ്‍കൂന മാത്രമായിരിക്കുമായിരുന്നു. ദൈവത്തിന്റെ ശ്വാസം ഏല്‍ക്കാത്ത ഏതു പുസ്തകവും ഇതുപോലെ ഒരു പിടി മണ്ണു മാത്രമാണ്. ദൈവത്തിന്റെ വചനം നമുക്കു നല്‍കിയിരിക്കുന്നത്:

  1. നമ്മെ ഉപദേശിക്കാനാണ്. യഥാര്‍ഥ വഴി നമുക്കു കാണിച്ചു തരുവാന്‍.
  2. നമ്മെ ശാസിക്കാനാണ്. ദൈവികതയുടെ വഴിയില്‍ നാം നിലനില്ക്കണമെങ്കില്‍ നമുക്കു ശക്തമായ ശാസന ആവശ്യമുണ്ട്.
  3. നമ്മെ തിരുത്താനാണ്. നാം വഴി തെറ്റി പോകുമ്പോള്‍ നമ്മെ ശരിയായ വഴിയിലേക്കു നയിക്കാന്‍.
  4. നീതിയിലെ അഭ്യസനത്തിനാണ്. നീതിയുടെ വഴിയില്‍ നമ്മെ പരിശീലിപ്പിക്കാനുള്ള ചട്ടം എന്ന നിലയിലാണ്.

നമ്മുടെ സ്വഭാവം വ്യത്യാസപ്പെടുത്താനുദ്ദേശിച്ചാണു ദൈവവചനം നമുക്കു നല്‍കിയിരിക്കുന്നതെന്നു ചുരുക്കം. അതിന്റെ അടിസ്ഥാനത്തില്‍ ദൈവമനുഷ്യരായി ത്തീരുവാന്‍ നമുക്കു കഴിയും.

ആത്യന്തികമായ ലക്ഷ്യം ദൈവത്തിന്റെ മനുഷ്യന്‍ ‘തികഞ്ഞവന്‍’ ആകുക എന്നതാണ് – പൂര്‍ണനും കുറവില്ലാത്തവനും. ഒരു ഗ്ലാസ്സു നിറയെ വെള്ളം തുളുമ്പി നില്ക്കുന്നതുപോലെ നമ്മുടെ സ്വഭാവം പൂര്‍ണവും സമതുലനമുള്ളതും ആയിരിക്കണം. ദൈവം നമുക്കായി പദ്ധതിയിട്ടിട്ടുള്ള എല്ലാ നല്ല പ്രവൃത്തിയും ചെയ്യത്തക്കവണ്ണം അഭിഷിക്തരും സജ്ജരുമായി നാം ദൈവത്തെ സേവിക്കണം. ഇതാണു തിരുവെഴുത്തിന്റെ ഉദ്ദേശ്യം.

അതുകൊണ്ടു നിങ്ങള്‍ ബൈബിള്‍ പഠിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഈ കാരണങ്ങളാലായിരിക്കണം ഇതുപഠിക്കേണ്ടത്.

പരിശുദ്ധാത്മാവിനു മാത്രമേ നമ്മെ ദൈവവചനം പഠിപ്പിക്കുവാന്‍ കഴിയുകയുള്ളു. ഒന്നാം നുറ്റാണ്ടില്‍ അപ്പൊസ്തലന്മാരെ പഠിപ്പിച്ച അതേ പരിശുദ്ധാത്മാവ് ഇന്ന് 21-ാം നൂറ്റാണ്ടില്‍ നമ്മെ പഠിപ്പിക്കാനും തയ്യാറാണ്. 1959 ജൂലൈയില്‍ വീണ്ടും ജനിച്ച ഞാന്‍ ബൈബിള്‍ പഠിച്ചതും ഇപ്രകാരമാണ്. ഞാനൊരിക്കലും ഒരു ബൈബിള്‍ സ്‌കൂളിലോ ബൈബിള്‍ കോളജിലോ പഠിച്ചിട്ടില്ല. പരിശുദ്ധാത്മാവ് എന്നെ ദൈവവചനം പഠിപ്പിച്ചു. ഞാന്‍ മണിക്കൂറുകള്‍ പഠനത്തിനായി ചെലവഴിച്ചു. യേശു ഒരിക്കല്‍ എമ്മവുസിലേക്കു രണ്ടു ശിഷ്യരോടൊപ്പം പോയപ്പോള്‍ ‘തിരുവെഴുത്തുകളെ അവിടുന്ന് അവര്‍ക്കായി തുറന്നുകൊടുത്തു’ എന്നു നാം വായിക്കുന്നു. നാം അവിടുത്തോടൊപ്പം നടക്കുമെങ്കില്‍ ഇന്നും അവിടുന്ന് അതാണു നമുക്കു വേണ്ടി ചെയ്യുവാന്‍ ആഗ്രഹിക്കുന്നത്. ‘കര്‍ത്താവു തിരുവെഴുത്തുകളെ തെളിയിക്കുമ്പോള്‍ തങ്ങളുടെ ഹൃദയം ഉള്ളില്‍ കത്തിക്കൊണ്ടിരിക്കുന്നതായി’ അവര്‍ക്ക് അനുഭവപ്പെട്ടു (ലൂക്കൊ, 24:32). പരിശുദ്ധാത്മാവ് തിരുവെഴുത്തുകളെ തുറന്നു തരുമ്പോള്‍ ഇന്നു നമ്മുടെ ഹൃദയത്തിനും സംഭവിക്കുന്നത് ഇതു തന്നെ.

തന്റെ വചനത്തില്‍ ദൈവം വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങള്‍ ഒരിക്കലും വിരസമായ കാര്യങ്ങളല്ല. കാരണം യേശു ഒരിക്കലും അത്തരമൊരാളായിരുന്നില്ലല്ലോ. നമ്മള്‍ കര്‍ത്താവിനെ ശ്രദ്ധിച്ചുകൊണ്ട് അവിടുത്തോടൊപ്പം നടന്നാല്‍ നമ്മുടെ ഹൃദയങ്ങളും ഉള്ളില്‍ കത്തിക്കൊണ്ടിരിക്കും- കാരണം വചനത്തില്‍ നമ്മള്‍ ക്രിസ്തുവിന്റെ തേജസ്സു കാണുകയാണ്.

പഴയ ഉടമ്പടിയില്‍ ആളുകള്‍ ദൈവത്തിന്റെ എഴുതപ്പെട്ട വചനങ്ങളാണു ധ്യാനിച്ചിരുന്നത്. പക്ഷേ ഇന്നു നാം ധ്യാനിക്കുന്നതു ജഡമായ വചനത്തെ (നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ) ആണ് (യോഹ. 1:14). ഇന്നു തിരുവെഴുത്തുകളെ ധ്യാനിക്കുമ്പോള്‍ യേശുവിന്റെ തേജസ് നാം കാണുന്നു (2 കൊരി. 3:18 കാണുക). ആ തേജസ്സില്‍ നിരന്തരം നോക്കുന്ന ഒരുവന്‍ ആറ്റരികത്തു നട്ടിരിക്കുന്നതും എന്നും ഫലം കായിക്കുന്നതുമായ വൃക്ഷംപോലെ ആയിരിക്കും. വാര്‍ധക്യത്തിലും അവര്‍ ഫലം കായിച്ചുകൊണ്ടിരിക്കും (സങ്കീ. 1:3;92:14). നമ്മെ ഓരോരുത്തരേയും കുറിച്ചുള്ള ദൈവഹിതം ഇതാണ്.

സദൃശവാക്യം 25:2 പറയുന്നു: ‘കാര്യം മറച്ചു വയ്ക്കുന്നതു ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം.’ സ്വര്‍ണവും രത്‌നങ്ങളും ഭൂമിയുടെ തറ നിരപ്പില്‍ നിന്ന് അനേകായിരം അടി താഴെ, ആഴത്തിലാണു സ്ഥിതി ചെയ്യുന്നത്. തിരുവെഴുത്തുകളെ സംബന്ധിച്ചും ഇങ്ങനെയാണ്. അതിലെ സമ്പത്ത് ആഴത്തില്‍ ഒളിച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. നമ്മള്‍ ക്രിസ്തുവില്‍ രാജാക്കന്മാരാണ്. ദൈവവചനത്തിലെ നിഗൂഢ നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതാണു നമ്മുടെ മഹത്വം.

‘പിതാവേ, നീ ഇതു ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ചു ശിശുക്കള്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു’ എന്ന് യേശു ഒരിക്കല്‍ പറഞ്ഞു (മത്തായി 11:25). തിരുവെഴുത്തുകള്‍ മനസ്സിലാക്കാന്‍ നാം ജ്ഞാനികള്‍ ആകേണ്ട. എന്നാല്‍ അതിനു ശിശുവിനെപ്പോലെ നിര്‍മലവും വീനീതവും വിശ്വസിക്കുന്നതുമായ ഒരു ഹൃദയം ആവശ്യമാണ്. നമ്മുടെ ഹൃദയനിലയാണ്, നമ്മുടെ ബൗദ്ധികമായ നിലവാരമല്ല നാം ദൈവവചനം മനസ്സിലാക്കുമോ ഇല്ലയോ എന്നതു തീരുമാനിക്കുന്നത്.

ദൈവവചനം നമുക്ക് വിശ്വസിക്കാന്‍ വാഗ്ദാനങ്ങളും അനുസരിക്കാന്‍ കല്പനകളും തന്നിരിക്കുന്നു. നമ്മെ ശാസിക്കുന്ന വചനങ്ങളും ആശ്വസിപ്പിക്കുന്ന വചനങ്ങളും ഉണ്ട്.

നമ്മുടെ വിശ്വാസം സംബന്ധിച്ച് എല്ലാ കാര്യങ്ങളിലും അവസാന അധികാരം ബൈബിളിനായിരിക്കണം. അല്ലെങ്കില്‍ നമ്മള്‍ അവിടെയൊ ഇവിടെയൊ തട്ടിത്തടഞ്ഞു നിന്നു പോകും. അവസാനം വിശ്വാസം തന്നെ നഷ്ടമാകുകയും ചെയ്‌തേക്കാം.

ദൈവം തന്റെ നാമത്തിനു മീതെ ഒക്കെയും തന്റെ ‘വചന’ത്തെ മഹിമപ്പെടുത്തിയിരിക്കുന്നതായി സങ്കീര്‍ത്തനക്കാരന്‍ നമ്മോടു പറഞ്ഞിരിക്കുന്നു (സങ്കീ. 138:2). അതുകൊണ്ടു വചനത്തെ തള്ളിക്കളയുകയോ, അവഗണിക്കുകയോ, ലഘുവായി എടുക്കുകയോ ചെയ്താല്‍ അതു നമ്മെ വലിയ നഷ്ടത്തില്‍ കൊണ്ടുചെന്നെത്തിക്കും. എന്നാല്‍ പറഞ്ഞുതീരാത്ത സമൃദ്ധിയിലേക്കുള്ള കവാടമായി അതിനെ കണ്ടെത്തുമ്പോള്‍ വചനത്തെ നമ്മള്‍ ആദരിക്കുകയും മാനിക്കുകയുമാണ്.

ഇത്രയും കാര്യങ്ങള്‍ ആമുഖമായി മനസ്സില്‍ സംഗ്രഹിച്ച് നമുക്ക് ദൈവവചനത്തിന്റെ പഠനം ആരംഭിക്കാം.


ബാംഗ്ലൂര്‍,
നവംബര്‍ 2015 സാക് പുന്നന്‍


പഴയനിയമ പുസ്തകങ്ങൾ


Click below buttons to navigate to these books


Top Posts